ADVERTISEMENT

'അങ്കമാലി ഡയറീസിലെ' ദേഷ്യക്കാരനായ ഭീമൻ ഇപ്പോൾ 'പൂവനി'ലെ നിഷ്കളങ്കനായ മനുവായിരിക്കുകയാണ്. അതും തന്റെ പ്രിയ കൂട്ടുകാരനായ ആന്റണി പെപ്പെയ്ക്കൊപ്പം. സഹ സംവിധായകനായി സിനിമയിലെത്തിയ വിനീത് വിശ്വം, വിനീത് വാസുദേവൻ സംവിധാനം ചെയ്ത പൂവന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.

 

പൂവനിലെ മനു?

vineeth-viswam3

 

സൂപ്പർ ശരണ്യയിലെ അരുൺ സാറിന് ശേഷം കിട്ടിയ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് പൂവനിലെ മനു. ഒരു ഷേക്ക് കടയിലെ ജീവനക്കാരനാണ് മനു തന്റെ കൂട്ടുകാരനെ വളരെയധികം സ്നേഹിക്കുന്ന നിഷ്കളങ്കനായ ഒരു കഥാപാത്രം. തന്റെ കാര്യങ്ങളെക്കാൾ കൂടുതലായി കൂട്ടുകാരന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്ന ഒരാൾ.

 

ആന്റണിയോടൊപ്പം അങ്കമാലി ഡയറീസിൽ ഉണ്ടായിരുന്നല്ലോ?

vineeth-viswam-4

 

അതേ, ആന്റണി പെപ്പേ വളരെ അടുത്ത സുഹൃത്താണ്. അതുകൊണ്ട് തന്നെ കംഫർട്ടബിളായി ആന്റണിയോടൊപ്പം അഭിനയിക്കാൻ പറ്റി. വളരെ ദേഷ്യക്കാരൻ ആയ ഒരു ക്യാരക്ടർ ആയിരുന്നു അങ്കമാലി ഡയറീസിൽ ആന്റണിയെ പോലെ ഞാനും അതിൽ ചെയ്തത്. ആക്‌ഷൻ സിനിമകളിൽ നിന്നും ഒരു ബ്രേക്ക് എടുത്തിട്ടാണ് ആന്റണി ഇപ്പോൾ പൂവനിൽ അഭിനയിച്ചിരിക്കുന്നത്. 

vineeth-vishwam-2

 

യഥാർഥ ജീവിതത്തിൽ മനുവിനെ കാണാറുണ്ടോ?

 

തീർച്ചയായും. പലപ്പോഴും ഒരു സൗഹൃദ കൂട്ടായ്മയിൽ രണ്ടുപേർ തമ്മിൽ വളരെ അറ്റാച്ച്ഡ് ആയ ബന്ധം ഉണ്ടാവാറുണ്ടല്ലോ. അവർ നമ്മളെ വിശ്വസിച്ചിട്ടാകും പല കാര്യങ്ങളും പറയുന്നത്. അത് അവരുടെ കംഫർട്ട് സോണും ആയിരിക്കുമല്ലോ. അവരോടൊപ്പം നിൽക്കുക, അവരെ ആശ്വസിപ്പിക്കുക അങ്ങനെയൊക്കെ ഒരുപാട് ചെയ്തിട്ടുണ്ട്. അതിനിടയിൽ പലപ്പോഴും അതൊന്നും ഒരു മൂന്നാമനോട് ഷെയർ ചെയ്യാൻ പറ്റിയെന്ന് വരാറില്ല. ചിലർക്ക് ആ ബന്ധം എന്താണെന്ന് അറിയാൻ ആഗ്രഹത്തോടെ പലതും ചോദിച്ചെന്നും വരും. അതൊക്കെ ചിലപ്പോൾ മനുവിനെ പോലെ തന്നെ ഡീൽ ചെയ്യാറാണ് പതിവ്.

 

ഉറങ്ങാൻ കിടക്കുമ്പോൾ നെയിൽ കട്ടർ ഒച്ച പോലും സഹിക്കാൻ പറ്റാത്ത സുഹൃത്ത്?

 

പൂവന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വരുൺധാരയാണ്. അവന്റെ റിയൽ ലൈഫ് ഇൻസിഡന്റ് ആണ് സിനിമയിലേക്ക് പകർത്തിയിരിക്കുന്നത്. എനിക്കത് നേരിട്ട് അനുഭവമുള്ളതാണ് എന്നെ സംബന്ധിച്ചിടത്തോളം രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പാട്ട് കേൾക്കുകയോ ഇന്റർവ്യൂ കേൾക്കുകയോ ഒക്കെ ചെയ്യണം. ചിലപ്പോൾ സഫാരി ടിവി ഒക്കെ കേട്ട് ഉറങ്ങാറുണ്ട്. പല ഡിസ്കഷനുകൾക്ക് പോകുമ്പോഴും ഞാൻ ശബ്ദം വളരെ കുറച്ചു വച്ചാൽ പോലും വരുണിന് ഉറങ്ങാൻ സാധിക്കാറില്ല. അവന്റെ ജീവിതത്തിൽ നിന്നും എടുത്ത ഒരു കഥ കൂടിയാണ് പൂവൻ എന്ന് പറയാം. പലർക്കും അനുഭവമുണ്ടാവാനിടയുമുള്ള ഒരു കഥ.

 

സിനിമയിലേക്ക്?

 

ചെറുപ്പം മുതലേ അഭിനയം തന്നെയാണ് താൽപര്യം. എങ്കിലും സിനിമയിൽ പരിചിതർ ആരുമില്ലാത്തതുകൊണ്ട് തന്നെ അസിസ്റ്റന്റ് ഡയറക്ടർ ആവാനും നടൻ ആവാനുമൊക്കെ ഓഡിഷനുകൾക്ക് പോയിട്ടുണ്ട്. അങ്ങനെ ജിലേബിയിലാണ് ആദ്യമായി അസിസ്റ്റന്റ് ഡയറക്ടർ ആവുന്നത്. ഖത്തറിൽ ജോലി ചെയ്തിരുന്ന സമയത്താണ് ജിലേബിയിൽ അവസരം ലഭിക്കുന്നത്. പിന്നീട് സു സുധി വാത്മീകം, പ്രേതം, രാമന്റെ ഏദൻതോട്ടം തുടങ്ങിയ ചിത്രങ്ങളിലെ അസിസ്റ്റന്റ് ഡയറക്ടർ ആയി. അതിനിടയിലാണ് അങ്കമാലി ഡയറീസിൽ അഭിനയിക്കുന്നത്. അതിനോടൊപ്പം തന്നെ ഷോർട്ട് ഫിലിമുകളിലും സീരിയസുകളിലും അഭിനയിച്ചു. അങ്ങനെയാണ് മൂക്കുത്തിയിലേക്ക് എത്തുന്നത്. അതിലൂടെ തണ്ണീർമത്തൻ ഡെയ്സിലും, സൂപ്പർ ശരണ്യയിലും അഭിനയിക്കുന്നത്.

 

അമ്മാമി എന്ന് വിളിക്കുന്ന എന്റെ അമ്മൂമ്മയുടെ അമ്മ നന്നായി കഥ പറയുമായിരുന്നു. അവർ കഥ പറയുന്നത് കേട്ടാണ് ഞാൻ ഉറങ്ങി കൊണ്ടിരുന്നത് ചിലപ്പോൾ സിനിമയുടെ ശബ്ദരേഖ ഒക്കെ കേട്ട് ഉറങ്ങിയിട്ടുണ്ട്. ടിവി സിനിമയൊക്കെ കണ്ട് അതിൽ മുഴുകിയിരിക്കുന്ന എന്നെ വിളിച്ചാൽ ഞാൻ അതൊന്നും കേൾക്കാറില്ല എന്ന് അമ്മാമി പറയാറുണ്ട്. ഹൈസ്കൂളിൽ പഠിക്കുമ്പോൾ നാടകത്തിൽ ബെസ്റ്റ് ആക്ടർ ആയിരുന്നു. വളരെ സാധാരണ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. പ്ലസ്ടുവിന് പഠിക്കുമ്പോൾ ഒന്നും സിനിമയിൽ എത്തിപ്പെടുമെന്ന ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. സിനിമയിലേക്ക് എത്തണമെന്ന് വീണ്ടും ആഗ്രഹിച്ചു തുടങ്ങിയത് കോളേജിൽ എത്തിയപ്പോഴാണ്. ആ സമയത്ത് ലോക സിനിമകളൊക്കെ കാണാൻ തുടങ്ങി. അങ്ങനെ ആഡ് ഫിലിംസിലൊക്കെ വർക്ക് ചെയ്യാൻ പോയി. അതിനുശേഷമാണ് ഖത്തറിലേക്ക് എഞ്ചിനീയറായി പോകുന്നത്. 

 

വിനീത് വാസുദേവൻ ഒപ്പം വിനീത് വിശ്വം

 

മൂക്കുത്തിയിൽ വിനീത് അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഗിരീഷിന്റെ തണ്ണീർമത്തനിലും, സൂപ്പർ ശരണ്യയിലും ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. ആ സമയത്ത് തന്നെ വരുൺ ഈ കഥ ഞങ്ങളോട് പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ പ്രോജക്റ്റിലേക്ക് ഞാൻ എത്തുന്നത്. പിന്നെ റൈറ്റർ വരുൺധാരയും വളരെ അടുത്ത സുഹൃത്താണ്.

 

ഒരു ചാലഞ്ചിങ് സീൻ ആയി തോന്നിയത് ഏതാണ്?

 

ആന്റണിയോട് തന്റെ ദുഃഖം പങ്കുവയ്ക്കുന്ന ഒരു സീൻ ഉണ്ട്. അത് വളരെ ചാലഞ്ചിങ് ആയി തോന്നിയിരുന്നു. കാരണം അത് ഒരിക്കലും ബോർ ആവാനും പാടില്ല, അതേസമയം മനുവിന്റെ റിയാക്‌ഷൻസ് കൃത്യമായി കിട്ടുകയും വേണം. കഥ കേട്ടപ്പോൾ അത് ചാലഞ്ചിങ് ആയി തോന്നി. അതുകൊണ്ട് റിഹേഴ്സൽ എടുത്തു. ആ സമയത്ത് എല്ലാവരും ഓക്കേ പറഞ്ഞു. പിന്നീട് ടേക്കിനും ഒക്കെയായി.

 

വെള്ളത്തിൽ വീണ മാങ്ങ എടുക്കുന്ന മനുവോ ?

 

സത്യം പറഞ്ഞാൽ അത് യാദൃച്ഛികമായി സംഭവിച്ചതാണ്. മാങ്ങ എടുക്കാൻ നീങ്ങാൻ പറഞ്ഞപ്പോൾ ഞാൻ വെറുതെ ഒന്ന് ചാടി നോക്കിയതാണ്. ആന്റണി ഉൾപ്പെടെയുള്ളവർ അത് ചെയ്യേണ്ട എന്ന് പറഞ്ഞതാണ്. ഞാൻ അത്‌ലറ്റ് ആണ് എന്ന് പറഞ്ഞ് തനിയെ ചാടിയതാണ്. അല്പം ദൂരെയുള്ള ആ കൊമ്പിലേക്ക് എടുത്തുചാടിയിട്ട് കാലുകുത്തി നിൽക്കാം എന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ ആ മരത്തിന്റെ കൊമ്പ് എന്റെ കൈപ്പിടിയിൽ ഒതുങ്ങുന്നത് ആയിരുന്നില്ല. അങ്ങനെ അബദ്ധത്തിൽ തെന്നി വെള്ളത്തിലേക്ക് വീണു. എന്റെ പോക്കറ്റിൽ ഫോൺ ഒക്കെ ഉണ്ടായിരുന്നു. രണ്ടുദിവസം ഫോൺ ഓൺ  ഓണാവുന്നുണ്ടായിരുന്നില്ല. പിന്നീട്‌ ശരിയായി.

 

പ്രേക്ഷക പ്രതികരണം?

 

സോഷ്യൽ മീഡിയയിലൂടെ മികച്ച പ്രതികരണമാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. പൂവൻ ഇപ്പോൾ തിയറ്ററിൽ ഉണ്ട്. ഒരു നല്ല കുഞ്ഞു സിനിമ. എല്ലാവരും തിയറ്ററിൽ പോയി കാണണമെന്നും ഇനിയും സപ്പോർട്ട് ചെയ്യണമെന്നും ആഗ്രഹമുണ്ട്. അതോടൊപ്പം അഭിപ്രായങ്ങളും അറിയിക്കണം.

 

പുതിയ ചിത്രങ്ങൾ? 

 

'ക്രിസ്റ്റി' എന്ന ഒരു ചിത്രം ഫെബ്രുവരിയിൽ റിലീസ് ആവും. ആൽവിന്റെ ചിത്രമാണത്. ഗോകുൽ രാമകൃഷ്ണന്റെ 'താരം തീർത്ത കൂടാരം' എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഗിരീഷ് എ.ഡി.യുടെ ഐ ആം എ കാതലനും റിലീസിന് ഒരുങ്ങുന്നു. ഒരു ചിത്രത്തിന്റെ സ്ക്രിപ്റ്റിങ് നടക്കുന്നു. അതോടൊപ്പം തന്നെ ധ്യാനിന്റെ കൂടെയുള്ള ഒരു ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂളും പൂർത്തിയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com