ADVERTISEMENT

കാർഗിൽ പോരാളിയായ പട്ടാളക്കാരനായി സുരേഷ്‌ഗോപി അഭിനയിക്കുന്ന ചിത്രമായ മേം ഹൂം മൂസ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ് വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജിബു ജേക്കബ് ആണ് ചിത്രത്തിന്റെ സംവിധായകൻ.  മലയാളികൾക്ക് ഇതുവരെ പരിചയമില്ലാത്തൊരു സുരേഷ് ഗോപിയെ ആയിരിക്കും ഈ ചിത്രത്തിൽ കാണാൻ കഴിയുക എന്ന് ജിബു ജേക്കബ് പറയുന്നു.  വിവിധ സംസ്ഥാനങ്ങളിലും കേരളത്തിന്റെ പല ജില്ലകളിലും ചിത്രീകരിച്ച ഈ ചിത്രം തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്നും ജിബു ജേക്കബ് മനോരമ ഓൺലൈനിനോട് പറഞ്ഞു.  

 

എന്താണ് മേം ഹൂം മൂസയുടെ പ്രമേയം  

moosa-suresh0gopi

 

മൂസ ഒരു പട്ടാളക്കാരനാണ്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത മൂസ മരിച്ചു എന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്.  പക്ഷേ മൂസ മരണപ്പെട്ടിരുന്നില്ല. പത്തൊൻപത് വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങിവരുന്ന മൂസ താൻ മൂസ തന്നെയാണെന്ന് തെളിയിക്കാൻ നടത്തുന്ന ഒറ്റയാൾ പോരാട്ടമാണ് മേം ഹൂം മൂസ.  

jibu-johny

 

സുരേഷ്‌ഗോപിയുടെ വേറിട്ട വേഷം 

jibu-jacob-3

 

സുരേഷ് ഗോപി ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള വേഷമാണ് മൂസ. സുരേഷേട്ടൻ ഇങ്ങനെ ഒരു കഥാപാത്രം ഇതുവരെ ചെയ്തിട്ടില്ല എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. പുതിയൊരു സുരേഷ്‌ഗോപിയെ ആയിരിക്കും നിങ്ങൾ ഈ ചിത്രത്തിൽ കാണുക. ചിത്രത്തിന്റെ മുഴുവൻ സംഭാഷണങ്ങളും പൊന്നാനി സ്ലാങ്ങിൽ ആണ്. അത് അദ്ദേഹം വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. 

jibu-jacob-main

 

മേം ഹൂം മൂസ മുഴുനീള ഹാസ്യചിത്രമാണോ 

 

jibu-jacob

വളരെയധികം സീരിയസ് ആയ ഒരു കഥയാണ് മേം ഹൂം മൂസയുടേത്. കഥ കേട്ടാൽ ഇതിൽ കോമഡി ഉണ്ടാകുമോ എന്ന് സംശയിച്ചുപോകും. പക്ഷേ വളരെ ലൈറ്റ് ആയ ഹാസ്യത്തിൽ കൂടിയാണ് കഥ പറഞ്ഞിരിക്കുന്നത്. സുരേഷ് ഗോപി ഹ്യൂമറിന് വേണ്ടി ഈ ചിത്രത്തിൽ ഒന്നും ചെയ്തിട്ടില്ല. കഥാപാത്രത്തിന്റെ അവസ്ഥ മറ്റുള്ളവർക്ക് ഹാസ്യമായി തോന്നാം. സീരിയസ് ആയ ഒരു കഥ ഹ്യൂമറിൽ അവതരിപ്പിച്ചിരിക്കുകയാണ്. പുള്ളിയുടെ ജീവിതാവസ്ഥകൾ ആണ് കാണിക്കുന്നത് പ്രേക്ഷകർക്ക് അത് ഹാസ്യമായി തോന്നിയാൽ പടം വിജയിച്ചു. എന്റെ വെള്ളിമൂങ്ങയിലെ മരണവീട്ടിലെ ഹാസ്യരംഗം അവിടുത്തെ ശരിക്കുള്ള അവസ്ഥയാണ്. പക്ഷേ ഒരാളുടെ ജീവിതാവസ്ഥ മറ്റുള്ളവർക്ക് കോമഡിയായി തോന്നാം. അതുപോലെയാണ് മേം ഹൂം മൂസയിലെ ഹ്യൂമറും. എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രം ചെയ്തിരിക്കുന്നത്.

 

കരിയറിലെ ഏറ്റവും വലിയ സിനിമ 

 

കൊറോണയുടെ ആദ്യത്തെ ലോക്ഡൗൺ കഴിഞ്ഞപ്പോഴാണ് ഞാൻ സുരേഷേട്ടനോട് കഥ പറയാൻ പോകുന്നത്. അദ്ദേഹം പറഞ്ഞു കഥ മാത്രം പറഞ്ഞാൽ മതി. ഞാൻ പറഞ്ഞു ‘‘ചേട്ടാ ഈ സിനിമ കഥ മാത്രം കേട്ടാൽ കാര്യമില്ല, ഇതിന്റെ സംഭാഷണം എഴുത്തുകാരൻ വായിച്ചു തന്നെ കേൾപ്പിക്കണം. ഈ സിനിമയിൽ നല്ല പൊന്നാനി സ്ലാങ് ഉണ്ട്’’.  അദ്ദേഹം പറഞ്ഞു, ‘‘എനിക്ക് സമയമില്ല, നീ കഥ മാത്രം പറയു’’.  ഞങ്ങൾ അങ്ങനെ കഥ പറഞ്ഞു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ നിർത്താൻ പറഞ്ഞു, എന്നിട്ട് ഇനി സ്ക്രിപ്റ്റ് വായിച്ചോളൂ എന്ന് പറഞ്ഞു.  അങ്ങനെ സ്ക്രിപ്റ്റ് വായിച്ചു കേൾപ്പിച്ചു. 

