ADVERTISEMENT

നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രമാണ് ലവ്ഫുള്ളി വേദ.  തൊണ്ണൂറുകളിലെ ക്യാംപസ് രാഷ്ട്രീയവും പ്രണയവും സൗഹൃദവും ചർച്ചയായെത്തിയ ചിത്രം നിർമിച്ചത്  രാധാകൃഷ്ണൻ കല്ലയിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ്. ബിസിനസ്സുകാരായ ഞങ്ങൾ സിനിമ നിർമിക്കുക എന്നത് സ്വപ്നം പോലും കണ്ടിട്ടില്ല എന്ന് പറയുന്നു. തങ്ങളുടെ ഫ്ലാറ്റ് ബിസിനസ്സിന് വേണ്ടി പരസ്യ ചിത്രം ചെയ്യാൻ വന്ന പ്രഗേഷ് സുകുമാരന് സിനിമ ചെയ്യാൻ നിർമാതാവിനെ കിട്ടാതെ വന്നപ്പോഴാണ് പ്രഗേഷിനെ സഹായിക്കാൻ വേണ്ടി സിനിമ നിർമിക്കാൻ തീരുമാനിച്ചത്.  തൊണ്ണൂറുകളിലെ ക്യാംപസ് രാഷ്ട്രീയവും പ്രണയവും ചർച്ചയാക്കുന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണെന്ന് റുവിൻ പറയുന്നു.  ആദ്യ ചിത്രത്തിന്റെ വിശേഷങ്ങളുമായി നിർമാതാവ് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു.

 

സിനിമ ചെയ്യുക എന്നത് സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല 

 

രാധാകൃഷ്ണനും റുവിനും ചേർന്നാണ് ലവ്ഫുള്ളി യൂവേഴ്സ് വേദ എന്ന സിനിമ നിർമിച്ചത്.  ഒരു സിനിമ നിർമ്മിക്കണം എന്നൊന്നും സ്വപ്നത്തിൽ പോലും ഇല്ലായിരുന്നു.  ഞങ്ങൾ രണ്ടുപേരും മറ്റു ബിസിനസുകൾ ചെയ്യുന്നവരാണ്. ആർ ടൂ ബിൽഡേഴ്‌സ് എന്ന ഞങ്ങളുടെ ഫ്ലാറ്റ് നിർമാണക്കമ്പനിക്ക് വേണ്ടി പരസ്യം ചെയ്യാൻ വേണ്ടിയാണ് പ്രഗേഷ് വന്നത്. പ്രഗേഷ് ഒരു സിനിമ ചെയ്യാൻ വേണ്ടി നടക്കുന്ന സമയമായിരുന്നു.  സിനിമ ചെയ്യണം എന്ന് ആഗ്രഹമുണ്ടെങ്കിലും നിർമാതാക്കളെ കിട്ടുന്നുണ്ടായിരുന്നില്ല.  പരസ്യ ചിത്രം ചെയ്യാനെത്തിയപ്പോൾ ഞങ്ങളോട് ഒരു സിനിമ നിർമിക്കാമോ എന്ന് ചോദിച്ചു. അങ്ങനെ ഞങ്ങൾ രണ്ടും പേരും കൂടി പ്രഗേഷിനെ സഹായിക്കാൻവേണ്ടി ഒരു സിനിമ നിർമിക്കാം എന്ന് തന്നെ തീരുമാനിച്ചു.  അങ്ങനെയാണ് ലവ്ഫുള്ളി യുവേഴ്സ് വേദ സംഭവിക്കുന്നത്.

 

എന്തുകൊണ്ട് പുതുമുഖ താരം 

lovefully-2

 

ഈ കഥ സഖാക്കളുടെ കഥയാണ് എന്നുപറഞ്ഞാണ് പ്രഗേഷ് ഞങ്ങളെ സമീപിച്ചത്, സഖാക്കൾ ഭരിക്കുന്ന ഈ കാലത്ത് സിനിമ സഖാക്കൾ ഏറ്റെടുക്കും, സിനിമ വിജയിക്കും എന്നൊക്കെ പ്രഗേഷ് പറഞ്ഞു. സിനിമ ചെയ്യാൻ തീരുമാനിച്ചെങ്കിലും താരങ്ങളെയോ മറ്റ് അണിയറപ്രവർത്തകരെയോ തീരുമാനിക്കുന്ന ഒരു കാര്യത്തിലും ഞങ്ങൾ കൈകടത്തിയിട്ടില്ല.  താരങ്ങളെ തീരുമാനിച്ചത് പ്രഗേഷ് തന്നെയാണ്. പുതുമുഖ താരം വന്നതും അങ്ങനെയാണ്. സിനിമയിൽ ലൂക്കോച്ചൻ എന്ന കഥാപാത്രമായി ഇതിലെ ഒരു നിർമാതാവ് കൂടിയായ റുവിൻ അഭിനയിച്ചിട്ടുണ്ട്.  അഭിനയ മോഹം ഒന്നും ഉണ്ടായിരുന്നില്ല ഒരു ചെറിയ കഥാപാത്രം ചെയ്തു നോക്കാം എന്ന് കരുതി ചെയ്തു വന്നപ്പ്ൾ ഉടനീളം ഉള്ള കഥാപാത്രമായി മാറി. ആദ്യം അഭിനയിക്കാൻ പേടിയായിരുന്നു പിന്നീട് ചെയ്തു വന്നപ്പോൾ ധൈര്യം വന്നു. കോളജുകളിൽ ക്ലാസുകൾ തീരുന്നതിനു മുൻപ് സിനിമ റിലീസ് ചെയ്യണം എന്ന് പ്രഗേഷ് പറഞ്ഞതുകൊണ്ടാണ് സിനിമ ഇപ്പോൾ റിലീസ് ചെയ്തത്.

 

സിനിമ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു

 

ഇന്നത്തെ കാലത്ത് സിനിമ വിജയിക്കുന്നതൊക്കെ ഭാഗ്യം പോലെയാണ്. ഓരോ സിനിമയും അത് ലക്‌ഷ്യം വയ്ക്കുന്ന പ്രേക്ഷകരിലെത്തുമ്പോൾ സിനിമ വിജയിക്കും അങ്ങനെയാണ് ഇപ്പോഴത്തെ ട്രെൻഡ്.  നമ്മുടെ സിനിമ കോളജ് വിദ്യാർഥികളെയും സഖാക്കളെയും ലക്‌ഷ്യം വച്ചുള്ളതാണ്. അവർ സിനിമ ഏറ്റെടുക്കും എന്നുതന്നെയാണ് വിശ്വാസം.  സിനിമ കണ്ടവർക്കൊക്കെ ഇഷ്ടമായിട്ടുണ്ട്. കോളജിൽ പഠിച്ച് അവിടുത്തെ രാഷ്ട്രീയവും പ്രണയവുമെല്ലാം കണ്ടിട്ടുള്ളവർക്കും ഒരു തൊണ്ണൂറു കാലഘട്ടത്തിൽ കോളജിൽ പഠിച്ചവർക്കും  ഒക്കെ നൊസ്റ്റാൾജിയ പകർന്ന ഒരു ചിത്രമാണ് എന്നാണ് കണ്ടവർ പറയുന്നത്. സിനിമ കണ്ടവർ പറഞ്ഞു പറഞ്ഞെ ഇത് ആളുകളിൽ എത്തു. ജനങ്ങൾ പറഞ്ഞുകേട്ട് ആളുകൾ വന്നുകണ്ടു അഭിപ്രായം പറയട്ടെ.  

 

സിനിമയെ തകർക്കുന്ന റിവ്യൂവേർസ് 

 

പ്രേക്ഷകർക്ക് തുറന്നമനസ്സോടെ സിനിമ കണ്ട് അഭിപ്രായം പറയാൻ സമ്മതിക്കാതെ റിവ്യൂ പറയുന്ന ചിലരുണ്ട്. അതുപോലെ തന്നെ വേദ കണ്ടിട്ട് രണ്ടു പെൺകുട്ടികൾ പറയുന്നത് കേട്ടപ്പോൾ വല്ലാതെ അദ്ഭുതം തോന്നി. സിനിമ കണ്ടിട്ട് അവർ പറഞ്ഞത് ഇങ്ങനെയൊക്കെ സംഭവിക്കുമോ, ഇങ്ങനെയുള്ള ക്യാംപസുണ്ടോ അധ്യാപരുണ്ടോ എന്നൊക്കെയാണ്.  അവർക്ക് പഴയ കാലഘട്ടത്തിലെ ക്യാംപസിനെപ്പറ്റി ഒരു ധാരണയും ഇല്ലെന്ന് മനസ്സിലായി.  തൊണ്ണൂറ് രണ്ടായിരം കാലഘട്ടത്തിലെ കോളേജ് അവർ കണ്ടിട്ടില്ല.  അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുന്നതല്ലേ നല്ലത്. ഇത് വെറുതെ റീച്ച് ഉണ്ടാക്കാൻ മാത്രമുള്ള റിവ്യൂ പറച്ചിൽ ആയിട്ടാണ് എനിക്ക് തോന്നിയത്.  കാലഘട്ടത്തിനനുസരിച്ച് കോളേജിലും പ്രണയവും രാഷ്ട്രീയവും എല്ലാം മാറും, അതൊന്നും അറിയാതെ അക്കാലഘട്ടത്തിൽ പഠിച്ചവരെയും പഠിപ്പിച്ചവരെയും തള്ളിപ്പറയുന്ന തരത്തിലുള്ള അഭിപ്രായപ്രകടനം ആയിപ്പോയി. ഇത്തരത്തിലുള്ള പ്രവണത തടയേണ്ടത് അത്യാവശ്യമാണ്.

 

സിനിമ പരിചയമില്ലാത്ത മേഖല 

 

ഞങ്ങൾ രണ്ടുപേരും കൊടുങ്ങല്ലൂർകാരാണ് ഞങ്ങൾ ബിസിനസ്സ് ചെയ്യുകയാണ്. ഞങ്ങൾക്ക് ഒരു പരിചയുമില്ലാത്ത മേഖലയാണ് സിനിമ. ചെറിയ മുതൽ മുടക്കിൽ ചെയ്യാം എന്ന് പറഞ്ഞു തുടങ്ങിയ സിനിമയാണ് അതിന്റെ പത്തിരട്ടി ചെലവായി.  ഇനി മുതൽ മുടക്ക് തിരിച്ചുപിടിക്കുക എന്നതാണ് ലക്‌ഷ്യം. സിനിമ യഥാർഥ പ്രേക്ഷകരിൽ എത്തിയാൽ വിജയിക്കുമെന്ന് ഉറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com