ADVERTISEMENT

മലയാള സിനിമകൾ എക്കാലത്തും മികച്ച സൃഷ്ടികളാൽ സമ്പന്നമാണ്. മുതല്‍മുടക്ക് കണക്കാക്കുമ്പോള്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും ചെറിയ സിനിമ വ്യവസായമാണ് കേരളത്തിലുള്ളത്. എന്നാൽ കലാമൂല്യം അളവുകോലാക്കിയാൽ മലയാള സിനിമയോളം എത്തില്ല മറ്റൊന്നും. ഇന്ത്യന്‍ സിനിമ ചരിത്രത്തെ വളച്ചൊടിക്കുമ്പോള്‍ മലയാള സിനിമ കാലത്തെ അടയാളപ്പെടുത്തുന്നു എന്ന് അനുരാഗ് കശ്യപ് പറഞ്ഞത് വെറുതെയല്ല. ഇക്കാലമത്രയും മലയാള സിനിമ കേരള സംസ്‍കാരത്തെയും കാലത്തേയും കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ടാണ് നിലനിൽക്കുന്നത്. മാറ്റത്തിനു പാത്രമാകുന്ന മലയാള സിനിമ ഒട്ടനവധി നിർമാതാക്കളെയും പുത്തൻ നിർമ്മാണ കമ്പനികളെയും ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

മലയാളത്തിൽ അങ്ങനെ എടുത്ത് പറയേണ്ട രണ്ടു നിർമാതാക്കളാണ് ‘വെള്ളം’ എന്ന ജയസൂര്യ ചിത്രം നിർമിച്ച ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവർ. 'വെള്ളം' എന്ന ചിത്രം ജയസൂര്യ എന്ന നടന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും മികച്ച കഥാപാത്രത്തെ സമ്മാനിച്ച ഒന്നാണ്. അനവധി പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമ അവാർഡായ സൈമ അവാർഡ്സിലെ മികച്ച നവാഗത നിർമാതാക്കൾക്ക് ഉള്ള അവാർഡ് ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവർക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചു.

josekutt-ranjith

വെള്ളത്തിന് ശേഷം ടൈനി ഹാൻഡ്‌സ് പ്രൊഡക്‌ഷൻ നിർമിച്ച ചിത്രമാണ് അപ്പൻ. സണ്ണി വെയ്ൻ, അലൻസിയർ, അനന്യ, ഗ്രേസ് ആന്റണി എന്നിവരുടെ മികച്ച പ്രകടനങ്ങൾ, ഇതര സംസ്ഥാനങ്ങളിൽനിന്നു പോലും വളരെ മികച്ച അഭിപ്രായങ്ങൾ, പ്രേക്ഷകരും നിരൂപകരും ഒന്നടങ്കം വളരെ മികച്ചത് എന്ന് അടിവരയിട്ട് പറയുന്ന സിനിമ. സണ്ണി വെയ്ൻ എന്ന നായക നടന്റെയും അലന്‍സിയർ എന്ന സ്വഭാവ നടന്റെയും അഭിനയ ജീവിതത്തിൽ ഇതുവരെയുള്ള വേഷങ്ങളിൽ ഏറ്റവും മനോഹരമായി ചെയ്ത ചിത്രം കൂടിയാണ് അപ്പൻ. പ്രശംസകൾ കേട്ട് മതി വരുന്നതിന് മുന്നേ അടുത്ത ചിത്രത്തിന്റെ ടീസറുമായാണ് ടൈനി ഹാൻഡ്‌സ് പ്രൊഡക്‌ഷൻ എത്തിയിരിക്കുന്നത്. ബിജിത് ബാല സംവിധാനം ചെയ്ത് ശ്രീനാഥ് ഭാസി നായകനാകുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന ആക്ഷേപ ഹാസ്യ ചിത്രത്തിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യന്തം ചിരിക്കാൻ ഉള്ള ചേരുവകളുമായി എത്തിയ സിനിമ എന്താണെന്ന് കൃത്യമായി അടയാളപ്പെടുത്തിയ ടീസർ സമൂഹ മാധ്യമങ്ങളിൽ വയറലാണ്.

മികവ് തങ്ങൾ നിർമിക്കുന്ന എല്ലാ സിനിമയിലും വേണം എന്ന് വാശിയുള്ളവരാണ് ടൈനി ഹാൻഡ്‌സ് പ്രൊഡക്‌ഷൻ എന്ന നിർമാണ കമ്പനിയുടെ ഉടമസ്ഥരായ ജോസുകുട്ടിക്കും രഞ്ജിത്തിനും. നിർമാതാവിന്റെ പേര് നോക്കി സിനിമയ്ക്ക് ടിക്കറ്റ് എടുത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതിന്റെ തനിയാവർത്തനം ആണ് ഇവര്‍ ലക്ഷ്യമിടുന്നതും. ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട് എന്നിവർ അപ്പൻ എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് മനോരമ ഓൺലൈനിനോട് സംവദിക്കുന്നു.

ranjith-josekutty
ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണംബ്രക്കാട്ട്

ജോസുകുട്ടി മഠത്തിൽ: വെള്ളം മുതൽ ആണ് ഞാനും രഞ്ജിത്തും ഒരുമിച്ച് ഒരേമനസ്സോടെ യാത്ര തുടങ്ങിയത്. അപ്പൻ എന്ന പ്രോജക്റ്റ് ചെയ്യാൻ നിമിത്തമായത് സംവിധായകൻ മജുവിനെ പരിചയപ്പെട്ടതാണ്. സണ്ണി വെയ്ൻ ആണ് മജുവിനെ പരിചയപ്പെടുത്തിയത്. രാജീവ് രവിയാണ് ആദ്യം പ്രോജക്റ്റ് കേട്ടത് അദ്ദേഹത്തിൽ നിന്നാണ് ഈ പ്രോജക്റ്റ് ഞങ്ങളിലേക്ക് എത്തിയത്. കഥ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഷൂട്ടിങ് സമയത്ത് ഞാൻ നാട്ടിൽ ഇല്ലായിരുന്നു. രഞ്ജിത്ത് ആണ് നാട്ടിൽ നിന്ന് സിനിമയുടെ നിർമാണത്തിന് പിന്നിലുള്ള ബുദ്ധിമുട്ടെല്ലാം സഹിച്ചത്. ഈ സിനിമ രഞ്ജിത്തിന്റെ കഷ്ടപ്പാടിന്റെ ഫലം എന്നു പറയാം. നേരിട്ട് അനുഭവിക്കുന്നവർക്കാണല്ലോ എല്ലാം അറിയുക.

ഇട്ടിയാണല്ലോ അപ്പനിലെ ഹീറോ. അലൻസിയർ ചെയ്ത ഇട്ടി എന്ന കഥാപാത്രം പ്രേക്ഷകരെ എന്തുമാത്രം വീർപ്പുമുട്ടിച്ചോ അതുപോലെ തന്നെയാണ് ഷൂട്ട് തുടങ്ങിയതു മുതൽ റിലീസ് വരെ നിർമാതാവ് എന്ന നിലയിൽ ഞങ്ങൾ അനുഭവിച്ച മാനസിക ബുദ്ധിമുട്ട്. എന്നും എന്തെങ്കിലും മനഃപ്രയാസം ഉണ്ടായിട്ടുണ്ട്. കോവിഡിന്റെ സമയത്തായിരുന്നു ഷൂട്ട്. വീട് വാടകയ്ക്ക് എടുത്തതു മുതൽ ചില പ്രശ്നങ്ങൾ നേരിട്ടു, മഴയും മറ്റു കാലാവസ്ഥാ പ്രശ്നങ്ങളും കാരണം ഷൂട്ടിങ് നിർത്തിവയ്‌ക്കേണ്ടി വന്നു. 30 ദിവസം പ്ലാൻ ചെയ്തു തുടങ്ങിയ ചിത്രീകരണം 40 ദിവസത്തിന് മുകളിൽ പോയി. ഛായാഗ്രാഹകൻ പപ്പുവിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ ചിത്രം. പക്ഷേ ഇടയ്ക്ക് വച്ച് പപ്പുവിനു സുഖമില്ലാതെയായി. പിന്നെ വിനോദ് ഇല്ലംപള്ളി വന്നാണ് പടം തീർത്തു തന്നത്.

ranjith-sunny

തിരക്കഥാകൃത്ത് എന്ന നിലയിൽ മജുവും ജയകുമാറും ചെയ്തു വച്ചതു പഴുതുകളൊന്നുമില്ലാത്ത സ്ക്രിപ്റ്റ് ആയിരുന്നു. അതിനോട് നൂറു ശതമാനം കൂറ് പുലർത്തുന്ന രീതിയിൽ സിനിമ ചെയ്തെടുക്കണം എന്നത് മജുവിന്റെ ആഗ്രഹമായിരുന്നു. മജുവിനു വേണ്ടത് ചിലപ്പോ താരങ്ങളിൽ നിന്ന് കിട്ടിയെന്നു വരില്ല. അതു കിട്ടാൻ വേണ്ടി എന്തു ത്യാഗവും സഹിക്കാൻ മജു തയാറായിരുന്നു. മോളിക്കുട്ടിയുടെ വേഷം ചെയ്യാൻ ആദ്യം മറ്റൊരാളെ ആയിരുന്നു കണ്ടിരുന്നത്. പക്ഷേ ആ വേഷം ഗ്രേസ് ചെയ്താലേ ശരിയാകൂ എന്ന് മജുവിന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഗ്രേസിനെ കൊണ്ടുവന്ന് ആ ആഗ്രഹവും ഞങ്ങൾ സാധിച്ചു കൊടുത്തു.

പടം കണ്ടപ്പോൾത്തന്നെ സോണി ടീമിന് ഇഷ്ടപ്പെട്ട് പടം എടുക്കുകയായിരുന്നു. ടൈനി ഹാൻഡ്‌സ് പ്രൊഡക്‌ഷൻസിൽ ഞാനും രഞ്ജിത്ത് മണംബ്രക്കാട്ടും ആണ് പാർട്ണേഴ്സ്. സണ്ണിയോടുള്ള സുഹൃദ് ബന്ധത്തിന്റെ പേരിൽ പ്രൊഡക്‌ഷനിൽ അദ്ദേഹത്തിന്റെ പേര് വയ്ക്കുകയായിരുന്നു. സണ്ണിക്ക് അഭിനയിച്ചതിനുള്ള പ്രതിഫലവും ഞങ്ങൾ നൽകി.

രഞ്ജിത്ത് മണംബ്രക്കാട്ട്: സണ്ണി വെയ്നാണ് ഞങ്ങളെ മജുവിനു പരിചയപ്പെടുത്തുന്നത്. മജു ആദ്യം മറ്റൊരു കഥയാണ് ഞങ്ങളോടു പറഞ്ഞത്. അതിനു ശേഷം സണ്ണി പറഞ്ഞു 'അപ്പൻ' എന്നൊരു കഥ ഇവരുടെ കയ്യിലുണ്ടെന്ന്. രാജീവ് രവിയുടെ കയ്യിലാണ് ഈ പ്രോജക്റ്റ് ഉള്ളത്. മജുവും രാജീവ് രവിയുമൊക്കെ ഒരു ടീമായി വർക്ക് ചെയ്യുന്നവരാണ്. പക്ഷേ ആ കഥ അവർ ചെയ്യുന്നില്ല, നിങ്ങൾക്കു താൽപര്യമുണ്ടെങ്കിൽ ടൈനി ഹാൻഡ്‌സിന് ആ പടം ചെയ്യാമോ എന്ന് ചോദിച്ചു. കഥ കേട്ടപ്പോൾ ഞങ്ങൾക്ക് താല്പര്യം തോന്നി. പക്ഷേ തിയറ്ററിന് അനുയോജ്യമായ കഥയല്ല എന്ന് തോന്നിയിരുന്നു. കമേഴ്സ്യൽ ബെനിഫിറ്റ് ഇല്ലാത്ത സിനിമയായിരിക്കും എന്നു തോന്നിയിട്ടും റിസ്ക് എടുത്ത് ഈ പടം ചെയ്യാം എന്ന് തീരുമാനിക്കുകയായിരുന്നു.

സാമ്പത്തിക നേട്ടത്തേക്കാളുപരി മലയാള സിനിമയുടെ ചരിത്രത്തിൽ എന്നും രേഖപ്പെടുത്തി വയ്ക്കാൻ കഴിയുന്ന ഒരു ക്ലാസിക് ഉണ്ടാകട്ടെ എന്ന് മാത്രമേ ഞങ്ങൾ കരുതിയുള്ളൂ. പടം തുടങ്ങിയ സമയം മുതൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു. ആറേക്കർ റബർ തോട്ടമാണ് ലൊക്കേഷൻ. ലൊക്കേഷനിൽ ഒരുപാട് സെറ്റ് വർക്കുകൾ ചെയ്തു. മജുവിന്റെ മനസ്സിൽ ഉള്ള രീതിയിൽ എല്ലാ മാറ്റങ്ങളും ആ വീട്ടിൽ വരുത്തി. സാധാരണ ജനങ്ങൾക്ക് ദഹിക്കാൻ പ്രയാസമുള്ള കഥയാണ്. പക്ഷേ മജു പറഞ്ഞു ‘‘രഞ്ജിത്തേട്ടാ എന്റെ മനസ്സിലുളളതുപോലെ ഈ പടം പൂർത്തിയായാൽ നമ്മളൊന്നും പ്രതീക്ഷിക്കാത്ത റിസൾട്ട് ഉണ്ടാകും’’. ഞങ്ങൾ മജുവിനെ വിശ്വാസത്തിലെടുത്താണ് മുന്നോട്ട് പോയത്. അതിനു വേണ്ട എല്ലാ പിന്തുണയും മജുവിന്‌ കൊടുത്തു.

maju-ranjtih
മജു, സണ്ണി വെയ്ൻ, രഞ്ജിത് മണംബ്രക്കാട്ട്

മനസ്സിലുള്ള പടം അതുപോലെ ചെയ്തെടുക്കാൻ മജു അനുഭവിക്കുന്ന വേദന ഞാൻ നേരിട്ടു കണ്ടതാണ്. ‘‘രഞ്ജിത്തേട്ടാ എനിക്ക് വേണ്ടി നിങ്ങൾ ഈ പടം ചെയ്യാൻ തയ്യാറായി. നിങ്ങൾക്ക് ഒരിക്കലും നഷ്ടമുണ്ടാകരുത്’’ എന്നു മജു എപ്പോഴും പറയുമായിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. പ്രതികരണവുമായി ഓരോരുത്തരും ഞങ്ങളെ വിളിക്കുമ്പോൾ അഭിമാനമാണ്. ഈ ചിത്രത്തോടെ മജു മലയാളത്തിൽ തിരക്കുപിടിച്ച ഒരു സംവിധായകനായി മാറട്ടെ. അപ്പനുമായി സഹകരിച്ച എല്ലാവർക്കും ഈ ചിത്രം ഗുണം ചെയ്യട്ടെ എന്നാണ് ഞങ്ങൾ പ്രാർഥിക്കുന്നത്. സോണിയിൽ ട്രെൻഡിങ് നമ്പർ വൺ ആയി അപ്പൻ മാറുകയാണ്. ഈ ചിത്രം എടുത്തെന്നു കരുതി നിങ്ങൾ ഒരിക്കലും പശ്ചാത്തപിക്കില്ല എന്നാണ് ഞങ്ങൾ സോണിയോട് പറഞ്ഞത്. അതുപോലെ സംഭവിക്കുന്നതിൽ സന്തോഷമുണ്ട്.

pooja-appan

ഞങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടൊന്നും ഒരു പ്രശ്നമല്ല. നല്ല സിനിമകൾക്കായി എത്ര ബുദ്ധിമുട്ട് സഹിക്കാനും എനിക്കോ ജോസുകുട്ടിക്കോ ടൈനി ഹാൻഡ്‌സ് പ്രൊഡക്‌ഷൻസിനോ മടിയില്ല. വെള്ളം മുതൽ ഇങ്ങോട്ട് ഒരുമിച്ചൊഴുകുന്ന ഞാനും ജോസുകുട്ടിയും തമ്മിൽ ഒരു സഹോദര ബന്ധമാണ് ഉള്ളത്. ദൈവം സഹായിച്ച് വെള്ളം ഹിറ്റ് ആയി. അടുത്ത പടമായ അപ്പനും ഇപ്പോൾ ഹിറ്റിലേക്ക് കുതിക്കുകയാണ്. പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന പടം അടുത്ത് തന്നെ റിലീസാവുകയാണ്. ആ ചിത്രവും പ്രേക്ഷകർ ഏറ്റെടുക്കും എന്നുതന്നെയാണ് ഞങ്ങളുടെ വിശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com