''മഴയേ തൂമഴയേ..." എന്ന് താളത്തിൽ വായിച്ചുനോക്കൂ. മിടുക്കിയായൊരു പെൺകുട്ടിയുടെ മുഖം ഓര്‍മവരുന്നുണ്ടോ ? അതെ. അതാണ് മാളവിക മോഹനൻ. 2013ലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. അതിനുശേഷം തമിഴ് , കന്നഡ , ഹിന്ദി ഭാഷകളിലായി സിനിമകളും വെബ് സീരീസുകളും ചെയ്തു. മാളവികയുടെ ഏറ്റവും പുതിയ റിലീസാണ് ക്രിസ്റ്റി. മനോരമ ഓൺലൈനിനോട് മാളവിക സംസാരിക്കുന്നു.
‘‘എനിക്ക് മലയാളം വായിക്കാനറിയില്ല. അതുകൊണ്ട് അമ്മയാണ് മലയാളം സിനിമകളുടെ സ്ക്രിപ്റ്റുകൾ വായിക്കുന്നതെന്ന് മാളവിക മോഹനൻ. അമ്മ സിനിമയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. അത് കൊണ്ട് തന്നെ അമ്മയ്ക്ക് സ്ക്രിപ്റ്റ് വിലയിരുത്താൻ കഴിയും.എനിക്കും അമ്മയ്ക്കും ഏറെക്കുറെ ഒരേ സെൻസിബിലിറ്റിയായതിനാൽ സിനിമ തിരഞ്ഞെടുപ്പ് എളുപ്പമാകാറുണ്ട്.
നായകപ്രാധാന്യമുള്ള സിനിമകളിൽ അഭിനയിച്ച് മടുത്തിരിക്കുമ്പോളാണ് ക്രിസ്റ്റിയുടെ കഥ കേൾക്കുന്നത്. സ്ത്രീകേന്ദ്രീകൃതമാണ് ക്രിസ്റ്റിയുടെ കഥ.
ആൺകുട്ടികൾക്ക് തന്നെക്കാൾ മുതിർന്ന പെൺകുട്ടിയോടുള്ള പ്രണയം സ്വാഭാവികമാണ്. പ്രണയത്തെകുറിച്ചുള്ള എൻ്റെ കാഴ്ചപ്പാട് ഇതല്ല എങ്കിലും എൻ്റെ ആൺസുഹൃത്തുക്കൾക്കും അനുജനുമെല്ലാം ഈ കഥ പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റി.
സദാചാരപരമായി ശരിയാണോ തെറ്റാണോയെന്നു നോക്കിയല്ല ഞാൻ സ്ക്രിപ്റ്റുകൾ തിരഞ്ഞെടുക്കുന്നത്. വ്യക്തിപരമായി എനിക്ക് അഗീകരിക്കനാവാത്ത റേസിസം , സെക്സിസം , തീവ്രമതവാദം, വയലൻസ് എന്നിവയെ മഹത്വവൽക്കരിക്കുന്ന സിനിമകൾ ഞാൻ ചെയ്യില്ല. ആർക്കും ആരോടും ഇഷ്ടം തോന്നാമല്ലോ. പക്ഷേ അതിൽ ആധിപത്യങ്ങൾ ഉണ്ടാകരുത്. ഇത്തരം പുരോഗമനപരമായ ആശയങ്ങളുള്ള സിനിമകളുടെ ഭാഗമാകാനാണ് ആഗ്രഹം. ’’
ആദർശം ജോലിയെ ബാധിക്കുന്നുണ്ടോ ?
കരിയറിന്റെ തുടക്കത്തിൽ അങ്ങനെയൊന്നും നോക്കാൻ അറിയില്ലായിരുന്നു. വ്യക്തിയെന്ന നിലയിലുള്ള സ്വാഭാവികമായ വളർച്ചയിൽ ഇപ്പോൾ കഥകളെ സൂക്ഷ്മമായി വിലയിരുത്താറുണ്ട്. സമൂഹത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ടോക്സിക് മാസ്ക്യുലിനിറ്റി പോലുള്ള വിഷയങ്ങൾ ഘോഷിക്കുന്ന തരം സിനിമകളിൽനിന്നു മാറിനിൽക്കാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ പാ രഞ്ജിത്തിന്റെ തങ്കളാൻ എന്ന സിനിമ ചെയ്യുന്നുണ്ട്. അതിലെ സ്ത്രീകഥാപാത്രങ്ങൾ വളരെ ശക്തരാണ്. സ്ഥിരം 'ഗേൾ നെക്സ്റ്റ് ഡോർ' കഥാപാത്രങ്ങൾ മടുപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
പ്രിവിലേജിനെ മനസിലാക്കുന്നുണ്ടോ ?
ആണധികാരമുള്ള സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഏത് മേഖലയിലെയും പോലെ സിനിമയിലും അതുണ്ട്. വളരെ പ്രിവിലേജുകളുള്ള കുടുംബമാണ് എന്റേത്. അത് ഞാൻ മനസിലാക്കുന്നുമുണ്ട്. എന്നെയും അനുജനേയും ഒരേ പോലെയാണ് വളർത്തിയത്. അതുകൊണ്ടുതന്നെ എന്റെ അനുജൻ മറ്റു പെൺകുട്ടികളോട് വളരെ ഹൃദ്യമായാണ് പെരുമാറുന്നത് എന്നെനിക്ക് തോന്നാറുണ്ട്. സമത്വം വീട്ടിൽനിന്നുതന്നെ പഠിക്കണമല്ലോ...