ADVERTISEMENT

ഒരാൾ മരിക്കാനായി കാത്തിരിക്കുന്ന കുറെ മനുഷ്യർ, അതിനിടയിൽ പെട്ടുപോകുന്ന ചില ജീവിതങ്ങൾ. ‘അപ്പൻ’ എന്ന ചിത്രം പറയുന്ന കഥയുടെ ആകെത്തുക ഇതാണ്. അപ്പനെത്ര ദുഷ്ടനായാലും ഉള്ളിന്റെയുള്ളിൽനിന്ന് അപ്പനെ പറിച്ചെറിയാൻ കഴിയാത്ത ഒരു മകൻ. അയാളും ഒരു അപ്പനാണ്. അങ്ങനെ മകനായും അപ്പനായും നീറിപ്പുകഞ്ഞു ജീവിക്കുന്ന ‘ഞ്ഞൂഞ്ഞ്’ എന്ന കഥാപാത്രമായി സണ്ണി വെയ്ൻ ‘അപ്പൻ’ എന്ന ചിത്രത്തിൽ ജീവിക്കുകയായിരുന്നു. സണ്ണിയുടെ കരിയർ ബെസ്റ്റ് എന്ന് പറയാവുന്ന കഥാപാത്രം.

2022 സണ്ണി വെയ്‌നിന്റെ വർഷമായിരുന്നു. ‘അടിത്തട്ടി’ലെ മാർക്കോസ്, ‘പടവെട്ടി’ലെ സൈക്കോ സതീശൻ ഇവയെല്ലാം പ്രേക്ഷക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടി. ഒരു നിർമാതാവ് എന്ന നിലയിൽ ധീരമായ തീരുമാനങ്ങളെടുത്തതും മികച്ച ചിത്രങ്ങൾ നിർമിച്ചതും സണ്ണി വെയ്‌നിന്റെ സിനിമാ ജീവിതത്തിൽ നാഴികക്കല്ലായി. അപ്പനോളം മനസ്സിനെ ഇത്രയും അസ്വസ്ഥമാക്കിയ മറ്റൊരു ചിത്രം താൻ ചെയ്തിട്ടില്ലെന്ന് സണ്ണി പറയുന്നു. അപ്പനിൽ അഭിനയിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഇട്ടിച്ചനും ഞ്ഞൂഞ്ഞും കുട്ടിയമ്മയും റോസിയും മകനും വർക്കിച്ചേട്ടനും ആ വീടും തന്നെ വിടാതെ പിന്തുടർന്നിരുന്നുവെന്നും സണ്ണി വെയ്ൻ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

sunny-wayne-appan

അപ്പനിലെ കഥാപാത്രം കരിയർ ബെസ്റ്റ്

അപ്പനിലെ കഥാപാത്രം എന്റെ കരിയർ ബെസ്റ്റ് ആണെന്നാണ് കണ്ടവരെല്ലാം വിളിച്ചു പറയുന്നത്. ഇതുവരെയുള്ള അഭിനയ ജീവിതത്തിൽ കിട്ടിയതുപോലെയുള്ള ഒരു റെസ്പോൺസ് അല്ല ഈ ചിത്രത്തിന് കിട്ടുന്നത്. എനിക്കു മാത്രമല്ല, ഇതിൽ ഒരു ചെറിയ കഥാപാത്രം ചെയ്ത ആളിനു പോലും അത്തരമൊരു പ്രതികരണം ആണ് കിട്ടുന്നത്. അപ്പൻ എന്റെ കരിയറിൽ കിട്ടിയ ഏറ്റവും പുതുമയുള്ള കാര്യമാണ്. ഇതുപോലെയുള്ള വേഷങ്ങളാണ് ഞാൻ ഇത്രനാളും ആഗ്രഹിച്ചിരുന്നത്. അതിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു.

sunny-padavettu
പടവെട്ട് സിനിമയിൽ സണ്ണി വെയ്ൻ

ബ്ലോക്ക് ബസ്റ്ററുകൾ തന്ന വർഷം

ഞാൻ എപ്പോഴും ആഗ്രഹിച്ചുകൊണ്ടിരുന്ന കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. സിനിമ എനിക്ക് അത്ര പരിചയമില്ലാത്ത മേഖലയാണ്. അധികം കോണ്ടാക്ടുകളോ ബന്ധുക്കളോ സിനിമയിൽ ഇല്ല. കുരുടി ആയിരുന്നു എന്റെ ആദ്യ കഥാപാത്രം. അത് ഒരു ക്യാരക്ടർ റോൾ ആയിരുന്നു. അതിനു ശേഷം ഈ പത്തുവർഷത്തിനിടയിൽ എനിക്ക് അതുപോലെ നല്ലൊരു കഥാപാത്രം കിട്ടിയിട്ടില്ല. എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങൾ കിട്ടണ്ടേ. അത്തരമൊരു വേഷത്തിനായി കാത്തിരിക്കുകയായിരുന്നു. എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നല്ലേ പറയുന്നത്. ഈ വർഷം ഒരുപാടു നല്ല കഥാപാത്രങ്ങൾ എന്നെത്തേടിയെത്തി. അടിത്തട്ടിലെ മാർക്കോസ്, പടവെട്ടിലെ സൈക്കോ സതീശൻ, അപ്പനിലെ ഞ്ഞൂഞ്ഞ് തുടങ്ങിയവ ഈ വർഷം ചെയ്തതിൽ ശക്തമായ കഥാപാത്രങ്ങളാണ്. മാർക്കോസ് കൊല്ലത്തിന്റെ തീരദേശത്തെ ഭാഷയാണ് സംസാരിക്കുന്നത്. പടവെട്ടിൽ കണ്ണൂർ സ്ലാങ് ആണ്. അപ്പൻ ഇടുക്കി മലയോരപ്രദേശത്തെ ക്രിസ്ത്യാനികളുടെ ഭാഷയാണ്. ഇനിയും നല്ല ചിത്രങ്ങൾ വരാനുണ്ട്. പ്രേക്ഷകരും സിനിമയിൽ ഉള്ള സുഹൃത്തുക്കളുമൊക്കെ വളരെ പോസിറ്റീവ് ആയിട്ടാണ് അപ്പനെ കാണുന്നത്. നല്ല പ്രതികരണങ്ങളാണ് കിട്ടുന്നത്. വലിയ സന്തോഷമുണ്ട്.

അപ്പന്റെ മരണം തീവ്രമായി ആഗ്രഹിക്കുന്ന മകൻ... ഉൾക്കൊള്ളാൻ ബുദ്ധിമുട്ടി

കേട്ടപ്പോൾത്തന്നെ എന്നെ അദ്ഭുതപ്പെടുത്തിയ കഥയാണ് അപ്പനിലേത്. ഇത്തരത്തിലുള്ള ആളുകൾ ഉണ്ടോ എന്ന് എനിക്കു തോന്നി. പക്ഷേ ഉണ്ട് എന്നുള്ളതാണ് സത്യം. മജുവിന്റെ തിരക്കഥ എന്നെ ആഴത്തിൽ സ്പർശിച്ചു. ഇട്ടിയെപ്പോലെയുള്ള ആളുകളും ഞ്ഞൂഞ്ഞിനെപ്പോലെയുള്ള മക്കളും ഈ ലോകത്തുണ്ട്. കഥ കേട്ടപ്പോൾത്തന്നെ ഞാൻ എക്സൈറ്റഡ് ആയി. മജു എന്റെ നല്ലൊരു സുഹൃത്താണ്. പക്ഷേ രാജീവ് രവി ചേട്ടനാണ് എന്നെ വിളിച്ച് ഈ കഥ പറഞ്ഞത്. ‘‘എടാ ഇത് തമാശക്കളിയല്ല. നന്നായി പെർഫോം ചെയ്യാനുണ്ട് കേട്ടോ’’ എന്നൊരു ഉപദേശവും അദ്ദേഹം തന്നു. അലൻസിയർ ചേട്ടൻ ഇടയ്ക്കു വിളിച്ചു പറയും, ‘‘എടാ ഞാൻ ഇവിടെ പ്രാക്ടീസ് ഒക്കെ ചെയ്തു തുടങ്ങി കേട്ടോ, നമുക്ക് ഈ സിനിമ അടിപൊളി ആക്കണം’’.

sunny-09

അതൊക്കെ കേൾക്കുമ്പോൾ എന്റെ ടെൻഷൻ കൂടും. മനോഹരമായ സ്ക്രിപ്റ്റാണ്. അതിൽ ഉള്ളതങ്ങു ചെയ്താൽ മതി. ഞാൻ വലിയ തയാറെടുപ്പുകൾ ഒന്നും നടത്തിയില്ല. വർക്‌ഷോപ്പ് ഒന്നും ഇല്ലായിരുന്നു. മുടി വെട്ടി എന്റെ ലുക്ക് മാറ്റിയപ്പോൾത്തന്നെ ഒരുപാട് മാറ്റം വന്നു. ലൊക്കേഷനിൽ പോയി അവിടുത്തെ വൈബ് കണ്ടപ്പോൾ മനസ്സ് മാറി. ക്യാമറാമാൻ പപ്പു ചേട്ടൻ പറഞ്ഞു, ‘‘നീ ഒരു മുണ്ടുടുത്ത് ഈ പറമ്പിലൊക്കെ ഒന്നു നടക്ക്’’. അങ്ങനെ ഞാൻ ആ വീടിനും പറമ്പിനും ചുറ്റുമൊക്കെ നടന്നു. തൊട്ടടുത്തുള്ള ചേട്ടന്മാരൊക്കെ വന്ന് എന്നെ റബ്ബർ വെട്ടാൻ പഠിപ്പിച്ചു. അപ്പോഴേക്കും ഞാൻ ആ കഥാപാത്രത്തിലേക്ക് കയറിയിരുന്നു. ഞാൻ തിരികെ ഹോട്ടലിലേക്കു പോകുന്നതു പോലും ആ വേഷത്തിലായിരുന്നു.

വളരെ ചാലഞ്ചിങ് ആയ കഥാപാത്രമായിരുന്നു ഞ്ഞൂഞ്ഞ്. എനിക്കെന്തെങ്കിലും പിഴവു പറ്റിയാൽ ആ തിരക്കഥയുടെ ഭംഗി തന്നെ നഷ്ടപ്പെടും എന്ന ചിന്ത എപ്പോഴുമുണ്ടായിരുന്നു. അലൻ ചേട്ടൻ (അലൻസിയർ) വളരെ രസകരമായി ആ വേഷം ചെയ്തു. നമ്മളെ ഞെട്ടിച്ച കഥാപാത്രമാണ് അത്. അവസാനത്തെ സീനിൽ അലൻ ചേട്ടൻ പറഞ്ഞ ഡയലോഗ് ഒരു കൂരമ്പു പോലെ നെഞ്ചിനകത്തേക്കു തറച്ചു കയറുകയാണ്. കുഞ്ഞിനൊപ്പമുള്ള സീനൊക്കെ ശരിക്കും വിഷമം വന്നു. അമ്മയുടെ ധർമസങ്കടം കാണുന്നത് ഭയങ്കര വേദനാജനകമായിരുന്നു. ഞ്ഞൂഞ്ഞ് ഒരുതരത്തിലും അപ്പനെപ്പോലെയല്ല എന്നുള്ളത് ശരീര ഭാഷയിലും ഭാര്യയോടുള്ള പെരുമാറ്റത്തിലും ഉണ്ടാകണം. അഭിനയിച്ചു തീർന്നിട്ടും എനിക്ക് ആ കഥാപാത്രത്തിൽനിന്ന് ഇറങ്ങാൻ പറ്റുന്നില്ല. കുറേനാൾ ആ കഥാപാത്രം എന്നെ ഹോണ്ട് ചെയ്തു. പിന്നെ മൂന്നുനാലു മാസം ഞാനൊരു ബ്രേക്ക് എടുത്തു.

