പ്രേമം അനുപമയുടെ ജീവിതത്തിലെ അത്ഭുതമായിരുന്നെങ്കിൽ കാർത്തികേയ 2 അനുപമയുടെ തീരുമാനമായിരുന്നു. ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മിത്തോളജിക്കൽ അഡ്വെൻച്വർ സിനിമ കാർത്തികേയ 2വിലേക്ക് ഭാഗ്യം കൊണ്ടല്ല താരം എത്തിപ്പെട്ടത്. അതിനായി അവർ അഭിനയിച്ചു തീർത്തത് 18 കഥാപാത്രങ്ങളെയാണ്. അതും വിവിധ ഭാഷകളിൽ. സിനിമ അനുപമ പരമേശ്വരനെ അടയാളപ്പെടുത്തുമ്പോൾ മികച്ച കഥാപാത്രങ്ങളെ അനുപമ അടയാളപ്പെടുത്തുകയാണ് വെള്ളിത്തിരയിൽ.
കാർത്തികേയ 2
മിത്തോളജിക്കൽ മിസ്റ്ററി–അഡ്വെൻച്വർ മൂവിയാണ് കാർത്തികേയ 2. 2014ൽ പുറത്തിറങ്ങിയ കാർത്തികേയയുടെ സീക്വെലാണിത്. നിഖിൽ സിദ്ധാർഥയാണ് നായകൻ. സംവിധായകൻ ചാന്ദൂ മൊണ്ഡേറ്റിയാണ് എന്നെ ചിത്രത്തിലേക്കു ക്ഷണിക്കുന്നത്. സയൻസും മിത്തുകളും സാഹസവുമൊക്കെയുള്ള പാക്കേജാണ് സിനിമ.
ശ്രീകൃഷ്ണ മിത്തുകളെ അടിസ്ഥാനപ്പെടുത്തി ഭഗവാന്റെ കളഞ്ഞുപോയ ആഭരണം തേടി ഡോ. കാർത്തികേയ നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം. അനുപംഖേറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിനു ലഭിക്കുന്ന പോസിറ്റീവ് റിവ്യൂകൾ നൽകുന്ന വിശ്വാസം ചെറുതല്ല. ഇവിടെയും ചിത്രം സ്വീകരിക്കപ്പെടുമെന്നാണു പ്രതീക്ഷ.
പ്രേമം ലൈഫ് ബ്രേക്ക്
പ്രേമം കരിയർ ബ്രേക്ക് മാത്രമല്ല, എന്റെ ലൈഫിന്റെ ബ്രേക്ക് കൂടിയായിരുന്നു. ഒരു സാധാരണ പെൺകുട്ടി ആരോടാണ് തന്റെ അഭിനയ മോഹത്തെക്കുറിച്ചു സംസാരിക്കുക? ഉള്ളിലൊതുക്കാനേ സാധിക്കൂ. അതു തന്നെയാണു ഞാനും ചെയ്തത്. അതുകൊണ്ട് പ്രേമം എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു വലിയ അദ്ഭുതമെന്നു പറയാം. പ്രേമം എന്റെ മാത്രമല്ല, അച്ഛന്റെയും അമ്മയുടെയും അനിയന്റെയും ജീവിതത്തിന്റെ കൂടി ബ്രേക്കായിരുന്നു. പ്രേമത്തിന്റെ ഷൂട്ടിങ് സമയത്താണ് ഞാൻ ആദ്യമായി ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറുന്നത്. കാർഡ് ഉപയോഗിച്ച് മുറി എങ്ങനെ തുറക്കണമെന്നു പോലും അന്നെനിക്കറിയില്ലായിരുന്നു. പ്രേമം അഭിനയിക്കുമ്പോൾ ഇനി എനിക്ക് സിനിമ കിട്ടുമോയെന്നും സംശയിച്ചിട്ടുണ്ട്. റിലീസിന് ശേഷമാണ് സിനിമയെക്കുറിച്ച് ഗൗരവത്തോടെ ആലോചിക്കുന്നത്. ഇന്ന് എന്നെ അടയാളപ്പെടുത്തുന്നത് സിനിമയാണ്. സിനിമ എനിക്ക് നല്ല യാത്രകൾ സമ്മാനിച്ചു. അനുഭവങ്ങൾ സമ്മാനിച്ചു.
ഹിറ്റാണ് കഥാപാത്രം
ഹിറ്റ് സിനിമകൾ മോശം സിനിമകളാണെന്ന വാദമൊന്നുമില്ല. ഹിറ്റ് സിനിമ സിനിമാ മേഖലയുടെ തന്നെ വളർച്ചയെ നിർണയിക്കുന്ന ഘടകമാണ്. ഹിറ്റ് സിനിമികളുടെ ഭാഗമാകുകയെന്നത് നല്ല കാര്യവുമാണ്. പക്ഷേ, ഞാൻ സിനിമ തിരഞ്ഞെടുക്കുക കഥയും കഥാപാത്രവും നോക്കിയാണ്. പ്രേക്ഷകനാണ് സിനിമയുടെ വിജയം തീരുമാനിക്കുന്നത്. അതുകൊണ്ട് കഥാപാത്രത്തിന്റെ മികവേ അഭിനേതാക്കൾക്കു തീരുമാനിക്കാനാകൂ. അതാകാം, കഥാപാത്രങ്ങൾ മുൻഗണനയാകുന്നത്.
ബജറ്റ് വേറെ, അഭിനയം വേറെ
സിനിമ ബജറ്റ് അഭിനയത്തെ സ്വാധീനിക്കാറില്ല. അതുകൊണ്ടല്ലേ മലയാള സിനിമ ഇത്രയേറെ പ്രശംസിക്കപ്പെടുന്നത്. ചെറിയ ബജറ്റിൽ മികച്ച നിലവാരമുള്ള സിനിമകൾ റിലീസ് ചെയ്യുക ചെറിയ കാര്യമല്ല. രണ്ട് ഷെഡ്യൂളുകൾ കൊണ്ടു പോലും മലയാള സിനിമ പൂർത്തിയാകും. മറ്റു ഭാഷകളിൽ അഞ്ചും ആറും ഷെഡ്യൂളുകളുണ്ടാകും. ബജറ്റിനനസുരിച്ചുള്ള മാറ്റങ്ങളാകും. പക്ഷേ, രണ്ട് ഷെഡ്യൂളുകൾ കൊണ്ട് സിനിമ തീർക്കുന്നതാണ് നല്ലതെന്നു തോന്നിയിട്ടുണ്ട്.

ഇത് ഒടിടി കാലം
ഒടിടി സിനിമകൾ പാൻഡമിക് കാലത്താണ് ശ്രദ്ധ നേടിയത്. പക്ഷേ, ഇപ്പോൾ പ്രേക്ഷകർ ലോകസിനിമയുടെ വരെ ആരാധകരാണ്. ഒരുകാലത്ത് വളരെ കുറച്ച് ആളുകൾക്കു കിട്ടിയിരുന്ന പ്രിവിലേജാണ് ലോക സിനിമകൾ. ഇന്ന് പക്ഷേ, എല്ലാവർക്കും ഈ സൗകര്യമുണ്ട്. ബോളിവുഡ്, അങ്ങേയറ്റം ഹോളിവുഡ്...അതിൽ നിന്നെല്ലാം പ്രേക്ഷകർ മാറിക്കഴിഞ്ഞു. തെന്നിന്ത്യൻ സിനിമകളെയും ഒടിടി പ്ലാറ്റ്ഫോമുകൾ സ്വാധീനിച്ചിട്ടുണ്ട്.
വഴങ്ങാനുണ്ട് കന്നഡ കൂടി
എല്ലാ ഭാഷകളിലും ക്ലാസിക് സിനിമകളുണ്ട്. നല്ല നിലവാരം പുലർത്തുന്ന സിനിമകളുണ്ട്. തെലുങ്കിൽ അഭിനയിക്കുന്നതിനു മുൻപ് ഒരു തെലുങ്ക് പടം പോലും ഞാൻ കണ്ടിട്ടില്ല. അല്ലു അർജുന്റെ പടങ്ങൾ, ഡബ് ചെയ്തു മലയാളത്തിൽ മാത്രമാണ് കണ്ടിട്ടുള്ളത്. അവിടെ ചെന്നപ്പോഴാണ് അവരുടെ നല്ല ചിത്രങ്ങളെക്കുറിച്ചറിയുന്നത്. കന്നഡയിലും അങ്ങനെത്തന്നെ. ഇപ്പോൾ പക്ഷേ, ചിത്രങ്ങൾ നന്നായി ഫോളോ ചെയ്യാറുണ്ട്. ഇപ്പോൾ ഡബിങ്ങും സ്വന്തമായാണ് ചെയ്യുന്നത്. തമിഴ്, തെലുങ്ക് ഭാഷകൾ നന്നായി പഠിച്ചു. കന്നഡ കൂടി വഴങ്ങാനുണ്ട്.

ദുൽഖർ പൊളിയാണ്
സമാന്തയോടൊപ്പം 2015ലാണ് അഭിനയിക്കുന്നത്. ഇത്രയേറെ നിശ്ചയദാർഢ്യമുള്ള അഭിനേതാക്കൾ കുറവാണ്. അവർ ഇന്ന് എന്താണോ അതിന്റെ ക്രെഡിറ്റ് മുഴുവൻ അവർക്കാണ്. അവരുടെ വളർച്ച അവരുടെ കഴിവുകൊണ്ടു മാത്രമാണ്. ദുൽഖർ സൽമാൻ–ആളു പൊളിയല്ലേ. സീതാരാമൻ ചിത്രത്തിനു മുൻപ് ഞങ്ങൾ സംസാരിച്ചിരുന്നു. സിനിമ കണ്ടതിനുശേഷം മെസേജ് ചെയ്തിരുന്നു.
ഫ്രീഡം അറ്റ് വിമർശമനം
ഫ്രീഡം അറ്റ്മിഡ്നൈറ്റ് വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. ‘കുലസ്ത്രീ’യാണെന്ന വാദമാണ് ചന്ദ്ര എന്ന കഥാപാത്രം ഏറ്റവും കൂടുതൽ കേട്ടത്. പക്ഷേ, ആ ചിത്രം മുഴുവൻ സംസാരിച്ചത് ചന്ദ്രയുടെ ഇമാജിനേഷനിൽ കൂടിയാണ്. യഥാർഥത്തിൽ അവൾ ആരാണെന്നോ, സംസാരിച്ച രീതിയെന്താണെന്നോ, എടുത്ത തീരുമാനമെന്താണെന്നോ കാണിച്ചിട്ടില്ല. വിമർശനങ്ങളും അഭിപ്രായങ്ങളും നല്ല രീതിയിലേ എടുത്തിട്ടുള്ളൂ.
ഫോട്ടോകൾ ഫോട്ടോഷൂട്ടല്ല
ഫോട്ടോ ഷൂട്ട് സിനിമാ ഇൻഡസ്ട്രിയിലെ അവിഭാജ്യ ഘടകമാണെന്നെന്നും തോന്നുന്നില്ല. എനിക്കിഷ്ടമുള്ള ഫോട്ടോ പോസ്റ്റ് ചെയ്യുന്നന്നേയുള്ളൂ. പക്ഷേ, സോഷ്യൽ മീഡിയ പ്രൊഫൈലുകളിലെ ചിത്രങ്ങൾ ഫോട്ടോ ഷൂട്ട് ഒന്നുമല്ല. ഏതെങ്കിലും പരിപാടിക്കു വേണ്ടി ഒരുങ്ങുമ്പോൾ എടുക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതാണ്. സുഹൃത്തുക്കളിൽ പലരും വിളിച്ചിട്ടു പോലും ഫോട്ടോ ഷൂട്ടിനായി പോകാൻ സാധിച്ചിട്ടില്ല. സാരിയാണ് ഇഷ്ടവേഷം. അതുകൊണ്ടാകാം കൂടുതൽ ചിത്രങ്ങളിലും സാരി കോസ്റ്റ്യൂം ആകുന്നത്. തേനീച്ചക്കൂട് മുടിയെന്ന കമന്റുകളൊക്കെ പോയി, ഇപ്പോൾ നൂഡിൽ മുടിയെന്നാണ് കിട്ടുന്ന കമന്റുകൾ.
സജീവമാകും ഇവിടെയും
തെലുങ്ക് ചിത്രങ്ങളിലാണ് ഇപ്പോൾ കൂടുതൽ. അതങ്ങനെ സംഭവിച്ചു പോയതാണ്. അവസരങ്ങൾ ഒരുപാട് കിട്ടി. മലയാളത്തിലും നല്ല സബ്ജക്ടുകൾ കേൾക്കുന്നുണ്ട്. അധികം വൈകാതെ മലയാളത്തിൽ വീണ്ടും സജീവമാകുമെന്നാണു കരുതുന്നത്.