ADVERTISEMENT

പുതിയ സിനിമ ‘ഷെഫീക്കിന്റെ സന്തോഷം’ തിയറ്ററിലെത്തിയ വേളയിൽ ഉണ്ണി മുകുന്ദൻ സംസാരിക്കുന്നു.

 

ഷെഫീക്കിന്റെ സന്തോഷങ്ങൾ

 

കഴിഞ്ഞ സിനിമ ‘മേപ്പടിയാനി’ൽ നിന്നു വ്യത്യസ്തമായ ഒരു കഥ തേടുന്നതിനിടെയാണു ഷെഫീക്കിലേക്ക് എത്തിയത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിടുന്ന, പ്രണയവും ചെറു തമാശകളൊക്കെ ഉൾപ്പെടുന്ന ഫീൽഗുഡ് സ്വഭാവത്തിലുള്ള സിനിമയാണ്. നടനെന്ന നിലയിൽ എനിക്കും ഇത്തരം സിനിമകൾ ചെയ്യാൻ കഴിയുമെന്നു തെളിയിക്കാനുള്ള ശ്രമം ഈ തിരഞ്ഞെടുപ്പുകളിലുണ്ട്. മറ്റൊന്നാണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തിനുള്ള പൈൽസ് എന്ന അവസ്ഥ. മറ്റു ജീവിതശൈലി രോഗങ്ങളെക്കുറിച്ചു തുറന്നു പറയുന്ന പലരും പൈൽസിന്റെ അവസ്ഥ പുറത്തു പറയാറില്ല. അതു പക്വതയോടെ കൈകാര്യം ചെയ്യാമെന്ന ആത്മവിശ്വാസം സംവിധായകൻ അനൂപ് പന്തളത്തിന് ഉണ്ടായിരുന്നു.

 

നിർമാതാവ് എന്ന നിലയിൽ പണം മുടക്കുന്നതിലെ ആത്മവിശ്വാസം ?

 

മുൻപൊരിക്കൽ ചിലരുടെ അനുഭവം കേട്ടപ്പോൾ പിൻമാറിയതാണ്. ഇപ്പോൾ നിർമാണത്തിലേക്കു കടന്നതു ശരിയായ തീരുമാനമായി തോന്നുന്നുണ്ട്. നമ്മുടെ സിനിമയുടെ ക്വാളിറ്റി മാത്രമല്ല, സിനിമ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള സ്വാതന്ത്ര്യവും അതു തരുന്നു.

 

‘മസിലളിയൻ’ സങ്കൽപത്തിനു പുറത്തേക്ക്...

 

മേപ്പടിയാൻ പോലൊരു സിനിമ ചെയ്യാൻ കാത്തിരുന്നതിനാൽ 4 വർഷത്തോളം വില്ലൻ വേഷങ്ങളിലും മറ്റുമാണ് അഭിനയിച്ചത്. എന്റെ ശരീരം മാറ്റിവച്ച് അഭിനയിക്കാനാവില്ല. അതിന്റെ പേരിൽ പലപ്പോഴും ടൈപ്കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അവസരങ്ങളെ ബാധിച്ചിട്ടുമുണ്ട്. മറ്റു നടന്മാ‍ർ വേണ്ടെന്നുവച്ച സിനിമകൾ പലതും ചെയ്തിരുന്ന ഞാൻ, ഇപ്പോൾ എനിക്ക് ഇഷ്ടപ്പെട്ട സിനിമകൾ ചെയ്യുന്നുണ്ട്. ചെറുതെങ്കിലും അഭിനയ സാധ്യതകളുള്ള നല്ല വേഷം ലഭിച്ചാൽ ഇനിയും ചെയ്യും.

 

പുതിയ സിനിമകളിലേക്കും ആ ആത്മവിശ്വാസം ?

 

ഇതുവരെയുള്ള സിനിമാജീവിതത്തിലെ ഏറ്റവും നല്ല അവസ്ഥയിലൂടെയാണ് ഞാൻ പോകുന്നത്. ഇനി വരുന്ന ‘മാളികപ്പുറം’ വലിയ റിലീസ് ലക്ഷ്യമിടുന്ന സിനിമയാണ്. പിന്നെ, ഗന്ധർവനായി അഭിനയിക്കുന്ന ഗന്ധർവൻ ജൂനിയർ... ഇങ്ങനെ കുറച്ചു സിനിമകളുണ്ട്. യശോധയ്ക്കു ശേഷം തെലുങ്കിൽ നിന്നുള്ള സിനിമ വന്നെങ്കിലും ഇവിടെ ചെയ്തു തീർക്കേണ്ട സിനിമകൾ ഉള്ളതിനാൽ തീരുമാനമായിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com