ജൂഡ് പറഞ്ഞു: ‘നമുക്കൊരു പ്രളയമുണ്ടാക്കണം’; മോഹൻദാസ് കളത്തിലിറങ്ങി; ഡാമും ഹെലികോപ്റ്ററും വരെ നിരത്തില്‍

mohandas
SHARE

ഹോളിവുഡ് സിനിമകളെ വെല്ലുന്ന സാങ്കേതികത്തികവെന്ന് പ്രേക്ഷകർ ഒന്നടങ്കം വാഴ്ത്തിയ സിനിമയാണ് ‘2018’. കേരളം ഒറ്റക്കെട്ടായി നേരിട്ട മഹാപ്രളയത്തെ അഭ്രപാളിയിൽ എത്തിക്കാൻ ജൂഡ് ആന്തണി ജോസഫ് എന്ന സംവിധായകനായി. രണ്ട് ഏക്കറിൽ കെട്ടിയുണ്ടാക്കിയ ടാങ്കിലായിരുന്നു കൃത്രിമമായി പ്രളയം സൃഷ്ടിച്ചത്. വീടുകളും കവലകളും മുതൽ ഡാം വരെ കൃത്രിമമായി സൃഷ്ടിച്ചതായിരുന്നു. പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കണ്ടിരുന്ന രംഗമായിരുന്നു ഗർഭിണിയെ ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്തു രക്ഷിക്കുന്നത്. എന്നാൽ ആ ഹെലികോപ്ടർ പോലും കൃത്രിമമായിരുന്നു എന്ന് പറയുന്നിടത്താണ് സിനിമയുടെ കലാസംവിധാനത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതിഭയുടെ കരവിരുത് ശ്രദ്ധേയമാകുന്നത്. ലൂസിഫര്‍, മാമാങ്കം, അയ്യപ്പനും കോശിയും, ബ്രോ ഡാഡി തുടങ്ങി മുപ്പതിലധികം ചിത്രങ്ങളുടെ കലാസംവിധാനത്തിന് ചുക്കാൻ പിടിച്ച മോഹന്‍ദാസ് ആണ് 2018 ന്റെ ടെക്നിക്കൽ ബ്രില്യൻസിനു പിന്നിൽ. മലയാള സിനിമാ ചരിത്രത്തിൽത്തന്നെ ഏറ്റവും വേഗത്തിൽ നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമെന്ന ഖ്യാതി നേടിയ 2018 ലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച കലാകാരൻ, മണി എന്ന് സ്നേഹിതർ വിളിക്കുന്ന മോഹൻദാസ് മനോരമ ഓൺലൈനിൽ....

ജൂഡ് പറഞ്ഞു, ‘നമുക്കൊരു പ്രളയമുണ്ടാക്കണം’

2018 ലെ പ്രളയം കഴിഞ്ഞ് ആദ്യമായി പ്രളയത്തിന്റെ ഭീകരത നേരിട്ട് കണ്ട ഞെട്ടലിൽനിന്ന് മലയാളികൾ മുക്തരായിട്ടില്ല. ആ സമയത്താണ് നിർമാതാവ് ആന്റോച്ചേട്ടൻ എന്നെ വിളിക്കുന്നത്. സംവിധായകൻ ജൂഡ് ആന്തണി പ്രളയം വിഷയമാക്കി ഒരു സിനിമ ചെയ്യാൻ പദ്ധതിയിടുന്നുണ്ട് ജൂഡിനെ പോയി കാണണം എന്നു പറഞ്ഞു. ഞാൻ ജൂഡിനെ കണ്ടു. ജൂഡ് തിരക്കഥ കാണിച്ചിട്ട്, എങ്ങനെ നമുക്ക് പ്രളയം പുനരാവിഷ്കരിക്കാം എന്നു ചോദിച്ചു. എനിക്കു മുന്നേ കുറെ കലാസംവിധായകരെ ഈ ചിത്രത്തിനു വേണ്ടി ജൂഡ് സമീപിച്ചിട്ടുണ്ട്. ഞാൻ ജൂഡിനോട് ഒരു ഐഡിയ പറഞ്ഞു, ആ ഐഡിയ ജൂഡിന് വളരെയധികം ഇഷ്ടപ്പെട്ടു. അതാണ് ഈ സിനിമ സംഭവിക്കാൻ കാരണമായത്. നിർമാതാക്കളുടെ അകമഴിഞ്ഞ പിന്തുണയാണ് ഈ സിനിമ സംഭവിക്കാൻ പ്രധാന കാരണം. ഞാൻ ചെയ്തതിൽ ഏറ്റവും ചാലഞ്ചിങ് ആയ സിനിമയാണ് 2018. ഇത് എങ്ങനെ സംഭവ്യമാക്കും എന്ന സംശയം എനിക്കില്ലായിരുന്നു.

