മണിയൻപിള്ള അഥവാ നിരഞ്ജ് മണിയൻപിള്ള; അഭിമുഖം

niranj-maniyanpilla-raju-wedding-54
SHARE

അച്ഛനും മകളും തമ്മിലുള്ള ആത്‌മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഡിയർ വാപ്പി. പക്ഷേ, അതിലൊരു അച്ഛൻ - മകൻ റിയൽ സ്റ്റോറിയുണ്ട്. മണിയൻപിള്ള രാജുവും മകൻ നിരഞ്ജും അച്ഛനും മകനുമായിത്തന്നെ അഭിനയിക്കുന്നു. ഇരുവരും മനോരമയോട് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

മണിയൻപിള്ള രാജു: നിരഞ്ജിനെ കാസ്റ്റ് ചെയ്തതിനു ശേഷമാണ് എന്നെ സിനിമയിലേക്കു വിളിക്കുന്നത്. അതും നിരഞ്ജിന്റെ അച്ഛനായി വേഷമിടാൻ. ജീവിതത്തിൽ അച്ഛനാണല്ലോ, സിനിമയിലും അതു വേണോ എന്നായിരുന്നു എന്റെ ചോദ്യം. അങ്ങനെ വേണമെന്ന് നിർമാതാവിനും സംവിധായകനും നിർബന്ധം. എനിക്കു വളരെ കുറച്ചു ദിവസത്തെ  ഷൂട്ടിങ്ങേ ഉണ്ടായിരുന്നുള്ളൂ. ഒരുമിച്ചുള്ള സീനുകളും കുറവായിരുന്നു അല്ലേ?

നിരഞ്ജ്: അതെ. കുറച്ചു സീനുകളേ ഉണ്ടായിരുന്നുള്ളൂ... ആദ്യമായാണ് അച്ഛനും മകനുമായി സ്ക്രീനിൽ എത്തുന്നത്. ബ്ലാക്ക് ബട്ടർഫ്ലൈയിൽ‍ ഞങ്ങൾ രണ്ടുപേരും ഉണ്ടായിരുന്നെങ്കിലും ഒന്നിച്ച് അഭിനയിച്ചിട്ടില്ല. ഫൈനൽസിലും അങ്ങനെത്തന്നെ. ആദ്യമായി അച്ഛന്റെ കൂടെ അഭിനയിക്കുന്നതിന്റെ ടെൻഷൻ നല്ലപോലെയുണ്ടായിരുന്നു.

മണിയൻപിള്ള രാജു : എനിക്കങ്ങനെ ടെൻഷൻ ഒന്നുമില്ലായിരുന്നു. നിരഞ്ജിനും ടെൻഷൻ ഉള്ളതായി എനിക്കു തോന്നിയില്ല. വളരെ കൂളായി അഭിനയിക്കുകയാണെന്നാണു കരുതിയത്. ഇപ്പോഴത്തെ കുട്ടികളെല്ലാം അങ്ങനെയാണല്ലോ. അവർക്ക് അവരെക്കുറിച്ച് നല്ല ബോധ്യമുണ്ട്. അവരുടെ ജോലിയെക്കുറിച്ചും അതിന്റെ സ്വഭാവത്തെക്കുറിച്ചും നന്നായി അറിയാം.

നിരഞ്ജ് : കണ്ടാൽ തോന്നില്ലെങ്കിലും എനിക്കു ടെൻഷനുണ്ടായിരുന്നു. എന്നെ നന്നായി വിമർശിക്കുന്നയാളാണ് അച്ഛൻ. ചില ചിത്രങ്ങളൊക്കെ കണ്ട് എന്തിനാണ് ഇങ്ങനെ സിനിമ ചെയ്യുന്നത് എന്നൊക്കെ ചോദിച്ചിട്ടുണ്ട്. വളരെ സീനിയറായ ആർട്ടിസ്റ്റാണ് അച്ഛൻ. കോംബിനേഷൻ ഇതാദ്യം. ടെൻഷൻ സ്വഭാവികമല്ലേ? ഡബ്ബിങ് എല്ലാം കഴിഞ്ഞ് എന്നെ വിളിച്ചു പറഞ്ഞു - കൊള്ളാം, നീ നന്നായിട്ടുണ്ട്. അപ്പോഴാണ് ശരിക്കും സന്തോഷമായത്.

സിനിമയിൽ അഭിനയിക്കണമെന്ന് ആദ്യം പറയുന്നത് അച്ഛനോടാണ്. 'അതൊന്നും അങ്ങനെ സാധിക്കില്ല. അതിനൊക്കെ നല്ല കഴിവുണ്ടാകണം. പാഷൻ വേണം' എന്നൊക്കെയായിരുന്നു മറുപടി. ഛോട്ടാ മുംബൈയിൽ ചാൻസ് ചോദിക്കുമ്പോഴാണ് കേട്ടോ അച്ഛന്റെ ആ ഡയലോഗ്. അപ്പോൾ ഞാൻ സ്കൂൾ വിദ്യാർഥിയാണ്. അന്നേ മനസ്സിലായി അച്ഛൻ സിനിമാ നടനാണെന്ന പരിഗണന കൊണ്ട് എനിക്ക് സിനിമ കിട്ടില്ലെന്ന്. ഇന്നു പക്ഷേ, ആ ചിന്തയാണ് എന്റെ ആദർശം. അച്ഛന്റെ പേരിലല്ല, എന്റെ കഴിവുകൊണ്ടു തന്നെ സിനിമയുടെ ഭാഗമാകണം.

ചെറുപ്പം മുതലേ സിനിമ ഇഷ്ടമായിരുന്നു. അതിനു മുൻപ് ഇഷ്ടം കുട്ടികളുടെ ഡോക്ടർ ആകാനായിരുന്നു. പീഡിയാട്രിഷ്യൻ എന്ന പേര് കേട്ടപ്പോൾ തോന്നിയ ഇഷ്ടമാണ്. പേരിന്റെ ഭംഗി മാത്രം നോക്കി പ്രഫഷൻ തിരഞ്ഞെടുക്കാൻ നോക്കിയപ്പോഴാണ് മനസ്സിലായത് പീഡിയാട്രിഷ്യനാകാൻ എളുപ്പമല്ല. അത്രയധികം പഠിക്കാനുണ്ടെന്ന്. പിന്നെയും സിനിമാ മോഹം പൊടിതട്ടിയെടുത്തു. പിന്നീട് ഇന്റർനാഷനൽ മാർക്കറ്റിങ് മാനേജ്മെന്റ് പഠിച്ചു. സിനിമയിലേക്ക് വരുന്നതിനു മുൻപേ അക്കാദമിക് മേഖല ഉറപ്പാക്കണമെന്ന് അച്ഛനും നിർബന്ധമുണ്ടായിരുന്നു.

മണിയൻപിള്ള രാജു: ഒട്ടേറെ സിനിമകളിൽ പൊലീസ് വേഷമിട്ടിട്ടുണ്ട്. കാക്കിപ്പടയിൽ നിരഞ്ജിനെ കണ്ടപ്പോൾ സെൻസർ ബോർഡിലെ ഒരംഗം പറഞ്ഞു, പഴയ രാജുവിനെ വീണ്ടും സ്ക്രീനിൽ കണ്ടു എന്ന്.

നിരഞ്ജ്: ആ സിനിമ ചെയ്യുമ്പോൾ കുറച്ചുകൂടി തടിയുണ്ടായിരുന്നു. ചെറിയ മീശയും പൊലീസ് വേഷവും. എനിക്കും തോന്നി അച്ഛന്റെ ഛായ ഉണ്ടെന്ന്. ഒട്ടേറെ കമന്റുകളും വന്നിരുന്നു. 

മണിയൻപിള്ള രാജു: ഇവൻ സിനിമയിൽ വരുമ്പോൾ ഒരൊറ്റ ഉപദേശമേ നൽകിയുള്ളൂ - നമ്മൾ കാരണം സെറ്റിലുള്ളവർ ബുദ്ധിമുട്ടരുത്. സമയത്തു വരണം.

niranj-maniyanpilla

നിരഞ്ജ് : സൗഹൃദങ്ങളുടെ കാര്യത്തിലും അച്ഛന്റെ രീതി പിന്തുടരാറുണ്ട്. ഞാൻ സീൻ കഴിഞ്ഞാലും സെറ്റിൽ തന്നെയുണ്ടാകും. വളരെ ഫ്രണ്ട്‌ലി ആയി ഇടപെടുന്നത് ഗുണം ചെയ്യാറുണ്ടെന്നാണു വിശ്വാസം.

മണിയൻപിള്ള രാജു :ഞങ്ങൾ സിനിമയിൽ‍ വരുന്ന കാലത്തു സെറ്റിലെല്ലാവരും തമ്മിൽ‍ നല്ല സൗഹൃദങ്ങളുണ്ടാക്കും. ഇന്നു പക്ഷേ, അതു കുറവാണെന്നു തോന്നുന്നു. അവനവനിലേക്ക് എല്ലാവരും ഒതുങ്ങി. സീൻ കഴിഞ്ഞാൽ പലരും കാരവനിലേക്കു മടങ്ങും. പഴയകാലത്ത് അതായിരുന്നില്ല പതിവ്.

നിരഞ്ജ്: ഡിയർ വാപ്പി അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ്. ലാൽ അങ്കിളാണ് ആമിനയുടെ (അനഘ) അച്ഛന്റെ വേഷത്തിൽ. ഷാൻ  തുളസീധരനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിൽ അഞ്ചു പാട്ടുകളുണ്ട്. സിനിമ മാറി. പക്ഷേ, എല്ലാ സിനിമകളും റിയലിസ്റ്റിക് ആകണമെന്ന് വാശിപിടിക്കുന്നതിൽ അർഥമില്ല. ചില സിനിമാ റിവ്യൂ വായിച്ചാൽ തോന്നും, അവർ ചിന്തിക്കുന്ന പോലെ മാത്രമേ സിനിമയെടുക്കാവൂയെന്ന്. സിനിമ മറ്റൊരു ലോകമാണ്. ചിലർക്ക് റിയലിസ്റ്റിക് സിനിമകളായിരിക്കും ഇഷ്ടം. ചിലർക്കു മസാലപ്പടങ്ങളും. റിവ്യൂ നൽകി നല്ല സിനിമയെ പോലും മോശമായി ചിത്രീകരിക്കുന്ന പ്രവണതയുണ്ട്. എല്ലാ സിനിമകളും എല്ലാ കഥാപാത്രങ്ങളും ഒരിക്കലും പൊളിറ്റിക്കലി കറക്ട് അകില്ല. പൊളിറ്റക്കൽ കറക്ട്നസിനെ ഗ്ലോറിഫൈ ചെയ്യാം. അതല്ലാതെ, എല്ലാവരും നന്മ മാത്രം പറയണം, ചെയ്യണം എന്നു വാശിപിടിക്കാമോ?

വിവാഹം

എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നിരഞ്ജന. എന്നെക്കാൾ ഇമോഷണലി വളരെ സ്ട്രോങ്‌ ആയ ഒരാൾ. റിസപ്ഷന് ഇട്ട വസ്ത്രത്തെച്ചൊല്ലി വളരെ മോശം കമന്റുകൾ  കേൾക്കേണ്ടി വന്നു. എനിക്ക് ദേഷ്യവും വിഷമവുമൊക്കെ തോന്നിയിരുന്നു. നിരഞ്ജനയെ പക്ഷേ അതൊന്നും ബാധിച്ചില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS