ADVERTISEMENT

37 വർഷത്തെ നാടകജീവിതം സിനിമയിലേക്കു വഴിവെട്ടിയെങ്കിലും പൗളി വൽസന്റെ മനസ്സിൽനിന്നു നാടകം അരങ്ങൊഴിഞ്ഞിട്ടില്ല. സിനിമയിൽ‍ സജീവമായി നിൽക്കെ പുതിയ കഥാപാത്രങ്ങളുമായി നാടകവേദികളിലേക്ക് പൗളി വീണ്ടുമെത്തുകയാണ്. 

 

19–ാം വയസ്സിൽ നാടകത്തിൽ അഭിനയിക്കുമ്പോൾ പൗളിയുടെ കഥാപാത്രത്തിനു വയസ്സ് 75. അതും തിലകന്റെ ഭാര്യയായി. പിന്നീട്, അമ്മ വേഷങ്ങളുടെ ‘സ്പെഷലിസ്റ്റ്’ ആയി ചിരിയും വേദനയും ഉൾപ്പെടെ അരങ്ങിൽ പകർന്നപ്പോഴും സിനിമ കയ്യകലത്തിൽ നിന്നു മാറിനിൽക്കുകയായിരുന്നു. സിനിമയിലെത്തി, രണ്ടാം സംസ്ഥാന പുരസ്കാരം കൈപ്പിടിയിൽ ഒതുങ്ങുമ്പോൾ പൗളി വൽസന് പറയാനേറെ. 

 

നാടകം, സിനിമ, ഇപ്പോൾ ഡബ്ബിങ്ങും ? 

 

ഡബ്ബിങ് വേണമെന്നു കരുതി ചെയ്തതല്ല. വേറെയാർക്കും മുൻപു ശബ്ദം കൊടുത്തിട്ടുമില്ല. സൗദി വെള്ളക്കയിലെ കഥാപാത്രത്തിനു കൊച്ചിയുടെ സംസാരഭാഷയാണ്. ദേവി വർമ ചെയ്ത ആ കഥാപാത്രത്തിനായി ഡബ് ചെയ്യാൻ ആ സിനിമയുടെ പ്രവർത്തകർ പലരെയും നോക്കുന്നുണ്ടായിരുന്നു. സംവിധായകൻ തരുൺ മൂർത്തിയാണ് എന്നെ വിളിച്ചത്. സിനിമകൾ കാണുന്നവർക്ക് എന്റെ ശബ്ദം നന്നായി അറിയാവുന്നതുകൊണ്ട് ആദ്യം താൽപര്യമില്ലായിരുന്നു. നാടകകാലം മുതലുള്ള എന്റെ സുഹൃത്ത് ഐ.ടി.ജോസഫിനോടും സിനിമയുടെ പ്രവർത്തകർ അന്വേഷിച്ചിരുന്നു. അദ്ദേഹം കൂടി പറഞ്ഞതോടെ എനിക്ക് ഒഴിയാൻ പറ്റാതായി. അദ്ദേഹവും സൗദി വെള്ളക്കയിൽ അഭിനയിച്ചിട്ടുണ്ട്. സിനിമ തിയറ്ററിൽ കാണുന്നതിനു മുൻപേ അദ്ദേഹം എല്ലാവരെയും വിട്ടുപോയി. സിനിമ കണ്ട ഏറെപ്പേർ എന്നെ വിളിച്ചു. ഡബ് ചെയ്തു കഴിഞ്ഞപ്പോൾ തരുണിനോടു ഞാൻ പറഞ്ഞിരുന്നു, ദേവി വർമയ്ക്ക് അവാർഡ് കിട്ടുമെന്ന്. അപ്പൻ സിനിമയിലെ കഥാപാത്രത്തിന് എനിക്ക് അവാർഡ് കിട്ടുമെന്ന് പലരും പറഞ്ഞിരുന്നു. എനിക്കും ഒരു പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ലഭിച്ചില്ല. സൗദി വെള്ളക്കയിൽ അഭിനയത്തിന് ദേവി വർമയ്ക്കും അതേ കഥാപാത്രത്തിനു ഡബ് ചെയ്ത എനിക്കും അവാർഡ് കിട്ടിയപ്പോൾ ഇരട്ടി സന്തോഷം.

 

വീണ്ടും അരങ്ങിലേക്ക് ? 

 

വർഷങ്ങളായി പല നാടക ട്രൂപ്പുകളുടെ ഭാഗമായിരുന്നു ഞാൻ. പഴയ പ്രായമല്ല. ഇനിയൊരു ട്രൂപ്പിലേക്കും റിഹേഴ്സൽ ക്യാംപിലുമൊന്നും പോകാൻ പറ്റില്ല. എന്നാലും നാടകം ചെയ്യണമെന്ന ആഗ്രഹം വിടാതെയുണ്ട്. തിരക്കഥയും നാടകവുമെഴുതുന്ന ബാബു പള്ളാശേരിയോടു പറഞ്ഞപ്പോൾ ഒരു നാടകം എഴുതിത്തന്നു. അതു പഠിച്ചുകൊണ്ടിരിക്കുന്നു. 45 മിനിറ്റ് നേരം ഒറ്റയ്ക്കാണ് അവതരണം. മകൻ ആദർശാണ് അതിനു പാട്ടൊരുക്കുന്നത്. അൽപം രാഷ്ട്രീയമൊക്കെ പറയുന്ന,  സീരിയസായ വിഷയമാണ്. പിന്നെ, പ്രദീപ് റോയ് എന്ന സംവിധായകൻ ഒരുക്കുന്ന ഒരു നാടകമുണ്ട്. ന‍‍‍‍‍ടൻ ശിവജി ഗുരുവായൂരും അതിലുണ്ട്. 

 

എറണാകുളം വൈപ്പിനിൽ ജനിച്ചു വളർന്ന എനിക്ക് സ്കൂൾകാലം മുതലേയുള്ളതാണ് നാടകത്തോടും സിനിമയോടുമുള്ള ഇഷ്ടം. ചെറുപ്പത്തിലേ എല്ലാ സിനിമയും അപ്പൻ കൊണ്ടുപോയി കാണിക്കും. സ്കൂളിൽ‌ പഠിക്കുന്നകാലത്തേ നാടകത്തിൽ അഭിനയിക്കാനും പോകുമായിരുന്നു. 1975ൽ ആണ് പ്രഫഷനൽ നാടകത്തിലേക്കു വന്നത്. സംവിധായകനും നടനുമായിരുന്ന പി.ജെ.ആന്റണിക്കൊപ്പമായിരുന്നു തുടക്കം. അന്നു തിലകൻ ചേട്ടനെല്ലാം അദ്ദേഹത്തോടൊപ്പമുണ്ട്. ഷമ്മി തിലകൻ അന്നു കുഞ്ഞിക്കൊച്ചാണ്. മൈത്രി, രാജൻ പി.ദേവിന്റെ ജൂബിലി, കലാശാല ബാബുവിന്റെ ട്രൂപ്പ്, കൊച്ചിൻ നാടകവേദി, ചങ്ങനാശേരി ഗീഥ തുടങ്ങിയ സമിതികളുടെയും ഭാഗമായിരുന്നു. പഴയ നാടകബന്ധങ്ങൾ ഇപ്പോഴുമുണ്ട്. 

 

അരങ്ങിൽ നിന്ന് സിനിമയിലേക്ക് 

 

തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം എഴുതിയ 5 നാടകങ്ങളിൽ ഞാൻ അഭിനയിച്ചിരുന്നു. നാട്ടിൽ വൈപ്പിൻ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ എന്ന സംഘടനയുണ്ട്. ദിലീപ്, നടൻ സിദ്ദീഖ്, ബെന്നി, സംവിധായകൻ ജിബു ജേക്കബ് ഉൾപ്പെടെയുള്ളവരെല്ലാം സജീവമായിരുന്ന സംഘടനയാണത്. ആ സംഘടനയുടെ ഭാഗമായി നടത്തിയ ഒരു പരിപാടിയിൽ സിദ്ദിഖ് പ്രസംഗിക്കുമ്പോൾ, ഞാൻ ഇതുവരെ സിനിമയിൽ എത്താതിരുന്നതിനെക്കുറിച്ചെല്ലാം പറഞ്ഞു. അതു കേട്ടപ്പോൾ ബെന്നിക്ക് വിഷമമായി. അടുത്തത് ബെന്നി എഴുതിയത് അണ്ണൻ തമ്പി എന്ന സിനിമയാണ്. അതിൽ ഒരു വേഷത്തിനായി വിളിച്ചു. ചെന്നപ്പോൾ മമ്മൂക്കയുടെ ഒപ്പമുള്ള കഥാപാത്രമാണ്. 

