ADVERTISEMENT

ഫസ്റ്റ്ലുക്ക് പോസ്റ്റർ കൊണ്ടുതന്നെ സിനിമാപ്രേമികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന റോഷാക്ക്.  കെട്ട്യോൾ ആണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നതും മമ്മൂട്ടി തന്നെയാണ്. ഗ്രേസ് ആന്റണിയാണ് റോഷാക്കിൽ നായികയായെത്തുന്നത്.  കുമ്പളങ്ങി നൈറ്റ്സിലെ സിമിയായെത്തി പ്രേക്ഷകനെ കയ്യിലെടുത്ത ഗ്രേസ് തമാശ, പ്രതി പൂവൻ കോഴി, കനകം കാമിനി കലഹം തുടങ്ങി നിരവധി ചിത്രങ്ങളിൽ സ്വതസിദ്ധമായ അഭിനയ ശൈലിയുമായി മലയാള സിനിമയിൽ തന്റേതായ ഇടം നേടിക്കഴിഞ്ഞു. മമ്മൂട്ടി തന്നെയാണ് റോഷാക്കിലെ പ്രധാന സ്ത്രീകഥാപാത്രമായി ഗ്രേസിനെ നിർദേശിച്ചത്.  റോഷാക്ക് തിയറ്ററിലെത്തുമ്പോൾ അതിലെ പ്രധാന കഥാപാത്രമായെത്തുന്ന സന്തോഷം പങ്കുവച്ച് ഗ്രേസ് ആന്റണി മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

 

എന്താണ് റോഷാക്ക് 

 

റോഷാക്ക് ഒരു സൈക്കളോജിക്കൽ ത്രില്ലർ ഗണത്തിൽപെട്ട സിനിമയാണെങ്കിലും കുടുംബ പ്രേക്ഷകരെ കൂടി ചിത്രം ലക്ഷ്യം വയ്ക്കുന്നുണ്ട്. റോഷാക്ക് എനിക്കൊരു പുതിയ അനുഭവമാണ്. സാധാരണ നമ്മൾ കണ്ടുവന്നിട്ടുള്ള കഥാപാത്രങ്ങളും സാഹചര്യങ്ങളുമൊക്കെ ഈ ചിത്രത്തിലുമുണ്ട്. പക്ഷേ അതിൽ നിന്നൊക്കെ വ്യത്യസ്തമായി ഈ സിനിമയ്ക്ക് വളരെ വ്യത്യസ്തമായ ട്രീറ്റ്മെന്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.  തിരക്കഥ, ഛായാഗ്രഹണം, ആർട്ട്, മേക്കിങ് എല്ലാം  അന്യഭാഷാ ചിത്രങ്ങളിൽ കാണുന്നൊരു രീതിയിൽ ആണ് ചെയ്തിട്ടുള്ളത്.  ഇത്രയും പുതുമയുള്ള ഒരു അനുഭവം എനിക്ക് ആദ്യമായിട്ടാണ്. മമ്മൂക്കയും നിസ്സാം ബഷീറും ഉൾപ്പെടുന്ന വലിയൊരു സ്പേസിൽ നിന്ന് ജോലി ചെയ്യാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.  

 

റോഷാക്കിലെ സുജാത

 

റോഷാക്കിൽ ഞാൻ സുജാത എന്ന കഥാപാത്രമാണ് ചെയ്തത്. മമ്മൂക്കയുടെ ലൂക്ക് ആന്റണി എന്ന നായക കഥാപാത്രത്തിന്റെ ഓപ്പോസിറ്റ് ആയി വരുന്ന കഥാപാത്രം.  സുജാതയ്ക്ക് കൃത്യമായ ഒരു ഗ്രാഫ് ഉണ്ട്.  ശക്തമായ സ്ത്രീ കഥാപാത്രം എന്നല്ല പറയേണ്ടത് ഈ സ്ത്രീ വളരെ ശക്തയാണ്. മമ്മൂക്കയുടെ നായികയാണോ സുജാത എന്ന് ഞാൻ പറയുന്നില്ല പക്ഷേ കഥയിലെ നായികയാണ്. ഈ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ പ്രാധാന്യമുണ്ട്. ഒരാൾ പോലും വെറുതെ വന്നു പോകുന്നില്ല. 

grace-antony

 

മമ്മൂക്കയോടൊപ്പം ആദ്യമായി 

 

ഞാൻ ആദ്യമായാണ് മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നത്. വളരെ സന്തോഷവും അഭിമാനവുമുണ്ട്. കൂടുതൽ സിനിമകൾ ചെയ്യാനും സിനിമയെക്കുറിച്ച് പഠിക്കാനും പ്രചോദനം തരുന്ന വ്യക്തിയാണ് മമ്മൂക്ക. മമ്മൂക്കയാണ് എന്നെ ഈ കഥാപാത്രത്തിലേക്ക് നിർദ്ദേശിച്ചത്, അതറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. സിനിമാമേഖലയിൽ താരതമ്യേന പുതുമുഖമായ എന്നെ മമ്മൂക്ക നിർദേശിച്ചു എന്നത് വലിയൊരു അംഗീകാരമായിരുന്നു. ലൊക്കേഷനിൽ ആയാലും ഒരു പുതിയ ആളെന്ന നിലയിൽ എന്നെ മാറ്റി നിർത്തിയിട്ടില്ല.  ഏത് പ്രായക്കാരുടെ കൂടെയാണ് സംസാരിക്കുന്നത് അഭിനയിക്കുന്നത് എങ്കിലും മമ്മൂക്ക ആ പ്രായക്കാരനായി മാറും. ശരിക്കും വെള്ളം പോലെയാണ് മമ്മൂക്ക.  

 

എന്റെ അടുത്ത് നിൽക്കുമ്പോൾ വെള്ളം പോലെ എന്റെ പ്രായത്തിലേക്ക് ഒഴുകും, എന്നെ ചിരിപ്പിച്ച്, തമാശ പറഞ്ഞു സന്തോഷിപ്പിച്ച് നിൽക്കും.സീനിയർ ആയ ഒരാളോടൊപ്പമാണെങ്കിൽ അവരോടൊപ്പം കൂടും. എല്ലാവർക്കും മമ്മൂക്കയുടെ അടുത്ത് നിൽക്കുമ്പോൾ ബഹുമാനത്തിൽ നിന്ന് വരുന്ന ഒരു ഭയമുണ്ടല്ലോ അത് കാണുമ്പൊൾ മമ്മൂക്ക ചോദിക്കും "ഞാൻ എന്താ  നിങ്ങളെ പിടിച്ചു തിന്നുമോ".  

grace-antony-3

 

എനിക്ക് മമ്മൂക്കയോടൊപ്പം അഭിനയിക്കുമ്പോൾ എക്സൈറ്റ്മെന്റ് ആയിരുന്നു. നമ്മൾ ചെയ്യുന്നത് ഇക്ക നോക്കി നിൽക്കും അപ്പോൾ നമുക്ക് ഒരു ചമ്മൽ ഉണ്ടാകുമല്ലോ. പക്ഷേ അത് ആദ്യത്തെ ദിവസം മാത്രമേ ഉള്ളൂ.  നോക്കി നിന്നിട്ടു വന്നു പറയും ‘‘ആ ഷോട്ട് നന്നായിരുന്നു കേട്ടോ’’. അത് കേൾക്കുമ്പോൾ വലിയൊരു പ്രചോദനമാണ്.  നമ്മളെ നമ്മുടെ രീതിയിൽ ചെയ്യാൻ വിടും. ഞാൻ ഇക്കയുടെ കൈ പിടിച്ചു വലിക്കുന്ന ഒരു ഷോട്ട് ഉണ്ട് ഞാൻ പതിയെ അദ്ദേഹത്തിന്റെ കൈ പിടിച്ചു വലിച്ചു അപ്പൊ അദ്ദേഹം പറഞ്ഞു "എന്റെ കൊച്ചെ നീ മുറുക്കെ പിടിച്ചു വലിച്ചോ", ഞാൻ പറഞ്ഞു ഇക്കായ്ക്ക് വേദനിച്ചാലോ.  അദ്ദേഹത്തെ സംബന്ധിച്ച് അടി കൊടുത്തും കൊണ്ടും പിടിച്ചുവലിച്ചും ഒക്കെ നല്ല പരിചയമുണ്ടല്ലോ.  എന്നോട് പറഞ്ഞു "പിടിക്കുന്നെങ്കിൽ മര്യാദക്ക് പിടിച്ചോ കേട്ടോ" എന്ന് കാരണം ആ ഷോട്ടിന് അങ്ങനെ ചെയ്താലേ ശരിയാകൂ എന്ന് അദ്ദേഹത്തിന് അറിയാം.  സിനിമയുടെ പൂർണതയ്ക്ക് വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്ത സൂപ്പർ താരമാണ് മമ്മൂക്ക.    

 

നിസ്സാം ബഷീർ എനിക്ക് പൂർണ സ്വാതന്ത്ര്യം തന്നു  

 

റോഷാക്ക് ചെയ്യുമ്പോൾ നിസ്സാമിക്കയുടെ കയ്യിൽ ഞങ്ങളുടെ എല്ലാവരുടെയും ഒരു കടിഞ്ഞാൺ ഉണ്ടായിരുന്നു.  ഓരോരുത്തരും ചെയ്യേണ്ടതെന്തെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. അത് ചെയ്യിച്ചെടുക്കാനും അറിയാം.  എനിക്ക് കിട്ടിയ ഭാഗ്യം നിസ്സാമിക്ക എന്നെ അഴിച്ചു വിട്ടേക്കുകയായിരുന്നു, ‘‘നീ എങ്ങനെ വേണമെങ്കിലും ചെയ്തോ’’ എന്ന് പറഞ്ഞു.  മമ്മൂക്കയോടൊപ്പം കൂടുതൽ സ്ക്രീൻ സ്പേസ് ഉള്ളത് എനിക്കാണ്.  അപ്പോൾ അവിടെയുള്ള എല്ലാവരേക്കാളും മമ്മൂക്കയോടൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞത് എനിക്കാണ്. എല്ലാ സിനിമകളും നമ്മൾ ചെയ്യുന്നത് നന്നാകണം എന്ന് ആഗ്രഹിച്ചാണ്. പക്ഷേ ചെയ്തതിൽ ഒരുപാട് സന്തോഷം തന്ന ചില സിനിമകൾ ഉണ്ടാകുമല്ലോ, എല്ലാം കൊണ്ടും നിസ്സാമിക്കയുടെ സംവിധാനവും മമ്മൂക്കയും റോഷാക്കിന്റെ സെറ്റും  വളരെ നല്ല അനുഭവം ആയിരുന്നു.

 

ശക്തമായ സ്ത്രീ സാന്നിധ്യം 

 

റോഷാക്കിൽ ബിന്ദു ചേച്ചിയും ഞാനും ആണ് പ്രധാന സ്ത്രീ കഥാപാത്രങ്ങൾ ആയിട്ടുള്ളത്. ബിന്ദു ചേച്ചിയുടെ ശക്തമായ തിരിച്ചുവരവ് ആയിരിക്കും ഇത്. ബിന്ദു ചേച്ചി കലക്കി തിമിർത്തിട്ടുണ്ട്. ചേച്ചിയുടെ അഭിനയം കണ്ടു ഞാൻ അതിശയിച്ചു പോയിട്ടുണ്ട്. ബിന്ദു ചേച്ചി കുറെ നാളുകൾക്ക് ശേഷമാണ് ഇത്രയും ശക്തമായ ഒരു കഥാപാത്രവുമായി വരുന്നത് . ജഗദീഷേട്ടൻ, കോട്ടയം നസീർ തുടങ്ങിയ വലിയൊരു താരനിര തന്നെ ഈ സിനിമയിൽ ഉണ്ട്.  ഒട്ടുമിക്ക താരങ്ങളെയും മമ്മൂക്ക തന്നെ തിരഞ്ഞെടുത്തതാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.  

 

റോഷാക്ക് എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടും 

 

ഏതെങ്കിലും ഒരു വിഭാഗം പ്രേക്ഷകനെ മുന്നിൽ കണ്ടു നമുക്ക് പടം ചെയ്യാൻ കഴിയില്ല.  ഓരോ ആളിന്റെയും അഭിരുചി വ്യത്യസ്തമാണ്. എനിക്ക് ഇഷ്ടപ്പെടുന്നതായിരിക്കില്ല മറ്റൊരാൾക്ക് പിടിക്കുക.  അങ്ങനെ വരുമ്പോൾ എല്ലാവരെയും പ്രീതിപ്പെടുത്തുന്ന എലമെന്റ് ഉണ്ടാകണം. റോഷാക്കിന്റെ കാര്യത്തിലാണെങ്കിൽ സിനിമയുടെ ഉള്ളടക്കവും പരിചരണ രീതിയും സിനിമാ പ്രേമികളെ ത്രസിപ്പിക്കുന്ന തരത്തിലുള്ളതാണ് എന്നാണ് എനിക്ക് പറയാനുള്ളത്. നല്ലൊരു സിനിമയായിരിക്കും നല്ലൊരു അനുഭവമായിരിക്കും, എല്ലാവരും തിയറ്ററിൽ പോയി റോഷാക്ക് കണ്ട് അഭിപ്രായം പറയണം.

 

പുതിയ ചിത്രങ്ങൾ 

 

സാറ്റർഡേ നൈറ്റ്, അപ്പൻ, പടച്ചോനെ ഇങ്ങള് കാത്തോളീ തുടങ്ങിയ ചിത്രങ്ങളാണ് ഇനി എന്റേതായി പുറത്തുവരാണുള്ളത്.  ചില ചിത്രങ്ങളുടെ ചർച്ചകൾ നടക്കുന്നുണ്ട്.  നല്ല ചിത്രങ്ങളുടെ ഭാഗമാകണം എന്നാണു ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com