ദേവിയമ്മയോട് പറഞ്ഞു, ‘ബിഗ് ബിയിലെ മമ്മൂക്കയപ്പോലെ ഇരുന്നാൽ മതി’: തരുൺ മൂര്‍ത്തി അഭിമുഖം

tharun-moorthy
SHARE

ഒരു കുഞ്ഞു വെള്ളക്ക കൊണ്ട് പ്രേക്ഷകനെ തിയറ്ററിൽ പിടിച്ചിരുത്താൻ കഴിയുമോ? തരുൺ മൂർത്തി എന്ന സംവിധായകന് അതു പറ്റുമെന്നാണ് ‘സൗദി വെള്ളക്ക’ എന്ന ചിത്രത്തിന്റെ വിജയം തെളിയിക്കുന്നത്. ‘ഓപ്പറേഷൻ ജാവ’യുടെ വമ്പൻ വിജയത്തിനു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് ‘സൗദി വെള്ളക്ക’. ഇന്ത്യൻ പനോരമയിൽ ഇടം ലഭിച്ചതുൾപ്പടെ നിരവധി അംഗീകാരങ്ങൾ നേടിയാണ് ചിത്രം തിയറ്ററിലെത്തിയത്. കൊച്ചി തേവര പാലത്തിനടുത്തുള്ള സൗദി എന്ന ചെറിയ സ്ഥലത്തെ ഒരു തെങ്ങിൽനിന്നു വീണ വെള്ളക്ക കുറെ മനുഷ്യരെ വർഷങ്ങളോളം കോടതി കയറ്റിയ കഥ പറയുന്ന ചിത്രം പ്രേക്ഷക ഹൃദയങ്ങളെ പിടിച്ചുലയ്ക്കുകയാണ്. ഒരു പേപ്പർ കട്ടിങ്ങിൽ കണ്ട കേസിനെക്കുറിച്ചുള്ള വാർത്ത മനസ്സിൽ കയറുകയും അതു പിന്നീട് സിനിമയുടെ കഥയായി മാറുകയുമായിരുന്നുവെന്ന് തരുൺ മൂർത്തി പറയുന്നു. ജീവിതഗന്ധിയായ കഥകൾ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന വിശ്വാസമുണ്ടെന്നും സൗദി വെള്ളക്ക എന്ന കുഞ്ഞു സിനിമ പതിയെ അതിന്റെ പ്രേക്ഷകരെ നേടിയെടുക്കുമെന്നും തരുൺ മൂർത്തി മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.

പത്രത്തിൽ വായിച്ച വാർത്തയാണ് സൗദി വെള്ളക്കയായത്

ഒരു പേപ്പർ കട്ടിങ് ആണ് സൗദി വെള്ളക്ക എന്ന സിനിമയിലേക്ക് എന്നെ നയിച്ചത്. പ്രായമായ ഒരു സ്ത്രീയുടെ ജീവിതത്തിൽ നടന്ന സംഭവമായിരുന്നു അത്. വർഷങ്ങളായി കേസ് കോടതിയിലാണ്. കേസിന്റെ വാദം ഒരുപാട് വർഷം നീണ്ടുപോയി എന്നു മാത്രമേ പത്രത്തിൽ ഉള്ളൂ. കൂടുതൽ വിവരങ്ങളൊന്നും ഇല്ല. പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ള നർമവും ഇമോഷനൽ രംഗങ്ങളും യഥാർഥ സംഭവത്തോടു കൂട്ടിച്ചേർത്താണ് സിനിമയാക്കിയത്. 47 ദശലക്ഷത്തോളം കേസുകളാണ് ഇത്തരത്തിൽ കോടതികളിൽ കെട്ടിക്കിടക്കുന്നത് എന്നു കേൾക്കുമ്പോൾത്തന്നെ ഇത് ആരുടെയൊക്കെയോ ജീവിതത്തിൽ നടക്കാൻ സാധ്യതയുള്ളതാണല്ലോ.