 

മുൻപ്, മമ്മൂക്ക ലോ കോളജിലും ഞാൻ പത്തിലും പഠിക്കുന്ന സമയത്ത് ഞങ്ങൾ രണ്ടു പേരും ഉൾപ്പെടുന്ന ഒരു നാടകം ചെയ്തിട്ടുണ്ട്. അത് എല്ലാവരും മറന്നു. കാലം കുറച്ചു കഴിഞ്ഞ് മമ്മൂക്കയെക്കുറിച്ചുള്ള പുസ്തകത്തിൽ എന്റെ പേരും ഫോട്ടോയുമെല്ലാം വന്നപ്പോൾ അദ്ദേഹം അതൊന്നും മറന്നില്ലെന്നു മനസ്സിലായി. എന്നാലും അണ്ണൻ തമ്പി സിനിമയ്ക്കായി ചെന്നപ്പോൾ അദ്ദേഹത്തെ പരിചയപ്പെടാൻ പോയില്ല. ‘എന്നെ അറിയാമോ’ എന്ന് മമ്മൂക്കയോടു ചോദിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടായിരുന്നു അത്. കാലവും ജീവിതവും എന്റെ രൂപം ഒരുപാട് മാറ്റിയിരുന്നു. ഈ കഥയെല്ലാം കുറച്ചു നാളായി പറയുന്നുണ്ട്. ഇതു കാണുമ്പോൾ മമ്മൂക്കയും വിചാരിക്കും, പൗളിക്ക് വേറെ പണിയൊന്നുമില്ലേയെന്ന്. 

 

അമ്മവേഷത്തോട് ഇഷ്ടക്കൂടുതലുണ്ടോ ?  

 

മെല്ലിച്ച ശരീരപ്രകൃതമായിരുന്നു എന്റേത്. നാടകത്തിൽ അഭിനയിക്കുമ്പോൾ എല്ലാത്തരം വേഷങ്ങളും ചെയ്താൽ‌ ശോഭിക്കില്ലെന്ന് എനിക്കു തോന്നിയിരുന്നു. അതുകൊണ്ട് അമ്മവേഷങ്ങൾ ചോദിച്ചു വാങ്ങിയാണ് ചെയ്തിരുന്നത്. സിനിമ വലിയ ആവേശമായിരുന്നു എങ്കിലും ചാൻസ് തേടാൻ ബുദ്ധിമുട്ടായിരുന്നു. സുകുമാരിയും കെപിഎസി ലളിതയും മീനയും ഫിലോമിനയുമെല്ലാം തിളങ്ങി നിൽക്കുന്ന ഭാഗത്തേക്കു നമ്മളെന്തിന് എന്ന തോന്നലാണു കാരണം. പക്ഷേ, സിനിമയിൽ ഞാൻ വൈകിയാണ് വന്നതെന്ന തോന്നൽ ഇതുവരെ ഉണ്ടായിട്ടില്ല. നേരത്തേ വന്നിരുന്നെങ്കിൽ ഇപ്പോൾ ചെയ്യുന്നതു പോലുള്ള കഥാപാത്രങ്ങൾ കിട്ടുമായിരുന്നില്ല. എന്റെ സമയം ഇതാണ്. പുതിയ കുറച്ചു സിനിമകൾ ഇനി വരാനുണ്ട്. അതിലൊന്ന് അൽപം സ്പെഷൽ അമ്മവേഷമാണ്. ഞാൻ കാത്തിരുന്ന ഒന്ന്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com