ADVERTISEMENT

ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന നന്ദുവെന്ന കുട്ടിയുടെ നാട്ടിൽ സാമാന്യം വലിയൊരു സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. ആ സിനിമയിലെ പരിചയക്കാരാനൊരാൾ, വെള്ള മുണ്ടും ഷർട്ടുമിട്ട കുറച്ചുപേരെ സിനിമയിലെ ജാഥയിൽ നടക്കാൻ ഒപ്പിക്കാമോയെന്ന് നന്ദുവിനോട് ചോദിക്കുന്നു. നാട്ടിലെ സകല കൂട്ടുകാരെയും മനസ്സിൽ ധ്യാനിച്ചു, അന്നു വൈകീട്ടു ഫാക്ടറിജോലി കഴിഞ്ഞുപോകുന്ന തൊഴിലാളികളെ സംഘടിപ്പിക്കുന്നു. സിനിമയിൽ മുദ്രാവാക്യം വിളിച്ചു നടന്നുപോകാനുള്ള 'റോൾ' സംഘടിപ്പിക്കുന്നു. പിന്നെയും സിനിമറീലുകൾ കുറേ കറങ്ങിയതിനുശേഷമാണ് നന്ദു പൊതുവാളിനു സിനിമ അന്നമായത്. എപ്പോഴും കാണുന്ന ചില മനുഷ്യരുടെ ഛായയുള്ളയാൾ. മലയാള സിനിമയിലെ 'സ്ഥിരം വഴിപോക്കൻ' കഴിഞ്ഞ ഇരുപത്തിയെട്ടു വർഷത്തെ സിനിമാജീവിതത്തെയും അതിലെ ഉയർച്ചതാഴ്ചകളെയുംപറ്റി  മനോരമ ഓണ്‍ലൈനിനോട് സംസാരിക്കുന്നു. 

 

ഒരേയൊരു മോഹം ; നടനാകണം 

 

അഭിനയമായിരുന്നു മോഹം. അതിനു എളുപ്പവഴികളൊന്നുമില്ലായിരുന്നു. കോളജിലും യൂണിവേഴ്സിറ്റി തലത്തിലും കലാപരമായി മത്സരിച്ചിട്ടില്ല. എഫ്എസിറ്റി കലാകേന്ദ്രത്തിൽ പ്രതിമാസ നാടകം ഉണ്ടായിരുന്നു. അവിടുത്തെ ജീവനക്കാർക്ക് മാത്രമേ അതു കാണാനാകുമായിരുന്നുള്ളു. അച്ഛനു അവിടെയായിരുന്നില്ല ജോലി. പക്ഷേ  അയൽവാസികളൊക്കെ എഫ്എസിറ്റി ആയിരുന്നു. അവരോടൊപ്പം നാടകം കാണാൻ പോകുമായിരുന്നു. അന്നത്തെ പ്രധാന സ്റ്റേജ് ആർടിസ്റ്റ് കൊതുകു നാണപ്പൻചേട്ടനും സംഘവും ചേർന്നു അവതരിപ്പിച്ചിരുന്ന തമാശ സ്കിറ്റ് അടിച്ചുമാറ്റിയാണ് ആദ്യമായി വേദിയിൽ കയറുന്നത്. അതിനും വര്‍ഷങ്ങൾക്ക് ശേഷമാണ് മിമിക്സ് പരേ‍‍ഡ് പോലും ആരംഭിക്കുന്നത്.

 

കലകൊണ്ടു ജീവിതം  

 

അമ്പലപ്പറമ്പുകളിലും നാട്ടുസംഘങ്ങളിലും പരിപാടി അവതരിപ്പിക്കും. പത്തുരൂപയാണ് പ്രതിഫലം. ചിലര്‍ പോറോട്ടയും ഇറച്ചിയും വാങ്ങിത്തരും. വീട്ടിൽ കിട്ടാത്ത വിഭവമല്ലേ. അതും കഴിച്ചു സന്തോഷത്തോടെ പരിപാടി ചെയ്തുകൊടുത്തിട്ടുണ്ട്. 

 

ബോംബെയിലേക്ക് നാടുകടക്കുന്നു

 

കംപ്യൂട്ടർ സയന്‍സായിരുന്നു പഠിച്ചിരുന്നത്. നാടകം കളിച്ചു നടന്നു പഠനത്തിൽ ശ്രദ്ധിച്ചില്ല. അമ്മയുടെ ബന്ധുക്കളുള്ള ബോംബെയിലേക്ക് അച്ഛൻ നാടുകടത്തി. എയർപോർട്ടിലായിരുന്നു ജോലി. അന്ന് തരംഗിണി എന്നൊരു ഓർക്കസ്ട്രയുണ്ടായിരുന്നു അവിടെ. മണീ നായരും രവികുമാറും കൂടിയാണ് അത് തുടങ്ങിയത്. അതിന്റെ ഫുൾ ഇ ന്‍ചാർജായി. ജോലിയിൽ ഉഴപ്പി‌, അതിന്റെ പരിപാടിക്ക് പോയിത്തുടങ്ങി. തരംഗിണി താരനിശയൊക്കെ സംഘടിപ്പിക്കുമായിരുന്നു. അങ്ങനെയാണ് സ്വയം ഒരു സംഘടകനാണെന്നു തിരിച്ചറിഞ്ഞത്. പിന്നീട് മിമിക്രിയായി ഇഷ്ടം. ആർട്ടിസ്റ്റുകളുമായി ചങ്ങാത്തമായി. അങ്ങിനെയാണ് അബിയെ പരിചയപ്പെടുന്നത്. ഞങ്ങൾ ഒരു ട്രൂപ്പുണ്ടാക്കി. പിന്നെ പതിയെ സിനിമയിയിലേക്കു അടുത്തു.

 

പ്രൊഡക്‌ഷൻ കണ്‍ട്രോളർ അഥവാ അടിമുടി സിനിമാക്കാരൻ 

 

ദിലീപാണു മുഴുവൻ സിനിമയിലേക്ക് എന്നെ നിർദ്ദേശിക്കുന്നത്. അപ്പോളും പ്രൊഡക്‌ഷൻ  റിസ്ക്കാണെന്നു അറി‌യാമായിരുന്നു. ഒരു പടം ചെയ്യുമ്പോൾ പ്രൊഡ്യൂസറുടെ ചുമതല തന്നെയാണ് നമുക്കും. ബജറ്റ് അധികമാകാതെ, ദിവസം കുറച്ച്, ആർടിസ്റ്റുകളുടെ ഡേറ്റുകൾ വാങ്ങിയിട്ടുണ്ടെങ്കിൽ അതു പരമാവധി ഉപയോഗിച്ചു സിനിമ തീർക്കുക എന്നത് ടെന്‍ഷനുള്ള കാര്യം തന്നെയാണ്.

 

‘സമയമായില്ല പോലും’

 

ആദ്യമായി തലകാണിച്ച സിനിമയാണ് ‘സമയമായില്ല പോലും’. ആ പേരു പോലെത്തന്നെയാണ് എന്റെ അഭിനയ ജീവിതവും. സ്വന്തമായി ഒരു നടനെന്ന മേൽവിലാസം ആയിട്ടില്ല. നമ്മൾ ആളുകളെ അഭിനയത്തിനായി പരിചയപെടുത്തുന്നതുപോലെ നമ്മളെ ആര് സജസ്റ്റു ചെയ്യാൻ? ഇപ്പോൾ സിനിമ ചില ഗ്രൂപ്പുകളുടേതാണ്. എന്നെപ്പോലെയുള്ള പഴയ ആളുകൾക്ക് അവിടെ ഇടമില്ല. ചിലപ്പോൾ അഭിനേതാക്കളുടെ ഡേറ്റ് പോലും കിട്ടില്ല. ഇത്ര വര്‍ഷമായിട്ടും ഒരാളുടെ ഡേറ്റ് കിട്ടുന്നില്ലാന്ന് പറയുന്നത് വളരെ മോശം അവസ്ഥയാണ്. 

 

അഭിനയ മോഹംകൊണ്ടു സംവിധായകർക്കു ഞാൻ ഫോട്ടോസ് അയച്ചുചൊടുക്കാറുണ്ട്. അറിയാവുന്ന സംവിധായകർ ഒക്കെ വിളിക്കാറുമുണ്ട്. ചിലർ ''മറന്നുപോയി ഒന്നോര്‍മിപ്പിക്കാരുന്നില്ലേന്ന്''  പറയും‌ം. കുറേപേരുടെ നേരവും അധ്വാനവുമൊക്കെയുള്ള മായികലോകമല്ലേ. പലപ്പോഴും നന്മ കുറവാണു ഈ കച്ചവടത്തിലെന്നു തോന്നിയിട്ടുണ്ട്. 

 

യുവ നടന്മാരുടെ വിലക്കിനെപ്പറ്റി

 

പണ്ടു പ്രശ്നമുണ്ടായിക്കാണും. എന്നാൽ ഇപ്പോൾ ഷെയ്‌നിനെക്കുറിച്ച് പറയുന്നതൊക്കെ കള്ളമാണ്. ഷൂട്ടിങ് സെറ്റിൽ കൃത്യ സമയത്തു വരും. പ്രശ്നങ്ങളില്ല. വയ്യെങ്കിൽ പോലും ചിരിച്ചുകൊണ്ട് തന്നെ "ചേട്ടാ ലേശം വൈകിയാൽ  കുഴപ്പമുണ്ടോ? വയ്യാത്തതുകൊണ്ടാണ്" എന്ന് ചോദിക്കും. കൂട്ടത്തിൽ പറയുന്ന മറ്റൊരു പേര് ഷൈൻ ടോം ചാക്കോയാണല്ലോ. അദ്ദേഹമൊക്കെ  സിനിമാ യൂണിറ്റിനും മുൻപേ സെറ്റിലെത്തുന്നത് കണ്ടിട്ടുണ്ട്.  ചിലരുടെ പബ്ലിസിറ്റിക്കുവേണ്ടി പറയുന്നതാണ് ഇത്തരം കുറ്റങ്ങളെന്നു തോന്നുന്നു. 

 

കഷ്ടപ്പെട്ട ജോലി 

 

‘ലേലം’ സിനിമയുടെ ക്ലൈമാക്സ്. മദ്യശാലയിലെ  സീൻ. എന്റെ നാടിനടുത്ത് വലിയ ഒരു ഗോഡൗണും കാടുമുണ്ടായിരുന്നു. ആദ്യം അവരതു ഷൂട്ടിങ്ങിനു തരുവാൻ തയാറായില്ല. പിന്നെ ജോഷി സാറിന്റെ സിനിമയാണ്, സുരേഷ് ഗോപിയാണ് നായകനെന്നൊക്കെ  പറഞ്ഞപ്പോൾ ഗ്ലാസ് ഫാക്ടറി ഗോഡൗൺ തന്നു. പിന്നെ ആ സീനിൽ തല്ലിപൊട്ടിക്കുന്ന

കുപ്പിക്കായി നെട്ടോട്ടം. കുറെ ബാറുകളിലൊക്കെ കയറിയിറങ്ങി കുപ്പികൾ സംഘടിപ്പിച്ചു. അതൊക്കെയാണ് പിന്നീടുള്ള സിനിമയാത്രയിൽ ധൈര്യമായതു. ഇപ്പോൾ എത്ര വലിയ സിനിമയിലും പ്രൊഡക്‌ഷൻ കൺട്രോളർ ആകാമെന്നും, നന്നായി അഭിനയിച്ചു തെളിയിക്കുമെന്നും ആത്മവിശ്വാസമുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com