 

പത്തുമണിക്ക് തുടങ്ങിയ വായന നാലുമണിയോടെ ആണ് തീർന്നത്. അദ്ദേഹം ആ സമയം കൊണ്ട് മൂസയെ മനസ്സിലാക്കിയിരുന്നു. പിന്നെ എന്ന് ചെയ്യാം എന്ന് ആയി ആലോചന.  ഒറ്റക്കൊമ്പന്റെ ബ്രേക്ക് വന്നപ്പോൾ നമ്മുടെ പടത്തിലെ താടിയുള്ള കുറച്ചു സീക്വൻസ് നമുക്ക് ഉടനെ ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു.  അങ്ങനെ മൂന്നാഴ്ച കൊണ്ട് അദ്ദേഹത്തിന്റെ ഫുൾ താടിയിൽ ഉള്ള നോർത്ത് ഇന്ത്യൻ ഏരിയ തീർത്തു.  പിന്നീട് പാർലമെന്റ് സെഷൻ കഴിഞ്ഞാണ് ബാക്കി ചെയ്തത്.  എട്ടോ ഒൻപതോ സംസ്ഥാനങ്ങളിലും കേരളത്തിലെ മൂന്നോ നാലോ ജില്ലകളിലുമായിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. ചിത്രത്തിൽ കാർഗിൽ യുദ്ധമുണ്ട്, അഖാരി വാഗാ ബോർഡറിലെ സീനുണ്ട്, മൂസയുടെ പല സ്ഥലങ്ങളിലെ യാത്രയുണ്ട്,  പാക്കിസ്ഥാനിൽ ആണെന്ന് തോന്നുന്ന വിധത്തിലുള്ള സീനുകൾ ഉണ്ടായിരുന്നു.  അങ്ങനെ ഞാനും എന്റെ ക്രൂവും വളരെ ബുദ്ധിമുട്ടി പണിയെടുത്തിട്ടാണ് ഈ സിനിമ തിയറ്ററുകളിൽ എത്തുന്നത്.  എന്റെ സിനിമകളിൽ ഏറ്റവും വലിയ സിനിമയാണ് മേം ഹൂം മൂസ. 

 

മൂസ സിഗരറ്റ് വലിക്കുന്ന പോസ്റ്റർ 

 

മേം ഹൂം മൂസയുടെ ഒരു പോസ്റ്റർ റിലീസ് ചെയ്തപ്പോൾ അതിൽ സുരേഷ് ഗോപി സിഗരറ്റ് വലിക്കുന്ന ഒരു ചിത്രമടങ്ങിയ പോസ്റ്റർ ഉണ്ടായിരുന്നു. അത് സിനിമയിലെ കഥാപാത്രം ചെയ്യുന്നതാണ്. പോസ്റ്ററിൽ സിഗരറ്റ് വലിക്കുന്ന ചിത്രം വയ്ക്കാൻ പാടില്ല എന്ന് ഞങ്ങൾക്ക് അപ്പോൾ അറിയില്ലായിരുന്നു. അങ്ങനെ ചെയ്യാൻ പാടില്ല എന്ന് ചിലർ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഞങ്ങൾ ആ പോസ്റ്റർ പിൻവലിച്ചു പുതിയ പോസ്റ്ററുകൾ ഒട്ടിച്ചു. അതാണ് സംഭവിച്ചത്.  

 

മഴ വലച്ചു 

 

മേം ഹൂം മൂസയുടെ ഷൂട്ടിങ്ങിനിടെ മഴ ഞങ്ങളെ ഒരുപാട് വലച്ചു. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നതിനിടെ മഴ കാരണം ഒരാഴ്ചയോളം ഷൂട്ടിങ് നിർത്തി വയ്‌ക്കേണ്ടി വന്നു. സെറ്റ് ഇട്ടതൊക്കെ നാശം സംഭവിച്ച് നിർമാതാക്കൾക്കു കുറച്ചു നഷ്ടങ്ങൾ ഉണ്ടായി.  അതാണ് ഞാൻ പറഞ്ഞത് എന്റെ സിനിമകളിൽ ഏറ്റവും ബുദ്ധിമുട്ടിയ സിനിമയാണിത്. സുരേഷേട്ടൻ വലിയ സപ്പോർട്ട് ആയിരുന്നു. രാവിലെ അഞ്ചു മണിക്ക് വരെ അദ്ദേഹം ലൊക്കേഷനിൽ വരുമായിരുന്നു. സമയം വളരെ കൃത്യമായി പാലിക്കുന്ന ആളാണ് അദ്ദേഹം.  സുരേഷേട്ടന്റെയും പ്രൊഡ്യൂസർമാരുടെയും സിനിമയോടൊപ്പം പ്രവർത്തിച്ച മറ്റ് അണിയറപ്രവർത്തകരുടെയും വലിയ പിന്തുണ ഉള്ളതുകൊണ്ടാണ് ഈ ചിത്രം പൂർത്തിയാക്കാൻ സാധിച്ചത്. ഞങ്ങളുടെ മൂസയെ കേരളം നെഞ്ചിലേറ്റും എന്നാണു ഞങ്ങളുടെ വിശ്വാസം. മൂസയെ ജനങ്ങളിലേക്ക് എത്തിച്ചതിനു ശേഷമേ ഞാൻ മറ്റൊരു ചിത്രത്തെക്കുറിച്ച് ചിന്തിക്കുകയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com