aditattu
അടിത്തട്ട് എന്ന ചിത്രത്തിൽ നിന്നും

ഞ്ഞൂഞ്ഞ് എന്ന പേര്

മജു കഥയാണ് ആദ്യം പറഞ്ഞത്. കഥാപാത്രത്തിന്റെ പേരു പറഞ്ഞില്ല. അവന്റെ ആദ്യപടം ഫ്രഞ്ച് വിപ്ലവം ആയിരുന്നു, അതിൽ എന്റെ പേര് സത്യൻ. സത്യൻ എന്നല്ലാതെ ആ കഥാപാത്രത്തിനു മറ്റൊരു പേര് ചേരില്ല. അപ്പന്റെ കഥ കേട്ടപ്പോൾ ഞാൻ അവനോടു ചോദിച്ചു, ‘‘എന്താ കഥാപാത്രത്തിന്റെ പേര്’’. വൻ പേര് ഒക്കെ ആയിരിക്കും എന്നാണ് കരുതിയത്. അവൻ പറഞ്ഞു, ‘‘എടാ കലക്കൻ പേരാണ്, ഞ്ഞൂഞ്ഞ്’’. ഞാൻ ഞെട്ടിപ്പോയി ! ഞാൻ ചോദിച്ചു, ‘‘എടാ അതെന്തൊരു പേരാ’’. ‘‘നീ നോക്കിക്കോ, ഈ പേരല്ലാതെ ആ കഥാപാത്രത്തെ നിനക്ക് ചിന്തിക്കാൻ കഴിയില്ല’’ എന്നായിരുന്നു മജുവിന്റെ മറുപടി. കഥാപാത്രമായി മാറിയപ്പോൾ എനിക്കു മനസ്സിലായി ഇതല്ലാതെ ഇതിനപ്പുറം ഒരു പേര് ചേരില്ല. ഞ്ഞൂഞ്ഞ് ആകാൻ എനിക്ക് തയാറെടുപ്പൊന്നും വേണ്ടിവന്നില്ല. തുറന്ന മനസ്സോടെയാണ് ഞാൻ ആ കഥാപാത്രത്തെ സമീപിച്ചത്. മുടി വെട്ടി റബ്ബർ വെട്ടുകാരന്റെ വസ്ത്രം ധരിച്ചപ്പോഴേ ഞാൻ ആ കഥാപാത്രമായി മാറി. ആ വീടിനും പരിസരത്തും മാത്രം നിൽക്കുന്ന, കവലയിലേക്ക് അധികം ഇറങ്ങാത്ത, സോഷ്യലൈസ് ചെയ്യാത്ത ആളാണ്. അവന്റെ അന്തഃസംഘർഷവും നിസ്സഹായതയും മാത്രം ഉൾക്കൊണ്ടാൽ മതിയായിരുന്നു.

appan-alencier

അലൻസിയർ ഞെട്ടിച്ചു

ഒരുപാട് വർഷത്തെ തിയറ്റർ അനുഭവമുള്ള നടനാണ് അലൻസിയർ ചേട്ടൻ. അദ്ദേഹത്തിനു മുന്നിൽ ഞാനൊക്കെ വെറും ശിശു. കഥാപാത്രത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് ആ കഥാപാത്രമായി മാറി അതിന്റെ എല്ലാ വികാരവിക്ഷോഭവും ശരീരം മുഴുവൻ പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിനു കഴിയും. ഓരോ നിമിഷവും ആ കഥാപാത്രത്തെ നമ്മൾ വെറുത്തുപോകും. ആ രീതിയിൽ ആണ് അലൻ ചേട്ടൻ അഭിനയിച്ചത്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ട് നന്നായി കോംപ്ലിമെന്റ് ചെയ്ത് അഭിനയിക്കാൻ കഴിയും. എന്നെ അദ്ദേഹം നന്നായി സപ്പോർട്ട് ചെയ്തു. അദ്ദേഹം മാത്രമല്ല, കൂടെ അഭിനയിച്ച പുതിയ അഭിനേതാക്കൾ പോലും വളരെ വൃത്തിയായി ചെയ്‌തു. അനന്യ ഒക്കെ വർഷങ്ങളായുള്ള സുഹൃത്തുക്കളാണ്. അനന്യയോടൊപ്പം അഭിനയിക്കുക എളുപ്പമായിരുന്നു.

സിനിമയിൽ വളരെ സീരിയസ് ആയ കഥയാണെങ്കിലും ലൊക്കേഷനിൽ ഞങ്ങളെല്ലാം നല്ല രസകരമായ കൂട്ടായ്മ ആയിരുന്നു. ചിരിച്ചും കളിച്ചും ആസ്വദിച്ചുമാണ് ഞങ്ങൾ അത്രയും ദിവസം കഴിഞ്ഞത്. പോളി ചേച്ചി അസാമാന്യ കഴിവുള്ള താരമാണ്. ചേച്ചിയുടെ ഭർത്താവ് മരിച്ചു കുറച്ചുനാൾ ആയതേ ഉള്ളൂ. ആ ഷോക്കിൽ ആയിരുന്നു ചേച്ചി. ചേച്ചിക്ക് കാലിനു ചെറിയൊരു പ്രശ്നവും വേദനയും ഉണ്ടായിരുന്നു. ഞങ്ങൾ ഒരു ഡോക്ടറെ കാണിച്ച് ചികിൽസിച്ചു, ചേച്ചിയുടെ വേദന കുറഞ്ഞു. പിന്നെ ഞങ്ങളോടൊപ്പം കൂടി. ആ സെറ്റിൽ ഉള്ളവരെല്ലാം ഒരു കുടുംബം പോലെ ആയിരുന്നു. വർഗീസ് ചേട്ടനായി അഭിനയിച്ച അനിൽ കെ. ശിവറാം, ഷീലയായി അഭിനയിച്ച രാധിക എന്നിവർ പുതിയ താരങ്ങളാണ്. അവരൊന്നും അഭിനയിക്കുകയാണെന്നു തോന്നിയില്ല.

appan-4

 

sunny-appan-4

വർഗീസ് ചേട്ടൻ നമ്മുടെ വീടിനടുത്തുള്ള ഒരു ചേട്ടനെപ്പോലെ തോന്നി. ഷീല വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. സിനിമയുടെ ആത്മാവ് തന്നെയാണ്. എക്സ്പീരിയൻസ്ഡ് ആയ ഒരു താരത്തെ കൊണ്ടുവരാം എന്നാണ് ആദ്യം കരുതിയത്. പക്ഷേ അങ്ങനെ വരുമ്പോൾ പ്രേക്ഷകർ ആ താരത്തിൽനിന്ന് ഒരുപാട് പ്രതീക്ഷിക്കും. പ്രേക്ഷകർക്ക് ഒട്ടും പ്രെഡിക്ട് ചെയ്യാൻ കഴിയാത്ത ആളായിരിക്കണം ഷീലയായി അഭിനയിക്കേണ്ടതെന്നു മജു പറഞ്ഞു. രാധിക ആദ്യമായി അഭിനയിക്കുകയാണെന്നു തോന്നിയതേയില്ല. അത്രക്ക് നല്ല അഭിനയമായിരുന്നു. ബാലൻ മാഷ് ശരിക്കും ഒരു മാഷ് പോലെ തന്നെ ആയിരുന്നു.

സംവിധായകന്റെ ബ്രില്യൻസ്

maju-sunny
സംവിധായകൻ മജുവിനൊപ്പം

മജു ഒരു ബ്രില്യന്റ് സംവിധായകൻ ആണ്. സിനിമയിൽ വർഗീസേട്ടന്റെ മരണത്തെപ്പറ്റി പറയുന്ന സംഭവം മതി അവന്റെ ബ്രില്യൻസ് മനസ്സിലാക്കാൻ. വർഗീസേട്ടൻ മരത്തിൽ തൂങ്ങി എന്നു റോസി വന്നു പറയുന്നതിൽത്തന്നെ എല്ലാമുണ്ട്. വർഗീസിന്റെ ബോഡിയോ വീടോ അന്ത്യയാത്രയോ ഒന്നും കാണിക്കുന്നില്ല. അഭിനയിക്കുന്നവരുടെ പ്രകടനത്തിൽനിന്ന് വർഗീസ് തൂങ്ങിയ മരവും വർഗീസിന്റെ വീടും പരിസരവും വിലാപയാത്രയും എല്ലാം ഫീൽ ചെയ്യണം. അന്ത്യയാത്രയുടെ ഒരു പാട്ട് മാത്രം കേൾപ്പിക്കുന്നു. ആളുകളെ വർഗീസിന്റെ വീട്ടിൽ പോയി എന്ന് തോന്നിപ്പിക്കത്തക്ക വിധത്തിൽ ചെയ്തെടുത്തത് സംവിധായകന്റെ അപാരമായ കഴിവ് തന്നെയാണ്. ഇതിനപ്പുറം ഒരു ബ്രില്യൻസ് ഞാൻ അടുത്തിടെയൊന്നും കണ്ടിട്ടില്ല.

കഥ വായിച്ചപ്പോൾ ഒരു നോവൽ വായിക്കുന്ന ഫീൽ ആയിരുന്നു. ഞ്ഞൂഞ്ഞ് പോകാൻ ഇഷ്ടമില്ല എന്നുപറയുന്ന കവല പ്രേക്ഷകർ തന്നെ സ്വയം മനസ്സിൽ ക്രിയേറ്റ് ചെയ്യുകയാണ്. അതെല്ലാം പ്രേക്ഷകന്റെ ഭാവനയ്ക്കു വിടുകയാണ്. അതുപോലെ ജോൺസൺ അപ്പന്റെ മോനാണോ എന്ന് ചോദിക്കുന്നത്. സിനിമയെക്കുറിച്ച് ചർച്ച ചെയ്യാനാണെങ്കിൽ ഒരുപാടുണ്ട്. മലയാള സിനിമയ്ക്ക് ചർച്ച ചെയ്യാൻ ഒരു തുറന്ന പുസ്തകമാകട്ടെ അപ്പൻ.

പുതിയ ഉത്തരവാദിത്തത്തിലേക്കുള്ള ചുവടുവയ്പ്പ്

sunny-wayne-2

സിനിമാ നിർമാണം പ്ലാൻ ചെയ്തു ചെയ്തതൊന്നും അല്ല. നാടകമാണ് ഞാൻ ആദ്യം നിർമിച്ചത്. നല്ല അംഗീകാരം കിട്ടിയ ഒരു വർക്ക് ആയിരുന്നു അത്. പക്ഷോ അത് കേരളത്തിൽ ആരും കണ്ടിട്ടില്ല. നാടകത്തിന്റെ സംവിധായകൻ വന്നു പടവെട്ടിന്റെ കാര്യം പറഞ്ഞു. ഒരു പ്രൊഡക്‌ഷൻ ഹൗസ് ആദ്യമേ ഉണ്ടാക്കിയിരുന്നല്ലോ, എന്നാൽ ഒരു സിനിമ ചെയ്തു നോക്കാം എന്ന് കരുതി. കോവിഡിന് മുന്നേ തുടങ്ങിയതാണ് പടവെട്ട്‌. നിർമാതാവ് എന്ന നിലയിൽ ഒരുപാട് ചാലഞ്ച് നേരിട്ട വർക്കാണ്. അതിനെപ്പറ്റി പറഞ്ഞാൽ തീരില്ല. അത് തിയറ്ററിൽ എത്തിക്കാൻ കഴിഞ്ഞു, അതിനു പ്രേക്ഷക ശ്രദ്ധ കിട്ടി എന്നുള്ളതാണ് സന്തോഷം.

 

ഹാർഡ് വർക്ക് ചെയ്താൽ അതിനു പ്രതിഫലം കിട്ടും എന്നാണല്ലോ പറയുന്നത്. എന്തുതന്നെയായാലും സംവിധായകൻ ലിജുവിനൊപ്പം നിൽക്കണം, ചിത്രം തിയറ്ററിൽ എത്തിക്കണം എന്നതായിരുന്നു ആഗ്രഹം. പടവെട്ടിനിടെ നേരിട്ട പ്രശ്നങ്ങൾ എന്നെ കൂടുതൽ സ്ട്രോങ് ആക്കി. സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസ് ചെയ്‌ത രണ്ടു ചിത്രങ്ങളും പ്രേക്ഷകരുടെ മുന്നിലുണ്ട്. അതേ ക്വാളിറ്റിയുള്ള ചിത്രങ്ങൾ തുടർന്നും നിർമിക്കണം എന്നാണ് ആഗ്രഹം. അത്രയും നല്ല പ്രോജക്ടുകൾ വന്നാൽ മാത്രമേ സിനിമാ നിർമാണം തുടരൂ. നല്ല പ്രോജക്ടിനു വേണ്ടി എത്ര കാത്തിരിക്കാനും മടിയില്ല. സിനിമാപ്രവർത്തകരുടെയും പ്രേക്ഷകരുടെയും അഭിരുചി ഒരുപാടു മാറി. പുതിയ തലമുറയിൽ നല്ല വിശ്വാസമുണ്ട്. അവർ നല്ല പ്രൊജക്ടുകളുമായി വരും എന്നാണ് വിശ്വാസം .

പുതിയ ചിത്രങ്ങൾ

വേല എന്ന ചിത്രം ചെയ്തിട്ടുണ്ട്. അതിൽ നല്ല കഥാപാത്രമാണ്. മമ്മൂക്കയുടെ ജോർജ് ഏട്ടൻ ആണ് അതിന്റെ നിർമാതാവ്. ടർക്കിഷ് ലഹള എന്നൊരു ചിത്രത്തിൽ ലുക്ക്മാനോടൊപ്പം അഭിനയിച്ചു. അതിന്റെ രണ്ടുമൂന്നു സീനുകൾ പൂർത്തിയാക്കാനുണ്ട്. ഇപ്പോൾ കാസർഗോൾഡ് എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത വർഷം ചെയ്യാനുള്ള ചില ചിത്രങ്ങളുണ്ട്. അതിന്റെ തിരക്കഥയുടെ പണികൾ നടക്കുന്നു. ആരും ചെയ്തു വച്ചിട്ടില്ലാത്ത തരം പുതുമയുള്ള കഥാപാത്രങ്ങൾ ചെയ്യണം, അതുപോലെ തന്നെ ഒരു കഥാപാത്രം കാണുമ്പോൾ ഇത് അയാൾ തന്നെയാണല്ലോ എന്ന് തോന്നണം ഇതൊക്കെയാണ് ആഗ്രഹങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com