‘പ്രജ’യിൽ രാമേട്ടനാകേണ്ടിയിരുന്നത് നെടുമുടി വേണു: ബാബു നമ്പൂതിരി അഭിമുഖം

babu-namboothiri-mohanlal
ബാബു നമ്പൂതിരി
SHARE

ഒരു കു‍‍ഞ്ഞു തളിക നിറയെ നാരങ്ങമിഠായി. അരികിൽ പാതി വായിച്ചുവച്ച പുസ്തകം. പല ഭാവങ്ങൾ മിന്നിത്തിളങ്ങുന്ന ചിരി. പറച്ചിലിലത്രയും കല. സിനിമയിൽ വി‍‍ജയിച്ചവരുടെ കഥകൾ മാത്രമേ ഘോഷിക്കപ്പെടാറുള്ളു. സിനിമയിലേക്കെത്തിയ വഴികളിൽ വീണുപോയവരും വേണ്ടവിധത്തിൽ യാത്ര ചെയ്യാത്തവരുമുണ്ട്. കലയുടെ കൂടെ ചെയ്ത യാത്രയാണു താനെന്നു തിരിച്ചറിഞ്ഞു വിനയാന്വിതനാവുകയാണ് ബാബു നമ്പൂതിരി. ആനക്കമ്പവും കഥകളിയും ചെണ്ടയും നാടകവും സിനിമയും അധ്യാപനവുമെന്നു വേണ്ട, തൊട്ടതിലെല്ലാം പ്രഗൽഭനെന്നു തെളിയിച്ച, പ്രിയപ്പെട്ടവരുടെ നമ്പൂതിരി സാർ മനോരമ ഓൺലൈനിന്റെ ‘മെമ്മറി കാർഡ്’ എന്ന പരിപാടിയിൽ സംസാരിക്കുന്നു.

ശിഷ്യരുടെ പകവീട്ടലെന്നു സംശയിച്ചു

ഡെന്നിസ് ജോസഫ്, അശോകൻ (ഗായത്രി അശോകൻ) എന്നിവർ ശിഷ്യരായിരുന്നു. അവരാണു ‘നിറക്കൂട്ടി’ലേക്കു ക്ഷണിച്ചത്. ഞാൻ പഠിപ്പിച്ചുകൊണ്ടിരുന്ന കാലത്ത് അവർ ബാക്ക് ബെഞ്ചേഴ്സാണ്. അവർക്കു ശ്രദ്ധ മറ്റു കാര്യങ്ങളിലായിരുന്നു. അന്നു കുറവിലങ്ങാട്ട് ഒരു ചെറിയ തിയറ്ററുണ്ട്. കോളജിലെ തന്നെ റവ. ഫാദറിന്റെ ഉടമസ്ഥതയിലുള്ള തിയറ്ററാണ്. ഒാടുന്ന പടത്തിന്റെ ഇടയ്ക്കു ചില 'ക്ലിപ്പിങ്സ്' വരും. അതിനെപ്പറ്റിയുള്ള ചർച്ചകളാണ് അവർക്കിടയിൽ നടക്കാറ്. അവരെ പല പ്രാവശ്യം പുറത്താക്കിയിട്ടുണ്ട്. അന്നു ശിക്ഷിച്ച ആളുകൾക്കു പിന്നീട് സ്നേഹവും ആരാധനയുമായിരുന്നു. അങ്ങനെയുള്ളവർ റെഫർ ചെയ്യുമ്പോൾ ലേശമൊന്നു പകച്ചു. പക്ഷേ ഡെന്നിസ് ഷൂട്ടിങ്ങ് തുടങ്ങുന്നതു പോലും ഇതു ഗുരുദക്ഷിണയാണെന്നു പറഞ്ഞാണ്. വളരെ അദ്ഭുതപ്പെട്ടു. കാരണം വഴക്കു മാത്രമേ അവരെ പറഞ്ഞിട്ടുളളൂ.

