ADVERTISEMENT

ആണധികാരത്താൽ മുറിവേറ്റ ഒരു മകന്റെയും വീടിനുള്ളിൽ തളയ്ക്കപ്പെട്ട മൂന്നു സ്ത്രീകളുടെയും പോരാട്ടത്തിന്റെ കഥപറയുന്ന ‘അപ്പൻ’ എന്ന ചിത്രം മലയാളികളുടെ യാഥാസ്ഥിതിക കുടുംബ വ്യവസ്ഥകളുടെ നേർക്കാഴ്ചയാണ്. മരണക്കിടക്കയിലും അടങ്ങാത്ത പുരുഷകാമനകളുടെ പ്രതീകമാണ് ഇട്ടി എന്ന അപ്പൻ. ‘ഫ്രഞ്ച് വിപ്ലവം’ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ മജു ചെയ്ത ‘അപ്പൻ’ പ്രേക്ഷകരുടെ നെഞ്ചിലേക്ക് ഒരു ഈർച്ചവാൾ പോലെയാണ് കുത്തിക്കയറിയത്. ഇട്ടി എന്ന അപ്പനെ എത്രത്തോളം വെറുക്കാമോ അത്രത്തോളം വെറുക്കുന്ന തരത്തിലാണ് സംവിധായകൻ മജുവും ജയകുമാറും ചേർന്ന് പാത്രസൃഷ്ടി നടത്തിയത്. ഇത്തരമൊരു ഡാർക്ക് കോമഡി ചിത്രം നിർമിക്കാൻ മുന്നോട്ട് വന്ന ടൈനി ഹാൻഡ്‌സ് പ്രൊഡക്‌ഷൻസിനോടാണ് നന്ദി പറയേണ്ടതെന്ന് മജു പറയുന്നു. കുടുംബകഥകളുടെ ക്ലീഷേകളെ വകഞ്ഞുമാറ്റി, ആരും ചിന്തിക്കാൻ തയാറാകാത്ത പുതുമയുള്ള പ്രമേയവുമായി ‘അപ്പൻ’ പ്രേക്ഷകരുടെ മനസ്സു കീഴടക്കുമ്പോൾ അപ്പന്റെ വിശേഷങ്ങളുമായി സംവിധായകൻ മജു മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

വെട്ടിപ്പിടിച്ചവരുടെ കഥ

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ സമയത്ത് എഴുതിയ കഥയാണ് അപ്പൻ. ഞാനും ജയകുമാറും കുടിയേറ്റങ്ങളുടെ വന്യതയെകുറിച്ചൊക്കെ ഒരുപാട് സംസാരിക്കാറുണ്ട്. ആ മേഖലയിലുള്ള കൂട്ടുകാർ അവിടെയുള്ളവരുടെ ഒരുപാട് ജീവിതങ്ങൾ പറഞ്ഞിട്ടുണ്ട്. ഞങ്ങൾ വിനോയ് തോമസിന്റെ പുറ്റ് വായിച്ചിട്ടുണ്ട്. കെ.ജി.ജോർജ് സാറിന്റെ ഇരകൾ ഞങ്ങളെ ഒരുപാട് സ്പർശിച്ച സിനിമയാണ്. അങ്ങനെ ഒരുപാട് കഥകൾ മനസ്സിൽ കിടപ്പുണ്ട്. കാടുവെട്ടിത്തെളിച്ച് വന്യമൃഗങ്ങളോട് പടവെട്ടി ജീവിച്ച മനുഷ്യരുടെ ജീവിതം എങ്ങനെയായിരിക്കും എന്ന ചിന്തയിൽ നിന്നാണ് ഈ കഥ എഴുതിത്തുടങ്ങുന്നത്. ആദ്യം ഡാർക്ക് ഹ്യൂമർ എന്ന തരത്തിലാണ് തുടങ്ങിയത്. പക്ഷേ ഒരു ഘട്ടം എത്തിയപ്പോൾ ഇമോഷനലി ഒരുപാട് കണക്ടഡ് ആയി. അങ്ങനെയാണ് ഇത്തരത്തിൽ കഥ വികസിച്ചത്. ഞങ്ങൾ രണ്ടുപേരും ചർച്ച ചെയ്തു വികസിപ്പിച്ച കഥയാണ് അപ്പൻ.

അലൻസിയറിനു വേണ്ടി എഴുതിയ കഥാപാത്രമാണ് ഇട്ടിച്ചൻ

കഥ എഴുതിയപ്പോൾ അലൻസിയർ തന്നെ അപ്പൻ കഥാപാത്രം ചെയ്യണം എന്ന് ഉറപ്പിച്ചാണ് എഴുതിയത്. പോളി ചേച്ചിയെ കുട്ടിയമ്മയായി ആദ്യം തന്നെ മനസ്സിൽ കണ്ടിരുന്നു. പഴയ ഉർവശി അല്ലെങ്കിൽ കൽപന– അതായിരുന്നു മോളിയുടെ റഫറൻസ്. അതിനു വളരെ ചേരുന്ന താരം ഗ്രേസ് ആണെന്നു തോന്നി. അങ്ങനെ ഗ്രേസിലേക്കും എത്തി. രാജീവ് രവി ആണ് കഥ ആദ്യം വായിക്കുന്നത്. എന്തായാലും ഇത് സിനിമയാകണം എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹമാണ് അലൻ ചേട്ടനെ വിളിച്ചു പറഞ്ഞത്. രാജീവേട്ടനും ഗീതു മോഹൻദാസുമാണ് സിനിമ ഓൺ ആക്കാനുള്ള പ്രാരംഭ നടപടികൾ ചെയ്തു തന്നത്. അതു കഴിഞ്ഞു കലക്ടീവിലെ മെംബേഴ്സ് എല്ലാം ഞങ്ങൾക്കൊപ്പം നിന്നു. സിനിമ ഓൺ ആക്കാൻ ഒപ്പം നിന്നത് ടൈനി ഹാൻഡ്‌സ് പ്രൊഡക്‌ഷൻസാണ്. ടൈനി ഹാൻഡ്‌സിന്റെ രഞ്ജിത് മണംബ്രകാട്ടും ജോസുകുട്ടി മഠത്തിലുമാണ് സിനിമയ്ക്ക് വേണ്ടി ഇൻവെസ്റ്റ് ചെയ്തത്. അങ്ങനെ അവരുടെ സപ്പോർട്ടോടുകൂടി ആണ് അപ്പൻ യാഥാർഥ്യമാകുന്നത്.

sheela-radhika

അലൻസിയർ സമർപ്പണമുള്ള താരം

അലൻസിയർ വളരെ ഡെഡിക്കേറ്റഡ് ആയ താരമാണ്. ഡയലോഗ് എല്ലാം അദ്ദേഹം കാണാതെ പഠിക്കും. നമുക്ക് ഈ ഷോട്ടിൽ ഇതാണു വേണ്ടത് എന്ന് പറഞ്ഞാൽ മതി, പുള്ളി അത് തരും. ദിവസവും രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് ഇരുന്നു പഠിക്കും. കൃത്യമായ ഓരോ പോയിന്റിൽ ഇയാളോടു വെറുപ്പ് തോന്നിക്കണം എന്നു പ്ലാൻ ചെയ്തിരുന്നതുകൊണ്ട് അങ്ങനെയുള്ള ഡയലോഗുകൾ കൊടുത്തിട്ടുണ്ടായിരുന്നു അത് വർക്ക് ആയി എന്നാണു തോന്നുന്നത്.

appan-alencier

അപ്പന്റെ കാസ്റ്റിങ്

സണ്ണി എന്റെ സുഹൃത്താണ്, അദ്ദേഹം ടാലന്റഡ് ആയ താരമാണെന്ന് എനിക്കറിയാം. നമുക്ക് അദ്ദേഹത്തെക്കൊണ്ട് എന്തും ചെയ്യിച്ചെടുക്കാൻ കഴിയുമെന്ന വിശ്വാസമുണ്ട്. അങ്ങനെ സണ്ണി നായക കഥാപാത്രം ചെയ്യട്ടെ എന്ന തീരുമാനത്തിലെത്തി. ലുക്ക് മാറിയപ്പോൾത്തന്നെ ഏകദേശം കഥാപാത്രത്തിൽ സണ്ണി ലോക്ക് ആയി. ആ കഥാപാത്രം വളരെ നന്നായി സണ്ണി ചെയ്തു. ഇട്ടിയും ഞ്ഞൂഞ്ഞും തമ്മിലുള്ള കോംബോയ്ക്ക് വളരെ നല്ല റിസൽറ്റ് കിട്ടി. റോസി സിനിമയിൽ എല്ലായിടത്തും ഉണ്ട്. റോസിയായി അഭിനയിക്കുന്ന കഥാപാത്രം ഉറപ്പായും നല്ല എക്സ്പീരിയൻസ്ഡ് ആയിരിക്കണം. അനന്യ ഒരുപാടു ചിത്രങ്ങൾ ചെയ്തിട്ടുണ്ട്, വളരെ നന്നായി അഭിനയിക്കും എന്ന് ഉറപ്പുണ്ട്. അനന്യ ഇപ്പോൾ മാറി നിൽക്കുകയാണല്ലോ. അനന്യയെ വീണ്ടും അവതരിപ്പിക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. അങ്ങനെയാണ് അനന്യയിലേക്ക് എത്തുന്നത്.

ഷീല വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമാണ്. ഈ സിനിമയിൽ ഏറ്റവും കോംപ്ലിക്കേറ്റഡ് ആയ കഥാപാത്രം. ഷീലയായി അഭിനയിച്ച രാധിക ഓഡിഷനിലൂടെ വന്നതാണ്. രാധിക ഒരു നർത്തകിയാണ്. ഓഡിഷനിൽ ഷീല എന്ന കഥാപാത്രത്തിന് വളരെ യോജിച്ച ആളായിട്ട് തോന്നിയത് രാധികയെ ആയിരുന്നു. അവർ നന്നായി അഭിനയിക്കുന്നുണ്ടായിരുന്നു. അലൻ ചേട്ടൻ അവരോടു പറഞ്ഞത് നിങ്ങളുടെ കഥാപാത്രം ഒരു കടലാണ്, പുറമെ കാണിക്കുന്നില്ലെങ്കിലും ഉള്ളിൽ സമ്മിശ്ര വികാരങ്ങളുടെ തിരയടിക്കുന്ന ഒരു കടൽ.

ഷീല ആ വീട്ടിലേക്കു വന്നത് പല ഉദ്ദേശ്യത്തോടെയാണ്. ഇട്ടിയുടെ കിടപ്പ് കണ്ടു ആസ്വദിക്കണം, പറ്റിയാൽ അയാളെ കൊല്ലണം. അയാളോട് വെറുപ്പുണ്ടെങ്കിലും അതു കാണിക്കാൻ കഴിയില്ല. മനസ്സ് സമ്മതിക്കാത്തത് കാരണം ഇയാളോട് ഇഷ്ടവും കാണിക്കാൻ പറ്റില്ല. ആ കുടുംബത്തിനോട് ഇവർക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷേ അതും കാണിക്കാൻ പറ്റില്ല, അങ്ങനെ ഒരുപാടു ലയറുകളുള്ള വളരെ സങ്കീർണമായ കഥാപാത്രമാണ് ഷീല. ഏറെ അഭിനയ പരിചയമുള്ള ഒരാൾ തന്നെയാണ് അത് ചെയ്യേണ്ടിയിരുന്നത്. പക്ഷേ അങ്ങനെയൊരാളെ വിളിക്കാതിരുന്നത് കഥാപാത്രത്തെപ്പറ്റി ഒരു മുൻധാരണ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്. ഞങ്ങളുടെ പ്രതീക്ഷയ്ക്ക് അപ്പുറമായി രാധിക ആ കഥാപാത്രത്തെ ചെയ്തു ഫലിപ്പിച്ചു. അനിൽ കെ. ശിവറാം എന്ന നടൻ വർഗീസേട്ടൻ എന്ന കഥാപാത്രത്തെ മനോഹരമാക്കി. അദ്ദേഹം ഒരു തിയറ്റർ ആർടിസ്റ്റാണ്. ബാലൻ മാഷ് ആയ നടനും മറ്റു പുതുമുഖങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു.

sheela-radhika

ഒരു വീടിനെ ചുറ്റിപ്പറ്റിയുള്ള കഥ

തൊടുപുഴയിലെ ഒരു റബർ തോട്ടത്തിനു നടുക്കുള്ള വീടായിരുന്നു ലൊക്കേഷൻ. വീട് ഇങ്ങനെ വേണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഇട്ടിയുടെ കഥാപാത്രവും മുറിയും മറ്റുള്ളവരിൽനിന്ന് മാറി നിൽക്കണം. അങ്ങനെ ഒരു വീട് കിട്ടിയില്ലെങ്കിൽ അങ്ങനെ ഒരു മുറി പണിയണം എന്നായിരുന്നു തീരുമാനം. പക്ഷേ കൃത്യമായി അങ്ങനെ ഒരു വീട് കിട്ടി. ഇട്ടിയുടെ ജനാല വഴി നോക്കുമ്പോൾ കാണുന്ന രീതിയിൽ ഷീലയുടെ വീട് സെറ്റിടുകയായിരുന്നു. ഷാജഹാൻ ചക്രവർത്തിക്കു കാണുന്ന രീതിയിൽ താജ്മഹൽ പണിഞ്ഞ പോലെ എന്ന് ഞങ്ങൾ തമാശക്ക് പറയുമായിരുന്നു. തിരക്കഥയിൽ എനിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു, അതുകൊണ്ടാണ് ഒരു ലൊക്കേഷനിൽ മാത്രം ഒതുങ്ങുന്ന കഥ ചെയ്തപ്പോൾ പേടി തോന്നാത്തത്. കുറച്ചു കഴിയുമ്പോൾ പ്രേക്ഷകർക്ക് ബോറടിക്കും എന്നറിയാം. അതുകൊണ്ടു കറക്ടായി ആ സ്ഥലത്ത് എന്തെങ്കിലും പുതിയ സംഭവം കൊണ്ടുവരും. അങ്ങനെ പുതിയ പ്ലോട്ടുകൾ ഓരോ സ്ഥലത്തും കൊണ്ടുവന്ന് കാണുന്നവരെ സിനിമയിൽ പിടിച്ചിരുത്താൻ ശ്രമിച്ചിരുന്നു.

maju-director-1

വർഗീസേട്ടന്റെ മരണം കാണിക്കാതെ പറഞ്ഞു

ഒരാൾ മാവിൽ തൂങ്ങിക്കിടക്കുന്നതു കാണുമ്പോൾ പ്രേക്ഷകന് ഉണ്ടാകുന്ന അസ്വസ്ഥത ആ രംഗം കാണിക്കാതെ, ആർടിസ്റ്റുകളുടെ പ്രകടനത്തിൽ ആ ഒരു ഫീൽ കൊണ്ടുവരാനാണ് ശ്രമിച്ചത്. റോസി ഓടി വന്ന് ‘വർക്കിച്ചൻ മരിച്ചു, മാവിൽ തൂങ്ങി’ എന്നു പറയുന്നത്, ശവമഞ്ചം കൊണ്ടുപോകുമ്പോൾ ഉള്ള സംഗീതം, എല്ലാവരും മരണവീട്ടിലേക്ക് പോകാൻ ഇറങ്ങുന്നത്, ഇട്ടിയുടേയും ഞ്ഞൂഞ്ഞിന്റെയും ഭാവമാറ്റം ഇതെല്ലാം കൊണ്ട് ഒരു മരണത്തിന്റെ അന്തരീക്ഷം ഉണ്ടാക്കിയെടുത്തു. ബാക്കിയൊക്കെ പ്രേക്ഷകന്റെ ഭാവനയ്ക്കു വിടുകയായിരുന്നു.

എന്തുകൊണ്ട് ഒടിടി റിലീസ്

ഞാൻ ഏറെ ഇഷ്ടപ്പെടുന്ന ഒന്നുരണ്ടു ചിത്രങ്ങളുണ്ട്, പേര് പറയുന്നില്ല. പക്ഷേ ആ ചിത്രങ്ങൾ തിയറ്ററിൽ അത്രകണ്ട് വിജയിച്ചില്ല. അപ്പനെ ഞാൻ ആ ഒരു ജോണറിൽ ആണ് പെടുത്തിയത്. അത്തരമൊരു ഡാർക്ക് സിനിമയായതുകൊണ്ട് ഇതും തിയറ്ററിൽ വർക്ക് ആകുമോ എന്നൊരു പേടി ഉണ്ടായിരുന്നു. അതുകൊണ്ട് ഈ സിനിമ ഒടിടി റിലീസ് ചെയ്യാം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. സോണിക്ക് സിനിമ ഇഷ്ടമാവുകയും അവർ ഏറ്റെടുക്കുകയും ചെയ്തു. രഞ്ജിത്തും ജോസുകുട്ടിയുമാണ് സോണിയുമായി സംസാരിച്ച് ചിത്രം പിച്ച് ചെയ്തത്. ഇത്തരമൊരു സബ്ജക്ട് സിനിമയാക്കാൻ മുന്നോട്ടു വന്ന ടൈനി ഹാൻഡ്‌സിനോടാണ് നന്ദി പറയേണ്ടത്.

maju-appan

പുതിയ ചിത്രങ്ങൾ

പുതിയൊരു ചിത്രത്തിനായി ഞാനും ജയകുമാറും ചേർന്ന് തിരക്കഥ എഴുതിക്കഴിഞ്ഞു. ചർച്ചകൾ നടക്കുന്നതേയുള്ളൂ. മുഴുനീള കോമഡി ആയ ഒരു തിയറ്റർ സിനിമ ചെയ്യണം എന്നാണ് ആഗ്രഹം. എന്റെ ആദ്യ ചിത്രം ഫ്രഞ്ച് വിപ്ലവം ഒന്നുകൂടി വർക്ക് ചെയ്തിട്ട് വീണ്ടും റിലീസ് ചെയ്യണം എന്നുണ്ട്. അപ്പന് വളരെ നല്ല പ്രതികരണങ്ങളാണ് കിട്ടുന്നത്. ഒരുപാട് സന്തോഷമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com