movie1

പ്രിയദർശന്റെ ഉപദേശം 

ലൊക്കേഷൻ തേടി ഞാനും ജൂഡും ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. പാലക്കാട് തൃശൂർ, കോട്ടയം, ഇടുക്കി തുടങ്ങി വെള്ളം ബാക് ഡ്രോപ്പിൽ ഉള്ള പലയിടത്തും പോയി. പ്രിയൻ സാറിന്റെ (സംവിധായകൻ പ്രിയദർശൻ) മരക്കാർ കഴിഞ്ഞ സമയത്താണ് ഞങ്ങൾ ഈ സിനിമയെക്കുറിച്ച് ആലോചിക്കുന്നത്. ഞാൻ അദ്ദേഹത്തെ പോയിക്കണ്ട് ‘സർ ഞങ്ങൾ ഇങ്ങനെ ഒരു സിനിമ ചെയ്യാൻ പോവുകയാണ്, എനിക്ക് എന്തെങ്കിലും ഉപദേശം തരാനുണ്ടോ’ എന്നു ചോദിച്ചു. അദ്ദേഹം പറഞ്ഞു, ‘ബാക് ഡ്രോപ്പിൽ വെള്ളം കിട്ടുന്ന സ്ഥലം. അതാണ് പ്രധാനമായി വേണ്ടത്.’ വെള്ളം ഏതു വിധേനയും കിട്ടണം, വെള്ളം എടുത്തിട്ട് തിരിച്ച് പുഴയിലേക്കു വിടുമ്പോൾ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാൻ പാടില്ല, വെള്ളം മലിനമാകാൻ പാടില്ല. പത്തിരുപത്തിയഞ്ച് ഏക്കർ സ്ഥലം തരിശായി കിട്ടണം. ഇത്രയും സ്ഥലം ആരും വെറുതെ ഇട്ടേക്കില്ലല്ലോ. അങ്ങനെയാണ് സ്ഥലം തപ്പാൻ ഇറങ്ങിയത്.

നമ്മുടെ ഒരു അസോഷ്യേറ്റ് അരവിന്ദിന്റെ ബന്ധു വഴിയാണ് വൈക്കത്ത് ഞങ്ങൾ എത്തുന്നത്. വൈക്കത്ത് സ്ഥലം കിട്ടി. ആന്റോ ചേട്ടനെയും കൊണ്ടുവന്ന് കാണിച്ചു. അതിന്റെ ഉടമസ്ഥൻ ആന്റോ ചേട്ടന്റെ സുഹൃത്തായിരുന്നു. പ്ലാൻ ബജറ്റിങ്, ടാങ്ക്, ടാങ്കിന്റെ സൈസ്, വീടുകൾ എങ്ങനെ ഉണ്ടാക്കാൻ പറ്റും എന്നൊക്കെയുള്ള ചർച്ചകൾ തുടങ്ങി. ഈ സമയത്ത് ക്യാമറാമാനില്ല കൂടെ. ഇടയ്ക്ക് ജൂഡ് ഓരോരുത്തരെ പോയി കാണും. പക്ഷേ അവരെല്ലാം പിന്നീട് പിന്മാറും.

movie-4

അങ്ങനെ ചർച്ചകൾ പുരോഗമിക്കെ കൊറോണ വന്നു. അപ്പോഴാണ് ക്യാമറാമാൻ സി.കെ. മുരളീധരനെ കാണാൻ ഞാനും ജൂഡും മുംബൈയ്ക്ക് പോകുന്നത്. അദ്ദേഹത്തിന് പ്രോജക്റ്റ് ഇഷ്ടപ്പെട്ടു, പക്ഷേ രാവും പകലും നിന്ന് ഷൂട്ട് ചെയ്യാൻ പറ്റുന്ന അവസ്ഥ അല്ലായിരുന്നു. അദ്ദേഹം ഇപ്പോഴും സിനിമകൾ ചെയ്യുന്നുണ്ട്. ഈ സിനിമ വെള്ളത്തിലൊക്കെ നിന്ന് ഷൂട്ട് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞെന്നു വരില്ല. ഞങ്ങൾ തിരിച്ചെത്തിക്കഴിഞ്ഞപ്പോൾ ലോക്ഡൗൺ ആയി. പിന്നീടാണ് അഖിൽ ജോർജ് സിനിമയിലേക്ക് എത്തുന്നത്. അത് ഏറ്റവും മികച്ച തീരുമാനമായി മാറി. 

സെറ്റിനുള്ളിലെ കടൽക്ഷോഭം 

ഞങ്ങൾ എപ്പോഴും ഈ സിനിമയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ ജൂഡ് ‘സാറാസ്’ എന്ന സിനിമ ചെയ്തു. പല സിനിമകളുടെയും ചർച്ചകൾ വന്നു, പക്ഷേ ജൂഡ് ഈ സിനിമ മനസ്സിൽ കൊണ്ടു നടന്നു. ആന്റോ ചേട്ടൻ ഇതിനിടയിൽ ജൂഡിന് പല ഓഫറും വച്ചിരുന്നു. പക്ഷേ ജൂഡ് ഈ സിനിമയെ അത്രകണ്ട് നെഞ്ചിലേറ്റിയിരുന്നു. ഈ സിനിമയോടുള്ള ജൂഡിന്റെ ആത്മാർഥത കണ്ടിട്ടാണ് ഞാനും ആന്റോ ചേട്ടനുമൊക്കെ ജൂഡിനൊപ്പം നിലയുറപ്പിക്കാൻ തീരുമാനിച്ചത്. കോവിഡ് കഴിഞ്ഞ് പടം ചെയ്തു തുടങ്ങാം എന്നു തീരുമാനമായപ്പോൾ ഫണ്ട് ഇറക്കാൻ കഴിയുന്ന ഒരാള്‍ കൂടി നിർമാണത്തിലേക്ക് വേണം എന്ന അവസ്ഥയായി. അങ്ങനെയാണ് വേണു സർ ഈ സിനിമയിലേക്ക് വരുന്നത്. 

movie2

വേണു സാറിനു കൺസ്ട്രക്‌ഷൻ ബിസിനസ് ഉണ്ട്. അദ്ദേഹത്തിന്റെ എൻജിനീയർമാര്‍ വന്നതിനു ശേഷമാണ് ടാങ്ക് എങ്ങനെയുണ്ടാക്കാം എന്ന കാര്യത്തിൽ തീരുമാനം ആയത്. അവരാണ് വെള്ളം നിറയ്ക്കാൻ പറ്റുന്ന ടാങ്ക് ഉണ്ടാക്കിയത്. അതിനുള്ളിൽത്തന്നെ ടൗൺഷിപ്പ്, കവല, വീടുകൾ എല്ലാം ഉണ്ടാക്കി. ഓരോ സാധനവും ഇളക്കി മാറ്റി മറ്റുപലതും ആക്കി മാറ്റുമായിരുന്നു. പതിനാലു വീടുകൾ ഉണ്ടാക്കിയിട്ട് അത് പിന്നീട് പല തരത്തിലുള്ള വീടുകളാക്കി മാറ്റി ആവശ്യമനുസരിച്ച് ഉപയോഗിച്ചു.

ഇലക്ട്രിക് പോസ്റ്റ്, ചെടികൾ, മരങ്ങൾ, വാഴ തുടങ്ങി ഒരു ആവാസവ്യവസ്ഥയിൽ വേണ്ട എല്ലാം ഉണ്ടാക്കി. ഇതെല്ലാം വെള്ളത്തിൽ നശിച്ചുപോകാത്ത മെറ്റീരിയൽ കൊണ്ടാണ് നിർമിച്ചത്. കടലും ഈ സെറ്റിൽത്തന്നെ ഷൂട്ട് ചെയ്തതാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ആസിഫ് അലിയുടെ ഒരു സീനിലും തീരത്തേക്ക് ബോട്ട് അടുപ്പിക്കുന്ന സീനിലും മാത്രമാണ് യഥാർഥ കടൽ കാണിച്ചത്. കപ്പൽ മാത്രമാണ് സിജിഐ ചെയ്തത്. ബാക്കിയൊക്കെ സെറ്റിൽ തന്നെ കൃത്രിമ തിരയിളക്കം ഉണ്ടാക്കി ചിത്രീകരിച്ചതാണ്.

കുലശേഖരമംഗലത്തെ ജനങ്ങൾക്ക് നന്ദി 

മൂന്നു ടാങ്കുകൾ ആണ് ഞങ്ങൾ ഈ സിനിമയ്ക്കു വേണ്ടി ഉണ്ടാക്കിയത്. കവലയിലെ ഒരു ടാങ്ക് വഴി അവിടെ വെള്ളം കയറ്റാൻ പറ്റും. അത് അത്ര സ്ട്രോങ് ആയിട്ടല്ല ചെയ്തത്. മെയിൻ ടാങ്ക് നല്ല സ്ട്രോങ് ആയിരുന്നു. അത് പൊട്ടുകയോ അനങ്ങുകയോ ചെയ്തിട്ടില്ല. ഒടുവിൽ അത് അവിടെനിന്ന് പൊളിച്ചു മാറ്റുകയായിരുന്നു. ജെസിബി കൊണ്ടുവന്നു പ്ലോട്ട് ലെവൽ ചെയ്ത്, റോഡ് റോളർ കൊണ്ടുവന്ന് അടിച്ചു സ്ട്രോങ്ങ് ആക്കി അടിയിൽ മുഴുവൻ കോൺക്രീറ്റ് ചെയ്ത് അതിന്റെ മുകളിൽ ആണ് ടാങ്ക് കെട്ടിയത്.

movie3

ശ്രീരാഗ് എന്ന എൻജിനീയറും ഏബിൾ എന്ന സ്ട്രക്ചറൽ എൻജിനീയറും ആണ് വെള്ളം കെട്ടി നിർത്തിയാൽ ലീക്ക് ചെയ്തു പോകാത്ത വിധത്തിൽ ടാങ്ക് കെട്ടിയത്. ടാങ്കിന്റെ പണി നടക്കുമ്പോൾത്തന്നെ അതിനുള്ളിലെ റസിഡന്റ് ഏരിയകൾക്കുള്ള വീടുകൾ, കടകൾ എല്ലാം ഒരു സൈഡിൽ പണിതു വയ്ക്കുന്നുണ്ടായിരുന്നു. എന്നിട്ട് ക്രെയിൻ ഉപയോഗിച്ച് പൊക്കി കൊണ്ടുവന്ന് വയ്ക്കുകയായിരുന്നു. 

2018-movie-helicopter-2

തങ്കശേരി കടപ്പുറവും തമിഴ്‌നാടും ഒഴിച്ച്, അരുവിപ്പുറം ഗ്രാമവും വെള്ളം കയറിയ സ്ഥലങ്ങളും കവലയും വീടുകളും എല്ലാം ഈ ടാങ്കിനുള്ളിൽ ആണ് ചെയ്തത്. വെള്ളം പമ്പ് ചെയ്തു ഷൂട്ട് ചെയ്തു കഴിഞ്ഞ് അവിടുത്തെ ഉപയോഗം കഴിയുമ്പോൾ ആ സെറ്റപ്പ് മുഴുവൻ മാറ്റി വെള്ളം തുറന്നുവിടും. ആ സമയത്ത് ജൂഡ് പുറത്തുപോയി ഷൂട്ട് ചെയ്യും. അപ്പോൾ ഞാൻ അവിടെ വേറെ എന്തെങ്കിലും ചെയ്തു തുടങ്ങും. പന്ത്രണ്ടു മുതൽ പതിനഞ്ചു മണിക്കൂർ വരെ വേണം ഈ ടാങ്കിൽ വെള്ളം നിറയാൻ. പല ആവശ്യത്തിന് പല അളവിൽ ആയിരുന്നു വെള്ളം നിറച്ചത്. മൂവാറ്റുപുഴയാർ ഒഴുകുന്ന കുലശേഖര മംഗലം എന്ന സ്ഥലത്തായിരുന്നു ലൊക്കേഷൻ. അവിടുത്തെ ആളുകൾ നല്ല മനുഷ്യരാണ്.

അവരോട് ജൂഡും നിർമാതാക്കളും പോയി പറഞ്ഞു, ഞങ്ങൾ ഇവിടെ ഇങ്ങനെ ഷൂട്ട് ചെയ്യുകയാണ്. ദയവു ചെയ്തു ആരും ഇതിന്റെ ഫോട്ടോ എടുത്തു പോസ്റ്റ് ചെയ്യരുത് എന്ന്. അത് കേട്ടിട്ട് ഒരാളു പോലും ഫോട്ടോ എടുത്തില്ല എന്നുള്ളതാണ്. ഒരു ഫോട്ടോയെങ്കിലും വെളിയിൽ വന്നെങ്കിൽ സിനിമയുടെ ഗൗരവം പോയേനെ. ആരും ഒരു ഫോട്ടോ പോലും പുറത്തു വിട്ടില്ല എന്നത് ഞങ്ങളെ ആകെ അതിശയിപ്പിച്ചു. അവിടെയുള്ളവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. 

2018-helicopter-scene

ഒരു ചെറിയ റാമോജി ഫിലിം സിറ്റി 

സുധീഷേട്ടന്റെ വീടിരിക്കുന്നിടത്ത് അവിടെനിന്ന് വെള്ളം കയറ്റാൻ പറ്റുന്ന സ്ഥലമായിരുന്നു. അവിടുത്തെയും കവലയിലെയും ടാങ്കുകൾ ആണ് പൊട്ടിയത്. പക്ഷേ പെട്ടെന്ന് അത് റിപ്പയർ ചെയ്തു പിറ്റേന്നു തന്നെ ഷൂട്ടിങ് ചെയ്തു. മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും വാഴകളും ചെടികളും എല്ലാം ഞങ്ങൾ വച്ചതാണ്. കടലും തിരമാലകളും എല്ലാം അതിനുള്ളിൽ തന്നെയാണ് ചെയ്തത്. പക്ഷേ ഇതെല്ലാം ചെയ്തതിന്ന ഒരു ബേസിക് ട്രിക്ക് ഉണ്ട്. അത് ഇപ്പോൾ പുറത്തു വിടാൻ പറ്റില്ല, മേക്കിങ് വിഡിയോയ്ക്കൊപ്പം അത് പുറത്തുവിടും. ഞങ്ങളെ സംബന്ധിച്ചിടത്തോളം സെറ്റ് റാമോജി ഫിലിം സിറ്റി പോലെ ആയിരുന്നു. ഷൂട്ട് എല്ലാം കഴിഞ്ഞ് ആ സ്ഥലം മുഴുവൻ പഴയതുപോലെ ആക്കിക്കൊടുത്തു. ‘കുഞ്ഞാലി മരക്കാർ’ എന്ന സിനിമയിൽ ഇതുപോലെയാണ് ചെയ്തത്. ഞങ്ങൾ ഉണ്ടാക്കിയ ഐഡിയ അല്ലാതെ ഹോളിവുഡ് സിനിമകളിൽ ഉപയോഗിച്ച ടെക്നിക്കുകളും ചെയ്തിരുന്നു.

