കോഴിയെ അഭിനയിപ്പിക്കുന്നത് നിസാരമല്ല, ആന്റണിക്കും കിട്ടി കൊത്ത്: വിനീത് വാസുദേവൻ അഭിമുഖം

vineeth-vasudevan
SHARE

ഒരു കോഴിയെ പ്രധാന കഥാപാത്രങ്ങളിലൊന്നായി അഭിനയിപ്പിച്ച് എത്തിയ ‘പൂവൻ’ എന്ന ചിത്രം കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബ പ്രേക്ഷകരെ ആകർഷിച്ച് മുന്നേറുകയാണ്. സൂപ്പർ ശരണ്യ എന്ന ചിത്രത്തിൽ അജിത്ത് മേനോൻ ആയെത്തി പ്രേക്ഷകരെ ചിരിപ്പിച്ച വിനീത് വാസുദേവ് ആണ് പൂവന്റെ സംവിധായകൻ. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ വേലി, നിലം തുടങ്ങിയ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായ വിനീതിന് ശക്തമായ കലാപാരമ്പര്യമാണ് ഉള്ളത്. ചാക്യാർ കൂത്തും പാഠകവുമുൾപ്പെടെയുള്ള കലാരൂപങ്ങൾ അവതരിപ്പിച്ച് സ്കൂൾ കലോത്സവ വേദിയിൽ സ്ഥിര സാന്നിധ്യമായിരുന്നു വിനീത്. തണ്ണീർ മത്തൻ ദിനങ്ങൾ, അഞ്ചാം പാതിര, സൂപ്പർ ശരണ്യ തുടങ്ങി നിരവധി ചിത്രങ്ങളിൽ വിനീത് അഭിനയിച്ചിട്ടുണ്ട്. പൂവൻ എന്ന തന്റെ ആദ്യചിത്രത്തിന്റെ വിശേഷങ്ങളുമായി മനോരമ ഓൺലൈനിനൊപ്പം വിനീത്.

അരങ്ങിൽനിന്ന് സിനിമയിലേക്ക്

ചെറുപ്പം മുതൽ എല്ലാ സിനിമകളും കാണുമായിരുന്നു. തിയറ്ററിൽ പോയി കാണാത്ത ചിത്രങ്ങൾ സിഡി ഇട്ടു കാണും. എൻജിനീയറിങ് പഠിക്കുന്ന കാലത്ത് തിരക്കഥ എഴുതുമായിരുന്നു. ഒരു തിരക്കഥ എഴുതി സിബി മലയിൽ സാറിനെ കാണാൻ പോയിട്ടുണ്ട്. അതുപോലെ പാട്ടുകൾ കംപോസ് ചെയ്യുമായിരുന്നു. സംഗീത സംവിധായകൻ ആകണമെന്നും ആഗ്രഹമുണ്ടായിരുന്നു. പാട്ടും എഴുത്തുമൊക്കെ അന്നേ ഉണ്ട്. പിന്നെ ഷോർട് ഫിലിം ചെയ്യാൻ തുടങ്ങി. ഞാൻ ആദ്യമായി ചെയ്ത ഇൻവേർസ് എന്ന ഷോർട് ഫിലിമിന് ഒരുപാട് അഭിനന്ദനങ്ങൾ കിട്ടി. കോളജിൽ പഠിക്കുമ്പോൾ ആണ് അത് ചെയ്തത്. പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലുമൊക്കെയാണ് അതിനു പണം മുടക്കിയത്. അതിനു ശേഷം സജിത മഠത്തിലിനെ വച്ച് നിലം എന്നൊരു ഷോർട് ഫിലിം ചെയ്‌തു. അതിന് ഒരുപാട് അവാർഡുകളും അഭിനന്ദനങ്ങളും കിട്ടി. വേലി എന്നൊരു ഷോർട് ഫിലിം ചെയ്തിട്ടുണ്ട് അത് ഒരുപാട് ചർച്ച ചെയ്യപ്പെട്ട ചിത്രമാണ്. ഷോർട് ഫിലിമിന് കിട്ടുന്ന അവാർഡ് തുക വച്ചിട്ടാണ് പിന്നെയും ഹ്രസ്വചിത്രങ്ങൾ ചെയ്യുന്നത്. അങ്ങനെ കുറെ ചിത്രങ്ങൾ‍‍‍‍‍‍‍‍‍‍‍ ചെയ്തു. ഗിരീഷ് എ.ഡി. ഒരുപാട് ജനപ്രിയ ഷോർട് ഫിലിമുകൾ ചെയ്തിട്ടുള്ള ആളാണ്. ഗിരീഷുമായുള്ള പരിചയത്തിൽ തണ്ണീർ മത്തൻ ദിനങ്ങളിൽ എത്തിച്ചേർന്നു. തണ്ണീർ മത്തൻ വലിയ ഹിറ്റ് ആയി. ആ സമയത്താണ് ഞാൻ പൂവൻ സിനിമയിലേക്ക് എത്തിയത്. വരുൺ ധാരയാണ് അതിന്റെ തിരക്കഥ എഴുതിയത്. സിനിമ ആലോചിച്ചു വന്നപ്പോഴേക്കും കൊറോണ വന്നു. ഇതിനിടയിൽ ദൂരദര്‍ശനു വേണ്ടി വശീകരണം എന്നൊരു ഷോർട് ഫിലിം ചെയ്തു. ഞാൻ വെറുതെയിരിക്കാറില്ല എന്തെങ്കിലുമൊക്കെ എപ്പോഴും ചെയ്തുകൊണ്ടിരിക്കും. സൂപ്പർ ശരണ്യ ചെയ്തതിനു ശേഷമാണു പൂവൻ ചെയ്യാം എന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിയത്.

ശിവറാം, മണി എന്നീ രണ്ടു കോഴികൾ

ഈ സിനിമയിൽ കോഴി ഒരു പ്രധാന കഥാപാത്രമാണ്. ട്രെയിനിങ് കിട്ടിയ കോഴിക്കായി ഒരുപാടലഞ്ഞു. പക്ഷേ കിട്ടിയില്ല. കോഴികളെ ട്രെയിൻ ചെയ്യിക്കാറില്ലെന്ന് പിന്നെയാണ് അറിഞ്ഞത്. അപ്പോഴാണ് യൂട്യൂബിൽ നവനീത് എന്ന പയ്യന്റെ ഒരു വിഡിയോ കണ്ടത്. അവന് ഒരു കോഴിയുണ്ട്, ശിവറാം എന്നാണു പേര്. അവൻ പറഞ്ഞാൽ ആ കോഴി കേൾക്കും. അങ്ങനെ അവനെക്കൊണ്ട്‌ കോഴിയെ പറഞ്ഞു ചെയ്യിക്കാൻ പറ്റുമോ എന്ന് നോക്കാമെന്നു തീരുമാനിച്ചു. അത് ഒരു വൈറ്റ് ലഗൂണാണ്. നാടൻ കോഴിയെയാണ് ഞങ്ങൾക്ക് വേണ്ടത്. ഒരു നാടൻ കോഴിയെ വാങ്ങി അവനു കൊടുത്തു. ആ കോഴിക്ക് ഒരു ഡ്യൂപ്പിനെ കൂടി വേണമായിരുന്നു. അതിനെ തേടി കേരളം മുഴുവൻ അലഞ്ഞു. ഞങ്ങൾ വാങ്ങിയ കോഴിയെ ട്രെയിൻ ചെയ്യിക്കാൻ പറ്റിയില്ല. അതുകൊണ്ട് അവന്റെ കോഴിയെ വച്ചു തന്നെ ചെയ്യാം എന്നു തീരുമാനിച്ചു. കോഴി പറഞ്ഞാൽ കേട്ടില്ലെങ്കിൽ ഷൂട്ട് നിർത്തിവയ്ക്കാൻ പറ്റില്ലല്ലോ. സിനിമ മേഖലയിൽ അനിമൽ ട്രെയിനിങ് ചെയ്യുന്ന ഒരു ഷാജി ചേട്ടൻ ഉണ്ട്. ചേട്ടന്റെ കയ്യിൽ മണി എന്ന കോഴി ഉണ്ട്. അത് നന്നായി ഇണങ്ങുന്നതാണ്. അങ്ങനെ ഈ രണ്ടു കോഴികളെയും കുറച്ചു ഡ്യൂപ്പുകളെയും വച്ചാണ് സിനിമയിൽ ചെയ്യിച്ചത്. പിടയുടെ അടുത്ത് മേറ്റ് ചെയ്യാൻ വന്നിട്ട് താൽപര്യമില്ലാതെ പോകുന്ന ഒരു സീൻ ഉണ്ട്. അതൊക്കെ എങ്ങനെയോ ചെയ്യിച്ചെടുത്തു. ആന്റണി വർഗീസിനു മുന്നിൽ കോഴി എടുത്തു ചാടുന്ന രംഗം ഒക്കെ വലിയ പാടായിരുന്നു. അങ്ങനെ നന്നായി കഷ്ടപ്പെട്ടാണ് ഈ സിനിമ ചെയ്തത്. ഇത് കോഴിയിൽ മാത്രം നിൽക്കുന്ന കഥയല്ല. പക്ഷേ ഈ സിനിമയിൽ കോഴിയും ആന്റണിയുടെ കഥാപാത്രവും തമ്മിൽ ഒരു കോൺഫ്ലിക്ട് ഉണ്ട്. ഇത് കൂടാതെ പല കഥകളും പറയുന്നുണ്ട്.

vineeth-vasudevan-2

സിനിമയിലും തുടരുന്ന കൂട്ടുകെട്ട്

ഷോർട് ഫിലിം ചെയ്തു തുടങ്ങിയ കാലം മുതൽ ഉള്ള സുഹൃത്തുക്കളാണ് ഗിരീഷ്, വരുൺ, വിനീത് അങ്ങനെ കുറച്ചുപേർ. ഞങ്ങളുടെ സിനിമയിൽ ഞങ്ങൾ തന്നെ അഭിനയിക്കണം എന്നൊന്നും കരുതുന്നതല്ല. ആർട്ടിസ്റ്റുകളെ തേടിച്ചെന്നിട്ട് കിട്ടാതെ വരുമ്പോൾ അഭിനയിക്കേണ്ടി വരുന്നതാണ്. ഇവർ എല്ലാവരും പ്രൂവ് ചെയ്ത താരങ്ങളാണ്. വെറും ഒരു ജോലി ചെയ്യുന്നപോലെയല്ല, സ്വന്തം പ്രോജക്റ്റ് ആയി നിന്നാണ് അവർ ചെയ്യുന്നത്. ആ ആത്മാർഥത മറ്റൊരു താരത്തിൽനിന്ന് കിട്ടണം എന്നില്ല. ഒരു സിനിമ ചെയ്യുമ്പോൾ ഞങ്ങൾക്ക് നല്ല ബുദ്ധിമുട്ട് നേരിടാറുണ്ട്. എന്നുകരുതി ഈ കൂട്ടുകെട്ട് തന്നെ എല്ലാ സിനിമകളും ചെയ്താൽ പ്രേക്ഷകർക്ക് ബോറടിക്കും അതുകൊണ്ട് ഇങ്ങനെ തുടരുന്നതിൽ കാര്യമില്ല. ഓരോരുത്തരും അവരവരുടെ മേഖലകളിലേക്ക് ശ്രദ്ധ തിരിക്കേണ്ടി വരും.

antony-vineeth

ഒരുപാടു ബുദ്ധിമുട്ടുകൾ നേരിട്ടു

കോഴിയെ മാനേജ് ചെയ്യുക എന്നുള്ളതായിരുന്നു പ്രധാന ജോലി. നമ്മൾ പറഞ്ഞാൽ കോഴി കേൾക്കില്ലല്ലോ. എല്ലാവരുടെയും ക്ഷമ പരീക്ഷിച്ചു. രാത്രി കോഴിയുമായി ഒരു ചേസ് സീൻ ഒക്കെ ഉണ്ട്. സിനിമ കാണുമ്പോൾ എളുപ്പമായി തോന്നുമെങ്കിലും അതൊക്കെ ഷൂട്ട് ചെയ്തത് ഒരുപാട് ബുദ്ധിമുട്ടി ആണ്. ടോം ആൻഡ് ജെറി പോലെ ഒരു സ്ലാപ്സ്റ്റിക്ക് കോമഡി പോലെയാണ് അത് ചെയ്തത്. നിലാവത്ത് അഴിച്ചു വിട്ട കോഴി എന്ന് പറയുംപോലെ രാത്രി ഇറക്കി വിട്ടാൽ അത് അതിന്റെ പാട്ടിനു പോകും. രാത്രി ഷൂട്ട് ചെയ്യാൻ നല്ല പാടായിരുന്നു. അഭിനയിച്ചവരെല്ലാം നന്നായി സഹകരിച്ചു. ആന്റണി കോഴിയുടെ കൊത്ത് ഒരുപാടു കൊണ്ടു. അങ്ങനെ ബുദ്ധിമുട്ടി ചെയ്ത ഒരു സിനിമ ഒറ്റയടിക്ക് റിവ്യൂ ചെയ്തു നശിപ്പിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട്.

പ്രേക്ഷകരെ മുൻധാരണ ഇല്ലാതെ സിനിമ കാണാൻ വിടുക

തിയറ്ററിൽ പൂവൻ കാണുന്ന എല്ലാവരും മുഴുവൻ സമയവും ചിരിച്ചു എന്നാണു പറയുന്നത്. അച്ഛനും അമ്മയും കുട്ടികളുമായി വന്നു സിനിമ കാണുന്നുണ്ട്. എല്ലാവരും നല്ല അഭിപ്രായം പറയുന്നുണ്ട്. പക്ഷേ ചില ഓൺലൈൻ റിവ്യൂ ചെയ്യുന്നവർ വളരെ മോശം റിവ്യൂ ഇടുന്നുണ്ട്. അതിനെ ഞാൻ നിരാകരിക്കുന്നില്ല, കാരണം അതെല്ലാം ഓരോരുത്തരുടെ ആസ്വാദനം പോലെ ഇരിക്കും. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കാര്യം ഇല്ലല്ലോ. ഒരു വിഭാഗം പ്രേക്ഷകർക്ക് സിനിമ ഇഷ്ടപ്പെടുന്നുണ്ട്. സിനിമ വളരെ ചെലവേറിയ ഒരു ആർട്ട് ഫോം ആണ്. സിനിമ കണ്ട അന്നുതന്നെ പോയി തോന്നുന്നതുപോലെ റിവ്യൂ ഇടുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു. കാരണം ഒരുപാടുപേരുടെ പ്രയത്നഫലമാണ് സിനിമ തിയറ്ററിൽ എത്തുന്നത്. അതിനെ ഇത്തരത്തിൽ കശാപ്പ് ചെയ്യുന്ന പ്രവണത നല്ലതല്ല. ഈ പറയുന്നവർ അത്ര നല്ല ആസ്വാദന നിലവാരം ഉള്ളയാൾ ആണോ എന്നു കൂടി ചിന്തിക്കുക. ആളുകൾ ഇപ്പോൾ വലിയ ആശയക്കുഴപ്പത്തിലാണ്, നല്ല അഭിപ്രായം ഉള്ള സിനിമകൾ മാത്രമേ തിയറ്ററിൽ പോയി കാണാൻ താല്പര്യപ്പെടുന്നുള്ളൂ. പ്രേക്ഷകരെ മുൻധാരണ ഇല്ലാതെ സിനിമ കാണാൻ സഹായിക്കുക.

ഇപ്പോഴും ചാക്യാർ കൂത്ത് ഉണ്ട്

ഞാൻ വന്നത് കലയുടെ വേദിയിൽ നിന്നാണ്. ചാക്യാർ കൂത്ത്, പാഠകം ഒക്കെ ചെയ്യുന്ന കലാകാരൻ ആയിരുന്നു ഞാൻ. അതൊന്നും ഒരിക്കലും ഉപേക്ഷിക്കാൻ കഴിയില്ല. കലയുമായി ബന്ധപ്പെട്ടു മാത്രമേ എനിക്ക് ജീവിക്കാൻ പറ്റൂ. മറ്റൊരു ജോലിയും ഞാൻ ചെയ്തിട്ടില്ല. സിനിമയ്ക്കു വേണ്ടി താടി വച്ചിരിക്കുന്നത് കൊണ്ട് കൂത്ത് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ പരിപാടികൾ എല്ലാം സിനിമ ഇല്ലാത്ത സമയത്താണ് പ്ലാൻ ചെയ്യുന്നത്. ഇതിനിടയിൽ പാഠകം ചെയ്യാറുണ്ട്.

vineeth-poovan

അച്ഛന് സന്തോഷം

അച്ഛന്റെ കൈ പിടിച്ചാണ് ഞാൻ കലാലോകത്തേക്ക് വന്നത്. അച്ഛൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. എൻജിനീയറിങ് ആണ് പഠിച്ചത്. എങ്കിലും ഇഷ്ടമുള്ള കലയിലേക്ക് തിരിയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. സിനിമ ചെയ്യുന്നു എന്ന് പറഞ്ഞപ്പോഴും അച്ഛന് സന്തോഷമേ ഉള്ളൂ. ഇപ്പോൾ എന്റെ ആദ്യ സിനിമ ഇറങ്ങിയപ്പോൾ അച്ഛന് സന്തോഷമായി.

സംവിധാനം ചെറിയ കളിയല്ല

സംവിധായകൻ എടുക്കുന്ന ഒരു ചെറിയ തീരുമാനം പോലും സിനിമയുടെ ഭാവി തീരുമാനിക്കുന്നതാണ്. ഒരു സിനിമ ചെയ്യാൻ ആലോചിക്കുമ്പോൾ കോംപ്രമൈസ് ചെയ്യേണ്ടി വരും എന്ന് മനസ്സിൽ കുറിച്ചിടണം. നാൽപത്തിയേഴ് ദിവസമാണ് ഈ സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി വന്നത്. അത്രയും ദിവസവും ഒരു ബ്രേക്ക് ഇല്ലായിരുന്നു. അഭിനയിക്കണം, ഷൂട്ട് ചെയ്യണം. അപ്പോഴേക്കും നമ്മൾ മാനസികമായി വല്ലാത്ത ഒരു അവസ്ഥയിൽ ആകും. എല്ലാ സംവിധായകർക്കും മാനസിക സമ്മർദമുണ്ട്. നമ്മൾ തിരഞ്ഞെടുക്കുന്ന ഓരോ ടെക്നിഷ്യനും പ്രധാനപ്പെട്ടതാണ്. അവരെ നമ്മുടെ ജീവിതത്തിലേക്കു തിരഞ്ഞെടുക്കുന്നതു പോലെ ആണ്. ചെറിയൊരു പാളിച്ച മതി സിനിമ മോശമാകാൻ. നല്ലൊരു പ്രൊഡ്യൂസറെ കിട്ടുകയാണ് ആദ്യത്തെ കടമ്പ. എല്ലാം ചെയ്‌തു കഴിഞ്ഞു പടം ഇറങ്ങുക എന്നുള്ളത് വലിയൊരു പ്രോസസ്സ് ആണ്. അഭിനയിക്കുന്നവർക്ക് അത് ചെയ്‌താൽ മതി. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമയിലേക്ക് അവർക്ക് പോകാം. പക്ഷേ സംവിധായകന് അടുത്ത പ്രോജക്ടിലേക്ക് പെട്ടെന്ന് അങ്ങനെ പോകാൻ പറ്റില്ല. ഒരു സിനിമയെ മോശം പറയുന്നവർ ഇതൊക്കെ മനസ്സിലാക്കിയാൽ നന്നായിരുന്നു. എല്ലാം ജനാധിപത്യപരവും മനുഷ്യത്വപരവും ആയിരിക്കണം എന്നൊരു അഭ്യർഥന ഉണ്ട്.

ഭാവി പരിപാടികൾ

ഗിരീഷ് എ.ഡി. യുടെ അയാം കാതലൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചില കഥകളൊക്കെ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS