സസ്നേഹം ലെനയുടെ 25 വർഷം

lena
SHARE

ജയരാജ് സംവിധാനം ചെയ്ത ‘സ്നേഹം’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ ക്ലാസ് മുറിയിൽ നിന്നു വിളിച്ചു കൊണ്ടു പോവുകയായിരുന്നു അന്ന് പ്ലസ് വൺ വിദ്യാർഥിനിയായിരുന്ന ലെനയെ. തുടർന്നു സിനിമയിൽ ‍25 വർഷമെന്ന നേട്ടത്തിലെത്തി. ആദ്യമായി ടൈറ്റിൽ കഥാപാത്രമായി ലെന അരങ്ങേറുന്ന ചിത്രമാണ് തിയറ്ററിലെത്തിയ ‘വനിത’...

വനിതയായ ലെന

‘ഈ കഥ ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. പൊലീസ് കഥാപാത്രമെന്നു കേട്ടപ്പോൾ ഇതു വരെ ചെയ്തതു പോലെയുള്ളതാകും എന്നാണു കരുതിയത്. പക്ഷേ, സംവിധായകൻ റഹിം ഖാദർ ഒരു കാര്യം കൂടി പറഞ്ഞു. ക്യാമറ പൊലീസ് സ്റ്റേഷനു പുറത്തേക്കില്ല. അതായത് ഒരു സ്റ്റേഷന്റെ നാലു ഭിത്തികൾക്കുള്ളിൽ നടക്കുന്ന കഥ. അതു കേട്ടപ്പോൾ എനിക്കു കൂടുതൽ താൽപര്യമായി. കഥാപാത്രമായപ്പോൾ അതിലേറെ സന്തോഷം. മേക്കപ്പില്ല, ശരീരത്തോട് ഒട്ടിച്ചേർന്നു കിടക്കുന്ന യൂണിഫോമില്ല; ഷൂട്ടിങ് ദിനങ്ങളിൽ ശരിക്കും രാവിലെ ഓഫിസിൽ പോകുന്നതു പോലെ യൂണിഫോമിൽ വരും. മുഴുവൻ ദിവസവും സ്റ്റേഷനിൽ വൈകിട്ട് തിരികെ. സംവിധായകൻ ഒരു സർക്കിൾ ഇൻസ്പെക്ടർ ആയതു കൊണ്ടു തന്നെ എല്ലാം തനി പൊലീസ് മുറ.‌‌ പൊലീസ് ജീവിതം അത്ര സുഖകരമല്ലെന്നു മനസ്സിലായി...’ 

lena-vanitha

 

പൊലീസും സണ്ണിയും

സിനിമയിൽ ആദ്യമായി മുഖം കാണിച്ചതിനു പിന്നാലെ പൊലീസ് സ്റ്റേഷനിൽ കയറേണ്ടി വന്ന അനുഭവവുമുണ്ട് ലെനയ്ക്ക്;അതും ലൈസൻസില്ലാതെ സ്കൂട്ടർ ഓടിച്ചതിന്.. ‘അന്നു ഞാൻ പ്ലസ്ടുവിൽ പഠിക്കുകയാണ്. പരീക്ഷാ ദിവസം സ്കൂളിലെത്താൻ വൈകി. ഇതോടെയാണ് തൃശൂർ പൂങ്കുന്നത്തെ വീട്ടിലിരുന്ന ബജാജ് സണ്ണി സ്കൂട്ടർ എടുത്തിറങ്ങിയത്. ഒരു കയറ്റം കയറവേ പിന്നിൽ നിന്നൊരു ഹോണടി. 

നോക്കിയപ്പോൾ രണ്ടു പൊലീസുകാരാണ് ബൈക്കിൽ. ഞാൻ പേടിച്ചു. പരീക്ഷയ്ക്കു പോവുകയാണെന്നു പറഞ്ഞു. പക്ഷേ, അവർ ലൈസൻസാണു ചോദിച്ചത്. ഇല്ലെന്നു പറഞ്ഞതോടെ അവർ കണ്ണുരുട്ടി. വൈകിട്ട് അച്ഛനെയും അമ്മയെയും വിളിച്ചു സ്റ്റേഷനിൽ വരണമെന്നു പറഞ്ഞിട്ടു പോയി. പക്ഷേ, ഞാൻ അതു കാര്യമാക്കിയില്ല. ഇക്കാര്യം വീട്ടിൽ പറഞ്ഞതുമില്ല. വൈകിട്ട് ദേ.. വീട്ടിൽ പൊലീസ്. അവർ വന്നു കാര്യം പറഞ്ഞതോടെ അമ്മ ഞെട്ടി. പിന്നാലെ ഞങ്ങൾ ഇരുവരും സ്റ്റേഷനിലെത്തി. നല്ലോണം വഴക്കു പറഞ്ഞാണു പൊലീസുകാർ വിട്ടത്. പിറ്റേവർഷം ഞാൻ ലൈസൻസെടുത്തു. പക്ഷേ, പിന്നീടൊരിക്കലും സ്കൂട്ടറോ കാറോ ഓടിക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല; ഇപ്പോഴുമില്ല...’ 

25 വർഷത്തെ സിനിമകൾ; ജീവിതം

നാടകത്തിലേക്കെന്ന പേരിൽ ക്ലാസ് മുറിയിൽ നിന്ന് തിരഞ്ഞെടുത്ത കുറച്ചു കുട്ടികളെ ഉൾപ്പെടുത്തി നടത്തിയ ഓഡിഷനിൽ നിന്നാണു ലെന സിനിമയിലേക്കെത്തിയത്. അങ്ങനെ സ്നേഹത്തിലെ അമ്മുവായി വെള്ളിത്തിരയിലെത്തി. പിന്നാലെ, തുടർച്ചയായി 10 സിനിമകൾ. ലാൽ ജോസ് ചിത്രമായ രണ്ടാം ഭാവത്തിൽ നാവിൽ ഞാവൽ പഴത്തിന്റെ നിറം കാട്ടി ചിരിപ്പിച്ച ശേഷം പഠനത്തിനായി ഒറ്റമുങ്ങലായിരുന്നു. പിന്നീട് 3 വർഷമെടുത്തു തിരിച്ചു വരാൻ. ‘പഠിക്കാൻ മുംബൈയിൽ പോയപ്പോൾ സിനിമ വിട്ടതിൽ എനിക്കു ഭയങ്കര നഷ്ടബോധമായിരുന്നു. സങ്കടപ്പെട്ടിരിക്കമ്പോഴാണ് ‘കൂട്ട്’ എന്ന ചിത്രത്തിലേക്കു വിളി വന്നത്. കേട്ടപാതി സമ്മതിച്ചു വിമാനം കയറി. സിനിമയായിരുന്നു എന്റെ വഴി. 

 ഇപ്പോൾ 25 വർഷമായെന്നു കേൾക്കുന്നതു ശരിക്കും അവിശ്വസനീയമാണ്.. ആദ്യമായി തിരക്കഥാകൃത്താകുന്ന ‘ഓളം’ എന്ന ചിത്രം ഈ വർഷം പുറത്തിറങ്ങും. കഥകളും കഥാപാത്രങ്ങളും മുട്ടി വിളിച്ചു കൊണ്ടിരിക്കുന്നതിനാൽ സംവിധായികയെന്ന മോഹം തൽക്കാലം മാറ്റി വച്ചിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS