മണിസാർ ഒരു മാസ്റ്റർക്ലാസ്: ഐശ്വര്യ ലക്ഷ്മി അഭിമുഖം

aiswarya-lekshmy-interview
SHARE

മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനിൽ പൂങ്കുഴലിയായെത്തുന്ന ഐശ്വര്യലക്ഷ്മി സംസാരിക്കുന്നു.

കോടിക്കര കടലോരത്ത് തിരകൾ ശാന്തമായിരുന്നു. കെട്ടുവള്ളങ്ങളും തോണികളും കരയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. കരയിൽ കുറച്ചു ദൂരം വെള്ളമണലാണ്. അതിനുശേഷം പടർന്ന കാട്. സൂര്യനെ മറയ്ക്കാൻ ശ്രമിക്കുന്ന മേഘശകലങ്ങൾ കനൽക്കട്ടകൾ പോലെ പ്രകാശിച്ചു. 

കടലിൽ കരയ്ക്ക് അടുത്തായി ഒരു തോണി അലകളുടെ താരാട്ടിൽ മെല്ലെ ചാഞ്ചാടുന്നു. തന്റെ പേര് അന്വർഥമാക്കി ചുരുണ്ടിറങ്ങിയ കൂന്തലിൽ ഒരു താഴമ്പൂ ചൂടി പൂങ്കുഴലി ആ പടിക്കെട്ടിൽ ഇരുന്ന് മനോഹരമായ ശബ്ദത്തിൽ പാടുന്നു. ചേന്തൻ അമുദൻ പറഞ്ഞതു ശരി തന്നെ : പൂങ്കുഴലി പാടുമ്പോൾ കടലും കാറ്റും ശബ്ദം കുറച്ച് അത് ആസ്വദിച്ചു നിൽക്കുന്നു ’’ 

‘‘അലകടൽ അടങ്ങിടുമ്പോൾ 

അകകടൽ അലറുന്നതെന്തേ ’’ 

കൽക്കി കൃഷ്ണമൂർത്തിയുടെ നോവലിലെ പൂങ്കുഴലിയുടെ ഭാഗങ്ങൾ വീണ്ടും വീണ്ടും വായിച്ച് ഐശ്വര്യലക്ഷ്മി നന്നായി ഒരുങ്ങിയാണു മണിരത്നം ചിത്രത്തിന്റെ ഓഡിഷനു പോയത്. മണി രത്നങ്ങളാക്കിയ സിനിമകൾ മനസ്സിലിട്ടുകൊണ്ടായിരുന്നു ആ യാത്ര. ‘ബ്രദേഴ്സ് ഡേ’ യുടെ ചിത്രീകരണം നടക്കുമ്പോഴാണ് മണിരത്നത്തിന്റെ മാനേജരുടെ ഫോൺ വരുന്നത്. ഗൂഗിളിൽ തിരഞ്ഞപ്പോൾ പുതിയ ചിത്രം പൊന്നിയിൻ സെൽവനാണെന്നു മനസ്സിലായി. അപ്പോൾത്തന്നെ കൽക്കിയുടെ പുസ്തകം മേടിച്ചു വായന തുടങ്ങി. ആ അക്ഷരയാത്ര ചെന്നുനിന്നത് പൂങ്കുഴലിയിലാണ്. 

‘‘സിനിമയുടെ ആദ്യ ലുക്ടെസ്റ്റിന് ചെന്നൈയിൽ ചെല്ലുമ്പോൾ അവിടെ വലിയ നിര. മണിരത്നത്തിന്റെ നേതൃത്വത്തിൽ തോട്ടാതരണി, രവിവർമൻ, ഏകലഖാനി... തുടങ്ങി സിനിമയുടെ സാങ്കേതിക വിദഗ്ധരെല്ലാമുണ്ട്. 40 വർഷത്തോളമായി മണിരത്നം സർ മനസ്സിൽ കൊണ്ടുനടന്ന വലിയൊരു പ്രോജക്ടിന്റെ ലുക്ടെസ്റ്റ് എനിക്ക് സമ്മാനിച്ചത് വൈകാരികമായ അനുഭവങ്ങളാണ്. പലരും പല കഥകൾ പറയുന്നു. എംജിആറിനെ കേന്ദ്രകഥാപാത്രമാക്കി വരെ സർ ആലോചിച്ച കഥയാണെന്നും വായിച്ചു. അതിന്റെയൊക്കെ അമ്പരപ്പ് എന്നിലുണ്ട് ’’– ഐശ്വര്യ ഒരു വലിയ യാത്രയിലേക്കു തോണിതുഴഞ്ഞു.

