ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് നൃത്തവും അഭിനയവുമെന്നാണ് നടി ശ്രുതി ജയൻ അഭിപ്രായപ്പെടുന്നത്. സംഗീതഞ്ജനായ തൃശ്ശൂർ ജയന്റെ മകൾ, ശ്രുതി ജയൻ സിനിമാരംഗത്തെ പടവുകൾ കയറി ഇപ്പോള്‍ ‘കൊറോണ ധവാനി’ലൂടെ നായികയായി മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ്. വിനീത് ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം ‘കുറുക്കനി’ലും പ്രധാനവേഷത്തിൽ ശ്രുതി പ്രത്യക്ഷപ്പെട്ടു. അഭിനേതാക്കൾ എന്നാൽ സാമൂഹിക പ്രതിബദ്ധത ഉള്ളവരായിക്കണമെന്നും ഓരോ കാലഘട്ടങ്ങളിലെ കലാകാരന്മാർ സമൂഹത്തിന്റെ ഉന്നമനമായിരുന്നു ലക്ഷ്യം വച്ചിരുന്നതെന്നും ശ്രുതി പറയുന്നു. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽപോലും കൃത്യമായ നിലപാടുള്ള നടി. ‘അങ്കമാലി ഡയറീസി’ലൂടെ സിനിമയിലെത്തി ‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’, ‘നിത്യഹരിത നായകന്‍’, ‘ജൂണ്‍’, ‘സത്യം പറഞ്ഞാൽ വിശ്വാസിക്കുമോ?’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ ശ്രുതിയുടെ വിശേഷങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു...
കുറുക്കനിലെ എസ്ഐ?
ഇതുവരെ ചെയ്ത പൊലീസ് വേഷങ്ങളിൽ നിന്നും എസ്ഐ ആയി പ്രമോഷൻ കിട്ടിയ ചിത്രമാണ് ‘കുറുക്കൻ’. മനോജ് റാംസിങ് സർ ആണ് എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്. എസ്ഐ പ്രമോഷൻ ഒക്കെ കിട്ടിയ ഒരു ക്യാരക്ടർ റോൾ എന്നതിലുപരി വലിയ സ്ക്രീൻ സ്പേസ് ആണ് കുറുക്കനിൽ ഉണ്ടായിരുന്നത്. അത് ഒരു പുതിയ എക്സ്പീരിയൻസ് ആയിരുന്നു. വളരെ രസകരമായ സ്ക്രിപ്റ്റ് ആയിരുന്നു കുറുക്കന്റേത്. വിനീത് ഏട്ടന്റെ (വിനീത് ശ്രീനിവാസൻ) കൂടെ വർക്ക് ചെയ്യാൻ പറ്റുന്ന ഒരു നല്ല അവസരമാണല്ലോ എന്ന് കൂടി ഓർത്തപ്പോൾ ഈ സിനിമ ഒരിക്കലും മിസ് ആക്കാൻ പാടില്ലാത്ത ഒന്നാണ് എന്ന് എനിക്ക് തോന്നി. വിനീതേട്ടന്റെ ചിത്രങ്ങളിൽ അഭിനയിക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തിനോടൊപ്പം അഭിനയിക്കാൻ എങ്കിലും സാധിക്കുക എന്നതൊക്കെ കുറേക്കാലമായി ഞാൻ മനസ്സിൽ സൂക്ഷിക്കുന്ന ഒരു ആഗ്രഹമായിരുന്നു. അതിപ്പോൾ മികച്ച ഒരു അനുഭവമായി എന്ന് വേണം പറയാൻ. കാരണം കുറുക്കനിൽ ശ്രീനിവാസൻ സാറിന്റെ ഒപ്പവും മകൻ വിനീത് ശ്രീനിവാസന്റെ ഒപ്പവും ഒരേസമയം അഭിനയിക്കാൻ കഴിഞ്ഞു. അത് വലിയൊരു ഭാഗ്യമായി ഞാൻ കണക്കാക്കുന്നു.

കുറുക്കൻ കുറച്ച് റിയലിസ്റ്റിക് ആയ സിനിമ?
കുറുക്കൻ പരീക്ഷണ സിനിമയായിരുന്നു. നമുക്ക് ചുറ്റുമുള്ള കാര്യങ്ങളെ മറ്റൊരു തരത്തിലാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. പല കാര്യങ്ങൾക്കും നമ്മൾ എല്ലാവരും പൊലീസ് സ്റ്റേഷനുകളിൽ പോയിട്ടുണ്ടാവും. സിനിമയിൽ നമ്മൾ ഇതുവരെ കണ്ടിരുന്ന പൊലീസ് സ്റ്റേഷനുകളിൽ നിന്നെല്ലാം അവ വളരെയധികം വ്യത്യസ്തമായിരുന്നു. ആ വ്യത്യസ്തതയെ കൃത്യമായി ഈ സിനിമയിൽ പകർത്തിയിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. മേലുദ്യോഗസ്ഥർ പറയുന്നത് എല്ലാം കൃത്യമായി അനുസരിക്കുന്ന അതിലെ ലോജിക് ചിന്തിക്കാത്ത ഒരു എസ്ഐ ആയിരുന്നു എന്റെ കഥാപാത്രം.
ശ്രീനിവാസന്റെ തിരിച്ചുവരവ്?
വളരെ കൂൾ ആയിട്ടുള്ള എപ്പോഴും തമാശയൊക്കെ പറഞ്ഞിരിക്കുന്ന ഒരാളാണ് ശ്രീനിവാസൻ സർ. അദ്ദേഹവുമായി എനിക്ക് കോമ്പിനേഷൻ സീൻസ് വളരെ കുറവായിരുന്നു. എങ്കിലും പലപ്പോഴും ആ സെറ്റിൽ അദ്ദേഹവും ഉണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെയൊക്കെ മറികടന്ന്, കലയോടുള്ള സ്നേഹം കൊണ്ട് തിരിച്ചുവന്ന ഒരാളാണ് അദ്ദേഹം. അത് സത്യത്തിൽ പ്രചോദനമായിരുന്നു.

ഒരു ആക്ടർ എന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും നമ്മളെയെല്ലാം ഒരുപാട് ചിരിപ്പിച്ചിട്ടുള്ള, സെൻസിറ്റീവായ വിഷയങ്ങളെ ഒട്ടും സെൻസിറ്റീവ് അല്ലാത്ത രീതിയിൽ അവതരിപ്പിച്ചിട്ടുള്ള, ആക്ഷേപഹാസ്യങ്ങൾ ഒരുപാട് ഉപയോഗിച്ചിട്ടുള്ള ഒരാൾക്കൊപ്പം അഭിനയിക്കാൻ കഴിയുന്നത് തന്നെ വളരെ ഭാഗ്യമാണ്. ഇത്രയും സീനിയർ ആയ ഒരാൾക്കൊപ്പം ഞാൻ ആദ്യമായാണ് അഭിനയിക്കുന്നതും. ഈ ഇൻഡസ്ട്രിയുടെ വളർച്ചയും തളർച്ചയും എല്ലാം നോക്കി കണ്ട അദ്ദേഹത്തിന് ഒപ്പം ഒരു സിനിമയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും നല്ല ഒരു എക്സ്പീരിയൻസ് ആയി ഞാൻ കണക്കാക്കുന്നു. ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും എനിക്ക് പഠിക്കാൻ കഴിഞ്ഞു. ക്ഷീണാവസ്ഥയിലാണ് സെറ്റിലേക്ക് അദ്ദേഹം എത്തിയെങ്കിലും സെറ്റിൽ നിന്ന് പോകുമ്പോൾ അദ്ദേഹം വളരെ ഉത്സാഹവാനായിരുന്നു. കലയോടുള്ള അദ്ദേഹത്തിന്റെ സമർപ്പണം നമുക്കെല്ലാം വലിയ പാഠമാണ്.
