ADVERTISEMENT

ഫിലിപ്സ് ആൻഡ് ദ് മങ്കിപെൻ, വെടിവഴിപാട്, അവളുടെ രാവുകൾ എന്ന ചിത്രത്തിലൂടെ മലയാളികളെ വിസ്മിപ്പിച്ച എഡിറ്റർ ആണ് പ്രജീഷ് പ്രകാശ്. ഹോം എന്ന ചിത്രത്തിലൂടെ മികച്ച എഡിറ്റർക്കുള്ള ക്രിട്ടിക്സ് അവാർഡ് കരസ്ഥമാക്കിയ പ്രജീഷ് മനോരമ ഓൺലൈനിലൂടെ സന്തോഷം പങ്കുവയ്ക്കുന്നു...

 

ഹോമിലൂടെ ഒരു അവാർഡ് പ്രതീക്ഷിച്ചിരുന്നോ? 

 

ഹോമിലെ അഭിനേതാക്കള്‍ക്കോ അല്ലെങ്കിൽ അതിന്റെ ഡയറക്ടർക്കോ അവാർഡ് കിട്ടുമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ എഡിറ്റിങ്ങിന് അവാർഡ് ഞാൻ പ്രതീക്ഷിച്ചിരുന്നുമില്ല. പിന്നെ ക്രിട്ടിക്സ് അവാർഡിന്റെ കാര്യം സത്യത്തിൽ മറന്നു പോയിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ പെട്ടെന്ന് ഒരു ദിവസം ക്രിട്ടിക്സ് അവാർഡ് ഹോമിലെ എഡിറ്റിങ്ങിനാണ് കിട്ടിയത് എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. 

 

ഉത്തരവാദിത്തം കൂടി

editor

 

എഡിറ്റർ എന്ന നിലയിൽ കുറച്ചുകൂടി ഉത്തരവാദിത്തം കൂടുകയാണ്. ഒപ്പം നമ്മുടെ വർക്കിന് കിട്ടുന്ന പ്രേക്ഷകരുടെ അംഗീകാരമായി ഞാനതിനെ കാണുന്നു. രണ്ടേമുക്കാൽ മണിക്കൂർ ഉള്ള ഒരു സിനിമയായിരുന്നു ഹോം. എന്നാൽ ചിത്രം കണ്ടവർ അത് പെട്ടെന്ന് തീർന്നുപോയി എന്നൊരു ഫീലാണ് ഉണ്ടായത് എന്ന് പറഞ്ഞു കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നി. പല സിനിമകളിലും ചില രംഗങ്ങൾ വലിച്ചു നീട്ടുന്നു എന്ന് തോന്നിയിട്ടുണ്ട്. അത്തരം കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു. ഹോമിൽ ഒരിക്കലും ആ ഒരു ലാഗ് ഫീൽ ചെയ്തില്ല എന്ന് പ്രേക്ഷകർ സിനിമ കണ്ടതിനു ശേഷം പറഞ്ഞു കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. ചിലപ്പോൾ അതാകും ഈ അവാർഡിന് എഡിറ്റിങ്ങിന് പരിഗണന കിട്ടാൻ ഇടയാക്കിയത് എന്നു തോന്നുന്നു.

 

എഡിറ്റിങ് എന്ന  മേഖലയിലേക്ക്?

 

ചെറുപ്പം മുതലേ സിനിമയോട് വളരെ ഇഷ്ടമുണ്ടായിരുന്നു. സിനിമയിൽ ഏതെങ്കിലും ഒരു മേഖലയിൽ എത്തണമെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് മൾട്ടിമീഡിയയാണ് ഡിഗ്രിയുടെ പഠന വിഷയമായി തിരഞ്ഞെടുത്തത്. അത്യാവശ്യം വെബ്‌ഡിസൈനിങും ആ സമയം പഠിച്ചു. പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് എഡിറ്റിങ്ങിനോടാണ് കൂടുതലായി താല്‍പര്യം തോന്നിയത്. പിന്നീട്‌ അതിലേക്ക് കൂടുതലായി ശ്രദ്ധ തിരിക്കാനും തുടങ്ങി. ഒരു ചാനലിൽ കുറച്ചുകാലം എഡിറ്റർ ആയിട്ടുണ്ടായിരുന്നു. അതിനു ശേഷമാണ് ഞാൻ സിനിമയിലേക്ക് എത്തുന്നത്.

editor03

 

ഹോം എന്ന ചിത്രത്തിന്റെ ക്രൂവിനൊപ്പം?

 

മങ്കി പെന്നിന്റെ' ടീം തന്നെയാണ് ഹോമിനും ഉണ്ടായിരുന്നത്. പിന്നെ ക്യാമറമാൻ നീൽ എന്റെ കൂടെ കോളജിൽ പഠിച്ചിട്ടുണ്ട്. അവരോടൊപ്പം ഉള്ള രണ്ടാമത്തെ വർക്ക് ആണിത്. അതെല്ലാം വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു.

 

സ്റ്റേറ്റ് അവാർഡ് പ്രതീക്ഷിച്ച ചിത്രത്തിനാണ് ഇപ്പോൾ ഈ അവാർഡ് ലഭിച്ചിരിക്കുന്നത്?

 

ഹോം ഒടിടിയിൽ റിലീസ് ചെയ്തപ്പോൾ ഒരുപാട് ആളുകൾ പോസിറ്റീവ് റെസ്പോൺസ് തന്നിരുന്നു. അതുകൊണ്ട് തന്നെ തിരക്കഥയ്ക്കോ സംവിധായകനോ അഭിനേതാക്കൾക്കോ ഒക്കെ അവാർഡ് കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ സ്റ്റേറ്റ് അവാർഡ് കിട്ടാത്തതിൽ അന്ന് വലിയ വിഷമം ഉണ്ടായിരുന്നു. ഇന്ന് ഇപ്പോൾ ഈ അവാർഡ് കിട്ടിയപ്പോൾ ഒരുപാട് സന്തോഷവുമുണ്ട്. ഹോം സത്യത്തിൽ തിയറ്റർ റിലീസ് ആണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ കോവിഡ് പോലെയുള്ള പ്രതിസന്ധികൾ വന്നപ്പോൾ പെട്ടന്ന് ഒടിടിക്ക് വേണ്ടി പ്ലാൻ ചെയ്യുകയായിരുന്നു.

 

എഡിറ്റിങ്ങിലെ ഗുരു?

 

പാപ്പി അപ്പച്ചൻ സിനിമയുടെ എഡിറ്റർ വി.ടി. ശ്രീജിത്തിന്റെ കൂടെയാണ് ആദ്യമായി സിനിമയിൽ വർക്ക് ചെയ്യുന്നത്. പിന്നീടാണ് പ്രിയദർശൻ സാറിന്റെ എഡിറ്ററായിരുന്ന അരുൺകുമാർ അരവിന്ദന്റെ കൂടെ അസോസിയേറ്റ് ആയി കോക്ടെയിലിൽ അവസരം കിട്ടുന്നത്. അദ്ദേഹത്തിന്റെ സിനിമകളുടെ ട്രെയിലേഴ്സ് എല്ലാം ഞാൻ തന്നെയാണ് എഡിറ്റ് ചെയ്തിരുന്നത്. അദ്ദേഹത്തെപോലെ ഈ മേഖലയിൽ അനുഭവസമ്പത്തുള്ള ഒരാളുടെ കയ്യിൽ നിന്നും എഡിറ്റിങുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റിയിട്ടുണ്ട്. അത് വലിയൊരു കാര്യമായിട്ടാണ് ഞാൻ കാണുന്നത്. അവിടെ നിന്നാണ് എഡിറ്റിങ് പ്രൊഫഷനായി തിരഞ്ഞെടുത്തതും അത് ചെയ്തു തുടങ്ങിയതും. 

 

പെപ്പിനോ സ്റ്റുഡിയോസ്, സ്കൂൾ ഓഫ് എഡിറ്റിങ് ക്ലാസ്സ് റൂം

 

പെപ്പിനോ സ്റ്റുഡിയോസ് പേരു പോലെ ഒരു എഡിറ്റിങ് സ്റ്റുഡിയോ ആണ്. സ്റ്റുഡിയോയിൽ പുറം രാജ്യങ്ങളിൽ നിന്നുള്ള വെബ്സൈറ്റ് വർക്കുകൾ അല്ലെങ്കിൽ എഡിറ്റിങ് വർക്കുകൾ ചെയ്യാറുണ്ട്. കൂടാതെ ബാങ്കുകൾ ഉൾപ്പെടെയുള്ളവർക്ക് വേണ്ടി കോർപ്പറേറ്റ് വിഡിയോകളും പരസ്യങ്ങളും ചെയ്യാറുണ്ട്. സ്ഥാപനത്തിൽ എഡിറ്റേഴ്സിന്റെ ഒരു ഗ്രൂപ്പ് തന്നെയുണ്ട്. എനിക്ക് സിനിമയുടെ തിരക്കുള്ളപ്പോൾ അവരാണ് പുറമേ നിന്നുള്ള വർക്കുകൾ എല്ലാം ചെയ്യുന്നത്.

 

സ്കൂൾ ഓഫ് എഡിറ്റിങ് ക്ലാസ്സ് റൂം ഒരു എഡിറ്റിംഗ് ഇൻസ്റ്റിറ്റ്യൂഷനാണ്. ഇവിടെ ഞങ്ങളുടെ വിദ്യാർത്ഥികളായ 90% ആളുകളും ഇപ്പോൾ സിനിമാ മേഖലയിൽ പലയിടത്തായി ജോലി ചെയ്യുന്നുണ്ട്. അതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്. 

 

വീട്ടിൽ?

 

അച്ഛനും അമ്മയും അനിയത്തിയുമുണ്ട്. അച്ഛനും അമ്മയ്ക്കും ആദ്യം ഞാൻ ഡിഗ്രിക്ക് മൾട്ടിമീഡിയ പഠിക്കുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. പിന്നീട് വർക്കുകൾ ഒക്കെ കണ്ടുതുടങ്ങിയപ്പോൾ സപ്പോർട്ട് ചെയ്യാൻ തുടങ്ങി. പിന്നെ ഭാര്യ തുടക്കം മുതലേ സപ്പോർട്ട് തന്നെയായിരുന്നു.

 

പുതിയ ചിത്രങ്ങൾ?

 

ചെക്ക്മേറ്റ് എന്ന ചിത്രത്തിന്റെ എഡിറ്റിങ് നടക്കുകയാണ്. അനൂപ് മേനോൻ ആണ് അതിൽ നായകനായിട്ട് വരുന്നത്. ചിത്രം അമേരിക്കയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com