ADVERTISEMENT

മലയാള സിനിമയിൽ ഒരു പുതിയ കാഴ്ചാനുഭവം പകർന്നുതന്ന ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. തീർത്തും കാസർഗോഡ് ഭാഷയിൽ സംസാരിക്കുന്ന നിഷ്കളങ്കരായ ഒരുപിടി മനുഷ്യരുടെ ജീവിതം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുത്തു.  നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രത്തിന്റെ സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ അടുത്ത ചിത്രമായ 1744 വൈറ്റ് ആൾട്ടോ  ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ റിലീസ് ചെയ്ത ദിവസം സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രം പതിയെ പ്രേക്ഷകപ്രശംസ നേടുന്നത് കാണുമ്പോൾ താൻ പ്രതീക്ഷിച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് സംവിധായകൻ സെന്ന പറയുന്നു.  എല്ലാത്തരം പ്രേക്ഷകരെയും ചിത്രം ആകർഷിക്കുമെന്ന് കരുതിയിരുന്നില്ല, വൈറ്റ് ആൾട്ടോ പതിയെ അതിന്റെ ഗതിവേഗം കണ്ടെത്തുമെന്ന പ്രതീക്ഷയായിരുന്നു. തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകൻ എന്ന രീതിയിൽ അറിയപ്പെടുന്നതിൽ സന്തോഷമുണ്ടെന്നും ഒരു വിജയത്തിന്റെ ഭാരം ചുമന്നുകൊണ്ട് എക്കാലവും ഇരിക്കാനാകില്ല പുതിയ വഴികൾ തെളിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും സെന്ന ഹെഗ്‌ഡെ മനോരമ ഓൺലൈനിനോട് പറയുന്നു.

 

വൈറ്റ് ആൾട്ടോ

1744-white-alto-trailer

 

തിങ്കളാഴ്ച നിശ്ചയം കഴിഞ്ഞ് ഒരു ചെറിയ ത്രില്ലർ ചിത്രം ചെയ്യണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് 1744 വൈറ്റ് ആൾട്ടോ ഉണ്ടാകുന്നത്. ഒടിടി പ്ലാറ്റ്ഫോമിന് വേണ്ടി ചെയ്ത ചിത്രമാണ്. ഒരു പരീക്ഷണം എന്നപോലെയാണ് വൈറ്റ് ആൾട്ടോ ചെയ്തത്. പിന്നീട് തിയറ്ററിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ട് വീണ്ടും കളർ ഡിസൈനും സൗണ്ടും ഒക്കെ തിയറ്ററിന് വേണ്ടി ചെയ്തു. ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതിയിട്ടില്ല. പ്രതീക്ഷിച്ച പോലെയുള്ള പ്രതികരണം ആണ് ചിത്രത്തിന് കിട്ടുന്നത്.  തുടക്കത്തിൽ മിക്സഡ് റിവ്യൂ ആണ് കിട്ടിയത്. ചിലർക്ക് പടം ഇഷ്ടപ്പെട്ടു ചിലർക്ക് ഇഷ്ടപ്പെട്ടില്ല. ഒരു പടം ചെയ്തു ഹിറ്റ് ആയി അവാർഡുകൾ നേടിക്കഴിഞ്ഞ് അടുത്ത പടം ചെയ്യുമ്പോൾ എല്ലാവർക്കും വലിയ പ്രതീക്ഷ ആയിരിക്കും, ആദ്യം ചെയ്ത പടവുമായി ഒരു താരതമ്യം ഉണ്ടാകും.അത് ഞാൻ പ്രതീക്ഷിച്ചിരുന്നു.റിലീസ് ചെയ്തു മൂന്നുനാലു ദിവസം കഴിഞ്ഞപ്പോൾ കുറച്ചുകൂടി ആളുകൾ പടം നന്നായി മനസ്സിലാക്കി കൂടുതൽ പോസിറ്റീവ് ആയ പ്രതികരണങ്ങൾ കിട്ടുന്നുണ്ട്. വലിയൊരു ഫെസ്റ്റിവലിനു ഈ ചിത്രം പോയിട്ടുണ്ട്, ഏതു ഫെസ്റ്റിവൽ ആണെന്നുള്ളത് പിന്നീട് പറയാം.    

1744-white-aulto-movie-2

 

മെയ്ഡ് ഇൻ കാഞ്ഞങ്ങാട് 

 

1744-white-aulto-movie-22

1744 വൈറ്റ് ആൾട്ടോ ചിത്രീകരിച്ചത് കാഞ്ഞങ്ങാട് ആണ്. എന്റെ നാടാണ് കാഞ്ഞങ്ങാട്. നമുക്ക് വേണ്ട ലൊക്കേഷൻ ഇവിടെത്തന്നെ ഉണ്ടെങ്കിൽ ദൂരെയെങ്ങും പോകണ്ടല്ലോ.  നമുക്ക് വേണ്ടത് ഒരു ഒഴിഞ്ഞ വരണ്ട  ആയ  ഭൂപ്രദേശമാണ്. ഞങ്ങൾ ഒരുദിവസം ഈ സ്ഥലത്ത്‌കൂടി യാത്ര ചെയ്യുമ്പോൾ ശ്രീരാജ് ചോദിച്ചു എന്തുകൊണ്ട് നമുക്ക് ഇവിടെ ഷൂട്ട് ചെയ്തുകൂടാ. വേനൽക്കാലത്ത് കാസർകോടിന് വല്ലാത്ത ഒരു ലുക്കാണ്. പുല്ല് ഒക്കെ ഉണങ്ങി സ്വർണനിറത്തിൽ കിടക്കും ഇലകളൊക്കെ ഉണങ്ങി വളരെ വരണ്ട പ്രദേശമാകും.  കണ്ടാൽ യുഎസിലെ മിഡ് വെസ്റ്റ് പോലെ തോന്നും. ഫെബ്രുവരി ആകുമ്പോഴേക്കും മുഴുവൻ മഞ്ഞനിറമാകും അത് കാണാൻ നല്ല മനോഹരമാണ്. രാവിലെയും വൈകുന്നേരവുമുള്ള ഗോൾഡൻ അവേഴ്‌സിലെ ലൈറ്റിൽ ഈ പ്രദേശം കാണാൻ നല്ല ഭംഗിയാണ്. ഞങ്ങൾക്ക് വേണ്ടതും അതുപോലെ ഒരു സ്ഥലമാണ്. അതുകൊണ്ടാണ് അവിടെ ഷൂട്ട് ചെയ്തത്. എന്നുകരുതി ഇത് കാഞ്ഞങ്ങാടിന്റെ കഥയല്ല, ഇത് കേരളത്തിൽ എവിടെയുമാകാം, കാഞ്ഞങ്ങാട് വച്ച് കഥയെഴുതി ഷൂട്ട് ചെയ്ത് എല്ലാ പണികളും തീർത്ത സിനിമയാണ് അതുകൊണ്ടാണ് "മെയ്ഡ് ഇൻ കാഞ്ഞങ്ങാട്" എന്ന  സബ്ടൈറ്റിൽ വച്ചത്. മെയ്ഡ് ഇൻ ചൈന എന്ന് പറയില്ലേ അതുപോലെ കാഞ്ഞങ്ങാട് വച്ച് ഉണ്ടായ പടം. 

 

വൈറ്റ് ആൾട്ടോ അൺറിയലിസ്റ്റിക് ചിത്രം 

 

1744-white-aulto-movie

വൈറ്റ് ആൾട്ടോ വളരെ സ്റ്റേജ്ഡ് ആയ ഒരു പടമാണ്. സാധാരണ ജീവിതത്തിൽ കാണുന്ന സംഭവമല്ല വളരെ അതിശയോക്തി തോന്നുന്ന സംഭവങ്ങളാണ്. തിങ്കളാഴ്ച നിശ്ചയം വളരെ റിയലിസ്റ്റിക് ആയ ചിത്രമാണെങ്കിൽ വൈറ്റ് ആൾട്ടോ ഒട്ടും റിയലിസ്റ്റിക് അല്ല. ഇങ്ങനത്തെ മണ്ടൻ കഥാപാത്രങ്ങളെ നിങ്ങൾക്ക് യഥാർഥ ജീവിതത്തിൽ കാണാൻ കഴിയില്ല.  തിങ്കളാഴ്ച നിശ്ചയത്തിൽ നിന്ന് എത്ര ദൂരം പോകാൻ പറ്റുമോ അത്രയും പോകാം എന്നാണ് ഞാനും ശ്രീരാജും ആദ്യം തീരുമാനിച്ചത്. ആദ്യം തന്നെ ഇത് എല്ലാവർക്കും വർക്ക് ആകുന്ന പടമല്ല എന്ന് പ്രൊഡ്യൂസറിനോട് പറഞ്ഞിരുന്നു. അന്നും ഇന്നും അവർ ഞങ്ങൾക്ക് പിന്തുണയായി നിൽക്കുന്നു. മുജീബ് സംഗീതം ചെയ്തതിൽ ഏറ്റവും നല്ല വർക്കാണ് വൈറ്റ് ആൾട്ടോയിലേത് എന്ന് ഞാൻ കരുതുന്നു.  ഞങ്ങൾ സംസാരിക്കുമ്പോൾ എന്ത് തരത്തിലുള്ള സംഗീതമാണ് ഞങ്ങൾക്ക് വേണ്ടതെന്നു ഞാൻ പറഞ്ഞിരുന്നു അതുപോലെ തന്നെ അദ്ദേഹം ചെയ്തിട്ടുണ്ട്.  

