ADVERTISEMENT

ഫഹദ് ഫാസിൽ നായകനായെത്തിയ അതിരൻ സംവിധാനം ചെയ്ത് മലയാള സിനിമാലോകത്തേക്ക് പ്രവേശിച്ച സംവിധായകനാണ് വിവേക് തോമസ്. ഏറെ വ്യത്യസ്തമായ പ്രമേയവുമായെത്തിയ അതിരൻ പ്രേക്ഷക പ്രശംസ നേടിയിരുന്നു. രണ്ടുമൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തന്റെ രണ്ടാമത്തെ ചിത്രവുമായി വിവേക് എത്തുന്നത്. അമല പോൾ കേന്ദ്ര കഥാപാത്രമായെത്തുന്ന 'ടീച്ചർ' സമൂഹത്തിൽ ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ് പ്രതിപാദിക്കുന്നതെന്ന് വിവേക് പറയുന്നു.  സുഹൃത്തുക്കളുടെ കൂട്ടായ്മയിൽ നിന്നാണ് ടീച്ചർ എന്ന ചിത്രം യാഥാർഥ്യമായതെന്ന് വിവേക് കൂട്ടിച്ചേർത്തു. ടീച്ചറിന്റെ വിശേഷങ്ങളുമായി വിവേക് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു...       

 

ടീച്ചർ ഒരു ക്രൈം തില്ലർ 

 

ടീച്ചർ എന്ന സിനിമ ഒരു ക്രൈം തില്ലർ ജോണറിൽ പെട്ട സിനിമയാണ്. അമല പോൾ അഞ്ചു വർഷത്തിന് ശേഷം മലയാള സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രത്തിൽ എത്തുന്നു എന്ന സവിശേഷത കൂടി ഈ ചിത്രത്തിനുണ്ട്. സിനിമയുടെ ചിത്രീകരണം നടത്തിയത് കൊല്ലത്ത് മൺറോ തുരുത്ത്, കൊല്ലം സിറ്റി, കുണ്ടറ, കൊച്ചി എന്നിവിടങ്ങളിലാണ്. ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്ന് വരുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില വെല്ലുവിളികളും അത് മറികടക്കാൻ അവർ നടത്തുന്ന പരിശ്രമങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. വളരെ സ്പീഡിൽ കഥപറഞ്ഞു പോകുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. കൊറോണയുടെ സമയത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. പക്ഷേ ഇതിനിടയിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ട് ചിത്രം സ്റ്റക്ക് ആയിപോയിരുന്നു. അതെല്ലാം അതിജീവിച്ചാണ് ഇപ്പോൾ ചിത്രം തിയറ്ററിൽ എത്തുന്നത്. ടീച്ചർ ഡിസംബർ ഒന്നിന് ജിസിസിയിലും രണ്ടിന് ഇന്ത്യയിലും റിലീസ് ചെയ്യും.

teacger-team

 

സുഹൃത്തുക്കളുടെ സിനിമ 

 

കൊറോണയുടെ രണ്ടാം തരംഗത്തിന്റെ സമയത്താണ് ഈ ഒരു കഥ സിനിമയാക്കാം എന്ന് തീരുമാനമായത്. കൊറോണയുടെ സമയത്ത് ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ഇരുന്നു ചർച്ച ചെയ്തുണ്ടായ ഒരു കഥയാണ് ടീച്ചറിലേത്. കഥ എഴുതിയത് പി.വി. ഷാജികുമാർ ആണ്, അദ്ദേഹം ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ കഥ എഴുതിയിരുന്നു.  അതിനു ശേഷം ഇപ്പോഴാണ് ഒരു മുഖ്യധാര ചിത്രം ചെയ്യുന്നത്. ഞങ്ങൾ സുഹൃത്തുക്കൾ ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ കഴിയുന്നതിൽ ഒരു സന്തോഷവും സംതൃപ്തിയുമുണ്ട്. അഞ്ചു വർഷത്തിനിടെ അമല മലയാള ചിത്രം ഒന്നും ചെയ്യാത്തതിനാൽ രണ്ടാം വരവിൽ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രവുമായി എത്തിയാൽ നന്നായിരിക്കും എന്ന് തോന്നി.  മലയാളത്തിൽ അടുത്തിടെ അധികം അഭിനയിച്ചു കാണാത്തതിനാൽ എന്ത് തരം കഥാപാത്രവുമായിട്ടാണ് തിരിച്ചുവരുന്നതെന്നു കാണാൻ ആളുകൾക്ക് ആകാംഷ ഉണ്ടാകും.  അമല പോൾ കഴിവ് തെളിയിച്ച ഒരു താരമാണ് ഈ കഥാപാത്രം അമലയുടെ കയ്യിൽ ഭദ്രമായിരിക്കും എന്ന് തോന്നി. ടീച്ചറിലെ കഥാപാത്രം പെർഫോമൻസ് ഓറിയന്റഡ് ആണ്.  അതുകൊണ്ടാണ് അമലയെ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. കഥയുമായി അമലയുടെ അടുത്ത് എത്തിയപ്പോൾ അമലയ്ക്ക് കഥാപാത്രത്തെ ഇഷ്ടമായി. അമല ചെയ്യേണ്ടതായ ഒരു കഥാപാത്രമാണെന്ന് തോന്നിയതുകൊണ്ട് പെട്ടെന്ന് തന്നെ ഓക്കേ  പറയുകയായിരുന്നു.

 

രണ്ടു മണിക്കൂറിൽ താഴെയുള്ള ചിത്രം 

mohanlal-vivek

 

ടീച്ചർ എന്ന ചിത്രം ചിത്രം രണ്ടു മണിക്കൂറിൽ താഴെയേ ഉള്ളൂ. ഞാൻ വളരെ അക്ഷമയുള്ള ആളാണ്. രണ്ടുമണിക്കൂറിൽ കൂടുതൽ ഒരു ചിത്രം കണ്ടുകൊണ്ടിരിക്കുക ബുദ്ധിമുട്ടാണ് .  എന്നെപ്പോലെ ഒരുപാടുപേർ ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. കഥ ആവശ്യപ്പെടുന്നെങ്കിൽ മാത്രമേ സിനിമയുടെ ദൈർഘ്യം കൂട്ടാൻ പാടുള്ളൂ. ആവശ്യം ഇല്ലാതെ വലിച്ചു നീട്ടുന്നതിൽ താല്പര്യമില്ല.  ഈ കഥയ്ക്ക് ഇത്രയും നീളമേ ആവശ്യമുള്ളൂ. 

 

അതിരനിൽ തുടക്കം 

 

എന്റെ ആദ്യത്തെ സിനിമ അതിരനാണ്. ഫഹദ് ഫാസിൽ ആയിരുന്നു നായകൻ. ആദ്യ ചിത്രം തന്നെ ഫഹദിനെ പോലെ ഒരു താരത്തോടൊപ്പം ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. പരസ്യ ചിത്രങ്ങളാണ് അതിനു മുൻപ് ചെയ്തുകൊണ്ടിരുന്നത്. ഗ്ലോബൽ യുണൈറ്റഡ് മീഡിയ എന്ന കമ്പനി രൂപീകരിച്ച് സിനിമകൾ വിതരണം ചെയ്യുന്നതിൽ പങ്കാളി ആയിരുന്നു.  ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ് ഐ, ബാഹുബലി ഒന്ന് രണ്ട്, ജംഗിൾ ബുക്ക് തുടങ്ങിയവ വിതരണം ചെയ്തത്. കള, ന്നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം ചെയ്ത ഡോൺ വിൻസെന്റാണ് ടീച്ചറിന്റെ സംഗീത സംവിധായകൻ. ഛായാഗ്രാഹകൻ  അനു മൂത്തേടത്ത് ആണ്, അദ്ദേഹം അതിരന്റെയും സിനിമാട്ടോഗ്രാഫർ ആയിരുന്നു. ഹൈദരാബാദ് എഫ് സി എന്ന ഫുട്ബോൾ ക്ലബ്ബിന്റെ ഉടമസ്ഥർ ആയ നട്ട്മെഗ് പ്രൊഡക്‌ഷൻസ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.  

 

സമൂഹം ചർച്ച ചെയ്യേണ്ട വിഷയം 

 

മഞ്ജു പിള്ള വളരെ ശക്തമായ ഒരു കഥാപാത്രമായി ടീച്ചറിലുണ്ട്. ചേച്ചി ആദ്യമായാണ് ഇത്തരമൊരു കഥാപാത്രം ചെയ്യുന്നത്. ഹക്കിം ഷാ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത്. താരങ്ങളും അണിയറപ്രവർത്തകരും എല്ലാം തന്നെ വളരെയധികം കോഓപ്പറേറ്റീവ് ആയിരുന്നു. എല്ലാവരുടെയും പിന്തുണ കൊണ്ടാണ് ഈ ചിത്രം ഭംഗിയായി പൂർത്തിയാക്കാൻ കഴിഞ്ഞത്. ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ നമ്മൾ വളരെയധികം ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ് ഇതിൽ പ്രതിപാദിച്ചിട്ടുള്ളത്. സ്ത്രീ കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യമുണ്ടെങ്കിലും സ്ത്രീകളുടെ വിഷയം മാത്രമല്ല സമൂഹത്തെ മൊത്തം ബാധിക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നത്.  ട്രെയിലറിൽ കാണിക്കാത്ത കുറച്ചു കാര്യങ്ങളും താരങ്ങളും ചിത്രത്തിലുണ്ട്. കേരളത്തിലെ പ്രേക്ഷകർ ഇപ്പോൾ ഒരുപാട് മാറി. ചിത്രത്തിന്റെ കണ്ടന്റിന്റെ പ്രാധാന്യം നോക്കിയാണ് ഇന്ന് പ്രേക്ഷകർ സിനിമ കാണുന്നത്. ടീച്ചറിന്റെ വിഷയം ഏറെ സാമൂഹ്യപ്രാധാന്യമുള്ളതാണെന്നാണ് ഞങ്ങൾ കരുതുന്നത്. ചിത്രം കണ്ടിട്ട് ഇതിലെ കണ്ടന്റ് ചർച്ച ചെയ്യപ്പെടണം എന്നാണ് ആഗ്രഹം.  

 

പുതിയ ചിത്രങ്ങൾ 

 

ടീച്ചർ കഴിഞ്ഞു ഞാൻ ചെയ്യാൻ പോകുന്നത് ബോബി–സഞ്ജയ് പ്രോജക്ടാണ്. പൃഥ്വിരാജിന്റെ എമ്പുരാനു ശേഷം ലാലേട്ടൻ (മോഹൻലാൽ) അഭിനയിക്കുന്ന എൽ353 ആയിരിക്കും എന്റെ അടുത്ത ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com