‘‘വാനതി എന്ന കഥാപാത്രത്തിനു വേണ്ടിയാണ് ആദ്യം എന്റെ ടെസ്റ്റ്. വളരെ ഉൽകണ്ഠയോടെ പറയേണ്ട ഒരു സംഭാഷണമാണു തന്നത്. മുഖത്ത് ഭാവങ്ങൾ വരുന്നതിനൊപ്പം ശരീരത്തിലും മാറ്റങ്ങൾ വരണം എന്നായിരുന്നു സാറിന്റെ നിർദേശം. ഒരു കാര്യം പറയുമ്പോൾ അൽപം മുന്നോട്ടാഞ്ഞു നിന്നു പറഞ്ഞാലോ? കുറച്ചു കൂടി നന്നാകും എന്നായി സർ. അത് ഷൂട്ട് ചെയ്യുമ്പോൾ നമുക്ക് ഇംപ്രൂവ് ചെയ്യാം എന്നൊക്കെ സർ പറയുന്നുണ്ട്. അപ്പോൾ എനിക്ക് ആകാംക്ഷയായി. ഞാനിതിൽ ഉണ്ടോ, അതോ ഔട്ടായോ? എന്നെ സിലക്ട് ചെയ്തോ എന്നൊക്കെയായി സംശയം. മണിസാറിന്റെ സിനിമയിൽ ഒരു പാസിങ് ഷോട്ടിൽ അഭിനയിക്കാൻ പോലും റെഡിയായി ഞാൻ നിൽക്കുകയാണ്. ഒടുവിൽ സർ വാനതിയായി എന്നെ തിരഞ്ഞെടുത്തുവെന്നു പറഞ്ഞു. ആ നിമിഷം ഞാൻ മറക്കില്ല. പിന്നെയാണ് എന്നെ സംബന്ധിച്ചിടത്തോളം യഥാർഥ ക്ലൈമാക്സ്. 

അന്നു ഞാൻ ലുക്ടെസ്റ്റ് കഴിഞ്ഞുപോകുമ്പോൾ എന്റെ മനസ്സ് പറയുന്നുണ്ട് : ‘വാനതിയല്ല നിന്റെ ക്യാരക്ടർ’ എന്ന്. അത് മനസ്സിലങ്ങനെ കിടന്നു. ‘ജഗമേ തന്തിര’ ത്തിന്റെ ഷൂട്ട് ലണ്ടനിൽ നടക്കുന്ന സമയത്ത് സാറിന്റെ മാനേജർ വിളിക്കുന്നു. ഒരു ഗുഡ് ന്യൂസ് ഉണ്ടെന്ന് പറഞ്ഞാണ് തുടക്കം. അപ്പോൾ തന്നെ ഞാൻ ചോദിച്ചു ‘ഞാനാണോ പൂങ്കുഴലി?’ അത്ര എക്സൈറ്റഡ് ആയിരുന്നു ഞാൻ. എങ്ങനെയും ആ ക്യാരക്ടർ ചെയ്യണം എന്ന മോഹം. നാട്ടിൽ വന്നിട്ട് ലുക്ടെസ്റ്റ് ചെയ്താൽ മതിയെന്നു പറഞ്ഞെങ്കിലും എനിക്ക് തിടുക്കമായി. ഞാൻ ടിക്കറ്റെടുത്ത് വേഗം ചെന്നൈയിലെത്തി ’’– 400 കോടി ചെലവിൽ മണിരത്നം എന്ന മഹാസംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രമാകുന്നതിന്റെ ത്രിൽ.