 

സംഗീതവും സൗണ്ട് ഡിസൈനും എല്ലാവർക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്. എന്നെ വിളിക്കുന്നവർ ഒരു ബ്രില്യൻറ്റ് സിനിമയാണ് എന്നാണ് പറയുന്നത്. പക്ഷേ ചില ആളുകൾക്ക് കണ്ടന്റ് ഇഷ്ടപ്പെട്ടിട്ടില്ല ചിലർക്ക് ഇഷ്ടപ്പെട്ടു, ഞാൻ അത് കേട്ടിട്ട് ഓക്കേ ആണ്.  ഞാൻ എത്രയോ പടങ്ങൾ കാണാറുണ്ട് എല്ലാവർക്കും ഇഷ്ടപെട്ട ചിലത് എനിക്ക് ഇഷ്ടപ്പെടാറില്ല, അത് സാധാരണമാണ്, എല്ലാവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒന്നും ഇല്ലല്ലോ.  മനുഷ്യർ വ്യത്യസ്തരല്ലേ. തിങ്കളാഴ്ച നിശ്ചയം ഇഷ്ടപ്പെടാത്തവരും ഉണ്ടാകാം. വൈറ്റ് ആൾട്ടോക്ക് കിട്ടുന്ന പ്രതികരണങ്ങളിൽ എനിക്ക് സർപ്രൈസ് ഇല്ല. പക്ഷേ ഞങ്ങളുടെ സിനിമ അതിന്റെ യഥാർഥ ഓഡിയൻസിനെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ റിസൾട്ട് എനിക്ക് തന്ന ഷറഫ്, രാജേഷ് മാധവൻ, ആനന്ദ് മന്മഥൻ, വിൻസി, സ്മിനു, അരുൺ, നവാസ് സജിൻ  തുടങ്ങിയ താരങ്ങളോടാണ് നന്ദി പറയേണ്ടത്. എല്ലാവരും ഈ സിനിമയുടെ മൂഡ് ഉൾക്കൊണ്ടു വളരെ നന്നായി പെർഫോം ചെയ്തു.

 

സിനിമയുടെ ലൈറ്റിങ് സിനിമാട്ടോഗ്രാഫറുടെ തീരുമാനം 

 

ശ്രീരാജിന്റെ കൂടെ എന്റെ മൂന്നാമത്തെ പടമാണ്.  ചിത്രത്തിന് ലൈറ്റ് ചെയ്തത് ശ്രീരാജിന്റെ സജഷൻ ആണ്. നമ്മൾ ഒരു കാറിൽ യാത്ര ചെയ്യുമ്പോൾ കാറിനുള്ളിൽ ലൈറ്റിട്ടല്ല പോകുന്നത്. ആ ഒരു നാച്ചുറൽ ഫീൽ വേണമെന്ന് ശ്രീരാജിന് നിർബന്ധമായിരുന്നു. സ്ട്രീറ്റ് ലൈറ്റ് മാത്രമേ ഉള്ളൂവെങ്കിലും അത് എങ്ങനെ കാറിനുള്ളിൽ എത്തും ആ രീതിയിൽ ആണ് ഡ്രൈവിങ് സീക്വൻസ് എല്ലാം ലൈറ്റ് ചെയ്തത്.

 

തിങ്കളാഴ്ച നിശ്ചയത്തിന്റെ വിജയത്തിന് ഒരു യാത്രയുണ്ട്.

