ADVERTISEMENT

സ്കൂൾ കാലം മുതലേ സുഹൃത്തുക്കളാണു നിവിൻ പോളിയും അജു വർഗീസും. ഒന്നിച്ചൊരു സിനിമയിലൂടെ വെള്ളിത്തിരയിലേക്കെത്തിയതോടെ സൗഹൃദം കൂടുതൽ ശക്തമായി. എന്നാൽ, ഇരുവരും തമ്മിൽ ഇടയ്ക്കു ചെറുതായൊന്നു പിണങ്ങി. അജു നിർമിച്ച ‘ലൗ ആക്‌ഷൻ ഡ്രാമ’ അഭിനയിക്കാനെത്താൻ നിവിൻ വൈകിയതായിരുന്നു അജുവിന്റെ നീരസത്തിനു കാരണം. എന്നാൽ, ഇതിനു ശേഷമുണ്ടായ ഒറ്റ ഫോൺ കോളിൽ ആ പിണക്കം അലിഞ്ഞു പോയെന്നും അതിനെ പിണക്കം എന്നൊന്നും വിശേഷിപ്പിക്കാനേ പറ്റില്ലെന്നും അജുവിന്റെ കമന്റ്. സൗഹൃദം പങ്കുവയ്ക്കുന്ന സാറ്റർഡേ നൈറ്റ് തിയറ്ററിൽ കയ്യടി വാങ്ങുമ്പോൾ നിവിനും അജുവും മനസ്സുതുറക്കുന്നു.    

 

പിണക്കം മാറ്റാൻ ആരു മുൻകയ്യെടുത്തു?

aju-nivin-3

 

അജു: മറ്റാര്, നിവിൻ തന്നെ. എന്നെക്കാൾ ഇരുത്തം വന്നയാളാണു നിവിൻ. കായംകുളം കൊച്ചുണ്ണി അഭിനയിക്കുകയായിരുന്നു നിവിൻ. ലവ് ആക്‌ഷൻ ഡ്രാമയെന്ന കളർഫുൾ ചിത്രത്തിനു പറ്റിയ ലുക്കോ ശരീര പ്രകൃതിയോ ഒന്നുമായിരുന്നില്ല അന്നു നിവിന്. നിവിന്റെ ഭാഗത്തായിരുന്നു ശരി. ഞാൻ പിണങ്ങിയ വിഷയം അവന്റെ നിയന്ത്രണത്തിലുള്ള കാര്യമേ ആയിരുന്നില്ല. പക്ഷേ പിണക്കങ്ങളില്ലെങ്കിൽ സ്വാഭാവിക സൗഹൃദമില്ലല്ലോ. ചിലപ്പോൾ സുഹൃത്തിനെ വേദനിപ്പിക്കേണ്ടിയും വരാം. 

 

nivin-aju-3

നിവിൻ : സൗഹൃദത്തിൽ കൊച്ചുകൊച്ചു പിണക്കങ്ങൾ സ്വാഭാവികമല്ലേ. അതു തിരിച്ചറിഞ്ഞു പരിഹരിക്കാൻ സാധിക്കുന്നതാണ് അതിന്റെ സൗന്ദര്യവും ശക്തിയും.  

 

സാറ്റർഡേ നൈറ്റിലൂടെ വീണ്ടുമൊരു സൗഹൃദ സിനിമയിൽ?

 

നിവിൻ: ഞാനും അജുവും തുടങ്ങിയത് ഒരു സൗഹൃദ സിനിമയിൽ നിന്നാണ്. മലർവാടി ആർട്സ് ക്ലബ്. 12 കൊല്ലത്തിനു ശേഷമാണു മറ്റൊരു സൗഹൃദ സിനിമയിലേക്ക് ഇരുവരും എത്തുന്നത്. കളിയും ചിരിയും മാത്രമല്ല, നൊമ്പരങ്ങളും വേർപാടും പുനഃസമാഗമങ്ങളുമുള്ള ചിത്രമാണു സാറ്റർഡേ നൈറ്റ്.

saturday-night-review

 

അജു: സൗഹൃദം മൂലം സിനിമയിൽ വന്നു, സൗഹൃദം മൂലം ഇന്നും സിനിമകൾ ചെയ്യുന്ന ആളാണു ഞാൻ.  മരണം വരെ ഒരു വ്യക്തിക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണു സൗഹൃദം. ആ സൗഹ‍ൃദം പറയുന്ന ചിത്രമാണു സാറ്റർഡേ നൈറ്റ്. ഒരു കളറു പടം. നിവിനൊരു ഫേക്ക് ജാഡയുണ്ട്. ആ ജാഡയിൽ ഒരു ഹ്യൂമർ ഉണ്ട്. അതു കാണാൻ പ്രേക്ഷകർക്കിഷ്ടവുമാണ്. ലവ് ആക്‌ഷനു ശേഷം അത്തരം ഒരു നിവിനെ കാണാൻ പറ്റുന്ന ചിത്രമാകും ഇത്.

   

സാറ്റർഡേ നൈറ്റിലെ കഥാപാത്രങ്ങൾ? 

 

നിവിൻ: കൂട്ടുകാർക്കു വേണ്ടി മരിക്കാൻ നടക്കുന്ന സ്റ്റാൻലി എന്ന കഥാപാത്രമാണ് എന്റേത്. നാലു സുഹൃത്തുക്കളും അവരുടെ ഇണക്കവും പിണക്കവും മനോഹരമായ യാത്രകളുമൊക്കെയാണു സിനിമ. വികാരങ്ങൾക്ക് വളരെ പ്രാധാന്യമുള്ള ചിത്രമാണ്. 

 

അജു: പൂച്ച സുനിൽ ആണു ഞാൻ. എല്ലാ സൗഹൃദ സംഘങ്ങളിലുണ്ടാകും അവരെ സജീവമാക്കി നിർത്തുന്ന ഒരാൾ. അതാണു പൂച്ച.

 

അജുവിന്റെ പബ്ലിക് റിലേഷൻസ് വിശാലമാണ്. നിവിന് ആ രീതിയോടു താൽപര്യമില്ലാത്തതാണോ?

 

അജു: ആരു പറഞ്ഞു. കശ്മീർ മുതൽ കന്യാകുമാരി വരെ കണക്‌ഷൻ ഉള്ള മനുഷ്യനാണ്.

 

നിവിൻ: അതു വ്യക്തിപരമായ കാര്യമല്ലേ. ചിലർക്കത് ഇഷ്ടമാണ്. എന്നാൽ ഞാനൽപം ഉൾവലിഞ്ഞു നിൽക്കുന്ന പ്രകൃതമാണ്. ഒരു സിനിമ വരുമ്പോൾ അത് എല്ലാവരിലേക്കും എത്തണമെന്ന ആഗ്രഹമുള്ളതിനാൽ പ്രമോഷനായി രംഗത്തിറങ്ങും. അല്ലാത്ത സമയത്ത്  ഞാൻ ഒതുങ്ങി മാറാറാണു പതിവ്. അതിൽ എന്തെങ്കിലും കുഴപ്പമുള്ളതായി എനിക്കു തോന്നിയിട്ടുമില്ല. അടുത്ത ചിത്രത്തിനു കൂടുതൽ ഊർജം ഇതിലൂടെ കിട്ടുന്നുവെന്നാണ് എന്റെ തോന്നൽ. 

 

അജു ചിത്രങ്ങൾ അഭിനയിച്ചു കൂട്ടുന്നു. നിവിൻ പലതും ഒഴിവാക്കുന്നു. സെലക്ടീവ് ആവുകയാണോ?

 

നിവിൻ: എന്നെ വിസ്മയിപ്പിക്കുന്ന പ്രോജക്ടുകളിൽ അഭിനയിക്കുമ്പോൾ മാത്രമേ സന്തോഷം കിട്ടുന്നുള്ളൂ. അടുത്ത സിനിമ തീരുമാനിച്ചിട്ടില്ല,  നല്ലതെന്നു തോന്നിയാൽ ചെയ്യാം എന്നാണു തീരുമാനം.

 

അജു: ഇക്കാര്യം എനിക്കു നേരിട്ടറിയാം. തട്ടത്തിൻ മറയത്തിനു ശേഷം ഒരുപാട് ഓഫറുകൾ നിവിനു വന്നു. അന്നു നിവിൻ പറഞ്ഞു. കുറെ വർഷം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തി നൽകുന്ന ചിത്രങ്ങളേ ചെയ്യുന്നുള്ളൂ എന്ന്. അന്ന് നിവിന്റെ അക്കൗണ്ടിൽ ചെറിയ തുക മാത്രമേ ബാലൻസുള്ളൂ. ഞാനും കഴിഞ്ഞ ഒരു വർഷമായി ചിത്രങ്ങൾ കുറച്ചിട്ടുണ്ട്. സിനിമയിലേക്കുള്ള പ്രേക്ഷകരുടെ ശ്രദ്ധ കൂടിയിട്ടുണ്ട്. കുറെക്കൂടി ഉത്തരവാദിത്തം പ്രേക്ഷകരോടു കാണിക്കേണ്ടതുണ്ടെന്നു തോന്നി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com