പൂങ്കുഴലി 

‘‘പൂങ്കുഴലിയുടെ ലുക്ടെസ്റ്റ് കഴിഞ്ഞ ദിവസം സർ പറഞ്ഞു. ‘പൂങ്കുഴലി സെക്സിയാണ്. അവർക്ക് അവരുടെ സൗന്ദര്യത്തിൽ വിശ്വാസമുള്ള സ്ത്രീയാണ്. ആ രീതിയിലേ അവരെ ചിത്രീകരിക്കാൻ പറ്റുകയുള്ളൂ. ഐശ്വര്യ കംഫർട്ടബിൾ ആണോ? ഞാൻ തന്നെയായിരിക്കും ഷൂട്ട് ചെയ്യുക.’ എനിക്കതൊരു വിഷയമേ ആയിരുന്നില്ല. ഞാൻ അപ്പോഴേക്കും പൂങ്കുഴലി ആയിക്കഴിഞ്ഞിരുന്നു. തഞ്ചാവൂരിൽ നിന്നു ലങ്കയിലേക്ക് ഒറ്റ രാത്രി കൊണ്ട് കടലിലൂടെ തോണി തുഴഞ്ഞുപോകുന്ന കരുത്തയായ കഥാപാത്രമാണു പൂങ്കുഴലി. അവരെ ഒരുപാടുപേർ സ്നേഹിക്കുന്നുണ്ടെങ്കിലും അവളുടെ പ്രേമം യിൻ സെൽവനോടു മാത്രമാണ്. സമൂഹം എന്തു കരുതുന്നുവെന്ന് പൂങ്കുഴലി ചിന്തിക്കുന്നില്ല. ആദ്യകാല ഫെമിനിസ്റ്റ് എന്നൊക്കെ എനിക്കു തോന്നി. യഥാർഥ ജീവിതത്തിൽ പൂങ്കുഴലിയുടെ പകുതി ധൈര്യം പോലും എനിക്കില്ലല്ലോ എന്നും തോന്നി ’’– പൂങ്കുഴലിയിലേക്ക് കൂടുതൽ ചേർന്നിരുന്ന് ഐശ്വര്യ പറഞ്ഞു. 

പൂങ്കുഴലിയാകാനുള്ള ഒരു ഫിസിക്കൽ ട്രാൻസ്ഫർമേഷനാണു പിന്നീട് നടന്നത്. നീന്തലും തുഴച്ചിലും പഠിച്ചു. 

മണിരത്നം എന്ന മാസ്റ്റർക്ലാസ് 

അച്ചടക്കമാണു ഞാനാ സെറ്റിൽനിന്നു പഠിച്ചത്. നമ്മൾ ചെന്നിറങ്ങുന്നത് ഒരു വലിയ സെറ്റിലേക്കാണ്. എല്ലാവരും പരസ്പരം തികച്ചും ബഹുമാനിക്കുന്നു. ഹീറോ അവരുടെ കാര്യം ചെയ്യുക, ഹീറോയിൻ അവരുടെ കാര്യം ചെയ്യുക എന്നതായിരുന്നില്ല. എല്ലാം സിനിമയ്ക്കു വേണ്ടി എന്നതാണു ഞാൻ കണ്ടത്. മണിസാർ ഒരു മാസ്റ്റർക്ലാസാണ്. മനസ്സുകൊണ്ട് ഞാൻ ഗുരുവായി കാണുന്നയാളാണ്.  ഒരിക്കലും ഇന്ന് ഇത്ര സമയമായില്ലേ ആ ഷോട്ട് നമുക്ക് നാളത്തേക്കു മാറ്റാം എന്നു സാർ പറയുന്നതു ഞാൻ കേട്ടിട്ടില്ല. ഇനിയൊരു സിനിമ അദ്ദേഹത്തിനൊപ്പം ചെയ്യുവാൻ കഴിയുമോയെന്നനിക്കറിയില്ല. എങ്കിലും സാറിന്റെ അടുത്തുനിന്നു പഠിച്ച കാര്യങ്ങൾ എന്റെ സിനിമാജീവിതമുള്ളിടത്തോളം കാലം ഞാൻ കൂടെ കൊണ്ടുപോകും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}