ADVERTISEMENT

മഞ്ജു വാരിയര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ ഇൻഡോ-അറബിക് ചിത്രമായ ‘ആയിഷ’യിലൂടെ ചലച്ചിത്ര രംഗത്ത് കാലുറപ്പിക്കുകയാണ് ആമീർ പള്ളിക്കൽ. പ്രേക്ഷക പിന്തുണയുള്ള അഭിനേതാവ് തന്നെ ആയിഷയാകണം എന്ന ആഗ്രഹത്തിലാണ് ആ കഥാപാത്രം മഞ്ജു വാരിയരിലെത്തിയതെന്ന് ആമീർ പറയുന്നു. നിലമ്പൂർ ആയിഷയുടെ ബയോപിക് ആയ ചിത്രത്തിന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് ഈ നവാഗത സംവിധായകൻ...

ആയിഷയിലേക്ക്?

‘ഹലാൽ ലവ് സ്റ്റോറി’യുടെ സെറ്റിൽ വച്ചാണ് ഈ സിനിമയുടെ കഥാകൃത്ത് ആഷിഫ് കക്കോടിയെ പരിചയപ്പെടുന്നത്. ‘ഹലാൽ ലവ് സ്റ്റോറി’യുടെ ഡയറക്‌ഷൻ ടീമിൽ ഞാനും ഉണ്ടായിരുന്നു. ആ സിനിമയിൽ നിലമ്പൂർ ആയിഷാത്ത അഭിനയിച്ചിട്ടുമുണ്ട്. കഥ കേട്ട ശേഷം ഞങ്ങൾ അവരോടു നേരിട്ടു സംസാരിച്ചു. ആയിഷാത്തയ്ക്കും അത് കേട്ടപ്പോൾ വളരെ സന്തോഷമായി. ഈ സിനിമയുടെ ആദ്യത്തെ ചിന്തയും എഴുത്തുമെല്ലാം ആഷിഫ് തന്നെയായിരുന്നു. പിന്നീട് ഞങ്ങൾ ഒരുമിച്ച് ഇരിക്കുകയും അതിനെ ഡെവലപ്പ് ചെയ്യുകയും ചെയ്തു.

നിലമ്പൂർ ആയിഷയുടെ ബയോപിക്?

നിലമ്പൂർ ആയിഷാത്ത സംസ്കാരിക കേരളത്തിന്റെ ജനപ്രിയ താരമാണ്. മലബാറിനെപ്പറ്റി പറയുമ്പോൾ അവിടെ അടയാളപ്പെടുത്തേണ്ട ഒരു വ്യക്തിത്വമാണവർ. അവരുടെ അഭിനയ ജീവിതത്തിലെ 75ാം വർഷമാണിത്. മലയാളത്തിൽ ഇത്രയും സീനിയറായ ഒരു ആർട്ടിസ്റ്റിപ്പോൾ ഉണ്ട് എന്നെനിക്ക് തോന്നുന്നില്ല. തിക്കുറിശ്ശി സർ, പ്രേംനസീർ സർ, സത്യൻ സർ തുടങ്ങിയവർക്കൊപ്പം മുതൽ ദുൽഖർ സൽമാൻ വരെയുള്ള അഭിനേതാക്കൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട് അവർ. അത്രയും എക്സ്പീരിയൻസ് ഉള്ള ഒരാൾ, അവരുടെ ജീവിതത്തിലെ 20 വർഷക്കാലം ലൈം ലൈറ്റിൽ ഇല്ലായിരുന്നു. അതായത് അവരുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം എന്നു പറയുന്ന സമയത്ത് അവർ അഭിനയ രംഗത്ത് സജീവമായിരുന്നില്ല. അവരെപ്പറ്റി സിനിമ എടുക്കുമ്പോൾ അതൊരു സാധാരണ ബയോപിക് രീതിയിലാവരുത് എന്നൊരു ചിന്തയുണ്ടായിരുന്നു. അതുകൊണ്ടാണ് സിനിമയിൽ ആ 20 വർഷത്തെ കൊണ്ടുവന്നത്. ഈ കാലമത്രയും അവർ എവിടെയായിരുന്നു, എന്തുകൊണ്ട് അഭിനയിച്ചില്ല, എന്തുകൊണ്ട് ഒരു അഭിനേത്രി എന്ന നിലയിൽ കരിയർ വികസിപ്പിക്കാൻ ശ്രമിച്ചില്ല എന്നാണ് ഈ സിനിമ പറയുന്നത്. അത്രയും വലിയ ഒരു ഗ്യാപ്പ് അവരുടെ കരിയറിൽ സംഭവിച്ചത് കലാരംഗവും കലാകേരളവും അവരോട് അനീതി കാണിച്ചതുകൊണ്ടാകുമല്ലോ. മനുഷ്യത്വവും ഹൃദയബന്ധവും കാത്തു സൂക്ഷിക്കുന്ന ഒരു സ്ത്രീയാണ് ഇത്ത.

aamir-3

90 കളിൽ പോലും സ്ത്രീകളെ അംഗീകരിക്കുന്ന ഒരു സമൂഹത്തിന്റെ കഥ?

manju-aamir-43

അറബികളുടെ കൾച്ചറാണത്. അവരുടെ വീടുകളിൽ ഉമ്മമാർ ആയിരിക്കും കാര്യങ്ങൾ തീരുമാനിക്കുന്നത്. അവിടെയുള്ളവർ സ്ത്രീകൾക്ക് കൂടുതൽ വില കൽപിക്കുന്നുണ്ട്. അവിടെ സ്ത്രീകളുടെ നേരെയുള്ള അതിക്രമങ്ങളും കുറവാണ്. എത്ര പുരോഗമനം പറയുന്നുണ്ടെങ്കിലും ഇന്നും സ്ത്രീസമത്വത്തിനുവേണ്ടി നമ്മൾ വാദിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും അതുണ്ടാവും. കാരണം നമ്മുടേത് അത്രയൊന്നും പുരോഗമിച്ച ഒരു സമൂഹമല്ല.

ആയിഷയ്ക്കായി മഞ്ജു വാരിയർ?

നിലമ്പൂർ ആയിഷാത്ത എന്ന വ്യക്തിത്വത്തെ സിനിമയിലൂടെ അവതരിപ്പിക്കുമ്പോൾ ഡെപ്ത്ത് ഉള്ള ഒരു അഭിനേതാവ് തന്നെ വേണം എന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ഇന്ന് മഞ്ജു വാരിയർ അല്ലാതെ ഒരാൾ ആ വേഷം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കാൻ പോലും പറ്റുകയില്ല. മറ്റൊരു നടി ആയിരുന്നെങ്കിലും ഈ സിനിമ സംഭവിക്കുമായിരുന്നു. പക്ഷേ സ്റ്റാർഡം എന്നത് വലിയ ഘടകമാണ്. ഇത് ചെയ്യേണ്ടത് ഒരു സൂപ്പർതാരമായിരിക്കണം, ജനകീയ പിന്തുണയുള്ള എല്ലാ വീടുകളിലേക്കും എത്തുന്ന, എല്ലാ വീട്ടുകാർക്കും മനസ്സിലാവുന്ന ഒരാളായിരിക്കണം എന്നതൊക്കെയാണ് മഞ്ജു ചേച്ചി എന്ന തീരുമാനത്തിലേക്ക് ഞങ്ങളെ എത്തിച്ചത്. ആ തീരുമാനം ശരിയാണ്‌ എന്ന് മഞ്ജു ചേച്ചി തെളിയിച്ചു. അവർ ആയിഷയെ അത്രമാത്രം ഉൾക്കൊണ്ടാണ് അഭിനയിച്ചത്.

മാമ്മയായ 'മോണ' ശ്രദ്ധ നേടി

manju-aamir3

ആയിഷാത്ത അവരുടെ കഥ പറഞ്ഞപ്പോൾ ഞങ്ങൾക്ക് കൂടുതലായി ഫീൽ ചെയ്തത് അവിടുത്തെ ഉമ്മയും ആയിഷാത്തയും തമ്മിലുള്ള ബന്ധമാണ്. ഒരു വേള ഇത്തയ്ക്ക് പാലസിൽ മാമ്മയോളം തന്നെ വളർച്ച ഉണ്ടാവുന്നുമുണ്ട്. അത്രയും പ്രധാനപ്പെട്ട ഒരു ക്യാരക്ടറാണ് അത്. അതിനായി ഒരു ഫ്രഞ്ച് നടിയേയും ഈജിപ്ഷ്യൻ നടിയേയും തുർക്കി നടിയേയും നോക്കിയിരുന്നു. അതിനുശേഷമാണ് മോണയെ കണ്ടെത്തിയത്. വലിയ സിനിമ എക്സ്പീരിയൻസ് ഇല്ലെങ്കിലും അവർ വളരെ നല്ല അഭിനേത്രിയാണ്. വർഷങ്ങളായി അഭിനയ രംഗത്തുള്ള അവർ പലസ്തീനിൽ ജനിച്ച ഒരു സിറിയനാണ്. അറബിയിൽ ഒരുപാട് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അവരുടെ ആദ്യത്തെ മുഴുനീള ചിത്രമാണിത്. ഇരുത്തം വന്ന അഭിനയമാണ് അവർ കാഴ്ചവച്ചത്. അവർക്കും ഇതൊരു പുതിയ അനുഭവമായിരുന്നു. അവരും വളരെ എക്സൈറ്റഡ് ആയിരുന്നു. അവരുടെ പെർഫോമൻസ് സിനിമയുടെ മൊത്തം ഗ്രാഫിനെ ഉയർത്തിയിട്ടുണ്ട്. മോണയെക്കുറിച്ചിപ്പോൾ ആളുകൾ സംസാരിക്കുന്നുണ്ട്. അതിലൊരുപാട് സന്തോഷമുണ്ട്

ആയിഷയുടെ കളർപാറ്റേൺ വ്യത്യസ്തമാണല്ലോ?

aaysihsha

ഒരു ഇറാനിയൻ, അല്ലെങ്കിൽ തുർക്കിഷ് മൂവിയിലെ കളർ പാലറ്റ് ആണ് ഞങ്ങൾ ആയിഷയ്ക്കായി സെറ്റ് ചെയ്തത്. അതിന്റെ പ്രധാന കാരണം, പറയുന്നത് നിലമ്പൂർ ആയിഷയുടെ കഥയാണെങ്കിലും അത് നടക്കുന്നത് നിലമ്പൂരല്ല, സൗദിയിലാണ്. അറബ് ആർട്ടിസ്റ്റുകളാണ് അഭിനേതാക്കൾ. ആ ഭൂമികയുടെ സ്വാഭാവികമായ കളറിൽ, അതിനോടു ചേർന്നു നിൽക്കുന്ന രീതിയിൽത്തന്നെ ചിത്രീകരിക്കണമെന്ന് ആഗ്രഹിച്ചു. അത് മലയാളി പ്രേക്ഷകന് ഒരു പുതിയ അനുഭവമായിരിക്കും എന്നും തോന്നി.

സൗദിയിലെ പ്രീ പ്രൊഡക്‌ഷൻ കാലത്തെപ്പറ്റി?

2022 ലാണ് ആയിഷ ചെയ്യുന്നത്. ജനുവരി 25 നു ഷൂട്ട് തുടങ്ങുന്നതിനും മുമ്പ് ആറുമാസത്തോളം പ്രീ പ്രൊഡക്‌ഷൻ വർക്കുകളുമായി ബന്ധപ്പെട്ട് ഞാൻ ദുബായിൽ പോയിരുന്നു. അതിനുശേഷം റൈറ്ററും ക്യാമറാമാനും അവിടെയെത്തി. ആറുമാസം ആ സ്ഥലത്തു നിന്നുള്ള പ്രീപ്രൊഡ്‌ഷൻ വർക്കുകൾ നടത്തിയതിനു ശേഷമാണ് ഷൂട്ടിങ്ങിലേക്കു കടക്കുന്നത്. ഇക്കാലയളവിൽ അന്നാട്ടുകാരായ രണ്ടായിരത്തോളം ആളുകളിൽ നിന്ന് കാസ്റ്റിങ് നടത്തുകയും തിരഞ്ഞെടുത്തവർക്ക് പരിശീലനം കൊടുക്കുകയും ചെയ്തിരുന്നു. അവരെയൊക്കെ സിനിമാസ്വഭാവത്തിലേക്ക് കൊണ്ടുവന്നതിനു ശേഷമാണ് ഷൂട്ടിങ് തുടങ്ങിയത്. ലൊക്കേഷനിൽ ഉണ്ടാകുമായിരുന്ന കുറെയധികം പ്രതിസന്ധികൾ പ്രീപ്രൊഡക്‌ഷൻ നന്നായി നടത്തിയതിലൂടെ ഒഴിവായിട്ടുണ്ട്. അതിന്റെ റിസൽറ്റ് കൂടി ആ സിനിമയ്ക്ക് കിട്ടിയിട്ടുമുണ്ട്. പിന്നെ ഒരു നവാഗത സംവിധായകൻ നേരിടേണ്ടിവരുന്ന എല്ലാ പ്രതിസന്ധികളും എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഇങ്ങനെ ഒരു സിനിമ എപ്പോഴും ചെയ്യാൻ പറ്റിയെന്ന് വരില്ലല്ലോ. സിനിമ എനിക്ക് വളരെ പാഷൻ ഉള്ള ഒരു കാര്യമാണ്. അതിലേക്ക് എത്താൻ വേണ്ടി ഒരുപാട് വർഷത്തെ പരിശ്രമവും ഉണ്ട്. അതുകൊണ്ടുതന്നെ ചലഞ്ചുകൾ ഇല്ല എന്നു പറഞ്ഞാൽ അത് കളവായിപ്പോകും. പക്ഷേ പ്രശ്നം വരുമ്പോൾ അതിനെ എങ്ങനെ മറികടക്കാം എന്നത് വളരെ എൻജോയ് ചെയ്തിട്ടാണ് ചെയ്തത്. എല്ലാ ചാലഞ്ചുകളും സമയമെടുത്ത് കൃത്യമായ പ്ലാനോടെ മറികടക്കാൻ പറ്റി.

പാട്ടുകൾ ഹിറ്റാണല്ലോ?

bineesh-manju

സിനിമയുടെ പാട്ടും മ്യൂസിക്കും ആണ് ക്യാമറയെപ്പോലെ തന്നെ ആളുകൾ ഇപ്പോൾ അഭിനന്ദിച്ചു കൊണ്ടിരിക്കുന്നത്. പൂർണമായിട്ടും ജയചന്ദ്രൻ സാറിന്റെ ഒരു കയ്യൊപ്പ് തന്നെയാണത്. ‘കണ്ണിൽ’ മാത്രമല്ല, ശ്രേയ ഘോഷാൽ ഉൾപ്പടെയുള്ളവർ പാടിയ പാട്ടുകളിനിയും ചിത്രത്തിലുണ്ട്. തിയറ്ററിൽത്തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ട പാട്ടുകളാണത്.

പ്രഭുദേവയുടെ കൊറിയോഗ്രാഫിക്ക് ദിനങ്ങൾ?

ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നാലു ദിവസങ്ങൾ ആയിരുന്നുവത്. അത്രയും പ്രമുഖനായ ഒരാൾക്കൊപ്പമാണ് വർക്ക് ചെയ്യുന്നത് എന്ന തോന്നൽ ഒരിക്കൽ പോലും അദ്ദേഹം ഉണ്ടാക്കിയിട്ടില്ല. ഏത് ഷോട്ട് എടുത്തു കഴിഞ്ഞാലും ‘അമീർ അത് ഓക്കേ അല്ലവാ?’ എന്ന് ചോദിച്ചു കൊണ്ടിരുന്നു. അതൊക്കെ വളരെ അദ്ഭുതമായി തോന്നി.

പ്രേക്ഷകരുടെ പ്രതികരണം?

സിനിമ ഇൻഡസ്ട്രിയിൽനിന്നും പുറത്തുനിന്നും ഒരുപാട് പേർ സിനിമ കണ്ടെന്നു പറഞ്ഞു വിളിച്ചിരുന്നു. എല്ലാവരിൽ നിന്നും പോസിറ്റീവ് റെസ്പോൺസ് ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഒരാളുടെ ജീവിതകഥയെ ഈ രീതിയിൽ സ്വീകരിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com