ADVERTISEMENT

കരിയറിലെ ഏറ്റവും മികച്ച കഥാപത്രം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹണി റോസ്. മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്റർ എന്ന ചിത്രത്തിൽ ഹണിയുടെ ഭാമിനി എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ഏറെ അടരുകളുള്ള കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ ഹണി അഭിനയിച്ചു ഫലിപ്പിച്ചു. അഭിനയപ്രാധാന്യമുള്ള വേഷത്തിനായി കാത്തിരുന്ന തന്നെ ഇത്തരമൊരു കഥാപാത്രം വിശ്വസിച്ചേൽപിച്ച വൈശാഖിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്ന് താരം പറയുന്നു. ഒപ്പം ഏറെ വേദനിപ്പിച്ച ഒരു സോഷ്യൽ മീഡിയ അനുഭവത്തെക്കുറിച്ചു കൂടി തുറന്നു പറയുകയാണ് ഹണി റോസ്. താൻ പറയാത്ത കാര്യം മെനഞ്ഞെടുത്ത് പ്രചരിപ്പിച്ച് മോഹൻലാൽ എന്ന വലിയ കലാകാരനു കൂടി ബുദ്ധിമുട്ട് ഉണ്ടാക്കുന്നവർക്ക് എന്താണു ലാഭം കിട്ടുകയെന്ന് താരം ചോദിക്കുന്നു. പുതിയ വിശേഷങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവച്ച് മലയാളികളുടെ പ്രിയതാരം ഹണി റോസ് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

മോൺസ്റ്റർ എന്റെ ഭാഗ്യം

മോൺസ്റ്ററിലെ ഭാമിനി എന്ന കഥാപാത്രം കിട്ടിയത് എനിക്കൊരു അനുഗ്രഹമാണ്. ഞാൻ ഇത്രയും കാലം കാത്തിരുന്നത് ഇങ്ങനെ ഒരു വേഷത്തിനാണ്. വൈശാഖ് സർ എന്നോട് ആദ്യം പറഞ്ഞത് ഇത് ഭാമിനിയുടെ സിനിമയാണ്, ബാക്കി എല്ലാ കഥാപാത്രങ്ങളും വന്നുപോകുന്നവരാണ്. അത്രയ്ക്ക് സീരിയസായി വേണം ആ കഥാപാത്രത്തെ ഏറ്റെടുക്കാൻ എന്നാണ്. അതിനു ശേഷം വലിയൊരു യാത്രയായിരുന്നു. പിന്തുണ തന്നത് വൈശാഖ് സർ തന്നെയാണ്. ആദ്യദിവസം ഷൂട്ടിനെത്തിയപ്പോൾ ഞാൻ കുറച്ച് മേക്കപ്പ് ഇട്ടിരുന്നു. പക്ഷേ വൈശാഖ് സർ പറഞ്ഞു, ‘‘ഭാമിനി ഇങ്ങനെയല്ല മേക്കപ്പ് മുഴുവൻ കളയണം. വേണമെങ്കിൽ അൽപം ലിപ്സ്റ്റിക് ഉപയോഗിച്ചോളൂ. ഭാമിനി ഒരു ക്യാബ് ഡ്രൈവർ ആണ്, ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉള്ള സ്ത്രീയാണ്, ഒരു പാവം ലുക്ക് ഉള്ള സ്ത്രീ. അപ്പോൾ ഭയങ്കര മേക്കപ്പ് ഇട്ടാൽ ശരിയാകില്ല’’. മേക്കപ്പ് കഴുകിക്കളഞ്ഞിട്ട് അഭിനയിച്ചു കണ്ടപ്പോൾ വൈശാഖ് സർ പറഞ്ഞത് എത്ര ശരിയായിരുന്നു എന്ന് തോന്നി. തനിക്കു വേണ്ടതെന്താണെന്ന് നല്ല ബോധ്യമുള്ള വലിയൊരു കലാകാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സിനിമയിൽ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യം തന്നെയാണ്.

honey-rose-2

സഹതാരങ്ങൾക്കെല്ലാം പിന്തുണ നൽകുന്ന മോഹൻലാൽ

മോൺസ്റ്ററിൽ അഭിനയിക്കുന്ന സമയത്ത് മോഹൻലാൽ സർ വളരെ നല്ല സപ്പോർട്ട് ആയിരുന്നു. അദ്ദേഹത്തിനായിരുന്നു ഡയലോഗ് കൂടുതൽ. വലിയ പാരഗ്രാഫ് ഡയലോഗ് ഒക്കെ കൊടുത്താൽ സെക്കൻഡുകൾക്കുള്ളിൽ അദ്ദേഹം അത് മനഃപാഠമാക്കും. ആ സമയത്ത് ഒരു ചെറിയ ഡയലോഗ്‌ ഓർത്തെടുക്കാൻ ഞാൻ പാടുപെടുകയായിരിക്കും. എങ്കിലും അദ്ദേഹം ഒരു ബുദ്ധിമുട്ടും കാണിച്ചിട്ടില്ല. നമ്മൾ ഡയലോഗ് തെറ്റിച്ചാൽ അസ്വസ്ഥത കാണിക്കുകയോ വഴക്കു പറയുകയോ ചെയ്യുന്ന ആളാണ് കൂടെ നിൽക്കുന്നതെങ്കിൽ നമ്മുടെ കയ്യിൽനിന്നു പോകും. അദ്ദേഹത്തെ കണ്ട് ഒരുപാട് പഠിക്കാനുണ്ട്.

monster-team

ഒരു വലിയ യൂണിവേഴ്സിറ്റിയിൽ പഠിച്ചിറങ്ങുന്ന ഫീൽ ആണ് അദ്ദേഹത്തോടൊപ്പം ഉള്ള അഭിനയം. കൂടെയുള്ള ലൈറ്റ് ബോയ് മുതൽ താരങ്ങളെ വരെ പിന്തുണയ്ക്കുന്ന ആളാണ് ലാൽ സർ. ഒരാളുടെ വളരെ പോസിറ്റീവ് ആയ ഒരു ചിരിയോ മുഖഭാവമോ മതി നമ്മുടെ ഒരു ദിവസം പോസിറ്റീവ് ആകാൻ. കൂടെ അഭിനയിക്കുന്നവർക്ക് എല്ലാ പിന്തുണയും കൊടുത്ത് അവരെ കംഫർട്ടബിൾ ആക്കിയാൽ മാത്രമേ ആ ഷോട്ട് നന്നായി വരൂ എന്ന് അദ്ദേഹത്തിനറിയാം. എല്ലാ താരങ്ങളോടും അദ്ദേഹം അത്തരത്തിലാണ് പെരുമാറുന്നത്. മോൺസ്റ്ററിൽ അഭിനയിച്ചത് വളരെ രസകരമായ അനുഭവമായിരുന്നു. ഭാമിനി എന്ന കഥാപത്രത്തിനു മാക്സിമം ഇറിറ്റേഷൻ കൊടുക്കുന്ന, ചൊറിയൻ ആയ കഥാപാത്രമാണ് ലക്കി സിങ്. പക്ഷേ അവൾക്ക് തിരിച്ചു ദേഷ്യം പ്രകടിപ്പിക്കാൻ കഴിയില്ല. അത് അവളുടെ ജോലിയാണ്. അതിന്റെ ഒരു ഫ്രസ്ട്രേഷൻ അവൾക്കുണ്ട്. അത് അടക്കിപ്പിടിച്ച് ചിരിച്ച മുഖത്തോടെ നിൽക്കണം. ആ സീനുകൾ ഒക്കെ രസകരമായാണ് തോന്നിയത്.

മോൺസ്റ്റർ പോലെ ഒരു ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു

സിനിമയിൽ പതിനേഴു വർഷമായി ഉള്ള യാത്രയാണ്. നല്ലൊരു പെർഫോർമർ ആണെന്നു കാണിക്കണമെങ്കിൽ അതിനുള്ള അവസരം ഉണ്ടാകണം. കഴിവുണ്ടെന്ന് പറഞ്ഞു വീട്ടിലിരുന്നിട്ടു കാര്യമില്ല. ചങ്ക്സ് എന്ന ചിത്രത്തിലാണ് ഇതിനു മുൻപ് നല്ലൊരു കഥാപാത്രം ചെയ്തത്. അത് വേറൊരു ജോണർ സിനിമയാണ്. അതിലാണ് സ്ക്രീൻ സ്പേസ് കൂടുതൽ കിട്ടിയത്. പിന്നെ കിട്ടിയതൊക്കെ ചെറിയ വേഷങ്ങൾ ആയിരുന്നു. കുറെയായപ്പോൾ അതു മതിയായി, നല്ലൊരു വേഷത്തിനായി കാത്തിരിക്കുകയായിരുന്നു. ആഗ്രഹവും പാഷനും ആണല്ലോ നമ്മെ മുന്നോട്ടു നയിക്കുന്നത്. അങ്ങനെ കാത്തിരുന്നു കിട്ടിയ സിനിമയാണ് മോൺസ്റ്റർ. ഭാമിനി ഒരുപാട് ഷേഡുള്ള, വളരെ ചാലഞ്ചിങ് ആയ കഥാപാത്രമായിരുന്നു. പക്ഷേ എനിക്ക് ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. നമ്മൾ തന്നെ നമ്മെ വിശ്വസിച്ചില്ലെങ്കിൽ പിന്നെ ആരു വിശ്വാസമർപ്പിക്കാനാണ്. കൂടെ അഭിനയിച്ച എല്ലാവരും നന്നായി പിന്തുണ തന്നു. അതുകൊണ്ടാണ് ആ കഥാപാത്രം നന്നായി ചെയ്യാൻ കഴിഞ്ഞത്.

honey-rose-lates

സിനിമയെ മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നു

ലാൽ സാറിന്റെ കഥാപാത്രം രസികനായ ഒരു സിങ് ആണ്. യഥാർഥ വ്യക്തിക്ക് കഥാപാത്രവുമായി ഒരു ബന്ധവുമില്ല. ഒരു പുകമറ സൃഷ്ടിക്കാൻ വേണ്ടിയുള്ള ബഹളമാണ് കഥാപാത്രം ചെയ്യുന്നത്. ആ കഥാപാത്രത്തിന്റെ സംസാരവും രീതികളും ഒരുപാട് വിമർശിക്കപ്പെടുന്നതായി കാണുന്നു. പടം ഇറങ്ങുന്നതിനു മുൻപു തന്നെ വലിയ രീതിയിൽ ഡീഗ്രേഡിങ് സംഭവിച്ചു. എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നുവെന്നു മനസ്സിലാകുന്നില്ല. കുടുംബ പ്രേക്ഷകർ നന്നായി ആസ്വദിക്കുന്നു എന്നുപറഞ്ഞ് ഇന്നും കൂടി എനിക്കൊരു ഫോൺ കോൾ വന്നിരുന്നു. മനഃപൂർവം ഡീഗ്രേഡ് ചെയ്യുന്നത് കാണുമ്പോൾ ഷോക്കിങ് ആയി തോന്നാറുണ്ട്. എത്രയോ ആളുകളുടെ സ്വപ്നവും വലിയൊരു യാത്രയുമാണ് ഒരു സിനിമ. കണ്ടിട്ട് ജെനുവിൻ ആയി നല്ലതോ ചീത്തയോ എന്ന് പറയുന്നതിൽ തെറ്റില്ല, പക്ഷേ കാണുക പോലും ചെയ്യാതെ അഭിനയിച്ചവരെയും അണിയറപ്രവർത്തകരെയും തെറി വിളിക്കുകയും സിനിമയെ മോശമാക്കി പ്രചരിപ്പിക്കുകയും ചെയ്യുന്നത് എന്തുതരം മാനസികാവസ്ഥയാണെന്നു മനസ്സിലാകുന്നില്ല. സിനിമയുടെ നന്മയല്ല ഇത്തരക്കാരുടെ ഉദ്ദേശ്യമെന്നും വ്യക്തിപരമായ വിദ്വേഷം കാരണം ഒരു സിനിമയെ തകർത്തു കളയാനുള്ള ലക്ഷ്യമാണ് ഇവർക്കുള്ളതെന്നും ആർക്കും മനസ്സിലാകും.

honey-rose-31

വെല്ലുവിളി നിറഞ്ഞ വേഷവും ഇന്റിമേറ്റ് രംഗങ്ങളും

ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണ് ഭാമിനി. മഞ്ജു ലക്ഷ്മി എന്ന താരമാണ് എന്റെ ഒപ്പം അഭിനയിച്ചത്. തെലുങ്കിലെ പ്രശസ്ത നടൻ മോഹൻ ബാബു സാറിന്റെ മകൾ ആണ് അവർ. വളരെ തുറന്ന ചിന്താഗതിയുള്ള ഒരു വ്യക്തിയാണ് മഞ്ജു. അവരോടൊപ്പം ആയതുകൊണ്ടാണ് എനിക്ക് കംഫർട്ടബിൾ ആയി ആ സീനുകൾ ചെയ്യാൻ കഴിഞ്ഞത്. സെറ്റിൽ വന്നാൽ വലിയ ആക്റ്റീവ് ആയി ഒച്ചപ്പാടും ബഹളവുമാണ്. വളരെ നല്ല ഒരു വ്യക്തിയാണ് മഞ്ജു. ഞങ്ങൾ തമ്മിലുള്ള കോംബോ നല്ല രസമായിരുന്നു. കഥാപാത്രമായി മാറിക്കഴിഞ്ഞാൽ എന്തു ചെയ്യാനും ഒരു ബുദ്ധിമുട്ടും ഇല്ല. കഥാപാത്രങ്ങളാണല്ലോ ചെയ്യുന്നത് ഞങ്ങളല്ലല്ലോ. മഞ്ജുവിന് ആദ്യം ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്ന് തോന്നുന്നു പിന്നെ അത് മാറി.

മഞ്ജു നന്നായി ഹാർഡ് വർക്ക് ചെയ്യുന്ന ആളാണ്. ഫൈറ്റ് സീനിനു വേണ്ടി മഞ്ജു ചെയ്ത കഠിനാധ്വാനം എടുത്തുപറയേണ്ടതാണ്. വെളുപ്പിനു ഷൂട്ടിങ് കഴിഞ്ഞു വൈകുന്നേരവും മാർഷ്യൽ ആർട്സ് പരിശീലിക്കാൻ പോകണം, ജിമ്മിൽ എപ്പോഴും വർക്ക് ഔട്ട് ചെയ്യാൻ പോകും. അത് മഞ്ജു മാത്രമല്ല ലാൽ സർ, സുദേവ് സർ ഇവരെല്ലാം ജിമ്മിൽ പോകും. ജോലിയോട് ഇവർക്കൊക്കെ ഭയങ്കര പാഷൻ ആണ്. എന്നെയും നിർബന്ധിച്ചു വിളിച്ചുകൊണ്ടുപോകും. ഇടയ്ക്ക് ഞാൻ റൂമിൽ ചെയ്യാം എന്നുപറഞ്ഞു മുങ്ങും. എനിക്ക് പിന്നെ വലിയ ഫൈറ്റ് സീനുകൾ ഇല്ല, കാരണം മഞ്ജുവിന്റെ ഫീമെയിൽ പാർട്ണർ ആണ് ഞാൻ. വളരെ എൻജോയ് ചെയ്ത സീനുകളാണ് അതെല്ലാം.

honey-rose-231

വൈശാഖ് എന്നാൽ ക്ലാസും മാസും

ഷൂട്ടിങ്ങിന്റെ ആദ്യാവസാനം വൈശാഖ് സർ നല്ല പിന്തുണ തന്നു. ഭാമിനി എങ്ങനെയാണെന്ന് എനിക്കു പറഞ്ഞു മനസ്സിലാക്കിത്തന്നു. ഭാമിനിയുടെ സ്വഭാവം ഇടയ്ക്കിടെ എന്നെ ഓർമിപ്പിച്ചുകൊണ്ടിരിക്കും. അദ്ദേഹം ചെയ്ത മാസ് സിനിമകൾ ആണ് നമ്മൾ കൂടുതൽ ഓർക്കുന്നത്. ഒരു താരത്തിൽ ഉള്ള എല്ലാ കഴിവുകളും പുറത്തുകൊണ്ടുവരാൻ പ്രാപ്തിയുള്ള സംവിധായകനാണ് അദ്ദേഹം. ക്ലാസും മാസും ഒരുപോലെ ചെയ്യാൻ കഴിയുന്ന സംവിധായകൻ. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു.

ഇത് പറയാതെ വയ്യ

എന്നെങ്കിലും ഒരു വിശ്വസനീയമായ മാധ്യമത്തോടു തുറന്നു പറയണം എന്ന് കരുതിയ ഒരു കാര്യമുണ്ട്. ഞാൻ പറഞ്ഞതാണ് എന്ന രീതിയിൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു പ്രസ്താവന കറങ്ങി നടക്കുന്നത് ശ്രദ്ധയിൽ പെട്ടു. ‘‘ലാൽ സാർ (മോഹൻലാൽ) എന്റെ ജീവിതത്തിൽ പല ഘട്ടങ്ങളിലും ഒരു കൈത്താങ്ങ് ആയിരുന്നു’’ എന്ന് ഞാൻ പറഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾ. ഒരു ദിവസം രാവിലെ നോക്കുമ്പോൾ ആരൊക്കെയോ എനിക്ക് ഇതിന്റെ സ്ക്രീൻഷോട്ട് അയയ്ക്കുകയാണ്. ഇത് കണ്ടു ഞാൻ ഷോക്കിൽ ആയിപ്പോയി. ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു പ്രസ്താവന പറയേണ്ട ഒരു സാഹചര്യവും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ‌ഇതൊക്കെ ആര് ഉണ്ടാക്കി വിടുന്നു എന്നറിയില്ല. ഒരുപാടു കഷ്ടപ്പെട്ടും പ്രയത്നിച്ചും ഇവിടെവരെ എത്തി സ്വന്തം കാലിൽ നിൽക്കുന്ന വ്യക്തിയാണ് ഞാൻ.

honey-rose-latest

അതുപോലെ തന്നെ ഞാൻ ഏറെ ബഹുമാനിക്കുന്ന ലാൽ സാറിനെ പോലെ ഒരാളിന് ഈ പ്രസ്താവന കൊണ്ട് എന്തുമാത്രം ബുദ്ധിമുട്ട് ഉണ്ടാകും എന്ന ചിന്തയും എന്നെ വിഷമിപ്പിച്ചു. ഈ കുട്ടി എന്താണു പറയുന്നതെന്ന്, ഈ വാർത്ത കാണുമ്പോൾ അദ്ദേഹം കരുതില്ലേ. ഞാൻ ഇതിനെതിരെ പരാതിപ്പെടാം എന്നാണ് ആദ്യം കരുതിയത്, പിന്നെ ലാൽ സർ കൂടി ഉൾപ്പെടുന്ന കാര്യമായതുകൊണ്ട് ആ ചിന്ത ഉപേക്ഷിച്ചു. എന്നിട്ടു ഞാൻ അദ്ദേഹത്തിന് ഒരു മെസ്സേജ് അയച്ചു, ‘സർ ഇങ്ങനെ ഒരു വാർത്ത വരുന്നുണ്ട്. പക്ഷേ ഞാൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ല, ഞാൻ അറിഞ്ഞിട്ടുകൂടി ഇല്ല’ എന്ന്. അദ്ദേഹം മറുപടി പറഞ്ഞത് ‘അത് വിട്ടേക്കൂ കുട്ടി, ഇതൊക്കെ പാർട്ട് ഓഫ് ദ് ഗെയിം ആണ്, ഇതൊന്നും ശ്രദ്ധിക്കാൻ പോകേണ്ട’ എന്നാണ്.

lal-honey

ഇതുപോലെ എത്ര വാർത്തകൾ കണ്ടു മടുത്ത വ്യക്തിയായിരിക്കും അദ്ദേഹം. എന്നെ ഒരുപാടു വിഷമിപ്പിച്ച ഒരു കാര്യമാണ് അത്. സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്‌താൽ പോലും അതിനടിയിൽ വന്ന് ഈ കമന്റ് ഇടുന്ന ആളുകളുണ്ട്. പോസിറ്റീവ് എന്ന രീതിയിൽ വളരെ ബ്രില്യന്റ് ആയി, നമ്മെ മോശക്കാരായി കാണിക്കാൻ ഇടുന്ന പോസ്റ്റുകളാണ് ഇതൊക്കെ. ആരെങ്കിലും വന്ന് അദ്ദേഹം സപ്പോർട്ട് ചെയ്തോ എന്ന് ചോദിച്ചാൽ ഞാൻ എന്തു പറയും. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്ന എല്ലാവരെയും അദ്ദേഹം സപ്പോർട്ട് ചെയ്യാറുണ്ട്. അതുപോലെ എനിക്കും പിന്തുണ കിട്ടാറുണ്ട്, അതിൽ കൂടുതൽ എന്നെ സപ്പോർട്ട് ചെയ്യേണ്ട ഒരാവശ്യവും അദ്ദേഹത്തിനില്ല. നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത മഹത്തായ കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു മഹാനായ കലാകാരനാണ് അദ്ദേഹം. ഞാൻ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തി. അദ്ദേഹത്തിന് ഇത്തരം വാർത്തകൾ അലോസരം ഉണ്ടാക്കും എന്നത് എനിക്കും വിഷമമുണ്ടാക്കുന്ന കാര്യമാണ്. എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. സമൂഹത്തിന് ഒരു ഗുണവും ചെയ്യാൻ കഴിയാത്ത, മോശം മനഃസ്ഥിതി ഉള്ളവരാണ് ഇത്തരത്തിൽ വാർത്തകൾ ഉണ്ടാക്കി വിടുന്നത്.

വിവാഹിതയാകാൻ താൽപര്യമില്ല എന്ന വാർത്ത

ഒരാൾ കുറച്ച് അറിയപ്പെട്ടു തുടങ്ങിയാൽ അയാൾ പണ്ടു പറഞ്ഞ കാര്യങ്ങൾ എടുത്ത് വീണ്ടും പ്രചരിപ്പിക്കാൻ തുടങ്ങുന്നത് ആൾക്കാരുടെ സ്വഭാവമാണ്. ഇതൊക്കെ ഞാൻ എപ്പോൾ പറഞ്ഞെന്നു പോലും ഓർമയില്ല. ഒരുപക്ഷേ കരിയറിന്റെ തുടക്കത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ടാകാം. മനുഷ്യരല്ലേ മനോഭാവം മാറുമല്ലോ. വിവാഹിതയാകാൻ താൽപര്യമില്ല എന്നൊന്നും ഇന്ന് ഞാൻ പറയില്ല. പ്രണയമൊന്നും ഇല്ല, എങ്കിലും പ്രണയം ഇഷ്ടമുള്ള ഒരു വ്യക്തിയാണ് ഞാൻ. എനിക്ക് ഇഷ്ടപ്പെടുന്ന ഒരാൾ വന്നാൽ ഒരുപക്ഷേ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്‌തേക്കും. നല്ലൊരു പ്രണയ ചിത്രത്തിന്റെ ഭാഗമാകണം എന്നുപോലും എനിക്ക് ആഗ്രഹമുണ്ട്. ഇതുവരെ അങ്ങനെ ഒരു റോൾ ചെയ്തിട്ടില്ല. ഒരു മുഴുനീള പ്രണയ ചിത്രത്തിൽ അഭിനയിക്കണം എന്നത് വലിയ ആഗ്രഹമാണ്.

honey-family
അച്ഛനും അമ്മയ്‌ക്കുമൊപ്പം ഹണി റോസ്

പുതിയ ചിത്രങ്ങൾ

ഇപ്പോൾ ചെയ്യുന്നത് ബാലകൃഷ്ണ സാറിന്റെ ഒരു തെലുങ്ക് സിനിമയാണ്. വീര സിംഹ റെഡ്ഡി എന്നാണു പേര്. വലിയ ബജറ്റ് ഉള്ള സിനിമയാണ്. നല്ല ഒരു താര നിര തന്നെയുണ്ട് അതിൽ. പുഷ്പ നിർമിച്ച മൈത്രി മൂവീസ് ആണ് നിർമാണം. ശ്രുതി ഹാസൻ, മലയാളത്തിൽ നിന്ന് ലാൽ സർ തുടങ്ങിയവർ ഉണ്ട്. ശങ്കർ രാമകൃഷ്ണൻ നിർമിച്ച് സംവിധാനം ചെയ്യുന്ന ‘റാണി’ എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്യുന്നുണ്ട്. വളരെ സാമൂഹികപ്രാധാന്യമുള്ള ഒരു വിഷയം ചർച്ച ചെയ്യുന്ന സിനിമയാണ് അത്. ശങ്കർ രാമകൃഷ്ണന്റെ ഒരു സിനിമയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com