ADVERTISEMENT

ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന സിനിമയായ ‘ഇരട്ട’ തിയറ്ററിൽ എത്തുകയാണ്. സിനിമയുടെ ട്രെയിലറും ഗാനങ്ങളുെമല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.  നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജുവും ഒന്നിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ ആണ്.  ചെറുപ്പം മുതൽ സിനിമ ചെയ്യണമെന്ന മോഹം മനസ്സിലിട്ട് വളർത്തിയ രോഹിത് എഞ്ചിനീയറിങ് ബിരുദധാരിയാണ്. ജോലി നേടിയതിനു ശേഷമാണ് സിനിമയെന്ന സ്വപ്നത്തിനു പിന്നാലെ രോഹിത് യാത്ര തുടങ്ങിയത്. ഒരു നവാഗത സംവിധായകനായ തനിക്ക് ജോജുവും മാർട്ടിൻ പ്രക്കാട്ടും തന്ന പിന്തുണ വളരെ വലുതാണെന്ന് രോഹിത് പറയുന്നു. ആദ്യ ചിത്രത്തിന്റെ വിശേഷങ്ങളുമായി രോഹിത് എം.ജി. കൃഷ്ണൻ മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.  

  

ജോലിയോടൊപ്പം സിനിമയും 

 

ചെറുപ്പം മുതൽ സിനിമ മനസ്സിലുണ്ടായിരുന്നു. എൻജിനീയറിങ് ആണ് പഠിച്ചത്, അത് കഴിഞ്ഞത് മുതൽ സിനിമ ചെയ്യണം എന്ന് തോന്നിത്തുടങ്ങി.  പക്ഷേ സിനിമയുടെ മാത്രം പിന്നാലെ നടന്നാൽ ജീവിതച്ചെലവുകൾ നടക്കില്ലലോ അതുകൊണ്ട് ഒരു വരുമാനം എന്ന നിലയിൽ ജോലി സമ്പാദിക്കാൻ തീരുമാനിച്ചു. ഒരു വർഷം ഇരുന്നു പഠിച്ച് ടെസ്റ്റ് എഴുതി ഗവൺമെന്റ്  ജോലി നേടി. പോസ്റ്റ് ഓഫിസിൽ സിസ്റ്റം അഡ്മിൻ ആയി ജോലി ചെയ്യുകയാണ് ഇപ്പോൾ. 2014 ൽ ജോലിക്ക് കയറിയതിനു ശേഷം സിനിമയ്ക്കായുള്ള പഠനം തുടങ്ങി. 2015 മുതൽ ഷോർട് ഫിലിം ചെയ്യുന്നുണ്ട്. ആ സമയം മുതൽ തിരക്കഥകൾ എഴുതി പലരെയും സമീപിച്ചിട്ടുണ്ട്. 2017 ൽ ആണ് ഇരട്ടയുടെ ആദ്യത്തെ ഡ്രാഫ്റ്റ് എഴുതിയത്.  പലരോടും കഥ പറഞ്ഞു പറഞ്ഞു ഒടുവിൽ 2022 ൽ അത് യാഥാർഥ്യമായി. 

 

ജോജു ജോർജ് കൈ തന്നു 

 

iratta-3

തിരക്കഥ എഴുതിയിട്ട് സുഹൃത്തുക്കളെ വായിച്ചു കേൾപ്പിച്ചു. കഥ പറയുമ്പോൾ അവരുടെ മുഖത്ത് വരുന്ന ഭാവമാറ്റത്തിൽ നിന്ന് നമുക്കറിയാമല്ലോ ഇത് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന്. കഥ കേട്ടപ്പോൾ അവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്. ആദ്യ ഡ്രാഫ്റ്റ് എഴുതിയിട്ട് അത് പലരെയും കാണിച്ചു. 2010 മുതൽ ഇങ്ങോട്ടു പുതുമുഖ സംവിധായകർക്ക് ചാൻസ് കൊടുത്തിട്ടുള്ള നിർമാതാക്കളുടെ ലിസ്റ്റ് എടുത്തു. അവരിൽ കുറേപ്പേരെ സമീപിച്ചു. 2019 ൽ സംവിധായകൻ സാജിദ് യഹിയ ഒരു പ്രൊഡക്‌ഷൻ കമ്പനി തുടങ്ങാനിരിക്കുകയായിരുന്നു. അദ്ദേഹം സ്ക്രിപ്റ്റ് വായിച്ചിട്ട് അവർ പ്രൊഡ്യൂസ് ചെയ്യാം എന്നുപറഞ്ഞു. സാജിദ് വഴിയാണ് ജോജു ചേട്ടന്റെ അടുത്ത് എത്തിയത്. കോവിഡ് വന്നു കഴിഞ്ഞപ്പോൾ സാജിദിന് സിനിമ ചെയ്യാൻ പറ്റിയില്ല. ജോജു ചേട്ടൻ പറഞ്ഞു വിഷമിക്കണ്ട നമുക്കിത് ചെയ്യാം. അങ്ങനെ ജോജു ചേട്ടനും മാർട്ടിൻ പ്രക്കാട്ടും കൂടി സിനിമ നിർമിക്കാം എന്ന് ധാരണയായി. അങ്ങനെയാണ് എന്റെ ആദ്യ സിനിമ എന്ന സ്വപ്നം സാക്ഷാത്കരിച്ചത്.

 

പ്രതീക്ഷിക്കാത്ത കഥ 

 

iratta-director3

ജോജു ചേട്ടൻ ഇരട്ടവേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. രണ്ടു കഥാപാത്രങ്ങളും തമ്മിലുള്ള സംഘർഷവും ഇമോഷനും ഒക്കെ ഉണ്ട്. ഒരു കുറ്റാന്വേഷണത്തിന്റെ പ്ലോട്ടും ഫാമിലി ഇമോഷനും എല്ലാം കൂടിച്ചേർന്ന സിനിമയാണ് ഇരട്ട.  ബാക്കിയൊക്കെ തിയറ്ററിൽ സിനിമ കണ്ടുതന്നെ പ്രേക്ഷകർ മനസ്സിലാക്കട്ടെ.

 

ജോജുവിന്റെ പൊലീസ് വേഷങ്ങളെല്ലാം വ്യത്യസ്തം 

 

ജോജു ചേട്ടനെ കാസ്റ്റ് ചെയുമ്പോൾ അദ്ദേഹം അടുത്തിടെ കുറെ പൊലീസ് വേഷങ്ങളൊക്കെ ചെയ്തതല്ലേ, ആവർത്തന വിരസതയുണ്ടാകുമോ എന്ന് തോന്നിയിരുന്നു.  പക്ഷേ ജോജു ചേട്ടന്റെ ആക്‌ഷൻ ഹീറോ ബിജു, നായാട്ട്, ജോസഫ് എന്നീ മൂന്നു സിനിമകളിലെ പൊലീസ് വേഷം നോക്കിയാലും എല്ലാം വ്യത്യസ്തമാണ്. മൂന്നിലും മൂന്നു തരത്തിലാണ് ജോജു ചേട്ടൻ അഭിനയിച്ചിട്ടുള്ളത്. അതുകൊണ്ട് അദ്ദേഹത്തിന് ഇരട്ടയിലും വ്യത്യസ്തമായി ചെയ്യാൻ കഴിയുമെന്ന് തോന്നി. അദ്ദേഹം ചെയ്ത മൂന്നു പൊലീസ് വേഷങ്ങളിൽ നിന്നും ഏറെ വ്യത്യാസമുള്ള പൊലീസ് വേഷമാണ് ഇരട്ടയിൽ. പൊലീസ് യൂണിഫോം മാത്രമേ ഒരുപോലെ ഉള്ളൂ.  

 

എന്തുകൊണ്ട് തമിഴ് നടി 

 

തമിഴ് താരം അഞ്ജലി കുറേക്കാലത്തിനു ശേഷം മലയാള സിനിമയിൽ അഭിനയിക്കുന്നത് ഇരട്ടയിൽ ആണ്. അഞ്ജലിയെ തിരഞ്ഞെടുക്കാൻ കാരണം ആ കഥാപാത്രത്തെ ഒട്ടും ഊഹിക്കാൻ കഴിയാതിരിക്കാനാണ്.  കാസ്റ്റിങിൽ ഞാൻ ഒരുപാട് പുതുമ കൊണ്ടുവന്നിട്ടുണ്ട്.  ഒരു കഥാപാത്രത്തെക്കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്ന മുഖങ്ങൾ ഉണ്ടല്ലോ അതൊന്നും വേണ്ട ആരും പ്രതീക്ഷിക്കാത്ത താരങ്ങളെ കാസ്റ്റ് ചെയ്യാം എന്ന് കരുതി.  ഒരു മന്ത്രി എന്നൊക്കെ പറയുമ്പോൾ മനസ്സിൽ വരുന്ന ചില മുഖങ്ങൾ അല്ലാതെ ഞാൻ ഇരട്ടയിൽ ശ്രിന്ദയെ ആണ് മന്ത്രിയായി കാസ്റ്റ് ചെയ്തിരിക്കുന്നത്. അതുപോലെ തന്നെയാണ് അഞ്ജലിയുടെ റോളിലേക്ക് മറ്റുപലരെയും ആലോചിച്ചിട്ടാണ്  ഒടുവിൽ അവരെ തെരഞ്ഞെടുത്തത്.

 

നവാഗത സംവിധായകനെ പിന്തുണച്ച പ്രൊഡക്‌ഷൻ 

 

പുതിയ ഒരാൾ ഒരു സിനിമ ചെയ്യാൻ തുടങ്ങുമ്പോൾ നേരിട്ട ബുദ്ധിമുട്ടുകൾ ഞാനും നേരിട്ടിട്ടുണ്ട്. പക്ഷേ മുൻനിരയിലുളള പ്രൊഡക്ഷൻ കമ്പനിയുടെ കൂടെ വർക്ക് ചെയ്തതുകൊണ്ട് എല്ലാം സുഗമമായി നടന്നു. അവർ ചെയ്ത ചിത്രങ്ങളെല്ലാം മികച്ച ചിത്രങ്ങളാണ്. ചാർളി, ഉദാഹരണം സുജാത ഒക്കെ അവരുടെ ചിത്രങ്ങളായിരുന്നു. ഒരു പുതിയ ആളായ എനിക്ക് അവർ തന്ന സപ്പോർട്ട് വളരെ വലുതാണ്. സിനിമ ചെയ്തിട്ടില്ലെങ്കിലും കുറച്ചധികം ഷോർട് ഫിലിമുകൾ ചെയ്ത പരിചയമുള്ളത് ഏറെ സഹായിച്ചു. അതുകൊണ്ട് മറ്റേതൊരു നവാഗതനാണെങ്കിൽ പോലും വളരെ നല്ല രീതിയിൽ സിനിമ ചെയ്തു പൂർത്തിയാക്കാൻ കഴിഞ്ഞു.

 

പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയുണ്ട് 

 

ട്രെയിലർ ഇറക്കിയപ്പോഴും പാട്ടുകൾ റിലീസ് ചെയ്തപ്പോഴും വളരെ നല്ല പ്രതികരണങ്ങൾ ആണ് കിട്ടുന്നത്. സിനിമ തിയറ്ററിൽ എത്തുമ്പോൾ പ്രേക്ഷകർ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് പിന്നീട് മൗത് പബ്ലിസിറ്റി വഴി ചിത്രം കൂടുതൽ പ്രേക്ഷകരിൽ എത്തുമെന്ന് കരുതുന്നു.  സിനിമ നല്ലതാണെങ്കിൽ ആസ്വാദകർ തീയറ്ററിൽ എത്തും. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന കഥയാണ് എല്ലാവരും തിയറ്ററിൽ തന്നെ വന്നു സിനിമ കാണണം എന്ന ആഗ്രഹം കൂടി പങ്കുവയ്ക്കുന്നു.  

 

കുടുംബം 

 

മലപ്പുറം പെരിന്തൽമണ്ണയിൽ ആലിപറമ്പ് ആണ് എന്റെ സ്വദേശം. അമ്മയും ഭാര്യ രോഹിണിയും മകനും രണ്ടു സഹോദരന്മാരും ഒരു സഹോദരിയുമടങ്ങുന്നതാണ് എന്റെ കുടുംബം.  ചെറുപ്പം മുതൽ എന്റെ സിനിമയോടുള്ള പ്രണയം അവർക്കെല്ലാം അറിയാം എല്ലാവരും സിനിമ തിയറ്ററിലെത്താൻ കാത്തിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com