ജീത്തു പറഞ്ഞു, ‘ആസിഫിനെ എടുത്ത് പാടത്തേക്ക് എറിയണം’: ബാബുരാജ് അഭിമുഖം

baburaj-asif-ali
SHARE

ജീത്തു ജോസഫിന്റെ കൂമനിലെ ലോക്കപ്പ് മർദനവും ആസിഫ് അലിയെ ചെളിയിലേക്ക് വലിച്ചെറിയുന്ന രംഗവും ഫൈറ്റ് മാസ്റ്റർ ഇല്ലാതെ ചെയ്തതാണെന്ന് നടൻ ബാബുരാജ്.  പണ്ടത്തെ വില്ലൻ വേഷങ്ങളിൽ ഇടി കൊണ്ട പരിചയമുള്ളതുകൊണ്ട് ഇപ്പോൾ നല്ലപോലെ കൊടുക്കാൻ  കഴിയുന്നുണ്ടെന്നും  കൂമനിലെ പൊലീസ് വേഷം വളരെ നന്നായിരുന്നു എന്നാണു കിട്ടുന്ന പ്രതികരണങ്ങളെന്നും ബാബുരാജ് പറയുന്നു. ആദ്യമായി നല്ല സ്വഭാവമുള്ള ഒരു പൊലീസുകാരനായി അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും ബാബുരാജ് മനോരമ ഓൺലൈനിനോട് പറഞ്ഞു.   

കൂമനിലെ നല്ലവനായ പൊലീസുകാരൻ 

ഞാൻ പൊലീസ് വേഷങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ട്. പക്ഷെ എല്ലാം വളരെ മോശം സ്വഭാവമുള്ള പൊലീസുകാരായിരുന്നു. കൂമന്റെ കഥ കേൾക്കാൻ പോയപ്പോൾ കൃഷ്ണകുമാറും ജീത്തു ജോസഫും പറഞ്ഞു ഇത്തവണ ബാബു നല്ലവനായ ഒരു പൊലീസുകാരനാണ്. നല്ലൊരു ഓഫിസർ ആയി പെരുമാറിയാൽ മതി എന്ന് അവർ പറഞ്ഞു. ആദ്യമായാണ് നല്ല സ്വഭാവമുള്ള ഒരു പൊലീസുകാരനായി അഭിനയിക്കാൻ കഴിഞ്ഞത്, അതിൽ സന്തോഷമുണ്ട്.  ജോജിക്കു ശേഷം ഇറങ്ങിയ എന്റെ ചിത്രമാണ്  കൂമൻ.  ചിത്രം വിജയിച്ചതിൽ വലിയ സന്തോഷം. ഗംഭീര പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. എന്റെ കഥാപാത്രത്തെക്കുറിച്ചും നല്ല അഭിപ്രായങ്ങൾ കേൾക്കുന്നു.  ലുക്കും നന്നായിട്ടുണ്ടെന്നു എല്ലാവരും പറയുന്നുണ്ട്.  

kooman-babu

ആസിഫ് പറഞ്ഞു, ചെളി കുറച്ചു കൂട്ടി വച്ചോളൂ 

കബഡി കളിയുടെ സീനിൽ ജീത്തു ജോസഫ് എന്നോട് വന്നു പറഞ്ഞു "ബാബു ആസിഫിനെ എടുത്ത് പാടത്തേക്ക് എറിയണം".  ഞാൻ ചോദിച്ചു എങ്ങനെ ചെയ്യണം. ‘‘അതൊന്നും എനിക്കറിയില്ല എടുത്തെറിയണം ആസിഫ് പോയി വീഴണം, റിയൽ ആയി തോന്നണം’’–ജീത്തു പറഞ്ഞു.  ആസിഫും ഞാനുമായി ഒരു നല്ല സുഹൃത് ബന്ധമുണ്ട് ഞങ്ങൾക്ക് അതൊരു പ്രശ്നമല്ല.  ആസിഫ് ക്യാമറാമാനോട് ചോദിച്ചു എവിടെയാണ് വീഴേണ്ടത്, അപ്പൊ പാടത്ത് ചെളി കൂട്ടി വച്ചിട്ടുണ്ട്, ആസിഫ് അവരോടു പറഞ്ഞു "ചെളി കുറച്ചു കൂടുതൽ കൂട്ടി വച്ചോളൂ, ബാബുവേട്ടൻ ആണ് എറിയുന്നത്". ഒറ്റടേക്കിൽ കാര്യം കഴിയണം.  ഞാൻ ഒന്നും ആലോചിച്ചില്ല കാര്യമായി എറിഞ്ഞു, പാവം ആസിഫിന്റെ തലയിൽ വരെ മുഴുവൻ ചെളിയായി. നല്ല പതം വന്ന സോഫ്റ്റ് ചെളിയായതു കാരണം ആസിഫിന് ഒന്നും പറ്റിയില്ല.    

kooman-team

    

ലോക്കപ്പ് മർദനം 

ലോക്കപ്പിൽ ജാഫർ ഇടുക്കിയെ പൊലീസുകാര് എടുത്തിട്ട് കുടയുന്ന സീനുണ്ട്.  അന്ന് ജീത്തു എന്നോട് പറഞ്ഞു ഇന്ന് മാസ്റ്റർ ഒന്നുമില്ല, നിങ്ങൾ തന്നെ ചെയ്താൽ മതി.  പൊലീസുകാര് ഇടിക്കുന്നത് ജീത്തുവിന് അത്ര തൃപ്തിയായില്ല. അവസാനം അത് ഞാൻ ഏറ്റെടുത്തു. ഞാൻ ആണ് ഇടിക്കുന്നതെന്നു അറിഞ്ഞപ്പോൾ ജാഫറിന് കാര്യം മനസ്സിലായി.  ജീത്തു പറഞ്ഞു ഒറ്റ ടേക്കെ ഉള്ളു കേട്ടോ.  അവിടെയും ഞാൻ കയറി അങ്ങ് മേഞ്ഞു.  ജാഫർ പറഞ്ഞു "കണ്ടോ രണ്ടെണ്ണം കൊണ്ടെങ്കിൽ എന്താ പരിപാടി കഴിഞ്ഞു".  ജാഫറിനെ കണ്ടു എല്ലാവരും പേടിച്ചു പോയി, ഞാൻ റിയലായി ഇടിച്ചു എന്നാണു എല്ലാവരും കരുതിയത്.  

 

ഇടി കൊണ്ട് പഠിച്ചത് ഗുണം ചെയ്തു 

സ്റ്റണ്ട് ഡയറക്ടർ ഇല്ലാതെ നമ്മൾ ചെയ്യുമ്പോൾ അത് കുറച്ചു റിയലിസ്റ്റിക് ആകും. ജോജിയിലെ ക്ളൈമാക്സ് സീനിലും മാസ്റ്റർ ഒന്നുമില്ലാതെ ഞാൻ തന്നെ ചെയ്തതാണ് .  കുറെ നാൾ ഇടികൊണ്ടു പതം വന്ന ശരീരമാണല്ലോ. അത് ഇപ്പോൾ ഗുണം ചെയ്യുന്നു. പണ്ടൊക്കെ ഒരുപാട് ഇടി കൊണ്ടിട്ടുണ്ട്. ചില മാസ്റ്റർമാർ വന്നിട്ട് റിയലിസ്റ്റിക് ആയി ചെയ്യണം എന്ന് പറയും. അപ്പൊ ആ പഞ്ച് ഒക്കെ നമ്മുടെ ദേഹത്ത് കിട്ടും. പാഡ് ഒക്കെ വച്ചാലും നമുക്ക് കിട്ടുന്നത് വേദനിക്കും. പണ്ട് ഫിലിമിൽ ഷൂട്ട് ചെയ്യുന്നതുകൊണ്ട് റീടേക്ക് ചെയ്യുക ബുദ്ധിമുട്ടാണ്. അതുകൊണ്ടു നിന്നുകൊടുക്കുക ഇടി കൊള്ളുക വീഴുക അത്രേ ഉള്ളൂ. 

ഞാനും ഭീമൻ രഘു ചേട്ടനും വില്ലന്മാരായി തുടരെ അഭിനയിച്ചുകൊണ്ടിരുന്ന കാലമുണ്ട്.  ഷാജി കൈലാസിന്റെയോ ജോഷി സാറിന്റെയോ പടമൊക്കെ വരുമ്പോൾ രാവിലെ മുതൽ വൈകിട്ടുവരെ ഇടി കൊള്ളുവായിരിക്കും. വൈകിട്ട് വന്നു ചൂടുവെള്ളത്തില്‍ കീഴിൽ ഒന്ന് നിന്നാലാണ് ഒന്ന് നിവർന്ന് നിൽക്കാൻ കഴിയുക.  ഇപ്പോൾ കാലവും ടെക്‌നോളജിയും മാറി, ടേക്ക് എത്ര പോകുന്നതിനും പ്രശ്നമില്ല. നന്നായിട്ട് കൊണ്ടാൽ നന്നായി കൊടുക്കാനും പറ്റും. ലാലേട്ടന്റെ (മോഹൻലാൽ) പടത്തിന്റെ മെച്ചം അതാണ്. ലാലേട്ടൻ നന്നായി ഇടി കൊള്ളും, അതുകൊണ്ടു കൊടുക്കുമ്പോൾ ഓരോ ഇടിക്കും അതിന്റേതായ വെയ്റ്റ് ഉണ്ടാകും           

gold-baburaj

മൂന്നു വ്യത്യസ്ത പൊലീസ് വേഷങ്ങൾ  

ജോജി കഴിഞ്ഞു ഞാൻ അടുപ്പിച്ചു ചെയ്ത മൂന്നു പൊലീസ് കഥാപാത്രങ്ങളാണ് ഗോൾഡ്, കൂമൻ, തേര് എന്നീ ചിത്രങ്ങളിലേത്. ഗോൾഡിൽ ഒരു സിവിൽ പൊലീസുകാരൻ, അതിൽ നിന്ന് പ്രൊമോഷൻ കിട്ടി തേര് എന്ന പടത്തിൽ ഞാൻ എസ്ഐ ആയി. കൂമനിൽ എത്തിയപ്പോൾ വീണ്ടും പ്രൊമോഷൻ കിട്ടി സിഐ ആയി.  ഈ മൂന്നു കഥാപാത്രങ്ങളും വളരെ വ്യത്യസ്തമാണ്. അതിനു ശേഷം വന്ന പൊലീസ് വേഷങ്ങൾ ഞാൻ സ്വീകരിച്ചില്ല ഇത് മൂന്നും ഇറങ്ങട്ടെ എന്ന് കരുതി.  സിഐ ആയിട്ട് അഭിനയിച്ചതാണ് ആദ്യം ഇറങ്ങിയത്.  ഇനി ഇറങ്ങാൻ പോകുന്നത് ഗോൾഡ്. മൂന്നു ചിത്രങ്ങളിലും മൂന്നു രീതിയിൽ ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
FROM ONMANORAMA