ADVERTISEMENT

സിനിമയിൽ ഭാഗ്യം പരീക്ഷിക്കാൻ ജോലി ഉപേക്ഷിക്കുമ്പോൾ, ഷിൻസ് ഷാൻ സ്വയം നൽകിയിരുന്ന സമയപരിധി ഒരു വർഷമായിരുന്നു. പക്ഷേ, ആ‌ ഇടവേള വർഷങ്ങൾ നീണ്ടു പോയി. നല്ലൊരു ജോലി ഉപേക്ഷിച്ച് അഭിനയിക്കാൻ ഇറങ്ങിത്തിരിച്ചതിനെ അന്നു പലരും വിമർശിച്ചു. സമയമെടുത്താണെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ആ വിമർശനങ്ങളെ നിഷ്പ്രഭമാക്കുകയാണ് ഷിൻസ്. അഭിനയിച്ച സിനിമകളിലെ വേഷത്തേക്കാൾ വെബ് സീരിസിലൂടെയാണ് മലയാളികൾക്ക് ഷിൻസിനെ പരിചയം. പലർക്കും പേര് അറിയില്ലെങ്കിലും, ഷിൻസിന്റെ മുഖം കൊച്ചുകുട്ടികൾക്കു പോലും പരിചിതമാണ്. നിരൂപകശ്രദ്ധ നേടിയ സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ സീരീസുകളിലൂടെയും മലയാളികളുടെ കാഴ്ചവട്ടത്തിൽ ഷിൻസുണ്ട്. ഈയടുത്ത് റിലീസ് ചെയ്ത കേരള ക്രൈം ഫയൽസ് എന്ന സീരിസിലും ജാക്സൺ ബസാർ യൂത്ത് എന്ന സിനിമയിലും ഷിൻസ് അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രേക്ഷകപ്രീതി നേടി. സഭാകമ്പമുള്ളതുകൊണ്ട് സ്കൂളിലോ കോളജിലോ ഒരു വേദിയിൽ പോലും കയറാൻ മടിച്ചിരുന്ന ഷിൻസ്, ക്യാമറയ്ക്കു മുമ്പിൽ ഇപ്പോൾ അനായാസം അഭിനയിക്കുന്നു. ഒറ്റ രാത്രി കൊണ്ടു സംഭവിച്ചതല്ല ആ മാറ്റം. മനോരമ ഓൺലൈന്റെ സീ റിയൽ സ്റ്റാർ എന്ന പരിപാടിയിൽ ഷിൻസ് ഷാൻ മനസു തുറക്കുന്നു.  

 

'ചൈനീസ്' പേരിനു പിന്നിൽ

 

ഷിനു എന്നാണ് എന്റെ യഥാർത്ഥ പേര്. അഭിനയത്തിൽ എന്റെ ഗുരുനാഥനായ സജീവ് നമ്പിയത്ത് ആണ് എന്റെ പേര് മാറ്റിയത്. അങ്ങനെയാണ് ഞാൻ ഷിൻസ് ഷാൻ ആയത്. പേരിന്റെ സ്പെല്ലിങ്ങിൽ ഞാനൊരു തിരുത്തും വരുത്തി. അതായത്, 'S' നു പകരം 'Z' ആക്കി. അതോടെ പലരും പേര് ഉച്ചരിക്കുന്നത് 'ഴിൻസ് ഷാൻ' എന്നൊക്കെയായി. പേരു കേൾക്കുമ്പോൾ ചൈനക്കാരനാണെന്നു തോന്നുമെങ്കിലും ഞാനൊരു വൈപ്പിൻകാരനാണ്. യാദൃച്ഛികമായി അഭിനയത്തിലേക്ക് എത്തിപ്പെട്ട വ്യക്തിയാണ് ഞാൻ. എന്റെ ഒരു സുഹൃത്ത് ഉണ്ട്. പേര് ശ്രീ. സിനിമയിൽ അഭിനയിക്കണമെന്ന അതിയായ ആഗ്രഹമുള്ള കക്ഷിയാണ്. എല്ലാ ഓഡിഷൻസിനും അവൻ പോകും. അവന് ഒരു സപ്പോർട്ടായി ഞാനും കൂടെ പോകുമായിരുന്നു. ഞാൻ ഓഡിഷനിൽ പങ്കെടുക്കില്ല. അവൻ ചെയ്യും. ഒരിക്കൽ അഭിനയ പരിശീലനത്തിന്റെ ഭാഗമായി ശ്രീ ഒരു ഹ്രസ്വചിത്രം ചെയ്തു. എന്റെ മൂത്തമകൾ തന്മയ അതിൽ അഭിനയിച്ചിരുന്നു. അന്ന് അവൾക്ക് ഒന്നര വയസാണ്. 2012ലാണ് ഇതു സംഭവിക്കുന്നത്. ആ ഹ്രസ്വചിത്രത്തിൽ ഞാനും ചെറിയൊരു വേഷം ചെയ്തിരുന്നു. ക്യാമറയ്ക്ക് മുമ്പിലെ അഭിനയത്തിന്റെ ഒരു ടെക്നിക് അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്. അവർ പറഞ്ഞു, അഭിനയിക്കുമ്പോൾ ക്യാമറയിലേക്ക് നോക്കാനേ പാടില്ലെന്ന്! അതു വരെ ഞാൻ ധരിച്ചു വച്ചിരുന്നത് ക്യാമറയിൽ നോക്കി ചെയ്യണം എന്നായിരുന്നു. ക്യാമറയിൽ നോക്കണ്ട എന്നത് എനിക്ക് വലിയ ആശ്വാസമായി. അതിലെ എന്റെ വേഷം കണ്ട്, രണ്ടു മൂന്നു ഹ്രസ്വചിത്രങ്ങളിലേക്ക് എന്നെ വിളിച്ചു. ഈ സംഗതി കൊള്ളാമെന്നൊക്കെ എനിക്കപ്പോഴേക്കും തോന്നിത്തുടങ്ങിയിരുന്നു. അതോടെ, അഭിനയം ഗൗരവമായി പഠിക്കാൻ തീരുമാനിച്ചു. 

zhinz

 

ആക്ട്‍ലാബ് വഴി സിനിമയിലേക്ക്

 

കൊച്ചിയിൽ പ്രവർത്തിക്കുന്ന ആക്ട്‍ലാബിലാണ് ഞാൻ ആക്ടിങ് കോഴ്സിനു ചേർന്നത്. മൂന്നു ദിവസത്തെ ഏവരുടെ ഒരു അഭിനയക്കളരിയിലാണ് ആദ്യം പങ്കെടുത്തത്. അതിനു ശേഷം അവരുടെ സൺഡേ ബാച്ചിൽ ചേർന്നു. ആ സമയത്ത് ഞാനൊരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. കോഴ്സിനു ചേർന്നതോടെ എല്ലാ ഞായറാഴ്ചയും മറ്റെല്ലാ പരിപാടികളും മാറ്റി വച്ച് ഞാൻ ക്ലാസിനു പോകാൻ തുടങ്ങി. കോഴ്സിന്റെ അവസാനം ഞങ്ങൾക്കൊരു നാടകാവതരണമുണ്ട്. എൻ.എൻ പിള്ള സാറിന്റെ ഗുഡ് നൈറ്റ് എന്ന നാടകമാണ് ചെയ്തത്. അതു കാണാനെത്തിയ സംവിധായകനും തിരക്കഥാകൃത്തുമായ കലവൂർ രവി സർ എന്നെ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ 'കുട്ടികളുണ്ട് സൂക്ഷിക്കുക' എന്ന ചിത്രത്തിലേക്ക് അദ്ദേഹം എന്നെ ക്ഷണിച്ചു. അതിലൊരു തീവ്രവാദിയുടെ വേഷമായിരുന്നു. അതാണ് എന്റെ ആദ്യ സിനിമ. 

 

zhinz-33

വിമർശനങ്ങൾ ഊർജമായി

 

ജോലിക്കിടയിൽ അഭിനയം പഠിക്കാൻ പോയതൊന്നും അധികമാരോടും പറഞ്ഞിരുന്നില്ല. പക്ഷേ, കോഴ്സ് കഴിഞ്ഞതോടെ ഞാൻ ജോലി വിട്ടു. ഇപ്പോൾ ആലോചിക്കുമ്പോൾ ഞാനെങ്ങനെ അന്ന് ആ തീരുമാനമെടുത്തു എന്ന് അറിയില്ല. കാരണം, വീട്ടിൽ ഭാര്യയും രണ്ടു മക്കളുമുണ്ട്. ഭാര്യയ്ക്ക് ജോലിയുണ്ടെങ്കിലും എന്റെ വരുമാനം ഇല്ലാതെ ആകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഒരു വർഷത്തേക്ക് ജോലിയിൽ നിന്നൊരു ഇടവേള എടുക്കാമെന്നായിരുന്നു അന്ന് കരുതിയിരുന്നത്. അൽപം പരിശ്രമിച്ചിരുന്നെങ്കിൽ നല്ല അവസരങ്ങൾ ലഭിക്കുമായിരുന്നെന്ന് കുറച്ചു കാലം കഴിയുമ്പോൾ കുറ്റബോധം തോന്നരുതല്ലോ. അതാണ് ഞാൻ ഭാര്യയോടും പറഞ്ഞത്. പക്ഷേ, ആ ഒരു ഇടവേള നീണ്ടു നീണ്ട് ഇപ്പോൾ 11 വർഷമായി. ജോലി ഉപേക്ഷിക്കുമ്പോൾ അഭിനയം കൊണ്ടു ജീവിക്കാൻ പറ്റുമെന്നൊന്നും ഓർത്തില്ല. ഈയടുത്തു മാത്രമാണ് അഭിനയത്തിൽ നിന്നു വരുമാനം ലഭിച്ചു തുടങ്ങിയത്. 

 

zhinz-shan-3

വരുമാനമുള്ളപ്പോൾ ജീവിക്കുന്നതും അഞ്ചു പൈസ വരുമാനമില്ലാത്തപ്പോൾ ജീവിക്കുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ടല്ലോ! തൊഴിലില്ലാത്തവനാവുകയാണ്. പക്ഷേ, പൈസ ആഗ്രഹിച്ചിട്ടല്ല അഭിനയരംഗത്തേക്ക് വന്നത്. എന്നോട് ഏറ്റവും ചേർന്നു നിൽക്കുന്നവരെ വിശ്വാസത്തിലെടുക്കാനുള്ള ഒരു ചുമതല എനിക്കുണ്ടല്ലോ. കാരണം, ഒരു വർഷം ജോലിയിൽ നിന്നു ഇടവേള എടുക്കുകയാണെന്നു പറഞ്ഞിട്ട്, അതു നീണ്ടു പോയി. അപ്പോഴൊക്കെ എന്റെ കുടുംബം എനിക്കു തന്ന സപ്പോർട്ടാണ് ഇന്ന് ഞാനെന്തിങ്കിലുമൊക്കെ അഭിനയത്തിൽ ആയിട്ടുണ്ടെങ്കിൽ അതു സാധ്യമാക്കിയത്. എന്നെ പിന്നോട്ടടിക്കുന്ന പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. കല്യാണവും കഴിച്ചു, രണ്ടു കുട്ടികളും ആയിട്ട് ഇങ്ങനെ ഉത്തരവാദിത്തമില്ലാതെ ഉഴപ്പി നടക്കുകയാണെന്നു പലരും പറഞ്ഞു. അതെല്ലാം ഞാൻ ഊർജ്ജമാക്കി മാറ്റി മുമ്പോട്ടു പോവുകയായിരുന്നു. 

 

കൃഷാന്തിന്റെ കണ്ടെത്തൽ

 

സംവിധായകൻ കൃഷാന്തുമായുള്ള പരിചയം കരിയറിൽ വലിയ വഴിത്തിരിവായിരുന്നു. ആക്ട്‍ലാബിലെ ഒരു തിയറ്റർ പെർഫോമൻസ് കണ്ടാണ് കൃഷാന്ത് എന്നെ അദ്ദേഹത്തിന്റെ വൃത്താകൃതിയിലുള്ള ചതുരത്തിലേക്ക് വിളിക്കുന്നത്. വാരണസിയിലായിരുന്നു അതിന്റെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. അവിടേക്ക് വിമാനത്തിൽ പോയതും ഭാഷയറിയാത്ത നാട്ടിൽ ചിലവഴിച്ച ദിവസങ്ങളും ഒരിക്കലും മറക്കാൻ പറ്റില്ല. ആ സിനിമ ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചപ്പോഴും ഞാനും കൃഷാന്തും ഒരുമിച്ചുണ്ടായിരുന്നു. പിന്നീട് ആ സൗഹൃദം വലിയൊരു ആത്മബന്ധത്തിലേക്ക് വളർന്നു. അതിനുശേഷം അദ്ദേഹത്തിന്റെ വെബ്സീരീസിലും ആവാസവ്യൂഹം, പുരുഷപ്രേതം എന്നീ സിനിമകളിലും അഭിനയിച്ചു. ആവാസവ്യൂഹത്തിന്റെ ഷൂട്ട് നടക്കുന്നതിനിടയിൽ ഫണ്ടിന് പ്രശ്നങ്ങളുണ്ടായി. അതൊരു സ്വതന്ത്ര സിനിമാസംരംഭം ആയിരുന്നല്ലോ. കൃഷാന്തിന്റെ മനസിലുള്ള ആശയം ഒരു നിർമാതാവിനെ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തും എന്നത് സംശയമായി. അങ്ങനെ 'സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം' ഞാൻ ആവാസവ്യൂഹത്തിന്റെ നിർമാണ പങ്കാളിയായി. ആ ചിത്രത്തിന് ഏറ്റവും മികച്ച സിനിമയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. അങ്ങനെയൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നു. കാരണം, ഇനി അങ്ങനെയൊരു പടം സംഭവിക്കുമോ എന്ന് അറിയില്ല. 

 

ഓഡിഷനാണ് സിനിമകളുടെ താക്കോൽ

 

ഞാൻ ഒരു വിധം എല്ലാ ഓഡിഷനുകൾക്കും പോകാറുണ്ട്. ഒരിക്കൽ അവസരം ചോദിച്ച് ജോയ് മാത്യു സാറിന്റെ വീട്ടിൽ പോയിട്ടുണ്ട്. ഷട്ടർ ഒക്കെ റിലീസ് ആയ സമയം. ഞാനും സുഹൃത്ത് ശ്രീയും കൂടി ബയോഡാറ്റ തയാറാക്കി, ഞങ്ങൾ അഭിനയിച്ച ഹ്രസ്വചിത്രങ്ങളുടെ സിഡിയും കയ്യിൽ പിടിച്ചാണ് പോയത്. സർ വീട്ടിലുണ്ടായിരുന്നില്ല. പട്ടിയാണെങ്കിൽ കുരച്ച് ആകെ ബഹളം! ഒടുവിൽ വീട്ടിലെ വേലക്കാരിയുടെ കയ്യിൽ ബയോഡാറ്റയും സിഡിയും കൊടുത്തേൽപ്പിച്ചു ഞങ്ങൾ പോന്നു. പിന്നീട്, സാറിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എനിക്ക് കിട്ടിയ ഒരുവിധം അവസരങ്ങളെല്ലാം ലഭിച്ചത് ഓഡിഷൻ വഴിയാണ്. 

 

ഹിറ്റായ കരിക്കിലെ വേഷങ്ങൾ

 

അർജന്റീന ഫാൻസ് കാട്ടൂർക്കടവിന്റെ ലൊക്കേഷനിൽ വച്ചാണ് കരിക്ക് താരങ്ങളെ പരിചയപ്പെടുന്നത്. അനുവും അർജുനും ആ സിനിമയിൽ അഭിനയിക്കാനുണ്ടായിരുന്നു. യോജിച്ച കഥാപാത്രങ്ങൾ വരികയാണെങ്കിൽ വിളിക്കാമെന്നു പറഞ്ഞാണ് അന്നു ഞങ്ങൾ സെറ്റിൽ നിന്നു പിരിഞ്ഞത്. അവർ ആ വാക്ക് പാലിച്ചു. അനു സംവിധാനം ചെയ്ത 'ഫാമിലി പാക്ക്' എന്ന സീരീസിൽ എനിക്ക് ചെറിയൊരു വേഷം ലഭിച്ചു. അത് വൻ ഹിറ്റായി. അതിനു മുമ്പ് ഞാൻ പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും കരിക്കിലെ വേഷമാണ് എന്നെ പ്രേക്ഷകർക്ക് സുപരിചിതനാക്കിയത്. ആവറേജ് അമ്പിളി, ജബല, ഇൻസോമ്നിയ നൈറ്റ്സ് തുടങ്ങിയ സീരീസിൽ വേഷങ്ങൾ ചെയ്തു. അതിലെ കഥാപാത്രങ്ങളൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടു. 

 

അജു നൽകിയ ആത്മവിശ്വാസം

 

കേരള ക്രൈം ഫയൽസിൽ എനിക്ക് അവസരം ലഭിച്ചതും ഓഡിഷൻ വഴിയാണ്. ആ സീരീസിൽ ഞാനൊരു മിസ് കാസ്റ്റ് ആണോയെന്ന് എനിക്ക് ഇടയ്ക്ക് തോന്നിയിരുന്നു. അക്കാര്യം ഞാൻ സംവിധായകൻ അഹമ്മദ് കബീറിനോടു പറഞ്ഞിരുന്നു. എന്റെ അത്രയും തടിയും കുടവയറുമുള്ള പൊലീസുകാരൻ ഉണ്ടാകുമോ എന്നൊരു സംശയം! അജു വർഗീസ് പലപ്പോഴും യാത്രയ്ക്കിടയിൽ ചില പൊലീസുകാരുടെ ഫോട്ടോ എടുത്ത് അയച്ചു തരും. എന്നിട്ടു പറയും, ഇത്ര വയറൊന്നും ചേട്ടനില്ലല്ലോ എന്ന്! അജുവൊക്കെ അതുപോലെ എനിക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. എന്തായാലും ആ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ സീരീസ് റിലീസ് ആയതിനു ശേഷമുള്ള കുറച്ചു ദിവസങ്ങൾ എനിക്ക് ഫോൺ താഴെ വയ്ക്കാൻ സമയം കിട്ടിയിട്ടില്ല. അത്രയധികം പേരാണ് എന്നെ വിളിച്ച് അഭിനന്ദിച്ചത്. ഇതെല്ലാം സന്തോഷമുള്ള കാര്യങ്ങളാണ്. 

 

നിലനിൽക്കലാണ് വെല്ലുവിളി

 

എന്നെ ചെറുപ്പം മുതൽ അറിയാവുന്ന ആരും പറയില്ല ഞാനൊരു ആക്ടർ ആകുമെന്ന്! കാരണം, അത്രയ്ക്ക് സഭാകമ്പമുള്ള ആളാണ് ഞാൻ. കുറച്ചാളുകളുടെ മുമ്പിൽ നിന്നു സംസാരിക്കാൻ എനിക്കു പേടിയാണ്. അപ്പോഴൊക്കെ എന്നെ ധൈര്യപ്പെടുത്തുന്നത് ഭാര്യ അമ്പിളിയാണ്. ആകാശവാണിയിലാണ് അമ്പിളി ജോലി ചെയ്യുന്നത്. എനിക്കു പറ്റുമെങ്കിൽ നിങ്ങൾക്ക് എന്താണ് പ്രശ്നമെന്ന് അമ്പിളി ചോദിക്കും. ഒന്നോ രണ്ടോ സിനിമയിൽ അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഒന്നു ശ്രമിച്ചാൽ അതു നടക്കും. പക്ഷേ, ഇതിൽ നിലനിൽക്കുക എന്നു പറയുന്നത് ഒരു വെല്ലുവിളിയാണ്. വലിയ കഥാപാത്രങ്ങൾ ചെയ്യണമെന്നോ നായകനാകണമെന്നോ എനിക്കില്ല. പക്ഷേ, ഈ ഇൻഡസ്ട്രിയിൽ നിലനിൽക്കണം. ഇതിലൂടെ ജീവിച്ചു പോകാൻ പറ്റണം. അതിൽക്കൂടുതലൊന്നും ആഗ്രഹിക്കുന്നില്ല.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com