ADVERTISEMENT

കയ്യിലെ വലിയ പരുക്ക് വകവയ്ക്കാതെ ചെയ്ത ചിത്രമാണ് പൊന്നിയിൻ സെൽവൻ എന്ന് ബാബു ആന്റണി. പ്രതിഭാധനനായ മണിരത്നം എന്ന സംവിധായകന്റെ പിന്തുണ കൊണ്ടാണ് ഈ ചിത്രം ചെയ്യാൻ സാധിച്ചത്. തലമുറകൾ വായിച്ചു കൈമാറിയ കൽക്കിയുടെ പൊന്നിയിൻ സെൽവൻ ഒരുപാട് ഫിലിം മേക്കേഴ്‌സ് സിനിമയാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല, അങ്ങനെ പലരുടെ സ്വപ്നമാണ് ഇന്ന് മണിരത്നം സഫലമാക്കുന്നത്. പൊന്നിയിൻ സെൽവന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും ബാബു ആന്റണി മനോരമ ഓൺലൈനിനോട് പറഞ്ഞു.  

 

റിസ്ക് എടുത്തു ചെയ്ത കഥാപാത്രം 

mani-ratnam-babu

 

കൽക്കിയുടെ പൊന്നിയൻ സെൽവൻ എന്ന നോവലിനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടേയുള്ളൂ. അത് വായിച്ചവരൊക്കെ അനുഭവം പറയുമ്പോൾ ആ കഥ ഒരു ചിത്രമായി മനസ്സിൽ വരും. അത്രയ്ക്ക് മനോഹരമായാണ് അത് എഴുതിയിട്ടുള്ളത്. പല തലമുറകളായി ഇപ്പോഴും ബെസ്റ്റ് സെല്ലറായി പോകുന്ന നോവലാണ്. അത്രയും മഹത്തായ ഒരു സിനിമയിൽ ഒരു കഥാപാത്രം ചെയ്യാൻ വിളിച്ചപ്പോൾ ഞാൻ ആദ്യം അമ്പരന്നു, എനിക്കിത് ചെയ്യാൻ കഴിയുമോ എന്ന് സംശയിച്ചു. മാത്രമല്ല, ഇന്ത്യയിൽ എല്ലാ ഫിലിം മേക്കേഴ്‌സും ബഹുമാനിക്കുന്ന സംവിധായകനാണ് മണിരത്നം സർ. അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കുക എന്നതും വലിയ കാര്യമാണ്. 

 

power-star-babu-antony

ഞാൻ ചെയ്ത കഥാപാത്രത്തിനു വേണ്ടി പലരുടെയും പ്രൊഫൈൽ ഉണ്ടാക്കി നോക്കിയിരുന്നു. പക്ഷേ അതൊന്നും മാച്ച് ആയില്ല, എന്റെ പ്രൊഫൈൽ മാച്ച് ആയി എന്നാണ് അറിഞ്ഞത്. എനിക്ക് കോൾ വന്നപ്പോൾ ഞാൻ അമേരിക്കയിൽ ആയിരുന്നു. കായംകുളം കൊച്ചുണ്ണി കഴിഞ്ഞ് കോവിഡ് വന്നു വർക്ക് കുറവുള്ള സമയമായിരുന്നു. ഷൂട്ടിങ്ങിനു വേണ്ടി ഹൈദരാബാദിൽ വന്നു. ബാഗ് എടുത്ത് ലോക്കറിൽ വയ്ക്കുന്ന സമയത്ത് എന്റെ ഇടതു തോൾ സ്‌പ്രെയിൻ ആയി. നാൽപത്തിയഞ്ച് വർഷത്തോളം മാർഷ്യൽ ആർട്സ് ചെയ്തിട്ടും വരാത്ത പരുക്കാണ് അപ്പോൾ വന്നത്. 

 

അപ്പോളോയിൽ പോയി ഡോക്ടറെ കണ്ടു, ടെന്റനും റൊട്ടേറ്റർ കഫും പൊട്ടിയിട്ടുണ്ട്, ഈ കൈകൊണ്ടു നിങ്ങൾ ഇനി ഉടനെ ഒന്നും ചെയ്യരുത് എന്നാണ് പറഞ്ഞത്. എന്നോട് ജോലി എന്താണ് എന്നു ചോദിച്ചു, ഞാൻ പറഞ്ഞു: ‘‘ഇവിടുന്ന് അങ്ങോട്ട് പോയി കുതിരയെ ഓടിക്കാൻ പോവുകയാണ്’’. നിങ്ങൾക്കെന്താ ഭ്രാന്താണോ എന്നാണ് അദ്ദേഹം ചോദിച്ചത്. കൈ ഉടനെ ഉപയോഗിച്ചാൽ ഉപയോഗശൂന്യമായിപ്പോകും എന്ന് ഡോക്ടർ പറഞ്ഞു. 

 

ഞാൻ നേരെ സെറ്റിലേക്ക് തന്നെ പോയി മണിസാറിനോട് കാര്യം പറഞ്ഞു. അദ്ദേഹം പറഞ്ഞു, ‘‘ബാബുവിന് ധൈര്യം ഉണ്ടെങ്കിൽ നമുക്ക് ചെയ്യാം, കുതിരയെ മാറ്റി നമുക്ക് ആന ആക്കാം’’ എന്ന്. ഞാൻ പറഞ്ഞു, ‘‘വേണ്ട കുതിര തന്നെ മതി’’. സിനിമ ചെയ്യാൻ തന്നെ തീരുമാനിച്ചു. മണി സാർ അല്ലാതെ വേറെ ആരാണെങ്കിലും നമ്മളെ ഒഴിവാക്കിയേനെ. അദ്ദേഹം ധൈര്യപൂർവം എന്നെ പൊന്നിയിൻ സെൽവനിൽ അഭിനയിപ്പിച്ചു. ആ കൊറോണ കാലത്ത് മണി സർ ഉൾപ്പടെ എല്ലാവരും നല്ല റിസ്ക് എടുത്തു ചെയ്ത സിനിമയാണ് ഇത്. പടം കഴിഞ്ഞു ഞാൻ തിരിച്ചു യുഎസിൽ പോയി സർജറി ചെയ്തു, ഇപ്പോൾ കൈ നന്നായി സുഖപ്പെട്ടു. എന്റെ കഥ കേട്ടപ്പോൾ ഡോക്ടർമാർ പോലും അതിശയിച്ചു പോയി. 

 

പൊന്നിയിൻ സെൽവനിലെ അമോഗവർഷൻ

 

രാഷ്ട്രകുണ്ട എന്ന രാജ്യത്തെ ഏറ്റവും പ്രശസ്തനായ രാജാവാണ് അമോഗവർഷൻ. ആ കഥാപാത്രമായാണ് ഞാൻ അഭിനയിച്ചത്. പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിൽ എന്റെ ഇൻട്രൊഡക്‌ഷൻ മാത്രമേ ഉള്ളൂ. രണ്ടാം ഭാഗത്തിലാണ് എന്റെ കൂടുതൽ ഭാഗം വരുന്നത്. പക്ഷേ ആ കഥാപാത്രത്തിന്റെ സ്ക്രീൻ സ്പെയ്സിൽ അല്ല കാര്യം, ഓരോ കഥാപാത്രത്തിന്റെയും പ്രാധാന്യത്തിലാണ്. ഒരുപാട് കഥാപാത്രങ്ങൾ ഉള്ള സിനിമയാണിത്. എന്റെ പോസ്റ്ററോ പേരോ ഒന്നും പുറത്തുവിട്ടിട്ടില്ലായിരുന്നു, ആദ്യമായിട്ടാണ് അതിപ്പോൾ പറയുന്നത്.  

 

പണി അറിയാവുന്നവർ ചെയ്താൽ പടം എളുപ്പം തീരും 

 

മണി സാർ നല്ലൊരു സംവിധായകൻ മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ്. അതുകൊണ്ടാണല്ലോ പരുക്ക് പറ്റിയ എന്നെ ഇത്രയും പ്രധാനപ്പെട്ട ഒരു സിനിമയിൽനിന്ന് ഒഴിവാക്കാതിരുന്നത്. എന്റെ പരുക്ക് കാരണം ഞാനും കാർത്തിയുമുള്ള ആദ്യത്തെ ഒരു ഫൈറ്റ് സീക്വൻസ് ഒഴിവാക്കി. പരുക്ക് സാരമാക്കാതെ ഒന്നരമാസം ലൊക്കേഷനിൽത്തന്നെ നിന്ന് കഥാപാത്രത്തോട് നീതി പുലർത്തുന്ന തരത്തിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ പരുക്ക് കാരണം ഷൂട്ടിങ് ആസ്വദിക്കാൻ കഴിഞ്ഞില്ല. രാവിലെ നാലുമണിക്ക് എഴുന്നേൽക്കും. അഞ്ചു മണിക്ക് ലൊക്കേഷനിലെത്തും. യുദ്ധസമയത്ത് ഇടുന്ന പുറം ചട്ടയൊക്കെ ലോഹത്തിൽ ഉണ്ടാക്കിയതാണ്. അത് ഇട്ടുവരുമ്പോൾത്തന്നെ ഒരു മണിക്കൂർ ആകും. നല്ല ഭാരമുള്ള സാധനമാണ്. അത് ഇട്ടു കുതിരപ്പുറത്ത് കയറണം. 

 

ഈ സിനിമയിൽ അഭിനയിച്ച എല്ലാവരും കഠിനാധ്വാനം ചെയ്തു. വെറും 140 ദിവസം കൊണ്ടാണ് ഈ സിനിമ ചെയ്തു തീർത്തത്. മലയാളത്തിൽ ഒരു ആക്‌ഷൻ പോലും ഇല്ലാത്ത ചില പടങ്ങൾ പോലും മാസങ്ങൾ എടുക്കും തീർക്കാൻ. കൃത്യമായി പണി അറിയാവുന്നവർക്ക് എന്തു ചെയ്യണം എന്നറിയാം. പണി അറിയാതെ വരുമ്പോഴാണ് ആവശ്യമില്ലാതെ ദിവസങ്ങൾ പാഴാക്കുന്നത്. 15-20 ദിവസം കൊണ്ടാണ് ഞാൻ ചന്ത, കടൽ തുടങ്ങിയ പടങ്ങൾ ചെയ്തത്. കൂടിക്കാഴ്ച 15 ദിവസം കൊണ്ടാണ് സുരേഷ് ബാബു ചെയ്തത്. അമരം ഭരതേട്ടൻ 19 ദിവസം കൊണ്ട് തീർത്തു. വൈശാലി 45 ദിവസങ്ങൾ മാത്രമാണ് എടുത്തത്. പണി അറിയാവുന്നവർ ചെയ്‌താൽ കറക്ടായി പ്ലാൻ ചെയ്തു ചെയ്യും. അതുപോലെ തന്നെ ചില താരങ്ങൾ സിനിമയുടെ ഇടയ്ക്ക് മുങ്ങുക, പറഞ്ഞ സമയത്ത് വരാതിരിക്കുക ഒക്കെ ചെയ്യുമ്പോൾ ബാക്കി ഉളളവരുടെ സമയം കൂടി മെനക്കേടും. ഞാൻ സിനിമ ഇട്ടിട്ടു പോയെങ്കിൽ ഒരാഴ്ചത്തേക്കെങ്കിലും സിനിമ മുടങ്ങിയേനെ, ഞാൻ വേദന ഉണ്ടായിട്ടുകൂടി ഒരു ദിവസം പോലും ബ്രേക്ക് എടുത്തില്ല. മണി സർ നേരത്തേ തന്നെ കഥ മുഴുവൻ പറഞ്ഞു നല്ല ഐഡിയ തരും. എല്ലാ പിന്തുണയും തന്ന് അദ്ദേഹം ഒപ്പമുണ്ടായതുകൊണ്ടാണ് ഈ സിനിമ എനിക്ക് ചെയ്യാൻ കഴിഞ്ഞത്.

 

പൊന്നിയിൻ സെൽവൻ ഒരുപാടു പേരുടെ സ്വപ്നം 

 

കൽക്കിയുടെ നോവൽ പലരും സിനിമയാക്കാൻ ശ്രമിച്ചിട്ട് മുടക്കം വന്നതാണ്. മണി സാർ ചെയ്യാൻ തുടങ്ങിയപ്പോഴും കോവിഡ് വന്നു. ഒരുപാട് തടസങ്ങൾ അതിജീവിച്ചാണ് ഇപ്പോൾ അദ്ദേഹം ഈ സിനിമ പൂർത്തിയാക്കിയത്. ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്ന സിനിമയിൽ ഒരു ഭാഗമാകാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്. രജിനികാന്ത്, കമൽഹാസൻ തുടങ്ങിയവർ ഈ നോവലിനെക്കുറിച്ച് പറയുന്നത് കേട്ടിട്ട് അദ്ഭുതപ്പെട്ടുപോയിട്ടുണ്ട്. നോവൽ വായിച്ച് പലരുടെയും മനസ്സിൽ ഈ കഥ പതിഞ്ഞിട്ടുണ്ട്. മണി സർ കഥ അതുപോലെ എടുത്തിട്ടുണ്ട് എന്നാണു മനസ്സിലാകുന്നത്.

 

പുതിയ ചിത്രങ്ങൾ 

 

പവർ സ്റ്റാർ എന്ന ചിത്രം കോവിഡ് സമയത്ത് നീണ്ടുപോയതാണ്. ഡിസംബറിൽ അത് ഷൂട്ടിങ് തുടങ്ങുമെന്ന് കരുതുന്നു. ആർഡിഎക്സ് എന്ന ചിത്രം ചെയ്യാനുണ്ട്. മദനോത്സവം ആണ് ചെയ്യാനിരിക്കുന്ന മറ്റൊരു ചിത്രം. സുരേഷ് ബാബുവിന്റെ ഒരു ആക്‌ഷൻ ചിത്രം, കടമറ്റത്ത് കത്തനാർ, തമിഴിലെ കുറെ ചിത്രങ്ങൾ, ഇവയൊക്കെയാണ് ചെയ്യാനിരിക്കുന്ന മറ്റു ചിത്രങ്ങൾ. ഇപ്പോഴത്തെ വിശേഷം പൊന്നിയിൻ സെൽവന്റെ റിലീസാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT