ADVERTISEMENT

മരണ കിടക്കയിലും കാമവും ആർത്തിയും അപാരമായ ജീവിതാസക്തിയും നിറച്ച മിഴികളാണ് ഇട്ടിയുടേത്. പാതി ജീവനായി കിടക്കുന്ന ഇട്ടി ജീവൻ പിടിച്ചു വയ്ക്കുന്നതിന് ഒരു കാരണമുണ്ട്, തന്റെ പുരയിടത്തിൽ ജനാലയിലൂടെ കാണാനാകുന്ന ദൂരത്തിൽ വീടുവച്ചു കൊടുത്ത് താമസിപ്പിച്ചിരിക്കുന്ന ഷീല എന്ന പെണ്ണ്.  ‘‘ഈ ജീവിതത്തിൽ ഇട്ടിയെ ഇത്രത്തോളം ചിരിപ്പിച്ച വേറൊരു പെണ്ണില്ലടാ’’ എന്ന് ഇട്ടി പറയുന്നത് വെറുതെയല്ല, അത്രയ്ക്ക് ആകർഷണമാണ് ആ പെണ്ണിന്. ഷീലയാണ് അപ്പൻ എന്ന ചിത്രത്തിലെ ഏറ്റവും ശക്‌തയായ സ്ത്രീ സാന്നിധ്യം. ആദ്യസിനിമയിൽ കിട്ടിയ ഏറ്റവും ശക്തമായ കഥാപാത്രത്തിന് മുന്നിൽ പകച്ചു നിന്ന രാധിക രാധാകൃഷ്ണൻ എന്ന പുതുമുഖ താരത്തോട് അലൻസിയർ പറഞ്ഞു ‘‘ഇട്ടി കടലിലെ തിരമാല പോലെ ആണ് പുറമെ കാണുന്ന ഒച്ചയും ബഹളവും മാത്രമേ ഉള്ളൂ പക്ഷെ ഷീല ആ കടലിലെ ആഴമാണ്’’. 

 

radhika-radhakrishnan-211

തന്റെ കഥാപാത്രത്തിന്റെ ശക്തിയും നിഗൂഢതയും മനസ്സിലാക്കാൻ അലൻസിയറുടെ  ആ വാക്കുകൾ മതിയായിരുന്നു എന്ന് രാധിക പറയുന്നു.  റേഡിയോ അവതാരകയായി തുടങ്ങി ടിവി അവതാരകയായും വോയ്‌സ് ഓവർ ആർടിസ്റ്റായും നർത്തകിയായും തിളങ്ങിയ രാധികയ്ക്ക് അപ്രതീക്ഷിതമായി കിട്ടിയ സമ്മാനമാണ് ആർ. ജയകുമാറും മജുവും ചേർന്ന് തിരക്കഥ എഴുതി മജു സംവിധാനം ചെയ്ത അപ്പനിലെ ഷീല എന്ന കഥാപാത്രം. വഴിതെറ്റി വന്നതെങ്കിലും അഭിനയം ഇപ്പോൾ തന്നെ ലഹരി പിടിപ്പിക്കുന്നു എന്ന് രാധിക പറയുന്നു.   ആദ്യ ചിത്രത്തിന്റെ വിശേഷങ്ങളുമായി രാധിക രാധാകൃഷ്ണൻ മനോരമ ഓൺലൈനിൽ.   

 

radhika-radhakrishnan-2

റേഡിയോ ജോക്കി,അവതാരക,നർത്തകി, ഒടുവിൽ നടിയായി  

 

radhika-radhakrishnan-3

ആർജെ ആയിട്ടായിരുന്നു എന്റെ തുടക്കം. ക്ലബ് എഫ് എമിൽ കൊച്ചിയിലും ഖത്തറിലും വർക്ക് ചെയ്തിട്ടുണ്ട്. മൂന്നു വർഷത്തിന് മുൻപ് അത് നിർത്തി.  പിന്നീട് ടിവിയിൽ അവതാരകയായി. അത് ചെയ്‌തു തുടങ്ങിയപ്പോഴാണ് കോവിഡ് മഹാമാരി തുടങ്ങിയത്. അതോടെ ടിവി പരിപാടികളൊക്കെ മുടങ്ങി. ഇപ്പൊ അഡ്വടൈസിങ് ആൻഡ് ബ്രാൻഡ് മാനേജ്‌മന്റിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്തുകൊണ്ടിരിക്കുന്നു. അതിനോടൊപ്പം അവതരണം, വോയ്‌സ് ഓവർ ഒക്കെ ചെയ്യുന്നുണ്ട്. ശാസ്ത്രീയമായി ഞാൻ നൃത്തം പഠിച്ചിട്ടുണ്ട്.  മഞ്ജു വാര്യരുടെ ആയിഷ എന്ന ചിത്രത്തിൽ ഒരു ഡാൻസ് ചെയ്തിട്ടുണ്ട്. പല ജോലികൾ ചെയ്തിട്ടുണെങ്കിലും ഇപ്പോഴാണ് ഞാൻ എത്തേണ്ടിടത്ത് എത്തിയതെന്ന് തോന്നുന്നു.  

radhika-radhakrishnan-2111

 

ഓഡിഷനിലൂടെ അപ്പനിലേക്ക് 

sunny-radhika-maju

 

radhika-radhakrishnan-211

ഓഡിഷനിലൂടെയാണ് അപ്പന്റെ ഭാഗമായത്. ഒരു ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിൽ ഓഡിഷന് വരൂ എന്നൊരു മെസ്സേജ് എനിക്ക് വന്നു. അത് ഫേക്ക് ആണെന്നാണ് ഞാൻ കരുതിയത്. അത്‌കൊണ്ട് ഞാൻ മറുപടി ഒന്നും കൊടുത്തില്ല. പിന്നെ താൽപര്യമുണ്ടെങ്കിൽ പറയൂ എന്ന് വീണ്ടും മെസ്സേജ് വന്നു.  അപ്പോൾ പോയി നോക്കാം എന്ന് കരുതി.  ആദ്യം ഓഡിഷൻ ചെയ്തപ്പോൾ എന്നെ സെലക്റ്റ് ചെയ്തില്ല. സംവിധായകൻ മജു ചേട്ടൻ നാഗവല്ലി എന്നോ മറ്റോ ആണ് എന്റെ പേര് എഴുതി വച്ചത്. കാരണം ഞാൻ കാണിക്കുന്നതെല്ലാം ഡാൻസിന്റെ ഭാവപ്രകടനമായിരുന്നു. അഭിനയത്തെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടേ ഇല്ല. ഞാൻ ഇതുവരെ ആരുടേയും അഭിനയം നിരീക്ഷിച്ചിട്ടില്ല. ഓഡിഷന് പോയിട്ട് കിട്ടാതെ വന്നപ്പോൾ എനിക്ക് വിഷമം ഒന്നും ഇല്ലായിരുന്നു. കാരണം ഞാൻ അന്ന് അത് ആഗ്രഹിച്ചു പോയതല്ല. 

sunny-radhika

 

പക്ഷേ കുറച്ചുദിവസം കഴിഞ്ഞു അവർ വീണ്ടും വിളിച്ചു പറഞ്ഞു, കാഴ്ച്ചയിൽ ഞങ്ങളുടെ കഥാപാത്രത്തെപോലെ തന്നെ ഉണ്ട് വർക്ക് ഷോപ്പിനു വന്നു നോക്കൂ, പറ്റിയാൽ ചെയ്യാം എന്ന്.  അങ്ങനെ അപ്പന്റെ വർക്ക്ഷോപ്പിന് പോയി. വർക്ക്ഷോപ്പ് ചെയ്തു തുടങ്ങിയപ്പോൾ ഓക്കേ ആയി. ഓഡിഷനു പോയപ്പോഴോ വർക്ക്ഷോപ്പിനു പോയപ്പോഴോ എനിക്ക് പേടി ഒന്നും തോന്നിയില്ല. പക്ഷേ തിരക്കഥ വായിക്കാൻ തന്നു, വായിച്ചപ്പോൾ എന്റെ ഉള്ളു വിറയ്ക്കാനും ഉള്ളംകൈ വിയർക്കാനും തുടങ്ങി. ഇത്രയും സങ്കീർണമായ കഥാപാത്രം എങ്ങനെ ചെയ്യും എന്നൊരു എത്തും പിടിയുമില്ലായിരുന്നു. സംവിധായകൻ മജു ആണ് ധൈര്യം തന്നത്. ഞാൻ എന്തെങ്കിലും ചെയ്‌തിട്ടുണ്ടെങ്കിൽ അത് മജു ചേട്ടന്റെ കഴിവാണ്. മജു ചേട്ടന് വേണ്ട ഷീലയെ എന്നിൽ നിന്നും പുറത്തേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നാണു പറയേണ്ടത്.   

radhika-radhakrishnan-12

 

radhika-radhakrishnan-231

അപ്പന്റെ ഷീലയാകാനുള്ള തയാറെടുപ്പുകൾ 

 

radhika-radhakrishnan-11

അഭിനയം പഠിക്കുക എന്നതിനേക്കാൾ കഥാപാത്രമാക്കാനുള്ള തയാറെടുപ്പുകൾ ആയിരുന്നു വർക്ക്ഷോപ്പിൽ ചെയ്തത്. ആ സിനിമയിലെ എല്ലാ സീനുകളും പല പല മോഡുലേഷനിൽ അഭിനയിപ്പിച്ചു. എനിക്ക് സ്കൂട്ടർ ഓടിക്കാൻ അറിയില്ലായിരുന്നു. ഈ സിനിമയിൽ സ്കൂട്ടർ ഓടിക്കുന്ന ഒരു സീനുണ്ട്, അതുകൊണ്ടു വണ്ടി ഓടിക്കാൻ പഠിച്ചു.  ഞാൻ നൈറ്റി ധരിക്കാത്ത ആളാണ്. പക്ഷേ കഥാപാത്രം മുഴുവൻ സമയവും നൈറ്റി ആണ്  ധരിക്കുന്നത്. എല്ലാ ദിവസവും നൈറ്റി വീട്ടിൽ ഇട്ടു നടക്കുന്ന ആള് എങ്ങനെയായിരിക്കും അതുപോലെ ചെയ്യണം. പടത്തിന്റെ രണ്ടാം പകുതിയിൽ ആണ് ഞാനുള്ളത്. അതുകൊണ്ട് ആദ്യകുറെ ദിവസം ഷൂട്ട് ഇല്ലായിരുന്നു. പക്ഷേ എന്നോട് സെറ്റിൽ എത്താൻ പറഞ്ഞിരുന്നു. വരുമ്പോ തന്നെ എനിക്കൊരു മുഷിഞ്ഞ നൈറ്റി എടുത്തു തരും.അതിട്ടുകൊണ്ടു എങ്ങനെ ഇരിക്കണം എങ്ങനെ ഭക്ഷണം കഴിക്കണം ഇതൊക്കെയാണ് പരിശീലനം.  

 

radhika-radhakrishnan-13

ഷൂട്ടിങ് തുടങ്ങി ആദ്യത്തെ കുറച്ചു ദിവസങ്ങളൊക്കെ അടുത്ത ദിവസം എന്താണ് ചെയ്യുന്നതെന്ന് നോക്കിയിട്ടു വീട്ടിൽ നിന്ന് പ്രാക്ടീസ് ചെയ്തുകൊണ്ട് വരുമായിരുന്നു. പക്ഷേ ഷൂട്ട് ചെയ്യുമ്പോ അതൊന്നും അല്ല മജു ചേട്ടന് വേണ്ടത്. പിന്നെ പിന്നെ ഞാൻ ഡയലോഗ് മാത്രം കാണാതെ പഠിച്ചു വരും, മജു ചേട്ടൻ കാണിച്ചു തരുന്നത് അതുപോലെ ചെയ്യും.  ശരിക്കും ഞാൻ അദ്ദേഹത്തെ അനുകരിക്കുകയിരുന്നു എന്ന് പറയാം. സിനിമയിലേക്ക് തിരഞ്ഞെടുത്തു എന്ന് അറിഞ്ഞപ്പോൾ എനിക്ക് എക്സ്സിറ്റമെന്റ് ആയിരുന്നു.  കൂടെ ഉള്ളതെല്ലാം ഗംഭീര താരങ്ങളാണ്. ഞാൻ കാരണം ആ സിനിമ മോശമാകരുത് എന്ന് മാത്രമായിരുന്നു ചിന്ത. ആ നടിക്ക് പകരം മറ്റൊരാളായിരുന്നെങ്കിൽ എന്ന് ആരും പറയരുത് അതുകൊണ്ടു ആ കഥാപാത്രം ഒരാളിന്റെ വെപ്പാട്ടി ആണെന്നുള്ള കാര്യമൊന്നും ഞാൻ കൂടുതൽ ചിന്തിച്ചില്ല. 

radhika-radhakrishnan-23

 

അവസാനത്തെ സീൻ ഒഴികെ എല്ലാം റിഹേഴ്സൽ ചെയ്തിരുന്നു. ക്‌ളൈമാക്‌സ് റിഹേഴ്സൽ ചെയ്യണ്ട എന്നുപറഞ്ഞിരുന്നു. ഷീല പെട്ടെന്നുണ്ടായ ഒരു പ്രേരണയിൽ ആണ് അത് ചെയ്യുന്നത് അതുകൊണ്ടു പ്രാക്ടീസ് ചെയ്തു വച്ചാൽ യന്ത്രികമായിപോകും. ക്‌ളൈമാക്‌സ് എടുക്കുന്ന ദിവസം ഭയങ്കര ടെൻഷൻ ആയിരുന്നു. കുര്യാക്കോ എന്ന കഥാപാത്രം ചെയുന്ന അഷ്‌റഫ് ഇക്ക വന്നത് മുതൽ ആരോടും സംസാരിക്കാതെ കഥാപാത്രമായി ഒറ്റ ഇരിപ്പാണ്. അത് കാണുമ്പോ എനിക്കും പേടിയാകും. മജുച്ചേട്ടൻ എന്റടുത്തു വന്നു ഓക്കെ അല്ലെ എന്ന് ചോദിച്ചു ഞാൻ പറഞ്ഞു ഓക്കേ ആണ്, അദ്ദേഹം തോളിൽ തട്ടിയിട്ട് "നമുക്ക് പൊളിക്കാം" എന്ന് പറഞ്ഞിട്ട് പോയി. അത് എനിക്ക് വലിയൊരു ആശ്വാസമായിരുന്നു.  ഒടുവിലത്തെ അലറിവിളിച്ചുള്ള ഡയലോഗ് പറഞ്ഞു കഴിഞ്ഞു ഞാൻ തളർന്നുപോയി. അത് കഴിഞ്ഞു രണ്ടു ദിവസത്തേക്ക് ശബ്ദം ഇല്ലായിരുന്നു. 

 

radhika-husband
ഭർത്താവ് അജയ് സത്യനൊപ്പം രാധിക

അലൻസിയർ വിസ്മയിപ്പിച്ചു

 

ഞാൻ തിരക്കഥ വായിച്ചിട്ട് ആദ്യം ചോദിച്ചത് ഇട്ടിയുടെ കഥാപാത്രം ആരാണ് ചെയ്യുന്നത് എന്നാണ്. അലൻസിയർ ചേട്ടൻ ആണെന്ന് അറിഞ്ഞപ്പോ എനിക്ക് ഭയങ്കര ഷോക്ക് ആയിപ്പോയി. അദ്ദേഹം ഗംഭീര ആർടിസ്റ്റാണ്. എനിക്ക് ഷൂട്ട് ഇല്ലാത്ത ആദ്യപകുതിയിൽ ഷൂട്ടിങ് നടക്കുന്ന റൂമിൽ നിന്ന് അലൻസിയർ ചേട്ടൻ ഡയലോഗ് പറയുന്നത് കേൾക്കുമ്പോ എനിക്ക് പേടിയാകും.  എന്റമ്മേ എങ്ങനെയാ ഞാൻ ഈ ആളുടെ മുന്നിൽ നിന്ന് അഭിനയിക്കുക എന്നൊക്കെ തോന്നും. പക്ഷേ ഞാൻ അഭിനയിച്ചു തുടങ്ങിയപ്പോൾ എന്നെ ഏറ്റവും സഹായിച്ചത് അദ്ദേഹമാണ്. ഞാൻ കാരണം ഒത്തിരി റീടേക്ക് പോയിരുന്നു. പക്ഷേ അലൻസിയർ ചേട്ടനോ മറ്റുള്ളവരോ ഒരു ബുദ്ധിമുട്ടും കാണിച്ചില്ല. അതിനെന്താ ഒന്നുകൂടി ചെയ്താൽ നന്നാവുകയല്ലേ ഉള്ളൂ എന്ന് പറയും. എനിക്ക് വിഷമമായാൽ അത് കഥാപാത്രത്തെ ബാധിക്കുമെന്ന ബോധ്യം എല്ലാവർക്കും ഉണ്ടായിരുന്നു. 

 

എനിക്ക് വലിയ പിന്തുണയാണ് മുഴുവൻ  ആളുകളും തന്നത്. അലൻസിയർ ചേട്ടൻ എനിക്ക് ഒരുപാടു ടിപ്സ് പറഞ്ഞു തരുമായിരുന്നു. ഒരു ദിവസം ഷൂട്ടിന് മുന്നേ അദ്ദേഹം എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. ‘‘ഇട്ടി കടലിലെ തിരമാല പോലെ ആണ്, പുറമെ കാണുന്ന ഒച്ചയും ബഹളവും മാത്രമേ ഉള്ളൂ. പക്ഷേ ഷീല ആ കടലിലെ ആഴമാണ്’’ . ഇത് കേട്ടപ്പോ എനിക്ക് ഒരു ഷോക്ക് അടിച്ചതുപോലെ ആണ് തോന്നിയത്. നിഗൂഢത നിറഞ്ഞ ആ കഥാപാത്രത്തിന്റെ സ്വഭാവം എനിക്ക് അപ്പോഴാണ് കണക്റ്റ് ആയത്. ഞാൻ ഷൂട്ടിന് പോകുമ്പോഴും വരുമ്പോഴും അത് തന്നെ ആലോചിച്ചുകൊണ്ടിരിക്കും. അദ്ദേഹം അങ്ങനെ പറഞ്ഞത് എന്റെ പ്രകടനത്തെ നല്ല രീതിയിൽ സഹായിച്ചു.  അദ്ദേഹം അത് പറഞ്ഞതിന് മുൻപും ശേഷവും ഞാൻ അഭിനയിച്ചത് നോക്കിയാൽ എനിക്ക് തന്നെ ആ വ്യത്യാസം മനസ്സിലാകുന്നുണ്ട്. 

 

ബുദ്ധിമുട്ടിയ ഷോട്ടുകൾ 

 

അലൻസിയർ ചേട്ടൻ എന്റെ മുഖത്ത് തുപ്പുന്ന ഒരു രംഗമുണ്ട്. അത് തുപ്പിയാതൊന്നുമല്ല ആർട്ട് ചെയ്യുന്ന ചേട്ടൻ ഒരു ഗ്ലാസിൽ ചോറും സാമ്പാറും കുഴച്ച് എന്റെ മുഖത്തേക്ക് എറിയുകയായിരുന്നു. ആ സീനിൽ എനിക്ക് കുറച്ചു ബുദ്ധിമുട്ട് ഉണ്ടായി കാരണം ആ സീൻ നാല് ദിവസം എടുത്താണ് ഷൂട്ട് ചെയ്തത്. ഈ നാല് ദിവസവും ചോറും സാമ്പാറും മുഖത്ത് തേച്ചിരിക്കണം. കുറച്ചു കഴിയുമ്പോ എന്റെ കവിള് നീറാൻ തുടങ്ങും, കണ്ണിൽ നിന്ന് വെള്ളം വരും, പക്ഷേ അതൊക്കെ ആ സീനിനെ പോസിറ്റീവ് ആയി സഹായിച്ചു. പിന്നെ ഞാൻ സ്കൂട്ടർ ഓടിക്കുന്ന സീനിൽ എന്റെ ഒപ്പം ആബേൽ എന്ന കുട്ടി ഉണ്ട്. സ്കൂട്ടർ ഞാൻ സിനിമയ്ക്ക് വേണ്ടി പഠിച്ചതാണ്. കുട്ടിയെ ഇരുത്തി ഓടിക്കാൻ പേടി ആയിരുന്നു.  അവനെയും കൊണ്ട് ഞാൻ വരുന്നത് കാണുമ്പോ അമ്മ പേടിച്ചിരിക്കും, അത് കാണുമ്പോ എന്റെ ടെൻഷൻ കൂടുമായിരുന്നു.

 

എല്ലാവരും നല്ല പിന്തുണ തന്നു 

 

ഒരു തുടക്കക്കാരിയായ എനിക്ക് വളരെ നല്ല പിന്തുണയാണ് അപ്പനിൽ നിന്ന് കിട്ടിയത്. ഞങ്ങൾ എല്ലാം കുറെ ദിവസം താമസം ആ വീട്ടിൽ ആയിരുന്നല്ലോ. ഞങ്ങൾക്ക് അവിടെ ഒരു റൂമുണ്ട്. ഞങ്ങളുടെ ഹോസ്റ്റൽ വാർഡൻ പോലെ ആയിരുന്നു പോളി ചേച്ചി. ചേച്ചി നല്ല സപ്പോർട്ട് ആയിരുന്നു. ഞാൻ രണ്ടു സ്ത്രീകളെ ഓടിച്ചു വിടുന്ന ഒരു സീനുണ്ട് കഴിഞ്ഞപ്പോൾ പോളി ചേച്ചി പറഞ്ഞു, ഷീല സൂപ്പർ ആണ് കേട്ടോ.  പക്ഷേ ശരിക്കും ആ സീൻ കുറേ ടേക്ക് പോയതാണ് എനിക്ക് ആകെ വിഷമമായിരുന്നു. ചേച്ചി അങ്ങനെ പറഞ്ഞപ്പോൾ  ഭയങ്കര ആശ്വാസമായി. ഒരു ദിവസം അനന്യ  എന്നോട് പറഞ്ഞു സ്ക്രിപ്റ്റ് എടുത്തുകൊണ്ടു റൂമിലേക്ക് വരാൻ.  എനിക്ക് ആ സ്ക്രിപ്റ്റ് വായിച്ചു ഓരോന്ന് പറഞ്ഞു തന്നു.  അത്രയും നേരം ഷൂട്ട് കഴിഞ്ഞു തളർന്നിരിക്കുകയായിരുന്നു അനന്യ എന്നിട്ടും എന്നെ സഹായിക്കാൻ മുൻകൈ എടുത്തു.  ഗ്രേസ് കുറച്ചു സമയമേ ഉണ്ടായിരുന്നുള്ളു എന്നാലും എല്ലാവരും നല്ല പിന്തുണയിരുന്നു. 

 

മജുച്ചേട്ടൻ എന്നോട് പറഞ്ഞിരുന്നത്, ആരോടും അധികം അടുക്കാൻ പോകരുത് നീ നിന്റെ കഥാപാത്രത്തിന്റെ മൂഡിൽ തന്നെ ഇരിക്കണം.  നീ ആദ്യമായിട്ട് അഭിനയിക്കുകയാണ് അടിച്ചുപൊളിച്ച് വേറെ മൂഡിൽ ഇരുന്നാൽ ആക്‌ഷൻ പറയുമ്പോൾ നിനക്ക് കഥാപാത്രം ആയി മാറാൻ കഴിയില്ല. സോഷ്യൽമീഡിയ നോക്കാനോ ഫോൺ ഉപയോഗിക്കാനോ പോലും സമ്മതിക്കില്ല. കഥാപാത്രമായി തന്നെ മുഴുവൻ സമയവും ഇരുന്നാൽ മതി എന്ന് പറയും. ഓരോ ഷോട്ടിന് മുൻപ് അദ്ദേഹം കഥാപാത്രത്തിന്റെ ബാക്ക് സ്റ്റോറി പറഞ്ഞു തരും.  ‘‘ഇട്ടി അവരോടു അത്രയ്ക്ക് ചെയ്തിട്ടാണ് അവർ അങ്ങനെ ചെയ്യുന്നത് ഒന്ന് ആലോചിച്ചു നോക്ക് രാധികാ എന്ന് പറയും’’ അപ്പോൾ എനിക്ക് തന്നെ ഷീലയോട് സഹതാപം തോന്നും.  എന്റെ അഭിനയത്തിന്റെ ക്രെഡിറ്റ് എടുക്കാൻ എനിക്ക് ഒരു അർഹതയും ഇല്ല. ഞാൻ നന്നായി ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റ് മുഴുവൻ മജുച്ചേട്ടന് ആണ്.  പ്രൊഡക്‌ഷനിലെ വണ്ടിയിൽ ആണ് ഞാൻ ഡ്രൈവിങ് പഠിച്ചത്.  പ്രൊഡക്‌ഷനിൽ ഉള്ളവരും സ്നേഹത്തോടെയുള്ള പെരുമാറ്റമായിരുന്നു.    

 

സ്വപ്നലോകത്താണ് ഞാൻ 

 

ഒരു സത്യം പറയട്ടെ, ആദ്യമായിട്ട് എന്നെ സ്‌ക്രീനിൽ കണ്ടപ്പോൾ ഉദയനാണ് താരം എന്ന ചിത്രത്തിൽ സലിം കുമാർ ചേട്ടൻ ഇരുന്ന പോലത്തെ അവസ്ഥയായിരുന്നു എനിക്ക്.  പ്രീമിയർ കണ്ടപ്പോൾ ഞാൻ എന്നെ മാത്രമേ കണ്ടുള്ളു. സിനിമ റിലീസ് ചെയ്യുന്നത് വരെ ഭയങ്കര ടെൻഷൻ ആയിരുന്നു. കാരണം എന്റെ അഭിനയം കാരണം സിനിമ മോശമായിപോകുമോ എന്ന പേടി. പക്ഷേ സിനിമ ഇറങ്ങിയതിനു ശേഷമുള്ള പ്രതികരണങ്ങൾ എന്നെ ഞെട്ടിച്ചു. ഒരുപാടുപേര് വിളിക്കുന്നു മെസ്സേജ് അയക്കുന്നു. ശരിക്കും റിലേ പോയി കിടക്കുവാ ഞാൻ.

 

എനിക്ക് ഏറെ സന്തോഷം തോന്നുന്നത് റിവ്യൂ ഷെയർ ചെയ്യുന്നവർ കൊളാഷ് ഉണ്ടാക്കുമ്പോ അലൻസിയർ ചേട്ടൻ പോളി ചേച്ചി, സണ്ണി, അനന്യ തുടങ്ങിയവരോടൊപ്പം എന്റെ പടവും ചേർക്കുന്നത് കാണുമ്പോഴാണ്. എന്നെപ്പോലെ ഒരു തുടക്കക്കാരിക്ക് കിട്ടാവുന്നതിനും അപ്പുറമുള്ള അംഗീകാരമാണ് അത്. ഒരു നടി ആകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഒരുപാടു ജോലികൾ ചെയ്തിട്ടുണ്ടെങ്കിലും എന്റെ പ്ലാനിൽ ഒരിക്കലും സിനിമ ഇല്ലായിരുന്നു. ഇത് അപ്രതീക്ഷിതമായി സംഭവിച്ചതാണ്.  ഇനി എനിക്ക് സിനിമ തന്നെ മതി എന്ന് തോന്നുന്നു. ഇനിയും ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്തു ഇവിടെത്തന്നെ കൂടണം എന്നാണ് ആഗ്രഹം.

 

കുടുംബം 

 

പാലക്കാടുകാരി ആണ് ഞാൻ. പക്ഷേ എട്ടു വർഷമായി കൊച്ചിയിൽ ആണ് താമസം. ഭർത്താവ്  അജയ് സത്യൻ ഗായകനാണ്. ഞാൻ അഭിനയിച്ചു കണ്ടപ്പോൾ എന്റെ വീട്ടുകാർക്ക് അതിശയമായി. ഞാൻ ഇത്രയുമൊക്കെ ചെയ്യുമെന്ന് അവർ കരുതിയില്ല. വീട്ടുകാരുടെ പ്രതീക്ഷക്ക് മുകളിൽ എത്തിയതിന്റെ സന്തോഷമാണ് എനിക്ക്. എനിക്ക് ഇഷ്ടമുള്ള ജോലി ചെയ്തു ജീവിക്കുന്നതാണ് അവർക്കിഷ്ടം. ഭർത്താവിനും ഞാൻ അഭിനയിച്ചത് ഇഷ്ടമായി. അദ്ദേഹം രണ്ടുമൂന്നു പ്രാവശ്യം അപ്പൻ കണ്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com