ADVERTISEMENT

നായകനും പ്രതിനായകനും റോളുകൾ മാറിമാറി അണിയുമ്പോൾ പ്രേക്ഷകനെ വട്ടം ചുറ്റിച്ച് മുന്നേറുകയാണ് ടി.പി. ഫെല്ലിനി സംവിധാനം ചെയ്ത ‘ഒറ്റ്’ എന്ന ഗ്യാങ്‌സ്റ്റർ സിനിമ.  മലയാളത്തിനൊപ്പം ‘രണ്ടകം’ എന്ന പേരിൽ തമിഴിലും റിലീസ് ചെയ്യുന്ന ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ ഒരു വിശ്വാസ വഞ്ചനയുടെ കഥയാണ്.  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട രണ്ട് എവർഗ്രീൻ റൊമന്റിക്ക് നായകന്മാരായ അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും മത്സരിച്ചഭിനയിക്കുമ്പോൾ ആരാണ് വില്ലൻ, ആരാണ് നായകൻ എന്ന സംഘർഷത്തിൽ പ്രേക്ഷകരും താരങ്ങൾക്ക് പിന്നാലെ മുംബൈ മാംഗ്ലൂർ ദേശീയപാതയിലൂടെ പായുകയാണ്.  വെസ്റ്റേൺ ഗ്യാങ്സ്റ്റർ സിനിമകളിൽ കണ്ടുവരുന്ന സാങ്കേതികത്തികവും പ്രണയവും ഇമോഷനൽ ഡ്രാമയും റോഡ് മൂവി ഘടകങ്ങളും ഒത്തിണങ്ങിയ ഈ ചിത്രം പുതിയ കാഴ്ചകളിലേക്ക് പ്രേക്ഷകനെ നയിക്കുന്നു.  വിഖ്യാത ഇറ്റാലിയൻ സംവിധായകൻ ഫെഡറിക്കോ ഫെല്ലിനിയുടെ പേരുകാരനായ സംവിധായകൻ ഫെല്ലിനി തീവണ്ടിയിൽ നിന്ന് ഒറ്റിലെത്തിയതിന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു....  

 

തീവണ്ടിക്ക് ശേഷം ഒറ്റു പോലെ ഒരു ത്രില്ലർ 

ottu-3

 

തീവണ്ടിക്ക് ശേഷം ഒരു ത്രില്ലർ സിനിമ ചെയ്യുക എന്നത് പ്രീ പ്ലാൻഡ് ആയിരുന്നില്ല.  കുറേ കഥകൾ കേട്ടു അതിൽ ഏറ്റവുമധികം ഇഷ്ടമായത് ഒറ്റിന്റെ കഥയായിരുന്നു. തീവണ്ടി ഒരു റൊമാന്റിക് കോമഡി സിനിമയായിരുന്നു. ഒരു നാട്ടിൻപുറത്ത് നടക്കുന്ന കഥ. ഇത് മുഴുവനായും മറ്റൊരു ജോണർ മറ്റൊരു ക്യാൻവാസ്. സഞ്ജീവ് പറഞ്ഞ ത്രെഡ് ഇഷ്ടമായതുകൊണ്ട് അത് സിനിമയാക്കാം എന്ന് കരുതി. അടുത്ത പടം ഏത് ജോണർ ചെയ്യണം എന്നൊരു പ്ലാൻ ഒന്നുമില്ല. സിനിമയെ ഇഷ്ടപ്പെടുന്ന ആളെന്ന നിലയിൽ എല്ലാ തരം ജോണറുകളും പരീക്ഷിക്കണമല്ലോ. ഇത് മലയാളത്തിലും തമിഴിലും എടുത്തെങ്കിലും കേരളത്തിലോ തമിഴ്നാട്ടിലോ നടക്കാത്ത ഒരു കഥയാണ്. പ്രധാന കഥാപാത്രങ്ങൾ മലയാളികൾ ആണെങ്കിലും സിനിമയുടെ കഥാപശ്ചാത്തലത്തിലും കഥാപാത്ര പരിചരണത്തിലും മലയാളിത്തമില്ല. ഈ കഥ അങ്ങനെയാണ് കഥയോട് നൂറുശതമാനം നീതിപുലർത്താൻ ശ്രമിച്ചിട്ടുണ്ട്.  

 

എന്തുകൊണ്ട് ചാപ്റ്റർ ടു ആദ്യം വന്നു 

In Tamil, the film will be released as ‘Randakam’. Photo: Special arrangement
In Tamil, the film will be released as ‘Randakam’. Photo: Special arrangement

 

ഒറ്റിന്റെ മൂന്നു ചാപ്റ്ററുകളുടെയും ത്രെഡ് റെഡി ആണ്. ചാപ്റ്റർ ടു ആദ്യം ചെയ്യണം എന്നൊന്നും കരുതിയതല്ല. കഥ എഴുതി തീർത്തപ്പോൾ ഇതിന് പ്രീക്വൽ, സ്വീക്വൽ ആയി സിനിമകൾ വന്നാൽ നന്നാകും എന്ന് തോന്നി.  ഈ കഥ രണ്ട് കഥാപാത്രങ്ങളുടെ ഓർമ്മകൾക്കിടയിൽ കുരുങ്ങിക്കിടക്കുന്നതാണല്ലോ, അത് ഇങ്ങനെ ചെയ്‌താൽ നന്നാകും എന്നാണ് തീരുമാനിച്ചത്. സിനിമ ഇറങ്ങിക്കഴിഞ്ഞ് അടുത്ത രണ്ട് പാർട്ടും എങ്ങനെ ആയിരിക്കും, ഉടനെ ഉണ്ടാകുമോ എന്ന തരത്തിൽ പ്രതികരണങ്ങൾ വരുന്നുണ്ട്. അതൊന്നും ഇപ്പോൾ തീരുമാനിച്ചിട്ടില്ല, രണ്ടും ഉണ്ടാകും എന്നെ ഇപ്പോൾ പറയാൻ കഴിയൂ.

 

രണ്ടു റൊമാന്റിക് നായകന്മാരുടെ ചുവടുമാറ്റം 

ottu-review

 

ചാക്കോച്ചൻ ഇപ്പോൾ തീർത്തും ഇമേജ് മാറ്റിയിരിക്കുകയാണ്. അദ്ദേഹം പലതരത്തിലുള്ള കഥാപാത്രങ്ങൾ പരീക്ഷിക്കാറുണ്ട്. ഏതു കഥാപാത്രമായാലും അദ്ദേഹത്തിന്റെ മുഖത്ത് സ്ഥായിയായ ഒരു നിഷ്കളങ്കതയുണ്ട്. എന്റെ കഥാപാത്രത്തിനും അത്തരമൊരു മുഖമാണ് വേണ്ടത്. ആളുകൾ പ്രതീക്ഷിക്കാത്ത ഒരു ലയർ ആ കഥാപാത്രത്തിന് കൊടുത്താൽ അത് തന്നെ സർപ്രൈസ് ആകും. അരവിന്ദ് സ്വാമിയുടെയും കാര്യവും അങ്ങനെ തന്നെയാണ്.  അദ്ദേഹം സ്‌ക്രീനിൽ വരുമ്പോൾ തന്നെ ഒരു ഓറ ഉണ്ട്. അസാധ്യമായ സ്ക്രീൻ പ്രസൻസ് ഉള്ള നടനാണ് അദ്ദേഹം ഒരുപാട് നിഗൂഢത ഒളിപ്പിച്ച സുന്ദര മുഖം. മൾട്ടിസ്റ്റാർ പടം ആയതുകൊണ്ട് ഒരുപാട് ഓപ്‌ഷൻസ് വച്ചിരുന്നു. പക്ഷേ നമ്മുടെ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യർ ഇവർ രണ്ടും തന്നെ ആണ് എന്ന തീരുമാനത്തിൽ എത്തിച്ചേർന്നു. പഴയകാല റൊമാന്റിക് നായകന്മാരുടെ പുതിയ മുഖം കാണാൻ കഴിയുന്നത് പ്രേക്ഷകർക്കും ഒരു പ്രത്യേക അനുഭവമായിരിക്കും. 

 

സിനിമയിൽ ആരാണ് വില്ലൻ 

 

ഇനിയും ചാപ്റ്ററുകൾ വരാൻ കിടക്കുകയല്ലേ, അത് കണ്ടിട്ട് ആരാണ് വില്ലൻ, ആരാണ് നായകൻ എന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെ. യഥാർത്ഥ ജീവിതത്തിൽ ആയാലും എല്ലാവർക്കും പല ഷെയ്ഡുകൾ ഉണ്ടാകും. ആര് നായകൻ, ആര് വില്ലൻ എന്ന് പറയാൻ കഴിയില്ല. ഒരുപക്ഷേ എല്ലാവരും നായകനും അതെ സമയം വില്ലനും ആയിരിക്കും. ഒറ്റിന്റെ കഥയും അങ്ങനെ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ചിത്രത്തിൽ ഫ്ലാഷ് ബാക്കുകൾ ഒന്നും കാണിക്കാത്തത്. ഇത് ഓർമ നഷ്ടപ്പെട്ട ഒരാളുടെ കഥയാണ് അയാളുടെ പോയിന്റ് ഓഫ് വ്യൂവിൽ ആണ് കഥ പോകുന്നത്. ഓർമ ഇല്ലാത്ത ഒരാൾക്ക് ഒന്നും ഓർമ വരില്ലല്ലോ. ഇടയ്ക്ക് എവിടെയൊക്കെയോ ഒരു ഓർമയുടെ ഫ്ലാഷ് വരുന്നത് മാത്രമാണ് കാണിച്ചത് അത് കരുതിക്കൂട്ടിയാണ് പ്ലാൻ ചെയ്തത്. അതുകൊണ്ടാണ് ഈ സിനിമ ഒറ്റ കാഴ്ച്ചയിൽ തീരില്ല എന്ന് പറയുന്നത്. ഇനി വരാനിരിക്കുന്ന ചാപ്റ്ററുകളിൽ ആയിരിക്കും കഥാപാത്രങ്ങളെപ്പറ്റി കൂടുതൽ കാര്യങ്ങൾ വെളിപ്പെടുന്നത്.  