അന്നത്തെ സുന്ദരപുരുഷൻ

അന്നത്തെ കാലത്തും വളരെ നന്നായി വസ്ത്രം ധരിക്കുമായിരുന്നു. പഠിച്ചതൊക്കെ നോർത്ത് ഇന്ത്യയിലായിരുന്നു. പഠിക്കുമ്പോൾ അവരുടെ രീതിക്കനുസരിച്ചുള്ള വസ്ത്രങ്ങൾ വേണം. ഇറുങ്ങിയ പാന്റ് ഇൻ ചെയ്യണ‌ം. അതായി ശീലം. അങ്ങനെ ജോലിയായപ്പോഴും അതു തന്നെ ഉപയോഗിച്ചിരുന്നു. ജോലിക്കു നിയമിച്ചതു ഒരു ഫാദറാണ്. അദ്ദേഹം വളരെ കർക്കശക്കാരനായിരുന്നു. അദ്ദേഹം ഒരിക്കൽ ഒറ്റയ്ക്കു വിളിപ്പിച്ചു പറഞ്ഞു ‘‘ക്ലാസ്സൊന്നും കുഴപ്പമില്ല. പക്ഷേ പെൺകുട്ടികളൊക്കെയുള്ളതല്ലേ. വസ്ത്രം കുഴപ്പമാണ്’’ എന്ന്. കുട്ടികൾക്കൊക്കെ അത്തരം വസ്ത്രം വളരെ ഇഷ്ടമായിരുന്നു. അതു കാണുമ്പോൾ അവർക്കും വേണം എന്നു തോന്നും.

അരിക്കൊമ്പനെ കണ്ടാൽ കൊതിയാകും

ഓർമയുള്ളപ്പോൾ മുതൽ വീട്ടിൽ ആനയുണ്ട്. ആനയെന്നതു ഗണപതിയുടെ പ്രതിരൂപമായാണു കണ്ടിരുന്നത്. എഴുന്നള്ളിപ്പ് ഉള്ളപ്പോൾ ജോലിക്കാർക്കു ശമ്പളമായി അതിന്റെ ഒരു വിഹിതം കൊടുക്കും. അല്ലാത്തപ്പോൾ മറ്റു ജോലികൾക്കു കൊണ്ടുപോകും. ഒന്നും തരുകയോ ചോദിക്കുകയോ ഇല്ല. അതുകൊണ്ട് ആന ഒരു ഭാരമായി തോന്നിയിട്ടില്ല. എങ്കിലും കർക്കിടക മാസത്തിൽ ആനയ്ക്കു വേണ്ട എല്ലാ ചികിത്സയും കൊടുക്കുമായിരുന്നു. ഇപ്പോൾ 30 വർഷത്തോളമായി ഒരു ആനയുണ്ട്. ശേഖരൻ എന്നാണു പേര്. വാലിൽ ധാരാളം പൂവു പോലുള്ള വെളുത്ത രോമങ്ങൾ ഉള്ളതുകൊണ്ടു പൂവാലൻ എന്നും സ്നേഹപ്പേരു വിളിക്കും.

ആനയെ എവിടെക്കണ്ടാലും ശ്രദ്ധിക്കും. അരിക്കൊമ്പനെ കണ്ടുനോക്കൂ. എന്തൊരു ഐശ്വര്യമാണ്. ‌കുടിയേറ്റ മേഖലയായിരുന്നു അവന്റെ വാസസ്ഥലം. അവിടെ ആനയ്ക്ക് ഇഷ്്ടമില്ലാത്ത മരങ്ങൾ പിടിപ്പിച്ചു, കാടുകൾ വെട്ടിത്തെളിച്ചു. അങ്ങിനെയൊക്കെ ചെയ്തിട്ട് വീടു തകർത്തു, റേഷൻകട കുത്തിപ്പൊളിച്ചു എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം? ആവശ്യത്തിനുള്ള ആഹാരം കിട്ടിയിരുന്നെങ്കിൽ ആന ഒരിക്കലും അങ്ങനെ ചെയ്യില്ല. ഈ മനുഷ്യന്മാരെയല്ലേ എന്നും കാണുന്നത്. ഒരുപാട് ആളുകളെ കൊല്ലുന്നതൊക്കെ പേടിച്ചിട്ടാകും. ആനയെ വളർത്തുന്നയാൾ എന്ന നിലയിൽ, അതിനെ പരിശീലനം കൊടുത്ത്, ഭക്ഷണവും ചികിത്സയും നൽകി നാട്ടിൽ വളർത്തേണ്ടതായിരുന്നു എന്നാണ് അഭിപ്രായം. വളരെ ലക്ഷണമൊത്ത ഒരാനയാണ് അരിക്കൊമ്പൻ. ആനയെ വേദനിപ്പിക്കാതെ നാട്ടിൽ ജീവിക്കാനാകും വിധം പരിശീലനം നൽകണമായിരുന്നു. തമിഴ്നാടു സർക്കാർ വീണ്ടും അരിക്കൊമ്പനെ അലയാൻ വിട്ടത് എന്തിനാണെന്നു മനസ്സിലാകുന്നില്ല.

കഥകളി, ചെണ്ട, നാടകം, സിനിമ

കൃഷ്ണൻ നായർ ആശാന്റെ ശിക്ഷണത്തിൽ കഥകളി പഠിച്ചിരുന്നു. അദ്ദേഹം ഇല്ലത്തുവന്നു താമസിക്കും. അന്ന് അച്ഛന്റെ ആഗ്രഹം കഥകളി കാണാൻ പഠിക്കണമെന്നതായിരുന്നു. അങ്ങിനെ ആശാൻ എല്ലാ ചിട്ടകളും മുദ്രകളും മുഖാഭിനയവും പഠിപ്പിക്കുമായിരുന്നു. അതുകൊണ്ട് ഉത്സവങ്ങൾ തുടങ്ങിക്കഴിഞ്ഞാൽ നല്ല കഥകളിയുള്ളയിടത്തെല്ലാം പോകും. അന്നു കണ്ട കഥകളിയൊക്കെ ഇന്നും മനസ്സിൽ മങ്ങാതെയുണ്ട്. കഴിഞ്ഞ വർഷവും കഥകളി ആടിയിരുന്നു. അത്തവണ സ്ത്രീവേഷമാണു കെട്ടിയത്. കുന്തിയുടെ വേഷമായിരുന്നു. കഥകളി പഠിച്ചതുകൊണ്ടു മാത്രം കാര്യമില്ല. നിന്തരമായി ചെയ്താൽ മാത്രമേ മുദ്രകൾ കയ്യിൽ വരികയുള്ളു. സിനിമയുടെ കൂടെ നടന്നപ്പോൾ കഥകളിക്കു കൊടുക്കാൻ സമയമുണ്ടായില്ല.

‘അഹം അഹം’ എന്ന നാടകം
 
മുപ്പതുകളുടെ തുടക്കത്തിൽ അറുപത്തിരണ്ടുകാരന്റെ വേഷമായിരുന്നു ആ നാടകത്തിൽ ചെയ്തത്. അന്നു കേരള സർക്കാരിന്റെ മികച്ച സ്റ്റേജ് ആക്ടർ അവാർഡു കിട്ടി. പെരുന്തച്ചന്റെ കഥയാണ്. അതു കണ്ടിട്ടാണ് എം.ടി.വാസുദേവൻ നായർ സാർ എന്നെ ഒരു സിനിമയ്ക്കുവേണ്ടി പരിഗണിക്കൂ എന്ന് ഐ.വി.ശശിയോടു പറഞ്ഞത്. അന്നു ഫോൺ കണക്‌ഷനില്ല. മദ്രാസിൽ എത്താൻ ആവശ്യപ്പെട്ടുകൊണ്ടു ടെലിഗ്രാമാണ് അയച്ചത്. 75 വയസ്സ് വരുന്ന ആരെങ്കിലും നാടകത്തിൽ ഉണ്ടോ എന്നു ചോദിച്ചു. ഒപ്പം അഭിനയിച്ചിരുന്ന എം.എസ്. വാര്യർ എന്നൊരാളെ ഓർമ വന്നു. പറഞ്ഞുകൊടുത്തു. ഞാൻ അദ്ഭുതപ്പെട്ടു, ഇതിനാണോ എന്നെ ടെലിഗ്രാമയച്ച് വിളിച്ചു വരുത്തിയത് എന്ന്. രണ്ടു ദിവസം കഴിഞ്ഞ് ഒരു ടെലഗ്രാം വീണ്ടും വന്നു. എംടി സാറിന്റെ പുതിയ സിനിമ. മോഹൻലാലാണ് നായകൻ. കോഴിക്കോട്ടു ഷൂട്ടിങ്. മഹാറാണിയിൽ എത്തുക എന്ന്. അപ്പോഴാണ് അന്നു കാണാനും സംസാരിക്കാനുമായിട്ടാണു വിളിച്ചതെന്നു മനസ്സിലാക്കുന്നത്.

അതുപോലെ പിന്നീടൊരിക്കൽ കെ.എസ്.നമ്പൂതിരിയുടെ നിർമാല്യം എന്നൊരു നാടകം കണ്ടിട്ട്, ഡയറക്ടർ കെ.പി.കുമാരനും പത്മരാജനും വന്നു. ‘‘സിനിമയിൽ അഭിനയിക്കാൻ താൽപര്യം ഉണ്ടോ’’ എന്നു ചോദിച്ചു. ‘‘അതിനാണ് താൽപര്യം’’ എന്നു പറഞ്ഞു. ‘‘ഒരു പടം ചെയ്യുന്നുണ്ട്. അടൂരിനെകൊണ്ട് വിളിപ്പിക്കാം’’ എന്നു പറഞ്ഞെങ്കിലും ആ കഥാപാത്രത്തിനു ചേരുന്ന ശരീരപ്രകൃതമായിരുന്നില്ല. ശേഷം പത്മരാജന്റെയും അടൂരിന്റെയും പടങ്ങളിൽ അഭിനയിച്ചു.

'അമൃതം ഗമയ' അഥവാ വലിയ വാതിൽ

ഹരിഹരൻ എന്ന സംവിധായകന്റെ കഴിവു നേരിട്ടു മനസ്സിലാക്കിയ സിനിമയായിരുന്നു അത്. ക്യാമറയ്ക്ക് അഭിമുഖമായി നിൽക്കുന്ന ആൾക്ക് എന്തു തകരാറാണ് ഉള്ളതെന്ന് ഒറ്റയ്ക്കു വിളിപ്പിച്ച് പറയുകയും കണ്ണുകൾ കൊണ്ട് എങ്ങനെ അഭിനയിക്കണമെന്നു പഠിപ്പിക്കുകയും ചെയ്തു അദ്ദേഹം. മറ്റാരും അങ്ങനെയൊന്നും പറഞ്ഞു തന്നിട്ടില്ല.

ആ കഥാപാത്രത്തിൽ നാടകീയത കുറച്ചുണ്ട്. പിന്നീട് കണ്ടപ്പോൾ ഇത്രയും വേണ്ടിയിരുന്നില്ല എന്നു തോന്നിയിരുന്നു. അതിന്റെ ക്ലൈമാക്സിൽ ‘മകനെ റാഗ് ചെയ്തത് ഞാനാണ്’ എന്ന് മോഹൻലാൽ സമ്മതിക്കുന്ന രംഗമുണ്ട്. അപ്പോഴുള്ള റിയാക്‌ഷൻ കരയണോ ചിരിക്കണോ എന്നറിയാത്ത ഒരവസ്ഥയാണ്. അത് ഒറ്റ ടേക്കിൽ ശരിയായി. അതിനുശേഷം ഒരു തുടക്കകാരനായ എന്നോട് മോഹൻലാൽ ക്യാമറയുടെ പിന്നിൽനിന്ന് അത് ഒന്നുകൂടി കാണിക്കുവാൻ പറഞ്ഞു. അതിന് അനുസരിച്ചുള്ള റിയാക്‌ഷൻ വരാനാണ് എന്നു പറഞ്ഞു. ആ സിനിമ റിലീസ് ആയപ്പോൾ അതിന്റെ പൾസ് എങ്ങിനെയാണെന്നറിയാൻ കോഴിക്കോട്ടേക്ക് വിളിച്ചിരുന്നു. അപ്പോൾ എംടി പറഞ്ഞത് ‘‘ലാലിനെക്കാൾ കൂടുതൽ ബാബുവിനെ കുറിച്ചാണ് നല്ലതു കേൾക്കുന്നത്’’ എന്നാണ്.

പിന്നീടുവന്നതെല്ലാം അതുപോലുള്ള പ്രായത്തിലെ വേഷങ്ങളായിരുന്നു. സിനിമയിൽ ചില വേഷങ്ങളേ ചെയ്യൂ എന്നു പറയാൻ പാടില്ലല്ലോ. വില്ലൻ വേഷങ്ങളൊക്കെ ധാരാളം കിട്ടിയിരുന്നു. ശബ്ദം കൊണ്ടൊക്കെ വില്ലനാകാൻ സാധ്യതയില്ലെന്നു തോന്നുമല്ലോ. അതിനെയും ഉപയോഗപ്പെടുത്താനായിട്ടുണ്ട്. ജോഷി സാർ പറയും ‘‘വില്ലനാകാൻ നമ്പൂതിരി സാറിനെ വിളിക്കൂ’’ എന്ന്.

സിനിമയിലെ അധികാരശ്രേണി

ഞാൻ അധ്യാപകനായിരുന്നു. കോളജിൽ പഠിപ്പിച്ച ശിഷ്യന്മാർ സിനിമയിലുണ്ടായിരുന്നു. അപ്പോൾ ആ ഒരു ബഹുമാനം ചോദിക്കാതെതന്നെ ലഭിച്ചിരുന്നു.

അന്നു സുമലത തലയാട്ടരുതായിരുന്നു

‘നിറക്കൂട്ട്’ എന്ന സിനിമയിൽ സുമലതയുമായുള്ള ഒരു രംഗത്തിൽ അവരെയും എടുത്ത് ഒരു മുറിയിലേക്കു കയറുന്ന ഷോട്ട് ഉണ്ട്. അവർക്കൊരു അടിയൊക്കെ കൊടുത്ത്, എടുത്ത് തോളിലിട്ടു പോകുന്നതാണ് രംഗം. ആ ഷോട്ടിൽ അവർ തലയിട്ട് ആട്ടികൊണ്ടിരുന്നു. അങ്ങിനെ തോളിലിട്ട് ഓടിക്കയറുമ്പോൾ അവരുടെ തല വാതിലിൽ അടിച്ചു. വലിയ പ്രശ്നമായി. ജോഷി സർ എന്നെ ആദ്യമായി കാസ്റ്റ് ചെയ്യുന്ന സിനിമ കൂടിയാണ്. അന്നു സുമലത അറിയപ്പെടുന്ന നടിയാണ്. അവരുടെ നെറ്റിയിൽ ചെറിയ മുറിവുണ്ടായി. സംഭവിച്ചത് നായികയ്ക്ക് ആയതുകൊണ്ടു തന്നെ ഷൂട്ടിങ് നിർത്തിവച്ചു. നേരിട്ടു പറഞ്ഞില്ലെങ്കിലും കാരണക്കാരൻ ഞാൻ ആണെന്നുള്ള സംസാരം അവിടെ ഉണ്ടായിരുന്നു. ജോത്സ്യത്തിൽ വിശ്വസിച്ചിരുന്ന ആളായിരുന്നു അന്നു പ്രൊഡ്യൂസർ. അദ്ദേഹം പ്രശ്നം വയ്പിച്ചു നോക്കിയപ്പോൾ, ചോര കണ്ടു പടം സൂപ്പർ ഹിറ്റാകും എന്നു പറഞ്ഞു. അപ്പോഴാണ് ശ്വാസം നേരെ വീണത്.

ക്ലാരയുടെ തങ്ങൾ

‘അമൃതം ഗമയ’ കഴിഞ്ഞ് അധികം താമസിക്കാതെയാണു ‘തൂവാനത്തുമ്പികൾ’ സംഭവിച്ചത്. അന്നു പത്മരാജൻ എന്നെ വിളിപ്പിച്ചു. ഇളയത് എന്ന കഥാപാത്രത്തിൽ നിന്നു വിപരീതമായി ഒരു വേഷമാണ്. ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ എന്നു ചോദിച്ചു. ആ സിനിമ ചെയ്യുമ്പോൾ പത്മരാജൻ ചെവിയിൽ പറഞ്ഞു ‘അമൃതം ഗമയയിലെ ഇളയതിന്റെ ഹാങ്ങോവർ മാറട്ടെ’ എന്ന്. കുറച്ച് ടേക്കുകൾ കഴിഞ്ഞപ്പോൾ ആ ട്രാക്കിലേക്ക് വന്നു. ജയകൃഷ്ണൻ എന്ന ലാൽ ചെയ്ത കഥാപാത്രം മിടുമിടുക്കൻ ആണല്ലോ. അയാളെ കൊണ്ടുനടക്കുന്ന പാപ്പാനായിരുന്നു തങ്ങൾ. വടക്കൻ കേരളത്തിൽ പോയാൽ അവർ പറയുന്നത് അവിടെ ഇങ്ങനെയുള്ള ആൾക്കാർ ഉണ്ടെന്നാണ്. പത്മരാജന് നേരിട്ട് അറിയാവുന്ന തൃശൂർക്കാരനായൊരാൾ തന്നെയാണു തങ്ങളെന്നും കേട്ടിട്ടുണ്ട്. ഇന്നാണ് ആ കഥാപാത്രം ചെയ്യുന്നതെങ്കിൽ അത് ചിലപ്പോൾ വിവാദമാകാം. അന്നു പക്ഷേ ആളുകൾ അഭിനന്ദിച്ചിട്ടേയുള്ളു.

‘തൃഷ്ണ’യിൽ എന്നെ മാറ്റി മമ്മൂട്ടി വന്നു

അന്ന് ഐ.വി. ശിയെ നേരിട്ടു കണ്ടിട്ടില്ല. കത്തിലൂടെയാണു പരിചയം. എഴുത്തിനൊപ്പം ഫോട്ടോയും കൊടുക്കുമായിരുന്നു. അതു കണ്ടിഷ്ടപ്പെട്ടാണു വിളിക്കുന്നത്. മേക്കപ്പ് ടെസ്റ്റ് നടത്തി. എം.ഒ. ദേവസ്യ ആണ് മേക്കപ്പ് ആർട്ടിസ്റ്റ്. അദ്ദേഹത്തിന്റെ മകനാണ് ഇപ്പോൾ മമ്മൂട്ടിയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ജോർജ്. മാന്യമായി പത്തു രൂപയും ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റും എടുത്തു തന്നു. ഷൂട്ടിങ് വിവരങ്ങൾ ടെലിഗ്രാം വഴി അറിയിച്ചു. കൊടൈക്കനാലിൽ ആയിരുന്നു ഷൂട്ട്. മദ്രാസിൽനിന്ന് എല്ലാരും ഒന്നിച്ചാണു ലൊക്കേഷനിലേക്കു പോയത്. ഷൂട്ടിങ് തുടങ്ങി. അന്നു പ്രോംപ്റ്റ് ചെയ്ത ഡയലോഗിൽ അസോഷ്യേറ്റ് ഡയറക്ടർ ഒരു വാക്കു തെറ്റായി പറഞ്ഞപ്പോൾ ഞാൻ തിരുത്തി. അത് അവിടെ സംസാരമായി. ‘‘വന്നു കയറിയില്ല, കണ്ടില്ലേ അഹങ്കാരം’’ എന്നൊക്കെയായിരിക്കും അവർ കരുതിയിരിക്കുക. ആ തെറ്റു പിന്നീട് എഡിറ്റിലൊക്കെ ശരിയാക്കാമെന്ന് എനിക്കും അറിവുണ്ടായില്ല. ഞാൻ മിണ്ടാതിരുന്നാൽ മതിയായിരുന്നു.

അങ്ങനെ ഷൂട്ടിങ് കുറച്ചു ദിവസത്തേക്ക് നിർത്തി വച്ചു. എന്നെ നാട്ടിലേക്കു തിരിച്ചയയ്ക്കാൻ തീരുമാനമായി. അന്നു കോളജിൽ ജോലിക്കു കയറിയ സമയമായിരുന്നു. നാട്ടിലൊക്കെ എല്ലാർക്കും സിനിമയിൽ പോയി എന്ന് അറിയാവുന്നതുകൊണ്ട് മദ്രാസിൽ വിട്ടാൽ മതി എന്നു ഞാൻ പറഞ്ഞു. അവിടെ ചെന്നു സ്വന്തം നിലയ്ക്കു മുറി എടുത്തു. രണ്ടു ദിവസം താമസിച്ചു. അടുത്ത ദിവസം ശ്രീകുമാരൻ തമ്പി സാറിനെ പോയി കണ്ടു നടന്ന കാര്യങ്ങൾ പറഞ്ഞു, ഡയറക്ടർ മോഹനെയും കണ്ടു. ‘‘ഇപ്പൊ പോയ്ക്കൊളൂ. എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കാം’’ എന്ന് പറഞ്ഞു. തിരികെ വിളിച്ചത് ശ്രീകുമാരൻ തമ്പി സാറാണ്. നല്ല കഥാപാത്രം തന്നു. അങ്ങനെ പിന്നീടും അദ്ദേഹത്തിന്റെ കുറെ പടങ്ങളിൽ അഭിനയിച്ചിരുന്നു.
 
ഇന്നത്തെ സിനിമയിലെ അച്ചടക്കം

അതിന് ഉത്തരം പറയാൻ വളരെ വിഷമമുണ്ട്. നസീർ സാറും സത്യൻ സാറുമെല്ലാം ഏറ്റവും ആദ്യം സെറ്റിൽ എത്തുന്നവരായിരുന്നു. ആ ശീലത്തിൽ ജോലി ചെയ്ത എന്നെപ്പോലുള്ളവർക്കു പുതിയ കാര്യങ്ങൾ ചിന്തിക്കാൻ പോലും കഴിയില്ല. എത്ര വലിയവനായാലും ചെറിയവനായാലും മേക്കപ്പിട്ടാൽ ചിലപ്പോൾ രാത്രിയാകും ഷോട്ട് എടുക്കുന്നത്. സിനിമയിൽ അങ്ങിനെയാണ്. ചിലപ്പോൾ വളരെ ദൂരെയാകും ലൊക്കേഷൻ. അവിടേക്കു ധാരാളം വണ്ടികൾ പോകും. ആർട്ടിസ്റ്റും ടെക്നീഷ്യൻസുമൊക്കെ പോകുന്നത് ഓരോ വണ്ടികളിലാണ്. ഈ ഷോട്ട് ഇപ്പോൾ വേണ്ടാ, ഉച്ചയ്ക്കു ശേഷം മതി എന്ന് ഡയറക്ടർ പറഞ്ഞാൽ പോലും പ്രൊഡക്‌ഷൻ മാനേ‍ജർ അതു സമ്മതിക്കില്ല.

ഇപ്പോൾ കേൾക്കുന്നതൊക്കെ ശരിയാണെങ്കിൽ ചെറുപ്പക്കാരനാണെങ്കിലും ചെറുപ്പക്കാരിയാണെങ്കിലും സെറ്റിൽ എത്തുന്നത് വൈകിയായിരിക്കും. എന്റെ അനുഭവത്തിൽ അങ്ങനെ ഉണ്ടായിട്ടില്ല. ഇപ്പോൾ എന്താണ് കുട്ടികൾ അങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. അതു പൈസ മുടക്കുന്ന ആളോടു കാണിക്കുന്ന അപരാധമാണ്. വിവരമില്ലായ്മ ആണെന്നു തോന്നുന്നില്ല. അഹങ്കാരമാണെന്നു പറയാനും പറ്റില്ല, കാരണം നേരിൽ അവരെ അറിയില്ല.

"എന്റെ പൂർണ്ണത്രയീശാ..."

രൺജി പണിക്കർ എഴുത്തിൽ അൽപം അമാന്തം ഉള്ള ആളാണ്. ‘പ്രജ’യിലെ വേഷത്തിന് എന്നെയല്ല, നെടുമുടി വേണുവിനെയാണ് തീരുമാനിച്ചിരുന്നത്. എന്നെക്കാൾ താരമൂല്യമുള്ള ആളാണ്. പക്ഷേ ഇതു പെട്ടെന്ന് തീരുന്ന ഒരു കഥയായിരുന്നില്ല. അദ്ദേഹത്തിന് അന്നു ഡേറ്റ് ഉണ്ടായിരുന്നില്ല. പിന്നീട് ജോഷി സാറാണ് എന്നെ അതിലേക്കു തീരുമാനിക്കുന്നത്. അങ്ങനെ പെട്ടെന്നാണ് വിളിക്കുന്നത്. ഓരോ ദിവസത്തെ സംഭവവും തലേദിവസം രാത്രി ഇരുന്ന് എഴുതിയാണ് തന്നിരുന്നത്. ആ സിനിമയിൽ ഡയലോഗുകളുടെ അതിപ്രസരവുമുണ്ടായിരുന്നു. മോഹൻലാലിന്റെ സംഭാഷണങ്ങൾ ഒക്കെ കട്ടിയുള്ളവയാണ്. ലാലിന് അതു പ്രശ്നമല്ല. രണ്ടു തവണ വായിച്ചുകേട്ടാൽത്തന്നെ നന്നായി പറയും. എങ്കിലും കാഴ്ചക്കാർക്ക് അത് അത്ര ഇഷ്ടമായില്ലെന്നു സിനിമയുടെ പരാജയം തെളിയിച്ചു.

വൈകിയുള്ള സീനുകൾ എടുക്കുമ്പോൾ പോലും ‘‘സാറിനു പറ്റുമോ’’ എന്നു ചോദിക്കുമായിരുന്നു ജോഷി സാർ. അപ്പോൾ തന്നെ ‘‘ചെയ്യാം’’ എന്നു ഞാൻ പറയും.

സിനിമയിൽ അഭിപ്രായം പറഞ്ഞാൽ ഇഷ്ടപ്പെടില്ല

നാടകത്തിൽ മുഴുവൻ സ്ക്രിപ്റ്റും എല്ലാവർക്കും അറിയാം. ഒരുപാടു റിഹേഴ്സൽ കഴിഞ്ഞാണു സ്റ്റേജിലേക്ക് കയറുന്നത്. അതാണു നാടകത്തിന്റെ രീതി. രംഗം കഴിയുന്നത് അനുസരിച്ച് ആർട്ടിസ്റ്റുകൾ പിന്നിലേക്കു മാറിനിന്നു നാടകം കാണണം. പരസ്പരം അഭിപ്രായങ്ങൾ പറയണം. സിനിമയിൽ അതില്ല. വളരെ സീനിയർ ആർടിസ്റ്റാണെങ്കിൽ അങ്ങോട്ടു ചോദിച്ചാൽ മാത്രം പറഞ്ഞുതരും. അല്ലാതെ ‘‘ഇതു ശരിയായില്ല കുട്ടി’’ എന്ന് അങ്ങോട്ടു പറഞ്ഞാൽ കുട്ടിക്ക് ഇഷ്ടമാവില്ല. പബ്ലിക്കായി പറഞ്ഞാൽ പിന്നെയതു വലിയ പ്രശ്നമാകാനും ഇടയുണ്ട്.

കക്ഷിരാഷ്ട്രീയവും സിനിമയും

സ്വന്തം രാഷ്ട്രീയം വെളിപ്പെടുത്താത്തതാണു നല്ലത്. മമ്മൂട്ടി എങ്ങനെയുള്ള രാഷ്ട്രീയക്കാരനാണെന്ന് എല്ലാവർക്കും അറിയാം. മോഹൻലാൽ തുറന്നു പറയുന്നില്ലെങ്കിലും ആളുകൾക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയം ഊഹിക്കാം. രാഷ്ട്രീയം അവർ സിനിമയിലേക്ക് കൊണ്ടുവരാറില്ല. പക്ഷേ നമുക്കൊന്നും അതിനു പറ്റില്ല. അറിയാതെ പറഞ്ഞുപോകും. അപ്പോൾ അതിനുള്ള അവസരങ്ങൾ ഉണ്ടാക്കാതെയിരിക്കുക എന്നതാണു പ്രശ്നത്തിൽ പെടാതിരിക്കാനുള്ള എളുപ്പവഴി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഗോപാംഗനേ...

MORE VIDEOS