ADVERTISEMENT

മലയാളത്തില്‍ ഒട്ടേറെ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകൻ പി. വേണുവിന്റെ മകൻ വിജയ് മേനോൻ ആദ്യ സിനിമയുമായെത്തുന്നു.  ദീപ തോമസ് നായികയായെത്തുന്ന ‘ഞാനിപ്പോ എന്താ ചെയ്യാ’ എന്ന ചിത്രം റിലീസിന് തയാറെടുക്കുകയാണ്. അച്ഛന്റെ സിനിമ സംവിധാനം കണ്ടു വളർന്ന വിജയ് മേനോൻ ഒരു ചിത്രത്തിൽ അനശ്വരനായ ജയന്റെ കുട്ടിക്കാലം അഭിനയിച്ചിട്ടുണ്ട്. പഠനം കഴിഞ്ഞ് പരസ്യചിത്രമേഖലയിൽ വർഷങ്ങളുടെ പരിചയവുമായാണ് ചിരകാല സ്വപ്നമായ സിനിമ സംവിധാനത്തിലേക്ക് ചുവടുവച്ചതെന്ന് വിജയ് മേനോൻ പറയുന്നു. ആദ്യ ചിത്രത്തിന്റെ വിശേഷങ്ങളുമായി വിജയ് മേനോൻ മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

 

ഞാനിപ്പോ എന്താ ചെയ്യാ ഒരു ഡാർക്ക് കോമഡി  

 

ഞാനിപ്പോ എന്താ ചെയ്യാ എന്നത് ഇന്ന് എല്ലാവരും ചോദിക്കുന്ന ചോദ്യമാണ്. ഇതൊരു ഡാർക്ക് കോമഡി ആണ്. യുവാക്കളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ചിത്രമാണിത് ഇന്നത്തെ യുവതയുടെ ബന്ധങ്ങളും അവരുടെ മാനസികാവസ്ഥകളും ആണ് ചിത്രത്തിൽ പ്രതിപാദ്യമാക്കിയിരിക്കുന്നത്. ലോക്ഡൗൺ സമയത്ത് നടക്കുന്നത്  പോലെയാണ് ചിത്രം ചെയ്തിരിക്കുന്നത്. ലോക്ഡൗണിൽ വീടിനുള്ളിൽ ആയിപ്പോയ യുവജനങ്ങൾ അനുഭവിച്ച മാനസിക സമ്മർദവും അവസ്ഥകളുമാണ് ഞാൻ കാണിക്കാൻ ശ്രമിച്ചത്.

deepa-thomas-movie

 

ഒടിടിയിൽ റിലീസ് ചെയ്യാനെടുത്ത ചിത്രം 

 

ഇന്ത്യയിലും വിദേശത്തും ഫെസ്റ്റിവലിന് അയക്കാൻ വേണ്ടി ചിത്രീകരിച്ച ചിത്രമാണ്. ഒടിടിയിൽ റിലീസ് ചെയ്യാം എന്ന് കരുതി എടുത്ത ചിത്രമാണ്, പക്ഷേ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് അനുസരിച്ച് തീയറ്ററിൽ റിലീസ് ചെയ്യാൻ കഴിഞ്ഞാൽ ചെയ്യും. രണ്ടുമൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളോട് സംസാരിച്ചിട്ടുണ്ട്.  ജനുവരിയിൽ ഒരു പ്രിവ്യൂ കൊച്ചിയിൽ വയ്ക്കാൻ പ്ലാൻ ചെയ്യുന്നുണ്ട്. ആ സമയത്ത് സിനിമയുമായി ബന്ധമുള്ള എല്ലാവരെയും ക്ഷണിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. 

p-venu-director
അച്ഛനും അമ്മയ്ക്കുമൊപ്പം വിജയ് മേനോൻ (ഇടത്), പി. വേണു (വലത്)

 

അച്ഛനെ കണ്ടു പഠിച്ചു  

 

അച്ഛൻ വേണു സംവിധായകൻ ആയിരുന്നു. ചെറുപ്പം മുതലേ സിനിമ കണ്ടാണ് ഞാൻ വളർന്നത്.  സിനിമ എന്നും ഒരു ഭ്രമമായി ഉള്ളിലുണ്ടായിരുന്നു. പഠനം കഴിഞ്ഞു ഞാൻ പരസ്യ ചിത്രങ്ങളിലേക്കാണ് തിരിഞ്ഞത്.  1996 മുതൽ 2008 വരെ പല പരസ്യ ഏജൻസികളിൽ വർക്ക് ചെയ്തിട്ടുണ്ട്.  ടൈംസ് ഓഫ് ഇന്ത്യയിൽ നാല് വർഷം ജോലി ചെയ്തിട്ടുണ്ട്.  2013 ൽ ആണ് ഞാൻ ആ ജോലി എല്ലാം ഉപേക്ഷിച്ച് സ്വന്തമായി ഒരു ബ്രാൻഡിങ് ഏജൻസി തുടങ്ങുകയും സീരിയസായി സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങുകയും ചെയ്തത്.  നാഗാർജുനയുടെ ഭാര്യ അമല അക്കിനേനി അഭിനയിച്ച ഒരു സീരീസിന്റെ മൂന്നുനാല് എപ്പിസോഡ് സീ ഫൈവിനു വേണ്ടി എഴുതിയിട്ടുണ്ട്. സ്വന്തമായി പരസ്യ ചിത്രങ്ങളും ഹ്രസ്വ ചിത്രങ്ങളൂം ചെയ്തു.  

 

ക്രൗഡ് ഫണ്ടിങ് 

 

2020–ൽ ലോക്ഡൗണിലാണ് ഈ ചിത്രത്തിന്റെ കഥ എഴുതി തുടങ്ങിയത്. കഥ പലരോടും പറഞ്ഞതിന് ശേഷം സ്വന്തമായി ഇത് ചെയ്താലെന്താ എന്ന ചിന്ത വരികയായിരുന്നു.  അങ്ങനെ എന്റെ ചില അഭ്യുദയകാംഷികളും സുഹൃത്തുക്കളും ഫണ്ട് ചെയ്ത് ക്രൗഡ് ഫണ്ടിങ് വഴിയാണ് 'ഞാനിപ്പോ എന്താ ചെയ്യാ' എന്ന ഈ ചിത്രം നിർമിച്ചത്.  ഈ ഒരു കഥയിൽ വിശ്വാസമർപ്പിച്ച് വളരെ പാഷനോടെ എത്തിയ കുറച്ചു സുഹൃത്തുക്കളാണ് ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചത്.  

 

ജയന്റെ ബാലതാരമായി സിനിമയിൽ 

 

അച്ഛൻ സിനിമ ചെയ്യുമ്പോൾ സെറ്റിൽ പോകുമായിരുന്നു. നസീർ സർ, ജയൻ അങ്കിൾ ഒക്കെ അഭിനയിക്കുന്നത് കണ്ടിരിക്കുമായിരുന്നു. ഒരിക്കൽ ജയൻ അങ്കിളിന്റെ കുട്ടിക്കാലം ആയിട്ട് ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.  അന്നത്തെ ഷൂട്ടിങ് എക്സ്പീരിയൻസ് വേറെ തന്നെ ആയിരുന്നു.  പാട്ട് റെക്കോർഡ് ചെയ്യുമ്പോൾ യേശുദാസ് അങ്കിൾ വരുന്നതും എല്ലാവരും കൂടി ഇരുന്നു കംപോസ് ചെയ്തു പാടുന്നതും ഒക്കെ ഒരു വല്ലാത്ത അനുഭവമായിരുന്നു. പക്ഷേ ഇപ്പോൾ അത്തരത്തിൽ ഒരു ഗ്രൂപ്പ് ആക്ടിവിറ്റി ഇല്ല എന്നാണു തോന്നുന്നത്.  ടെക്‌നോളജി വികസിച്ചപ്പോൾ ഓരോരുത്തരും ഓരോ ഇടാതിരുന്നാണല്ലോ വർക്ക് ചെയ്യുന്നത്. സിനിമ ഒരു ബിസിനസ്സ് ആണെന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു. ലാഭം ഉണ്ടാക്കണം എന്ന് കരുതി തന്നെ ചെയ്യണം കാരണം നമ്മൾ വലിയ ഒരു തുകയാണ് ഇൻവെസ്റ്റ് ചെയ്യുന്നത്. അച്ഛൻ പറഞ്ഞുതന്ന കാര്യങ്ങളെല്ലാം മനസ്സിൽ വച്ചുകൊണ്ടാണ് എന്റെ ആദ്യത്തെ ചിത്രം ചെയ്തത്.  ഒട്ടും പണം വേസ്റ്റ് ചെയ്യാതെ വളരെ ചുരുങ്ങിയ ബഡ്ജറ്റിൽ ആണ് ചിത്രം ചെയ്തത്.

 

പണ്ടത്തേക്കാൾ സിനിമ എളുപ്പമായി 

 

അച്ഛൻ സിനിമ ചെയ്യുന്ന സമയത്തേക്കാൾ ഇപ്പോൾ കുറച്ചുകൂടി എളുപ്പമാണ്. അച്ഛൻ അവസാനകാലം വരെ മോണിറ്റർ ഉപയോഗിച്ചിട്ടില്ല. അച്ഛന്റെ കണ്ണിൽ കാണുന്നതും ക്യാമറാമാൻ ലെൻസിൽ കാണുന്നതും വച്ചിട്ടാണ് അച്ഛൻ ഓരോ ഷോട്ടും കട്ട് പറഞ്ഞിരുന്നത്. ഇന്ന് നമുക്ക് ടെക്‌നോളജിയുടെ നേട്ടമുണ്ട്. ഓരോ ഷോട്ടും മോണിറ്ററിൽ കാണാൻ പറ്റും അത് കറക്റ്റ് ചെയ്യാം. പണ്ട് ഫിലിമിൽ എത്ര റോൾ കഴിയുന്നു എന്ന ടെൻഷൻ ഉണ്ടായിരുന്നു. ഇപ്പോൾ ഫിലിമിൽ ഷൂട്ട് ചെയ്യാത്തതുകൊണ്ട് അങ്ങനെ ടെൻഷൻ ഇല്ല.  നന്നായി പ്ലാൻ ചെയ്യാൻ കഴിഞ്ഞാൽ മിസ്റ്റേക്ക് വരാതെ എളുപ്പത്തിൽ സിനിമ ചെയ്യാൻ കഴിയും. തെറ്റ് പറ്റിയാൽ കറക്റ്റ് ചെയ്യാനും എളുപ്പമാണ്. 

 

ദീപ തോമസ് ആണ് ചിത്രത്തിന്റെ നട്ടെല്ല് 

 

ദീപ തോമസ്, ശ്യാം മോഹൻ, ഗീതാ കൈലാഷ് അഭിമന്യു ഗൗതം തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്. പാ രഞ്ജിത്തിന്റെ ചിത്രങ്ങളിൽ സ്ഥിരമായി അഭിനയിക്കുന്ന ആളാണ് ഗീതാ കൈലാഷ്. ബാക്കി ഉള്ളവരെല്ലാം പുതുമുഖങ്ങളാണ്. ദീപ തോമസിന്റെ കഥാപാത്രമാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.  ദീപ വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. ദീപയോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. തകര സിനിമയുടെ നിർമാതാവായ ബാബുവിന്റെ ചെറുമകൻ ആണ് അഭിമന്യു ഗൗതം.  അഭിമന്യുവിന്റെ അച്ഛൻ ഗൗതം എന്റെ ബാല്യകാല സുഹൃത്താണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com