 

ജീവിച്ചിരുന്ന ഏതെങ്കിലും ഗ്യാങ്സ്റ്ററിന്റെ ജീവിതവുമായി ബന്ധമുണ്ടോ? 

 

കഥ എഴുതുമ്പോൾ ജീവിച്ചിരിക്കുന്ന ആരുമായും ഒരു ബന്ധവുമില്ലായിരുന്നു. പക്ഷേ എഴുതി തീർന്നപ്പോൾ ഓർമ പോയ ഒരു ഗ്യാങ്‌സ്റ്റർ ഒരിടത്ത് ഉണ്ടായിരുന്നു എന്നറിഞ്ഞു.  അദ്ദേഹം മരിച്ചു പോയി. അതൊരു ലോക്കൽ ഗ്യാങ്‌സ്റ്റർ ആണ്. കഥ എഴുതി തീർന്നപ്പോഴാണ് ഞങ്ങൾ അതിനെപ്പറ്റി അറിഞ്ഞത്. അല്ലാതെ യഥാർഥ ജീവിതവുമായി ഒരു ബന്ധവുമില്ല ഒറ്റിന്.

 

സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർ 

 

സിനിമയുടെ സാങ്കേതിക പ്രവർത്തകരായി തിരഞ്ഞെടുത്തത് എനിക്ക് നന്നായി കണക്റ്റ് ചെയ്യാൻ പറ്റുന്ന ഒരേ വേവ്‌ ലെങ്ത്ത് ഉള്ളവരെ ആയിരുന്നു.  ഈ ചിത്രത്തെ ഇത്തരത്തിൽ എത്തിച്ചതിൽ ഒരു മേജർ റോൾ ചെയ്തത് എഡിറ്റർ അപ്പുവാണ്. അപ്പു, രങ്കൻ,  ഗൗതം, സംഗീതം ചെയ്ത അരുൾരാജ് കെന്നഡി തുടങ്ങിയവർ ഈ ചിത്രത്തിന് വളരെ പ്രധാനമായിരുന്നു. എനിക്ക് അവരുമായി വളരെ എളുപ്പത്തിൽ ആശയവിനിമയം ചെയ്യാൻ കഴിയും. ഇവർ മാത്രമല്ല ഒരുപാട് പേര് ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എല്ലാവരുടെയും കൂട്ടായ്മയുടെ വിജയമാണ് ഒറ്റിന്റെ വിജയം.

 

റിസ്ക് എടുത്തു ചെയ്ത റോഡ് സീക്വൻസ് 

 

മുംബൈയിൽ നിന്നു ഗോവ വഴി മംഗലാപുരത്തേക്ക് പോകുന്നതാണ് ചിത്രത്തിലെ റോഡ് സീക്വൻസ്. പല സംസ്ഥാനങ്ങൾ കടന്നുപോകുന്ന തരത്തിൽ ഒരു വലിയ ക്യാൻവാസിൽ ആണ് ചിത്രത്തിലെ റോഡ് സീക്വൻസ് ചെയ്തത്. അതുപോലെ തന്നെ കോവിഡ് കാലത്തായിരുന്നു ഷൂട്ടിങ്. അതിന്റേതായ റിസ്ക് എല്ലാം ഉണ്ടായിരുന്നു. പക്ഷേ എല്ലാ മുൻകരുതലുകളും എടുത്തിട്ടാണ് ഷൂട്ട് ചെയ്തത്. അരവിന്ദ് സ്വാമി വളരെ വേഗത്തിൽ വണ്ടി ഓടിക്കുന്ന ഒരു സീൻ ഉണ്ട്. അത് എൻഎച്ച് ബ്ലോക്ക് ചെയ്തിട്ടാണ് ഷൂട്ട് ചെയ്തത്.  എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്തിട്ടാണ് റോഡ് സീക്വൻസുകൾ ചെയ്തത്.

 

പ്രേക്ഷക പ്രതികരണങ്ങൾ 

 

ചിത്രത്തെക്കുറിച്ച് നല്ല ഫീഡ്ബാക്ക് ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്. വേർഡ് ഓഫ് മൗത് വഴി ചിത്രം കൂടുതൽ ആളുകൾ കാണുന്നുണ്ട്. ചാപ്റ്റർ ഒന്നിനെയും മൂന്നിനേയും പറ്റിയുള്ള അന്വേഷണങ്ങൾ വരുന്നുണ്ട്.  ഒറ്റിന്റെ തമിഴ് പതിപ്പ് റിലീസ് ആയിട്ടില്ല.  തമിഴ് പ്രേക്ഷകരുടെ കൂടി പ്രതികരണങ്ങൾക്ക് കാത്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com