ഐഷ ഉമ്മ 'ബിഗ് ബി'യിലെ മമ്മൂക്ക

ദേവി വർമ എന്ന അമ്മയാണ് ഐഷ ഉമ്മയായി അഭിനയിച്ചത്. 87 വയസ്സുള്ള ഒരു വീട്ടമ്മയാണ്. ഇതുവരെ അഭിനയിച്ച അനുഭവം ഒന്നുമില്ല. ആദ്യമായി ക്യാമറയ്ക്കു മുന്നിൽ വന്നതാണ്. ഒരിക്കൽ ഒരു വാട്സാപ് സ്റ്റാറ്റസിൽ ചിത്രം കണ്ടപ്പോൾ അവരെ കാസ്റ്റ് ചെയ്താൽ കൊള്ളാം എന്നു തോന്നി തേടി ചെന്നതാണ്. ആവശ്യം അറിയിച്ചപ്പോൾ ചെയ്തു നോക്കാം എന്നുപറഞ്ഞു. എന്നെ അതിശയിപ്പിച്ചുകൊണ്ട് ആ അമ്മ ഞങ്ങൾ പറഞ്ഞതൊക്കെ അതുപോലെ ചെയ്തു. 87 ാം വയസ്സിലും ആ അമ്മയിൽ ഒരു ഫയറുണ്ട്.

saudi-vellakka-umma

ദേവി അമ്മയുടെ പുരികമാണ് എന്നെ ആദ്യം ആകർഷിച്ചത്. അത്രയ്ക്ക് കട്ടിയുള്ള പുരികം അധികമാർക്കും കണ്ടിട്ടില്ല. അമ്മയുടെ പ്രത്യേകത ഇന്റർനാഷനൽ ഫെയ്സ് ഉണ്ട് എന്നതാണ്. മലയാളം, തമിഴ്, ഹിന്ദി, അങ്ങനെ ഏതു ഭാഷയിൽ കാസ്റ്റ് ചെയ്താലും ആ ഭാഷയിലുള്ളതാണ് എന്ന് തോന്നും. ഇറാനിയൻ ആണെന്നു പറഞ്ഞാൽ പോലും ആരും വിശ്വസിക്കും. അമ്മയെ കണ്ടപ്പോൾ അവരല്ലാതെ മറ്റൊരു ഓപ്‌ഷൻ എനിക്ക് ഇല്ലെന്നു തോന്നി. ഒരു ധൈര്യത്തിലാണ് ആ പ്രധാന കഥാപാത്രത്തെ അമ്മയെ ഏൽപിച്ചത്. ഇപ്പൊ ചിലരൊക്കെ അതൊരു റിസ്ക് അല്ലായിരുന്നോ എന്ന് ചോദിക്കുന്നുണ്ട്. എനിക്കും അത് ശരിയാണല്ലോ, എങ്ങാനും പാളിപ്പോയെങ്കിലോ എന്ന് തോന്നി. പക്ഷേ അന്നേരം അതൊന്നും തോന്നിയില്ല. കൂടെ നിന്നവരാരും നിരുത്സാഹപ്പെടുത്തിയില്ല. എല്ലാം ഒരു ടീം വർക്കാണ്. ഞാൻ ആകെ അമ്മയോട് പറഞ്ഞത്, അമ്മ ഒന്നും ചെയ്യണ്ട, ഞാൻ പറയുന്നതുപോലെ അങ്ങ് ഇരുന്നാൽ മതി എന്നാണ്. മുഖത്ത് എപ്പോഴും ഒരു മരവിപ്പ് വേണം. ഭാവവ്യത്യാസം ഇല്ലാതെ ക്യാമറയ്ക്ക് മുന്നിൽ ഇരിക്കുക അത്ര എളുപ്പമല്ല. നോട്ടത്തിൽപോലും ഒരു നിസ്സംഗത വേണം. ഞാൻ അമ്മയോട് പറഞ്ഞു, ‘‘ബിഗ് ബി യിലെ മമ്മൂക്ക എങ്ങനെ ഇരുന്നോ അങ്ങനെ ഇരുന്നാൽ മതി’’. അമ്മ പറഞ്ഞു, ‘‘ബിഗ് ബി കണ്ടിട്ടുണ്ട് മമ്മൂട്ടിയെ അതിൽ കണ്ടിട്ടുണ്ട്. അതുപോലെ ചെയ്യാം’’. ഞങ്ങൾ സെറ്റിൽ ബിഗ് ബിയിലെ മമ്മൂക്ക എന്നുപറഞ്ഞ് അമ്മയെ കളിയാക്കുമായിരുന്നു. എന്റെ പ്രതീക്ഷയ്ക്ക് അപ്പുറമാണ് അമ്മ തന്നത്. ദേവി അമ്മ ഞങ്ങളെ എല്ലാവരെയും കരയിച്ചു കളഞ്ഞു.

ഫെസ്റ്റിവൽ സിലക്‌ഷൻ ഒന്നും പ്രതീക്ഷിച്ചതല്ല

ഗോവ ഫെസ്റ്റിവലിലൊന്നും സിനിമ എത്തുമെന്ന് പ്രതീക്ഷിച്ചതല്ല. ഏതു പ്രേക്ഷകനും വളരെ ജെനുവിൻ ആയ ഇമോഷൻ ഇഷ്ടമാണ്. ഇത് ജെനുവിൻ ആയ സംഭവങ്ങളും ഇമോഷനുമാണ്. ഇത്രയും ജീവിതഗന്ധിയായ വികാരങ്ങളും സംഭവങ്ങളും എഴുതുന്നതുതന്നെ നല്ല രസമുള്ള കാര്യമായിരുന്നു. ജീവിതഗന്ധിയായ സിനിമകളെ ഒരിക്കലും മലയാളികൾ കൈവിട്ടിട്ടില്ല. ആ പ്രതീക്ഷയുണ്ടായിരുന്നു. ഒരു ഫ്രയിമിൽ പോലും കള്ളത്തരം വേണ്ട, ആരെയും പറ്റിക്കരുത് എന്ന് ഞാൻ ടീമിനോടു പറയുമായിരുന്നു. ഒരു പ്രമോഷൻ മെറ്റീരിയൽ പോലും ആളെ പറ്റിക്കുന്ന തരത്തിൽ ഇട്ടിട്ടില്ല. ട്രെയിലറിൽ ഗിമ്മിക്സ് കാണിച്ചിട്ടില്ല. നമ്മൾ എന്താണോ ഉദ്ദേശിച്ചത്, അത് മാത്രമേ പ്രമോഷനിലും കാണാൻ പാടുള്ളൂ. കേസ് നീണ്ടുപോകുന്നു എന്ന് തോന്നുന്ന സമയത്ത് ഒരു ലാഗ് വേണം. ഒന്നര മണിക്കൂറിനടുത്ത് സെക്കൻഡ് ഹാഫ് വരുക എന്നത് ഇന്നത്തെ ഓഡിയൻസിന് അത്ര ഇഷ്ടമാകില്ല എന്നറിയാം. പക്ഷേ അവിടെ ആ ഒരു ലാഗ് വേണം എന്നത് എല്ലാവരുടെയും തീരുമാനമായിരുന്നു. പക്ഷേ അത് പ്രേക്ഷകനെ ബോറടിപ്പിച്ചില്ല. ‘ഒരു നദി ഒഴുകുന്നതുപോലെ കണ്ടിരുന്നു’ എന്നൊക്കെ കേൾക്കുമ്പോൾ സന്തോഷമുണ്ട്.

ജാവയിലെ താരങ്ങൾ സൗദിയിലെത്തി

saudi-vellakka-review

ഓപ്പറേഷൻ ജാവയിലെ താരങ്ങളെത്തന്നെ സൗദി വെള്ളക്കയിൽ കാസ്റ്റ് ചെയ്യണം എന്ന് കരുതിയതല്ല. ധന്യ അനന്യയെ മാത്രമേ ഞാൻ സൗദിയിലും കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നുള്ളൂ. അതിനു കാരണം ഓപ്പറേഷൻ ജാവയിൽ ധന്യയ്ക്ക് ഒരു ഡയലോഗ് പോലും കൊടുക്കാൻ കഴിഞ്ഞിട്ടില്ല. എന്നോട് പലരും അത് ചോദിച്ചിട്ടുണ്ട്. ധന്യ നല്ല കഴിവുള്ള നടിയാണ്. അവരെ ഞാൻ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല എന്ന് പലരും എന്നെ കുറ്റപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ധന്യയുടെ നിശബ്ദതയാണ് ഞാൻ ആ സിനിമയിൽ ഉപയോഗിച്ചത്. നിശബ്ദതയ്ക്ക് ഒരുപാട് കാര്യങ്ങൾ പറയാൻ കഴിയും. ധന്യ അത് വേണ്ടരീതിയിൽ ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് സൗദിയിലേക്കും ധന്യയെ കൊണ്ടുവന്നത്. പക്ഷേ സിനിമ പുരോഗമിച്ചപ്പോൾ ബിനു പപ്പു, ലുക്മാൻ, ഷിബു കുട്ടൻ, സഞ്ജയ് തുടങ്ങിയവർ സിനിമയിലേക്ക് വന്നു കയറുകയായിരുന്നു.

വെള്ളക്ക പതിയെ പ്രേക്ഷകരിലേക്ക്

റിലീസ് ചെയ്ത ദിവസം, ഒരു പുതിയ ടീമിന്റെ പുതിയ ആളുകൾ അഭിനയിക്കുന്ന ചിത്രം എന്ന രീതിയിൽ ആളുകൾ കുറവായിരുന്നു. പക്ഷേ ചിത്രത്തിന്റെ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷം പ്രേക്ഷകർ കൂടുന്നുണ്ട്. ഇന്നലെയും ഇന്നുമായി ഗ്രാമപ്രദേശങ്ങളിൽപോലും ഒരുപാട് ഷോ കൂടിയിട്ടുണ്ട്. എനിക്കും സിനിമയിൽ അഭിനയിച്ച ഓരോരുത്തർക്കും ഫോൺ കോൾ വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നല്ല പ്രതികരണങ്ങൾ വരുന്നുണ്ട്. ആളുകൾ പറഞ്ഞു കേട്ട് കൂടുതൽ ആളുകൾ തിയറ്ററിൽ വരുന്നുണ്ട്. ഈ സിനിമ അങ്ങനെയേ നീങ്ങൂ എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ക്ഷമയോടെ കാത്തിരിക്കാൻ തയാറായിരുന്നു. നല്ല സൂചനകളാണ് കാണുന്നത്. അൽഫോൻസിന്റെ ഗോൾഡിനൊപ്പം ആണ് ഇത് ഇറങ്ങുന്നത് എന്ന് പലരും ഓർമിപ്പിച്ചിരുന്നു. പക്ഷേ ഗോൾഡിന് അതിന്റെ പ്രേക്ഷകരും വെള്ളക്കയ്ക്ക് വേറൊരു പ്രേക്ഷകരും ഉണ്ടാകും എന്ന് ഉറപ്പുണ്ടായിരുന്നു. ഒരു യുദ്ധമല്ലല്ലോ നമ്മൾ ചെയ്യുന്നത്. തല്ലുമാലയും ന്നാ താൻ കേസ് കൊട് എന്ന ചിത്രവും ഒരുമിച്ചിറങ്ങി വിജയിച്ചതാണ്. ഒരേ ദിവസം ഇറങ്ങിയ നാല് ചിത്രങ്ങളും സൂപ്പർ ഹിറ്റ് ആയ ചരിത്രം കേരളത്തിലുണ്ട്. 20 വയസ്സ് മുതൽ അങ്ങോട്ട് എല്ലാവർക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന സിനിമയാണ് സൗദി വെള്ളക്ക എന്നാണ് എന്റെ വിശ്വാസം.

tharun

കോടതിയിൽ പോയി കണ്ടു നേരിട്ട് പഠിച്ചു

സിനിമ ചെയ്യാൻ വേണ്ടി ഞങ്ങൾ രണ്ടാഴ്ചയോളം കോടതി കയറിയിറങ്ങി കണ്ടു മനസ്സിലാക്കി. ഞാനും ഡയറക്‌ഷൻ ടീമും ക്യാമറ ചെയ്യുന്ന ശരണും എല്ലാം പോയിരുന്നു. കോർട്ട് സീനുകൾ റിയലിസ്റ്റിക് ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നൂറു ശതമാനം അതുപോലെ കാണിച്ചാൽ ആളുകൾക്ക് മടുപ്പാകും. അതിനു വേണ്ടിയുള്ള പൊടിക്കൈകൾ ചേർത്തിട്ടുണ്ട്. വലിയ പ്രസംഗത്തിന്റെ വേദിയല്ല കോടതിമുറികൾ. മനുഷ്യരുടെ ജീവിതമാണ് അവിടെ വാദിക്കുകയും വിധി പുറപ്പെടുവിക്കുകയും ചെയ്യുന്നത്. അതിന്റേതായ ഗൗരവം കോടതിമുറികൾക്കുണ്ട്.

സിനിമ മാർക്കറ്റ് ചെയ്യുന്ന രീതി മാറി

സിനിമ മാർക്കറ്റ് ചെയ്യുന്ന രീതികൾ ഇപ്പോൾ ഒരുപാട് മാറി. പ്രമോഷൻ ഒരുപാട് പെരുപ്പിച്ച് കാണിച്ചാൽ മാത്രമേ ആളുകൾ വരൂ എന്നൊരു മിഥ്യാധാരണ വന്നിട്ടുണ്ട്. സൗദി വെള്ളക്ക ദുബായിൽ കൊണ്ടുപോയി മ്യൂസിക് ലോഞ്ച് നടത്തിയിട്ടോ മാളിൽ കൊണ്ടുപോയി പ്രമോഷൻ നടത്തിയിട്ടോ കാര്യമില്ല. ഓരോ സിനിമയ്ക്കും ഓരോ രീതിയുണ്ട്. എന്തുകൊണ്ട് ആളുകൾ തിയറ്ററിൽ വരുന്നില്ല എന്ന് ഒരു ഫെയ്സ്ബുക് പോസ്റ്റ് ഇട്ടപ്പോൾ അതിനടിയിൽ വന്ന കമന്റുകൾ ഉണ്ട്. നല്ല സിനിമകൾ ഉണ്ടാകുന്നില്ല, കുടുംബവുമായി 2000 രൂപയൊക്കെ മുടക്കി തിയറ്ററിൽ പോകുമ്പോൾ അതിനുള്ള പ്രയോജനം കിട്ടണം. അത്തരത്തിൽ ഒരുപാട് കമന്റുകൾ കിട്ടി. സിനിമയെ ജെനുവിൻ ആയി സമീപിച്ചാൽ മാത്രമേ ആളുകൾക്ക് കണക്ട് ആകൂ എന്ന് മനസ്സിലായി. പൊളിറ്റിക്കൽ ആയി മാത്രം കാര്യങ്ങളെ സമീപിച്ചാൽ സിനിമ വിജയിക്കില്ല. അതിൽ ഒരു ആസ്വാദനത്തിനുള്ള ഘടകങ്ങൾ കൂടി വേണം. രണ്ടും കൂടി ചേരുമ്പോഴാണ് നല്ല സിനിമ ഉണ്ടാകുന്നത് എന്നാണു ഞാൻ വിശ്വസിക്കുന്നത്.

സമൂഹത്തെ മാറ്റാൻ കലയ്ക്ക് കഴിയും

saudi-vellakka

സമൂഹത്തിലെ ഒരുപാട് കാര്യങ്ങൾ സിനിമയിൽ വിമർശന വിധേയമാക്കാറുണ്ട്. സൗദി വെള്ളക്ക ചെയ്യുമ്പോൾ ഞാൻ ആഗ്രഹിച്ചത് സിനിമ കണ്ടു കഴിഞ്ഞു വണ്ടിയെടുത്ത് പുറത്തേക്കു പോകുന്ന ഒരാൾ ഓവർടേക്ക് ചെയ്തുപോകുന്ന ഒരാളെ തെറി വിളിക്കാതെ അയാൾ പോയിക്കോട്ടെ എന്ന് ചിന്തിച്ചാൽ നന്നായി എന്നാണ്. അഞ്ചു മിനിറ്റിലേക്കെങ്കിലും ഒരാളെ മാറ്റാൻ കഴിഞ്ഞാൽ ഞാൻ ഹാപ്പി ആയി. ഒരു നിമിഷത്തേക്കെങ്കിലും മനുഷ്യൻ മാറി ചിന്തിക്കാൻ സിനിമ ഒരു കാരണമാകുമെങ്കിൽ അത് നല്ല കാര്യമാണ്. സിനിമ കണ്ടിട്ട് വിളിച്ച ഒരാൾ അത്തരത്തിൽ പറഞ്ഞ ഒരു അനുഭവമുണ്ടായി. അയാൾ പറഞ്ഞത് ‘‘വണ്ടിയെടുത്ത് പുറത്തേക്ക് പോകുമ്പോൾ എന്റെ വണ്ടിയിൽ ഒരാൾ വന്നു തട്ടി, ആ സമയത്ത് എനിക്ക് അയാളെ തെറിവിളിക്കാൻ തോന്നിയില്ല’’ എന്നാണ് അങ്ങനെ ഒരു മനുഷ്യനെ ഒരു നിമിഷത്തേക്കെങ്കിലും മാറ്റാൻ കഴിഞ്ഞാൽ ഞാൻ സംതൃപ്തനായി.

സിനിമാതാരങ്ങളാൽ സ്വാധീനിക്കപ്പെടുന്നവരാണ് നമ്മൾ. അവർ എന്തെങ്കിലും സിനിമയിൽ പറയുന്നത് അനുകരിക്കാൻ ഒരുപാട് പേർ ശ്രമിക്കാറുണ്ട്. നാളെ മുതൽ സിഗരറ്റ് വലിക്കരുതെന്ന് ഞാൻ പറയുന്നതും മമ്മൂക്ക പറയുന്നതും വ്യത്യാസമുണ്ട്. മമ്മൂക്ക പറയുന്നത് അനുസരിക്കാൻ ചിലപ്പോൾ ആളുണ്ടാകും. അത് താരങ്ങൾ വർഷങ്ങൾ കൊണ്ട് ഉണ്ടാക്കി എടുത്ത വിശ്വാസമാണ്. മമ്മൂക്ക, ലാലേട്ടൻ, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളോട് ജനങ്ങൾക്കൊരു വിശ്വാസമുണ്ട്. അത് നമ്മുടെ സ്ക്രിപ്റ്റിനേക്കാളും സംവിധാനത്തെക്കാളും വലുതാണ്. അവരുള്ളതുകൊണ്ടാണ് ബിസിനസ് നടക്കുന്നത്. എന്റെ സിനിമയും ഒരു വലിയ താരത്തിന്റെ സിനിമയും ഒരുപക്ഷേ ഒരുപോലെ വിജയിക്കുമായിരിക്കും. പക്ഷേ രണ്ട് സിനിമയുടെയും ബജറ്റും കലക്‌ഷനും വലിയ അന്തരമുണ്ടാകും. ഒരു പ്രേക്ഷകൻ ആയി നോക്കുമ്പോൾ, സാധാരണക്കാർ വന്ന് അഭിനയിച്ച് കയ്യടി നേടി അത്തരം സിനിമകൾ വിജയിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമാണ്. സുഡാനി ഫ്രം നൈജീരിയ, നായാട്ട് തുടങ്ങിയ ചിത്രങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടവയാണ്, അതൊക്കെ വീണ്ടും വീണ്ടും കാണാൻ തോന്നാറുണ്ട്.

പ്രേക്ഷക പ്രതികരണങ്ങൾ

സിനിമ കണ്ടിട്ട്, ഇത് എന്റെ ജീവിതമാണ് എന്നൊക്കെ പറഞ്ഞ് ഒരുപാടുപേർ വിളിക്കുന്നുണ്ട്. എന്റെ വീടിനടുത്ത് ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന ഒരാളുണ്ട് എന്ന് പറയുന്നവരുണ്ട്. ഒരുപാട് എഴുത്തുകൾ ഫെയ്സ്‌ബുക്കിലും വാട്സാപ്പിലും വരുന്നുണ്ട്. ഓരോരുത്തർക്കും ഓരോ രീതിയിലാണ് അനുഭവപ്പെടുന്നത്. സത്താറിന്റെ കഥാപാത്രം കണ്ടിട്ട് അത് ചെയ്ത സുജിത്ത് ചേട്ടനെ ഒരുപാട് പുരുഷന്മാർ വിളിച്ചിട്ട് കരയുന്നതു പോലെയുള്ള അവസ്ഥ വരെ ഉണ്ടായി. ഇതൊക്കെ ഞങ്ങൾ ആഗ്രഹിച്ചതിനും അപ്പുറമാണ്, മാജിക്കൽ എന്നെ പറയാൻ കഴിയൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS