ADVERTISEMENT

ഈയിടെ ചെന്നൈയിൽ നടന്ന ‘പൊന്നിയിൻ സെൽവൻ’ സിനിമയുടെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ തമിഴ് സിനിമയിലെ സൂപ്പർ താരനിര മുഴുവൻ അണിനിരന്നു. കമൽഹാസൻ, രജനീകാന്ത്, സുഹാസിനി, മണിരത്നം, തൃഷ, ജയം രവി, കാർത്തി, പാർത്ഥിപൻ, ശങ്കർ.... പക്ഷേ ആ വേദിയിലെ സൂപ്പർസ്റ്റാർ മറ്റൊരാളായിരുന്നു. സംവിധായകൻ മണിരത്നത്തെയും മറ്റു താരങ്ങളെയും അനുകരിച്ച് വേദി ഇളക്കി മറിച്ച ജയറാം. സിനിമകളിൽ ഗൗരവമേറിയ കഥാപാത്രങ്ങളാകുമ്പോഴും മിമിക്രിയിൽ തന്റെ മികവിന്റെ മാറ്റൊട്ടും കുറഞ്ഞിട്ടില്ലെന്നു തെളിയിച്ചു ജയറാം. വർഷങ്ങളെത്രെ കടന്നു പോയാലും ശബ്ദാനുകരണ കലയിൽ മുടിചൂടാമന്നനായി വിലസുന്നതിനു പിന്നിലെ രഹസ്യം ജയറാം തന്നെ പറയുന്നു.

 

ടച്ച് വിട്ടു പോകാത്തത്...?

 

‘അതിനൊരു മറുപടിയില്ല.. എവിടെ ചെന്നാലും ആളുകൾ മിമിക്രി കാണിക്കാൻ ആവശ്യപ്പെടും. ഞാൻ കാണിക്കും. ഷൂട്ടിങ്ങിനു പോയാൽ അധിക സമയം കാരവാനിൽ ഇരിക്കാറില്ല. അതു കൊണ്ടു തന്നെ പല തരത്തിലുള്ള ആളുകളാണു നമ്മുടെ കൺമുന്നിലെത്തുക. കേൾക്കുന്ന പ്രത്യേകതയുള്ള ശബ്ദങ്ങൾ ഞാൻ ട്രൈ ചെയ്തു നോക്കും; സ്ഥിരമായ പ്രാക്ടീസൊന്നുമില്ല. എന്റെ യാത്രകളിലും മറ്റും എന്നോടു സംസാരിക്കുന്നവരെ അറിയാതെ നിരീക്ഷിക്കുന്ന ശീലമുണ്ട്. അവർ എന്നോടു പറഞ്ഞ കാര്യങ്ങൾ ഞാൻ വീട്ടിൽ ചെന്ന് അശ്വതിയോടു (പാർവതി ജയറാം) പറയുമ്പോൾ അവരുടെ ശബ്ദത്തിലായിരിക്കും പറയുക. മണിയൻ പിള്ള രാജു എന്നോടു പറഞ്ഞ കാര്യത്തെക്കുറിച്ച് അശ്വതിയോടു പറയുന്നതു രാജുവിന്റെ ശബ്ദത്തിലായിരിക്കും. അത് അറിയാതെ വന്നു പോകുന്നതാണ്. വർഷങ്ങളായി ഇതേ ശൈലിയാണു വീട്ടിൽ. ഇതേ സ്വഭാവം കാളിദാസിനുമുണ്ട്. മാളവികയും ഉഗ്രനായി ആളുകളെ അനുകരിക്കും. തലമുറ കൈമാറി വരുന്ന അസുഖമാണെന്നു തോന്നുന്നു. ഞാൻ ചെയ്തത് കൊള്ളില്ലെന്ന് എപ്പോഴെങ്കിലും ആരെങ്കിലും പറഞ്ഞാൽ അന്നു പരിപാടി നിർത്തും. 

 

പൊന്നിയിൻ സെൽവന്റെ മിമിക്രി

 

ട്രെ‌യിലർ ലോഞ്ച് സമയത്ത് എന്തെങ്കിലും രണ്ടു വാക്കു പറയണം എന്നേ പറഞ്ഞിരുന്നുള്ളൂ. പരിപാടി തുടങ്ങാൻ അൽപം വൈകി. ജയറാം സെറ്റിലെ എന്തെങ്കിലും സംഭവങ്ങൾ വ്യത്യസ്തമായി ചെയ്യാമോ എന്നു മണിരത്നം ചോദിച്ചു. കഥ പറഞ്ഞാൽ എനിക്കു സാറിനെത്തന്നെ അനുകരിക്കേണ്ടി വരുമെന്നു പറഞ്ഞപ്പോൾ അദ്ദേഹം സമ്മതിച്ചു. സ്റ്റേജിൽ വച്ച് നടൻ പ്രഭുവിന്റെ അനുവാദവും വാങ്ങിയാണ് അതു ചെയ്തത്. വിഡിയോ ഹിറ്റായതോടെ ഇപ്പോൾ എവിടെച്ചെന്നാലും മണിരത്നത്തെ കാണിക്കണമെന്നാണ് ആവശ്യം. ചെന്നൈയിലെ പരിപാടി കഴിഞ്ഞു പിറ്റേന്നു ഹൈദരാബാദിലെത്തി ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോൾ ദേ വരുന്നു മമ്മൂക്ക. ഓടി വന്നു കെട്ടിപ്പിടിച്ചിട്ടു പറഞ്ഞു ‘തകർത്തെടാ തകർത്തു. ഇന്നലെ നീ തകർത്തു മറിച്ചു..’ അൽപം കഴിഞ്ഞു മമ്മൂക്കയുടെ മുറിയിലെത്തിയപ്പോൾ പ്രൊജക്ടറിൽ ഇതു തന്നെയാണ് അദ്ദേഹം പിന്നെയും കണ്ടു ചിരിച്ചു കൊണ്ടിരിക്കുന്നത്. ‘മണിരത്നം എന്തു കറക്ടാടാ..’ എന്നു പറഞ്ഞു പിന്നെയും ചിരിക്കുകയാണ് മമ്മൂക്ക. 

 

നസീറിന്റെ അപരൻ

 

ഒരിക്കൽ ഒരു വിമാനയാത്രയ്ക്കിടെ ഷാനവാസ് അടുത്തുണ്ടായിരുന്നു. ‘പപ്പയെ പലരും അനുകരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ,ജയറാം ചെയ്യുമ്പോൾ ഞാൻ കണ്ണടച്ചാണു കേൾക്കുന്നത്. അത്രയ്ക്കു സാമ്യമാണ് ആ ശബ്ദം. ഞാൻ കുട്ടിക്കാലത്ത് പപ്പയെ ഒരുപാടു മിസ് ചെയ്തിട്ടുണ്ട്. പലപ്പോഴും ഷൂട്ടിങ് തിരക്കിലായിരിക്കും അദ്ദേഹം...’ ഇങ്ങനൊക്കെ പറഞ്ഞപ്പോൾ ഞാൻ ഷാനുവിനോട് കണ്ണടച്ചിരിക്കാൻ പറഞ്ഞു. ഞാൻ പതിയെ ‘ഷാനു നീ ജനിച്ച കാര്യം പോലും ഞാനറിയുന്നത് ഞാനെവിടെയോ ഷൂട്ടിങ്ങിലായിരിക്കുമ്പോഴാണ്. നിന്നെ ഒന്നു കൊഞ്ചിക്കാനോ ലാളിക്കാനോ കഴിഞ്ഞിട്ടില്ല മോനേ... നിന്റെ ആദ്യ സിനിമ പുറത്തിറങ്ങുമ്പോഴും നിന്റെ കൂടെ ഞാനില്ല.. പപ്പയോട് ക്ഷമിക്കില്ലേ മോനേ’ അങ്ങനെ നസീർ സാറിന്റെ ശബ്ദത്തിൽ കുറച്ചു കാര്യങ്ങൾ ഞാൻ പറഞ്ഞു നിർത്തി നോക്കുമ്പോൾ ഷാനു കണ്ണീരൊഴുക്കുകയാണ്.. എന്റെ ജീവിതത്തിൽ ഏറെ സന്തോഷം തോന്നിയ ഒരു നിമിഷമാണിത്. 

 

ഇനി വരും സഞ്ജു

 

ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലതയും കഴിഞ്ഞ ദിവസം വീട്ടിൽ വന്നിരുന്നു. മൊത്തത്തിൽ സഞ്ജുവിനെ ഞങ്ങൾ ഒന്നു നോക്കി വച്ചിട്ടുണ്ട്. സഞ്ജു വീട്ടിൽ വന്നു പോയതിനു ശേഷം ഞാൻ ആ സ്റ്റൈലിലാണ് അശ്വതിയോടു സംസാരിക്കുന്നത്. കുറച്ചു കൂടി ഫൈൻ ട്യൂൺ ചെയ്യാനുണ്ട്. റെഡിയാക്കി ആദ്യം ചാരുലതയെ ആ ശബ്ദം കേൾപ്പിക്കും. ചാരു ഓകെ പറഞ്ഞാൽ സ്റ്റേജിലെത്തും സഞ്ജുവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com