helicopter-20180moie

കയ്യടി നേടിയ എയർ ലിഫ്റ്റിനു പിന്നിൽ

എയർ ലിഫ്റ്റ് ചെയ്യാനുള്ള ഹെലികോപ്റ്റർ ഞങ്ങൾ ഉണ്ടാക്കിയതാണ്. ഞാൻ പത്തുലക്ഷം രൂപയാണ് ചെലവു കണക്കാക്കിയത്. പക്ഷേ അത് പിന്നെ പതിനാലായി. ഞങ്ങൾ ഇന്റർനെറ്റിൽനിന്ന് റഫറൻസ് എടുത്ത് ഹെലികോപ്റ്റർ ഉണ്ടാക്കി, അത് ക്രെയിനിൽ തൂക്കിയിട്ട്, പ്രൊപ്പല്ലറും റാഫ്റ്റും കൂടി മറ്റൊരു ക്രെയിനിൽ ഇട്ടു. അതേസമയത്ത് മഴയും സെറ്റ് ചെയ്തു.

2018-movie-helicopter

അങ്ങനെയാണ് ആ സീൻ ചെയ്തത്. ഹെലികോപ്റ്റര്‍ ഷോട്ട് ആയിരുന്നു ഏറ്റവും പ്രയാസമുള്ളത്. അത് ചെയ്തു കഴിഞ്ഞപ്പോൾ എല്ലാവര്‍ക്കും സന്തോഷമായി. ജൂൺ–ജൂലൈ മാസങ്ങളിൽ ആയിരുന്നു ഷൂട്ട്. കാരണം എപ്പോഴും മഴയുടെയും കാറ്റിന്റെയും ഫീൽ വേണമായിരുന്നു. കാലാവസ്ഥ സ്വാഭാവികമായി ഫീൽ ചെയ്യണമല്ലോ.

ഇടുക്കി ഡാമും സെറ്റും

ഡാം തുറക്കുന്നത് ചിത്രീകരിക്കുന്നതായിരുന്നു മറ്റൊരു പ്രതിസന്ധി. ആദ്യം പെരിങ്ങല്‍ക്കുത്ത് ഡാം ഷൂട്ട് ചെയ്യാം എന്നാണ് കരുതിയിരുന്നത്. ഞാനും ജൂഡും അഖിലും കൂടി പല തവണ പെരിങ്ങല്‍ക്കുത്ത് ഡാം സന്ദർശിച്ചു. കുറച്ചു ദൃശ്യങ്ങൾ പോലും ഷൂട്ട് ചെയ്യാൻ അനുവാദം ചോദിച്ചിട്ട് കിട്ടിയില്ല. അങ്ങനെയാണ് ഡാം സെറ്റ് ഇട്ടു ഷൂട്ട് ചെയ്യാം എന്ന് തീരുമാനിച്ചത്. ഡാമിന്റെ കുറച്ചു ഭാഗം മാത്രമാണ് സെറ്റിട്ടത്. വെള്ളം കയറിക്കിടക്കുന്നതിന്റെ മുകളിലേക്കുള്ള ഒരു ഷട്ടർ സെറ്റിട്ടു രണ്ടു വശങ്ങളും സിജിഐ ചെയ്തു. പക്ഷേ ഇടുക്കി ഡാം തുറക്കാൻ സാധ്യതയുണ്ടെന്നറിഞ്ഞതോടെ ഡാം തുറക്കുന്ന ദൃശ്യങ്ങൾ അവിടെനിന്ന് ചിത്രീകരിക്കാം എന്ന് തീരുമാനമായി. 'ഇടുക്കി ഗോള്‍ഡ്' എന്ന സിനിമ ചിത്രീകരിച്ച സ്‌കൂളിന്റെ ഒരു വശത്ത് നിന്ന് ഡാം ഷൂട്ട് ചെയ്യാന്‍ ഒരു ആംഗിള്‍ ഉണ്ടായിരുന്നു. അങ്ങനെ പ്രൊഡക്‌ഷൻ ടീം അവിടെ പോയി കാത്തുനിന്ന് ഡാം തുറന്നപ്പോൾ ഷൂട്ട് ചെയ്തു. ആ ഷൂട്ടിനു ഞാൻ പോയിട്ടില്ല. അപർണ ബാലമുരളിക്ക് അന്ന് ഷൂട്ട് ഇല്ലാതിരുന്നിട്ടുകൂടി കാര്യം പറഞ്ഞു വിളിച്ചപ്പോൾ അപർണ വന്നു. അങ്ങനെ ഒരുപാട് റിസ്‌ക് എടുത്താണ് ഇടുക്കി ഡാം ചിത്രീകരിച്ചത്.

movie6

എന്തിനും തയാറായ നിർമാതാക്കൾ 

വിഎഫ്എക്സ് ചെയ്തവരൊക്കെ ഉഗ്രൻ ടീം ആയിരുന്നു. ക്യാമറ ചെയ്ത അഖിൽ ജോർജിന്റെ പങ്ക് വളരെ വലുതാണ്. ആർട് ഡയറക്ടർ എന്തുതന്നെ ചെയ്താലും അതേ ഫീലിൽ പ്രേക്ഷകരിൽ എത്തിക്കണമെങ്കിൽ നല്ലൊരു ക്യാമറമാൻ ഉണ്ടെങ്കിലേ പറ്റൂ. വെള്ളത്തിൽ കിടന്നു ഷൂട്ട് ചെയ്തതൊക്കെ ആലോചിച്ചാൽ വലിയ എഫർട്ട് ആണ് പുള്ളി എടുത്തത്. അഞ്ചാറു ക്യാമറാമാന്മാർ വരുകയും ലൊക്കേഷൻ വരെ കണ്ടിട്ട് കഥ കേട്ടപ്പോൾ പോകുകയുമായിരുന്നു. ധൈര്യപൂർവം ഈ സിനിമ ഏറ്റെടുത്ത അഖിൽ ജോർജിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. നിര്‍മാതാക്കളുടെ അകമഴിഞ്ഞ പിന്തുണ തന്നെയാണ് ഈ സിനിമ യാഥാർഥ്യമാകാൻ കാരണം. ആന്റോ ചേട്ടനും വേണു സാറും എന്തിനും റെഡിയായി ഒപ്പമുണ്ടായിരുന്നു. സംവിധായകന്റെ ടീം, ക്യാമറ ക്രൂ, പ്രൊഡക്‌ഷൻ ടീം, ക്രെയിൻ ടീം, മഴ പെയ്യിച്ചവർ, കോസ്റ്റ്യൂം മേക്കപ്പ് ടീം എല്ലാവരും ഒരേ മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ സിനിമ.  

movie-5

പുതിയ ചിത്രങ്ങള്‍

സത്യന്‍ അന്തിക്കാട് സാറിന്റെ 'കൊച്ചു കൊച്ചു സന്തോഷങ്ങളി'ലൂടെയാണ് ഞാന്‍ ആർട് ഡയറക്ടർ ആകുന്നത്. എനിക്ക് സംതൃപ്തി തരുന്ന സിനിമകളാണ് ചെയ്യുന്നത്, എല്ലാത്തരം സിനിമകളും ചെയ്യാന്‍ ഇഷ്ടമാണ്. ചെയ്തതിൽ വച്ച് ഏറ്റവും ചലഞ്ചിങ് ആയ സിനിമ '2018' ആയിരുന്നു. ഇനിയും അത്തരം സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട്. പ‍ൃഥ്വിരാജിന്റെ 'എമ്പുരാനാ'ണ് ഇപ്പോൾ വർക്ക് നടക്കുന്നത്. അതിന്റെ പണി തീർന്നിട്ടേ ഇനി എന്തുമുള്ളൂ. പൃഥ്വി നൂറു ശതമാനം പ്ലാൻ ചെയ്തു വച്ചിരിക്കുന്ന ചിത്രമാണ് 'എമ്പുരാന്‍'. പൃഥ്വിയോടൊപ്പം വർക്ക് ചെയ്യാൻ നല്ല രസമാണ്. ഹിന്ദി, തെലുങ്ക് തുടങ്ങി അന്യഭാഷാചിത്രങ്ങളിൽ നിന്ന് ഓഫറുണ്ട്. എന്റെ കൂടെ എന്തിനും തയാറായി വലിയൊരു ടീമുണ്ട്. ഇവരില്ലാതെ ഒന്നും സാധ്യമല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS