ADVERTISEMENT

കേരളത്തിലും വൻ തരംഗമായി കന്നഡ ചിത്രം ‘കാന്താര’. 16 കോടി ചെലവിൽ നിർമിച്ച ചിത്രം ഇതുവരെ ആഗോളതലത്തിൽ തിയറ്ററുകളിൽനിന്നു വാരിയത് 300 കോടിയിലേറെ. ഒരു കന്നഡ ചിത്രത്തിന്റെ കന്നഡ പതിപ്പ് കേരളത്തിലെ ഒരു തിയറ്ററിൽ നിന്നു മാത്രം ഒരു കോടി രൂപയിലേറെ നേടി. പ്രകൃതിയും മനുഷ്യനുമായുള്ള പ്രണയവും സംഘർഷവും തിയറ്ററുകളിൽ കയ്യടി ഉയർത്തുമ്പോൾ കാന്താരയുടെ നായകനും സംവിധായകനും തിരക്കഥാകൃത്തുമായ ഋഷഭ് ഷെട്ടി സംസാരിക്കുന്നു.

 

കാന്താരയും ദൈവക്കോലവും

rishab-kantara

 

തീരദേശ കർണാടകത്തിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്നയാളാണു ഞാൻ. അവിടുത്തെ ദൈവാരാധനയും ആചാരങ്ങളിൽ വടക്കൻ കേരളത്തിലെ തെയ്യത്തോടു സാദൃശ്യമുള്ള ദൈവക്കോലങ്ങളുമെല്ലാം കണ്ടും കേട്ടും വിശ്വസിച്ചുമാണു വളർന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സമരങ്ങളുടെയും ഇഴുകിച്ചേരലുകളുടെയും കഥയാണു ചിത്രം പറയുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാലമാണു ദൈവം. ആ ചിത്രത്തിന്റെ കഥയെഴുതിയപ്പോൾ ദൈവക്കോലം അതിലേക്കു വരാനുള്ള കാരണം ഇതാണ്.

 

rishab-shetty-family

ദൈവക്കോലം ജീവിതത്തിന്റെ ഭാഗം

 

ദൈവക്കോലം കെട്ടലുമായി ബന്ധമുള്ള കുടുംബമാണ് എന്റേത്. 30 വർഷം മുൻപു ഗ്രാമത്തിൽ നടന്ന ഒരു സംഭവമാണ് സിനിമയുടെ അടിസ്ഥാനം. നാട്ടിലെ ഒരു കർഷകനും ഫോറസ്റ്റ് ഓഫിസറും തമ്മിലുണ്ടായ വിരോധം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സമരത്തിന്റെ രൂപത്തിൽ ചിത്രീകരിക്കാവുന്നതല്ലേ എന്നു തോന്നി.

kantara-hindi-belt-malayalam-version

ദൈവക്കോലങ്ങളുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ സംഭവകഥകളുമായി യോജിപ്പിച്ച് എഴുതി. ധർമസ്ഥല മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിലും കൊല്ലൂർ മൂകാംബികയിലും പോയി പ്രാർഥിച്ച ശേഷമാണു ഷൂട്ടിങ് ആരംഭിച്ചത്. ലൊക്കേഷൻ ദൈവസ്ഥാനം പോലെ തന്നെയായിരുന്നു. സെറ്റിലെല്ലാവരും മാംസഭക്ഷണം ഒഴിവാക്കിയാണു ചിത്രവുമായി സഹകരിച്ചത്.

 

ക്ലൈമാക്സിലെ ആ 20 മിനിറ്റ്

 

ചിത്രത്തിന്റെ തിരക്കഥയിൽ ആ ഇരുപതു മിനിറ്റിൽ എന്തു നടക്കും എന്ന് എഴുതിയിരുന്നില്ല. ‘നായകനായ ശിവയിൽ ഗുളികൻ ആവേശിക്കുന്നു’ എന്ന ഒരു വരി മാത്രമാണ് എഴുതിയിരുന്നത്. ക്യാമറ ടീമിനോ ഫൈറ്റ് മാസ്റ്റർക്കോ ഒന്നും എന്താണു നടക്കാൻ പോകുന്നത് എന്ന ധാരണ ഉണ്ടായിരുന്നില്ല. സംഗീതത്തിനൊപ്പമാണ് ആ രംഗം മുന്നോട്ടു പോകുന്നത്. മൂന്നു ദിവസം തുടർച്ചയായ ഷൂട്ടിലാണ് ആ രംഗം പകർത്തിയത്. മറ്റാരെയും മനസ്സിൽ കണ്ടല്ല ‘കാന്താര’ എഴുതിയത്. എനിക്ക് അഭിനയിക്കാൻ വേണ്ടി തന്നെയാണ്.

 

പാൻ ഇന്ത്യൻ റിലീസ്

 

പാൻ ഇന്ത്യൻ റിലീസ് ഉദ്ദേശിച്ച ചിത്രമേ ആയിരുന്നില്ല കാന്താര. എന്നാൽ, ചിത്രം സ്വയം മാർക്കറ്റ് ചെയ്ത് പാൻ ഇന്ത്യൻ തലത്തിലേക്കെത്തി എന്നതാണു ശരി. കന്നഡക്കാർ ഈ ചിത്രത്തിന് ആദ്യ ദിനങ്ങളിൽ വലിയ മൗത്ത് പബ്ലിസിറ്റി നൽകിയതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നു മൊഴിമാറ്റത്തിനുള്ള ആവശ്യമുയർന്നു. ഹോംബാലെ ഫിലിംസിന്റെ വിജയ് കിരഗന്തൂർ ഉൾപ്പെടെയുള്ളവർ ചിത്രം ഫൈനൽ പ്രിന്റ് കണ്ടപ്പോൾത്തന്നെ ഇതു നിർബന്ധമായും മലയാളത്തിൽ ഡബ് ചെയ്യണം എന്നു പറഞ്ഞു. മലയാളികൾക്ക് പ്രത്യേകിച്ച് ഉത്തര കേരളത്തിലുള്ളവർക്ക് ഇതിലെ കഥാപാത്രങ്ങളെ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുമെന്നും അവർ പറഞ്ഞു. എന്നാൽ, ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. കന്നഡ പതിപ്പ് തിയറ്ററുകളിലെത്തിയ ശേഷമുള്ള വെറും രണ്ടാഴ്ച കൊണ്ടാണു ചിത്രത്തിന്റെ മറ്റു ഭാഷകളിലേക്കുള്ള ഡബ്ബിങ് പൂർത്തിയാക്കിയത്.

 

സംഗീതത്തെച്ചൊല്ലിയുണ്ടായ വിവാദം ഉലച്ചോ? വരാഹ രൂപം എന്ന ഗാനം പിൻവലിക്കേണ്ടി വന്നല്ലോ...

 

ഇല്ല. ഇപ്പോഴും ആ വിവാദത്തിൽ കഴമ്പുണ്ടെന്നു കരുതുന്നില്ല. അത് ക്ലാസിക്കൽ സംഗീതത്തി‍ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണു ഞങ്ങൾ ചെയതത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com