 

തിങ്കളാഴ്ച നിശ്ചയത്തിന്റെ വിജയത്തിന് അതിന്റേതായ ഒരു യാത്രയുണ്ടയായിരുന്നു. ആദ്യം അതൊരു ഫെസ്റ്റിവലിൽ ആണ് പോയത് അവിടെ ഒരു ഗ്രൂപ്പ് പ്രേക്ഷകർ അത് കണ്ടു.  വളരെ നല്ല അംഗീകാരമാണ് അവിടെ കിട്ടിയത്. അവിടെ നിന്ന് ഒരു ഫൗണ്ടേഷൻ കിട്ടി. പിന്നീട് സംസ്ഥാന അവാർഡ് കിട്ടി, അപ്പോൾ ഫൗണ്ടേഷൻ കുറച്ചുകൂടി സ്ട്രോങ്ങ് ആയി.  പിന്നീട് ഒടിടിയിൽ വന്നു. വീട്ടിലെ സൗകര്യത്തിൽ ഇരുന്നു റിലാക്സ് ചെയ്ത് ക്ഷമയോടെ ചിത്രം കാണാൻ കഴിഞ്ഞു. അതിന്റെ കഥ എല്ലാവർക്കും പെട്ടെന്ന് റിലേറ്റ് ചെയ്യാൻ കഴിഞ്ഞു. ആരുടെ വീട്ടിലും ഇത്തരം സംഭവം നടക്കാം. അതുകൊണ്ട് തന്നെ സിനിമ പതിയെ എല്ലാവരും ഏറ്റെടുത്തു. പക്ഷേ എന്നും തിങ്കളാഴ്ച നിശ്ചയം ചെയ്യാൻ കഴിയില്ലല്ലോ, എനിക്ക് ചെയ്യാൻ ഇഷ്ടപ്പെടുന്ന കഥകളെല്ലാം ചെയ്യണം എന്നാണ് ആഗ്രഹം.   

 

വിജയത്തിന്റെ ഭാരം ചുമന്നിട്ട് കാര്യമില്ല 

 

എന്റെ സിനിമാജീവിതത്തിന് ഫൗണ്ടേഷൻ തന്ന പടമാണ് തിങ്കളാഴ്ച നിശ്ചയം. ആ സിനിമ എന്നും എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയായിരിക്കും. ഇപ്പോഴും ചിത്രത്തെക്കുറിച്ചുള്ള നല്ല അഭിപ്രായങ്ങൾ കിട്ടാറുണ്ട്. അതിൽ സന്തോഷമുണ്ട്. തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകൻ എന്ന് ഞാൻ എന്നും അറിയപ്പെടുമായിരിക്കും. പക്ഷേ അതിന്റെ വിജയം ആഘോഷിച്ചുകൊണ്ട് എന്നും ഇരിക്കാൻ കഴിയില്ല. എന്നെങ്കിലുമൊരിക്കൽ നമുക്ക് ആ വിജയാഘോഷത്തിൽ നിന്നും മനസ്സിനെ പിന്തിരിപ്പിച്ചേ പറ്റൂ. നല്ലതിനായാലും ചീത്തയ്ക്കായാലും അടുത്ത പരിപാടി എന്താണെന്ന് ചിന്തിച്ചേ മതിയാകൂ. ആ ചിത്രത്തെപ്പോലെ വിജയിച്ചില്ലെങ്കിലും എനിക്ക് അടുത്ത ചിത്രത്തെപ്പറ്റി ആലോചിച്ചേ മതിയാകൂ.  എന്നും സിനിമ ചെയ്തുകൊണ്ടിരിക്കണം എന്ന് എനിക്ക് ആഗ്രഹമില്ല, ഞാൻ ഇനി മൂന്നുനാല് വർഷം കൂടിയേ സിനിമ ചെയ്യൂ. എനിക്ക് ചെയ്യാൻ ആഗ്രഹമുള്ള മൂന്നു നാലു സിനിമ ചെയ്യണം. സിനിമയിൽ ഒരു കരിയർ ഉണ്ടാക്കാൻ അല്ല ഞാൻ സിനിമ ചെയ്യാൻ തുടങ്ങിയത് ആരെങ്കിലും ഒരു നല്ല കഥ അയച്ചു തന്നാൽ അല്ലെങ്കിൽ ഞാൻ നല്ലൊരു കഥ എഴുതിയാൽ അത് സിനിമയാക്കണം എന്ന് തോന്നുമ്പോഴാണ് ചെയ്യുന്നത്.

 

കോർപ്പറേറ്റ് ലോകത്തു നിന്നും കാഞ്ഞങ്ങാടേക്ക് 

 

ഒരു പടം എന്നെങ്കിലും ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അതിനു വേണ്ടി കഷ്ടപ്പെടാൻ താല്പര്യമില്ലായിരുന്നു. അതുകൊണ്ട് ഞാൻ ജോലിക്ക് പോയി. കോർപ്പറേറ്റ് ജോലികൾ ചെയ്തു.   മൾട്ടി നാഷ്നൽ കമ്പനികളിൽ ജോലി ചെയ്യുകയായിരുന്നു. കുറച്ചു നാൾ ഓസ്‌ട്രേലിയയിലും, യുഎസ്, കാനഡ തുടങ്ങി  മറ്റു പല രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഒടുവിൽ എനിക്ക് അതെല്ലാം മതിയായി ഇന്ത്യയിലേക്ക് തിരിച്ചു വരണമെന്ന് തോന്നി. ഇവിടെ വന്നു കാഞ്ഞങ്ങാട് സെറ്റിൽ ചെയ്തു. അതിനു ശേഷം പടം ചെയ്യാൻ തോന്നി. കാഞ്ഞങ്ങാടുള്ള വോളിബാൾ കളിക്കാരുടെ ജീവിതം ആസ്പദമാക്കി 0 - 41 എന്ന ചിത്രമാണ് ആദ്യം ചെയ്തത്. യുഎസിലെ ബയോ ഫിലിം ഫെസ്റ്റിവലിലാണ് അത് ആദ്യമായി പ്രീമിയർ ചെയ്തത്, ഏറ്റവും നല്ല സിനിമാട്ടോഗ്രഫിക്കുള്ള അവാർഡും അത് കരസ്ഥമാക്കി.  പിന്നീട് കത്തെയൊണ്ട് ശുരുവാഗിടെ എന്ന കന്നഡ ചിത്രം ചെയ്തു.  അതിനു ശേഷമാണ് തിങ്കളാഴ്ച നിശ്ചയം ചെയ്യുന്നത്. 

 

മലയാളസിനിമ കണ്ടു വളർന്ന കാലം 

 

ഞാനൊരു 80-90 കാലഘട്ടത്തിൽ വളർന്ന ആളാണ്. ചെറുപ്പത്തിൽ മലയാളം ഇംഗ്ലിഷ് സിനിമകൾ കാണുമായിരുന്നു. ആദ്യം എനിക്ക് ബാലചന്ദ്ര മേനോൻ ചിത്രങ്ങൾ ആയിരുന്നു ഇഷ്ടം. പിന്നീട് സത്യൻ അന്തിക്കാട്, ശ്രീനിവാസൻ ചിത്രങ്ങളിൽ താല്പര്യമായി. കുറച്ചുകൂടി വളർന്നപ്പോൾ പദ്മരാജൻ, ഭരതൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ ഇഷ്ടം തോന്നി. 90 കളുടെ അവസാനം വരെ ഞാൻ മലയാളം ചിത്രങ്ങൾ കണ്ടിട്ടുണ്ട്. കാഞ്ഞങ്ങാടുള്ള വിഡിയോ കാസറ്റ് കടയിൽ നിന്ന് ചിത്രങ്ങൾ എടുത്തു കാണും. വിദേശത്തു പോയതിനു ശേഷം പത്ത് വർഷത്തോളം മലയാളം സിനിമകൾ കണ്ടിട്ടില്ല. പിന്നീട് 2010 നു ശേഷമാണു മലയാളം പടം കാണുന്നത്. മലയാളം സിനിമ ചെയ്യണമെന്നുള്ളത് ചെറുപ്പം മുതൽ ഉള്ള ആഗ്രഹമാണ് അത് ഇപ്പോൾ സാധ്യമായത്തിൽ സന്തോഷമുണ്ട്.      

 

പദ്മിനി വരുന്നു 

 

ഞാൻ അടുത്തതായി ചെയ്യാൻ പോകുന്നത് പദ്മിനി എന്ന ചിത്രമാണ്. ചിത്രത്തിന്റെ തിരക്കഥാരചന പൂർത്തിയായി,  കുഞ്ഞിരാമായണത്തിന്റെ തിരക്കഥാകൃത്ത് ദീപുവാണ് ഈ ചിത്രം എഴുതിയത്. അടുത്തമാസം ഷൂട്ടിങ് തുടങ്ങും.  പദ്മിനിയുടെ ലൊക്കേഷൻ പാലക്കാടാണ്. പദ്മിനി കഴിഞ്ഞ് ഒരു ചിത്രം കൂടി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട് അതൊരു നാടൻ കോമഡി ചിത്രമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com