വിനീത് ശ്രീനിവാസനൊപ്പം?
എനിക്ക് ഈ സിനിമയിൽ ഏറ്റവും കൂടുതൽ ഒരുമിച്ച് വർക്ക് ചെയ്യേണ്ടി വന്നത് വിനീതേട്ടനൊപ്പമാണ്. അദ്ദേഹം പലപ്പോഴും നമ്മളുടെ കൂടി അഭിപ്രായങ്ങൾ തേടിയിരുന്നു. ഒരു സീനിൽ അഭിനയിക്കുമ്പോൾ ആ രംഗം മനോഹരമാക്കുന്നതിനായി നമ്മളെ കൂടി തയാറെടുപ്പിക്കുന്ന ഒരു പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. പല കാര്യങ്ങളിലും നമ്മളുടെ കൂടി അഭിപ്രായം ചോദിച്ചതിനു ശേഷം ആണ് ഈ സിനിമയുടെ അണിയറ പ്രവർത്തകരും മുന്നോട്ടു പോയത്.

ശ്രുതി ഒരു നർത്തകിയാണല്ലോ, ചെറുപ്പത്തിൽ തന്നെ അഭിനയ താൽപര്യമുണ്ടായിരുന്നൊ?
സിനിമയിൽ അഭിനയിക്കാൻ താൽപര്യമുള്ള ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. എന്നിലും അത്തരം ഒരു താൽപര്യമുണ്ടായിരുന്നു. പഠനകാലത്ത് തന്നെ എന്റർടെയ്ൻമെന്റ് സിനിമ എന്നതിലുപരി സിനിമയിലെ അഭിനേതാക്കളുടെ അഭിനയത്തിലായിരുന്നു എന്റെ ശ്രദ്ധ. അടൂർ ഗോപാലകൃഷ്ണൻ സാറിന്റെയും ഡോക്ടർ ബിജുവിനെയും ഒക്കെ സിനിമകൾ വളരെ ശ്രദ്ധയോടുകൂടി നിരീക്ഷിച്ചിരുന്ന ഒരാളാണ് ഞാൻ. സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവലുകളിൽ മോണോ ആക്ട് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് കലാക്ഷേത്രയിൽ പോയി നൃത്തം അഭ്യസിച്ചു. അതെല്ലാം അഭിനയത്തിലേക്ക് തുടരാനുള്ള എന്റെ ആദ്യ ഊർജസ്രോതസ്സായി എന്ന് വേണം പറയാൻ. പുരാണങ്ങളിലെ കഥാപാത്രങ്ങളെ ആണ് ക്ലാസിക്കൽ ഡാൻസുകളിലൂടെ നമ്മൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. കുറച്ചുകൂടി റിയലിസ്റ്റിക് ആയ, ഇമാജിനേറ്റിവ് ആയ കഥാപാത്രങ്ങളെ സിനിമയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു. രണ്ടും രണ്ട് മീറ്ററാണ്.

സിനിമയാണ് താൽപര്യമെന്ന് പറഞ്ഞപ്പോൾ കുടുംബത്തിൽ നിന്നും സപ്പോർട്ട് കിട്ടിയിരുന്നോ?
നൃത്തവുമായി മുന്നോട്ടു പോകണം എന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. സിനിമ എന്നു പറയുന്നത് അവരുടെ കണ്ണിലൂടെ നോക്കിയാൽ മറ്റൊരു ലോകമാണ്. മാത്രമല്ല അവർ കുറച്ച് ഓർത്തഡോക്സ് കൂടിയാണ്. ആ ലോകത്തേക്ക് മകളെ വിടാനുള്ള ഒരു വിഷമമൊക്കെ ആദ്യം അവർക്ക് ഉണ്ടായിരുന്നു. പതിയെ അതുമായി അവർ പൊരുത്തപ്പെടുകയായിരുന്നു. ഒരു പെൺകുട്ടി ആയതുകൊണ്ട് തന്നെ ലൊക്കേഷനുകൾ മാറിമാറിയുള്ള യാത്രയും പഠിച്ച പ്രഫഷനിൽ തുടരാത്തതിനുള്ള വിഷമവും ഒക്കെ അവർ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരു തീരുമാനമെടുത്തു കഴിഞ്ഞാൽ പിന്നെ അതിൽ നിന്നും പിന്നോട്ട് പോവുക എന്നതും വളരെ വിഷമകരമായ കാര്യമാണ്. അത് അവർക്ക് അറിയാവുന്നതു കൊണ്ട് തന്നെ ഇപ്പോൾ ഞാൻ നൃത്തവും അഭിനയവും ഒരേസമയം മുന്നോട്ടു കൊണ്ടു പോകുന്നതിൽ അവർക്കും വിഷമമില്ല. ആദ്യത്തെ ഒന്ന് രണ്ട് സിനിമയുടെ ലൊക്കേഷനിൽ അമ്മ കൂടെ വന്നിരുന്നു. പിന്നീട് എന്റെ യാത്രകൾ ഒറ്റയ്ക്കാണ്. മറ്റെല്ലാ പ്രഫഷനുകളിലും സ്ത്രീകൾ ഒറ്റയ്ക്കു യാത്ര ചെയ്യാറുണ്ടല്ലോ. അതേപോലെതന്നെ ഈ മേഖലയിലെ എന്റെ യാത്ര തനിയെ ആവാം എന്ന് ഞാനും കരുതി.

ശ്രുതി ഒരൽപം സെലക്ടീവ് ആണ് എന്ന് കേട്ടിട്ടുണ്ട്?
സെലക്ടീവ് ആണോ എന്ന് ചോദിച്ചാൽ അതെ എന്ന് പറയാം. ചില കഥകൾ കേൾക്കുമ്പോൾ അതിനോട് ഒരു നോ പറയാൻ കൂടി ഞാൻ ശീലിച്ചിട്ടുണ്ട്. പ്രത്യേകിച്ചും എനിക്ക് പ്രാധാന്യം ഇല്ലാത്ത കഥാപാത്രങ്ങളാണ് വരുന്നതെങ്കിൽ അത് അവരോട് പറയാറുണ്ട്. ഒരേ തരത്തിലുള്ള കഥാപാത്രങ്ങൾ വീണ്ടും ചെയ്താൽ ആർട്ടിസ്റ്റ് എന്ന നിലയിൽ എനിക്കും പ്രേക്ഷകർക്കും ഒരേ പോലെ ബോറടിക്കാൻ സാധ്യതയുണ്ട്. അത്തരം കഥാപാത്രങ്ങളെ സ്നേഹപൂർവം നിരസിക്കാൻ എനിക്ക് മടിയില്ല. ഒരു കഥാപാത്രം ചെയ്യണമെന്ന് ആരെങ്കിലും എന്നോട് ആവശ്യപ്പെടുകയാണെങ്കിൽ അതിന്റെ സ്ക്രീൻ സ്പേസ് എന്നത് മാത്രമല്ല ഞാൻ നോക്കുന്നത്. പകരം ആ കഥാപാത്രം ആ സിനിമയിൽ എത്രത്തോളം പ്രാധാന്യമാണ് എന്നതും അത് നമ്മളുടെ ഉള്ളിലെങ്കിലും കുറച്ച് തങ്ങിനിൽക്കുന്ന ഒരു കഥാപാത്രം ആവണം എന്നും ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് ചില സിനിമകൾ വേണ്ടെന്നുവച്ചിട്ടുള്ളത്.

‘ഇരട്ട’ എന്ന സിനിമയിൽ ജോജു ചേട്ടൻ ചെയ്യുന്ന കഥാപാത്രത്തിന്റെ അമ്മയായാണ് ഞാൻ അഭിനയിച്ചിരിക്കുന്നത്. വളരെ കുറച്ച് സമയം മാത്രമാണ് എനിക്ക് ആ സിനിമയിൽ ഒരു സ്ക്രീൻ സ്പേസ് ഉള്ളതും. ആ സിനിമയുടെ കോർ നിലനിൽക്കുന്നതും സിനിമയിൽ ഒരു ആഘാതം ഉണ്ടാക്കുന്നത് ഞാൻ ചെയ്ത അമ്മ കഥാപാത്രമാണ്. അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. ശ്രുതി നന്നായി ചെയ്യുമെന്ന് വിശ്വാസമുള്ള ആളുകളാണ് എന്നെ തേടി ഒരു കഥാപാത്രത്തെ വിശ്വസിച്ച് ഏൽപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ആ കഥാപാത്രം വളരെ നന്നായി ചെയ്തു കൊടുക്കണം എന്നാണ് ഞാൻ ആഗ്രഹിക്കാറുള്ളതും. നായികയുടെ സുഹൃത്ത് തരത്തിലുള്ള ചെറിയ റോളുകൾ ഒന്നും എന്നെ ഇതുവരെ തേടി വന്നിട്ടില്ല. ഇമോഷനൽ സ്റ്റേബിൾ ആയ കഥാപാത്രങ്ങൾ കൂടുതലായി ചെയ്യണമെന്നാണ് ഒരു അഭിനേത്രി എന്ന നിലയിൽ ആഗ്രഹിക്കുന്നത്. ഒരേ പാറ്റേണിലുള്ള നിരവധി കഥാപാത്രങ്ങൾ ചെയ്യുന്നതിലും കൂടുതലായി എനിക്ക് ഇഷ്ടപ്പെടുന്നത് വ്യത്യസ്ത തരത്തിലുള്ള കുറച്ചു കഥാപാത്രങ്ങൾ ചെയ്യുന്നത് തന്നെയാണ്. സ്ഥിരം ഒരേ പാറ്റേണിയിലുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടിരുന്നാൽ ഒരു വളർച്ച ഉണ്ടാവില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
നായികയായെത്തുന്ന ‘കൊറോണ ധവാൻ’
ഞാനൊക്കെ ഒരുപാട് കാറ്റഗറൈസ് ചെയ്യപ്പെട്ട അഭിനേതാവാണ്. നമ്മുടെ ഇൻഡസ്ട്രിയിൽ നായിക എന്നത് ഒരു വിഭാഗം, ക്യാരക്ടർ റോൾ ചെയ്യുന്നവർ മറ്റൊരു വിഭാഗം എന്നിങ്ങനെയൊക്കെ തരംതിരിവുകൾ ഉണ്ട്. എല്ലാവരും ചെയ്യുന്നത് ഒരേ കാര്യമാണെങ്കിൽ പോലും സ്ക്രീൻ സ്പേസ് എന്നത് അവിടെ ഒരു മാറ്റർ തന്നെയാണ്. അതുകൊണ്ട് തന്നെ ഒരു നായിക ആവുന്നതിന്റെ സന്തോഷമുണ്ട്. എന്നാൽ നാളെ തേടിവരുന്ന കഥാപാത്രം ഒരു ക്യാരക്ടർ റോൾ ആണെങ്കിൽ അത് ചെയ്യുന്നതിലും ബുദ്ധിമുട്ടൊന്നുമില്ല. നല്ല കഥാപാത്രങ്ങൾ ചെയ്യുന്ന ഒരു അഭിനേത്രി ആവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കുറച്ചുകാലം കഴിഞ്ഞാലും ആളുകളുടെ മനസ്സിൽ തങ്ങിനിൽക്കുന്ന തരത്തിലുള്ള വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.

ട്രെയിലറിൽ ഉള്ള ലിപ്‌ലോക്ക് രംഗത്തെക്കുറിച്ച് പല തരം ട്രോളുകൾ വന്നപ്പോൾ?
പ്രണയത്തിൽ ചുംബനങ്ങൾ പതിവാണ്. ഉമ്മ വയ്ക്കാതെ ആരും പ്രണയിക്കാറുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അത് നമ്മുടെ സമൂഹത്തിലുള്ള ഒരു കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ അത് അഭിനയിച്ച് ഫലിപ്പിക്കാൻ ഒരു പ്രയാസവും തോന്നിയില്ല നമ്മുടെ സിനിമാ അത് ഡിമാൻഡ് ചെയ്യുന്നുമുണ്ട്. അത് ചെയ്തു കഴിഞ്ഞപ്പോൾ എങ്ങനെയാവും പ്രതികരണം എന്ന കാര്യത്തിൽ ആദ്യം ഒന്ന് സംശയിച്ചെങ്കിലും പിന്നീട് അത് മാറി. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടാണിത്. അത് പോലെ തന്നെ എല്ലാവർക്കും ഓരോരോ ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടല്ലോ. അതുകൊണ്ടുതന്നെ ചിത്രത്തിലെ ലിപ്‌ലോക്ക് രംഗവുമായി ബന്ധപ്പെട്ട കമന്റുകൾ വായിച്ച് ഞാൻ ഒരുപാട് ചിരിച്ചു. കാരണം അത് പ്രേക്ഷകരുടെ പ്രതികരണമാണ്. അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും അതിനെ ആ ഒരു സെൻസിൽ തന്നെ എടുക്കണം എന്നാണ് ഞാൻ ചിന്തിക്കുന്നത്.

പിന്നെ എന്റെ സുഹൃത്തുക്കൾ ആണ് പലതും എനിക്ക് അയച്ചു തന്നത്. കമന്റുകളൊക്കെ കാണിച്ചു തരുമ്പോൾ ഞാനത് വായിച്ച് ചിരിച്ചിട്ടുണ്ട്. അൽപം മുൻപ് പറഞ്ഞതുപോലെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട ഒരിടത്തുനിന്നും അതല്ല എന്ന് തെളിയിക്കേണ്ട ഒരു ചുമതല എനിക്കുണ്ടല്ലോ. അല്ലെങ്കിൽ ആ ഇമേജ് ഒന്ന് ബ്രേക്ക് ചെയ്യണം എന്ന ആഗ്രഹം കൊണ്ടുകൂടിയാണ് ആ രംഗത്തിൽ അഭിനയിക്കാൻ തയാറായത്. മാത്രമല്ല ഈ സിനിമ അത് ആവശ്യപ്പെടുന്നുമുണ്ട്. ഒരു അഭിനേത്രി എന്ന നിലയിൽ എല്ലാ ഇമോഷൻസിനെയും അഭിനയിച്ചു കാണിക്കണം എന്ന് ആഗ്രഹമുള്ളതുകൊണ്ട് ടൈപ്പ് കാസ്റ്റിങ് വരുമ്പോൾ അതിൽ നിന്നും ഒരു ബ്രേക്ക് വേണമെന്ന് ആഗ്രഹിക്കുന്നത്. ഇപ്പോൾ നല്ല കോൺഫിഡൻസ് ഉണ്ട്. കാരണം എന്റെ ഇമേജിനെ ഞാൻ തന്നെ ബ്രേക്ക് ചെയ്യുന്ന ഒരു രംഗമാണ് അത് എന്ന ഒരു ബോധ്യം എനിക്കിപ്പോൾ കൈവന്നിട്ടുണ്ട്. അതുതന്നെയാണ് പലപ്പോഴും മുന്നോട്ടു പോകാൻ നമ്മെ സഹായിക്കുന്നതും.
നടിമാരുടെ ഫോട്ടോഷൂട്ടുകൾ അന്നും ഇന്നും ഒരേപോലെ. പക്ഷേ സമൂഹമാധ്യമങ്ങളിലൂടെ അവ കാണുമ്പോൾ പല വ്യാഖ്യാനങ്ങൾ
ഇൻഡസ്ട്രിയുടെ സ്വഭാവം മുഴുവനായി മാറിയിരിക്കുകയാണ്. നാടോടുമ്പോൾ നടുവേ ഓടണം എന്ന ഒരു കൺസപ്റ്റ് കൂടിയില്ലേ? മുൻപ് ഫോട്ടോഷൂട്ടുകളുടെ എണ്ണം എന്നു പറയുന്നത് സിനിമ വാരികകൾക്ക് വേണ്ടി മാത്രമായിരുന്നു. എന്നാൽ ഇന്ന് അത് മാറിയിട്ടുണ്ട്. നമ്മുടെ ഇൻഡസ്ട്രി ഒരുപാട് വളർന്നു. ഇന്ന് ബോളിവുഡ് പോലും നമ്മുടെ ഇൻഡസ്ട്രിയിൽ നിന്നുള്ള സിനിമകൾ കാണുന്നുണ്ട്. നമ്മുടെ കണ്ടന്റുകൾ അവർ ശ്രദ്ധിക്കുന്നുണ്ട്. ഫാഷൻ എന്നു പറയുന്നത് ഒരു ചോയ്സ് ആണ്. മാത്രമല്ല പല അവസരങ്ങളും അതിലൂടെ കിട്ടുന്നുമുണ്ട്. ഏതു വേഷം ചെയ്യാനും ഞാൻ ഫിറ്റാണ് എന്ന് അറിയിക്കുന്ന തരത്തിലുള്ള ഫോട്ടോഷോട്ടുകൾ പോലും ഇപ്പോൾ നടക്കുന്നുണ്ട്. അതെല്ലാം നടന്നുകൊണ്ടിരിക്കും.

സ്ത്രീ സൗന്ദര്യം എന്നു പറയുന്നത് ആസ്വാദകർക്ക് കാണാനുള്ളത് തന്നെയാണ്. സ്ത്രീ സൗന്ദര്യത്തെ കുറിച്ച് ഒരുപാട് പുസ്തകങ്ങളും ഭാരതത്തിൽ ഉണ്ടല്ലോ. സൗന്ദര്യം എന്ന് പറയുന്നത് പുരുഷന്മാർക്ക് മാത്രം കാണാനുള്ളതോ ആസ്വദിക്കാനുള്ളതോ അല്ല. അത് എല്ലാവർക്കും ആസ്വദിക്കാനുള്ളതാണ്. ഞാൻ സണ്ണി ലിയോണിയുടെ ഒരു ആരാധികയാണ്.
പണ്ടൊക്കെ എല്ലാവരും ഒരുമിച്ച് ബ്ലൗസും മുണ്ടും ഉടുത്ത് കുളത്തിൽ അല്ലെങ്കിൽ തോട്ടിലൊക്കെ പോയി കുളിക്കുകയും ഒരുമിച്ച് നടക്കുകയും ചെയ്തിരുന്ന ഒരു നാടാണ് ഇത്. അവിടെനിന്നാണ് ഈ മൂടികെട്ടിയ സംസ്കാരം നമ്മുടെ നാട്ടിലേക്ക് വന്നത്. ഒരുപാട് മറകളാണ് നമുക്കിപ്പോൾ ഉള്ളത്. പണ്ട് സാരി ഉടുക്കുമ്പോൾ അല്‍പം വയറു കണ്ടാൽ അതൊരു വിഷയമായിരുന്നില്ല. അന്നും ഇതേപോലെയുള്ള നോട്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ഇടയ്ക്ക് മൂടിക്കെട്ടിയ ഒരു സമൂഹമുണ്ടായപ്പോൾ അതിലൂടെ സ്വാഭാവികമായും നോട്ടം മാറി. എല്ലാവരും കോൺഷ്യസ് ആവുന്ന ഒരു അവസ്ഥ എത്തി. സ്ത്രീയുടെ സൗന്ദര്യം ആയിരിക്കണം ആസ്വദിക്കേണ്ടത് എന്ന പക്ഷക്കാരിയാണ് ഞാൻ. അല്ലാതെ അതിനുള്ളിലെ വൾഗാരിറ്റി അല്ല ശ്രദ്ധിക്കേണ്ടത്. കുറച്ചു വർഷങ്ങൾക്കകം തന്നെ ഈ ചിന്ത എല്ലാവരിലേക്കും എത്തും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇപ്പോൾ തന്നെ കുറെയധികം മാറ്റം നമുക്ക് കാണാൻ സാധിക്കുമല്ലോ. അന്യനാട്ടിലെ വസ്ത്രധാരണവും നമ്മൾ ശീലിക്കാൻ ശ്രമിച്ചു തുടങ്ങി. അതോടുകൂടി നോട്ടങ്ങളുടെ എണ്ണവും കുറഞ്ഞു എന്നുവേണം പറയാൻ.

ആർട്ടിസ്റ്റുകൾ എല്ലാവരും പ്രതികരിക്കണമെന്നാണ് പൊതുവേയുള്ള ഒരു സംസാരം. അതിനെപ്പറ്റി?
സിനിമ പോലെ ഒരു ഇൻഡസ്ട്രി നോക്കുമ്പോൾ സാമൂഹ്യപരമായി അതിലൂടെ ഒരുപാട് സന്ദേശങ്ങൾ കൈമാറ്റപ്പെടുന്നുണ്ട്. അതിനു ഒരു ഉദാഹരണമായി പറഞ്ഞാൽ ചില സിനിമകൾ കണ്ടതിന്റെ ഫലമായി അച്ഛനമ്മരെ നോക്കാനായി മക്കൾ തിരികെ വരുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ആ ഒരു മാറ്റം സമൂഹത്തിന് നൽകാൻ ആർട്ടിസ്റ്റുകൾക്ക് സാധിക്കുമെന്നത് വലിയ കാര്യമാണല്ലോ. വളരെ സെൻസിറ്റീവായ വിഷയങ്ങളും സിനിമയിൽ വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ടല്ലോ. അവയെല്ലാം കാലാതിവർത്തിയായി നിലനിൽക്കുകയും ചെയ്യും. അതിനുദാഹരണമാണ് തൂവാനത്തുമ്പികളുടെ ക്ലാര. ക്ലാര എന്ന വേശ്യാസ്ത്രീയെ മലയാളികൾ സ്നേഹിച്ചതും നാം കണ്ടു. ജയകൃഷ്ണൻ ക്ലാരയോട് അങ്ങനെയൊക്കെ ചെയ്തതുകൊണ്ടാവുമല്ലോ അവളെ പ്രേക്ഷകർ കൂടുതൽ ഇഷ്ടപ്പെട്ടതും. കല സമൂഹത്തെ ചിന്തിപ്പിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണങ്ങൾ ആണ് ഇവ എന്നാണ് ഞാൻ കരുതുന്നത്.

ക്ലാരയും ജയകൃഷ്ണനും ഒക്കെ കേവലം കഥാപാത്രങ്ങളാണ്. അവരിലൂടെയാണ് കല സമൂഹത്തോട് സംവദിക്കുന്നതും. ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരെയും നാം ആരാധിക്കും. അവർ പറയുന്നത് നാം ചർച്ച ചെയ്യും. അതൊക്കെ സ്വാഭാവികമായ കാര്യമാണ്. പിന്നെ എല്ലാ നാട്ടിലും നടക്കുന്ന കാര്യങ്ങളുടെ കാൽഭാഗം പോലും നമ്മൾ അറിയുന്നില്ല എന്നതാണ് സത്യം. ഒരു ആർട്ടിസ്റ്റ് ഒരു പോസ്റ്റ് ഷെയർ ചെയ്യുകയോ അല്ലെങ്കിൽ അതേപ്പറ്റി എഴുതി ഇടുകയോ ചെയ്യുമ്പോൾ പത്ത് പേരെങ്കിലും അത് എന്താണ് എന്ന് തിരക്കുകയും അതിനെപ്പറ്റി അറിയാൻ ശ്രമിക്കുകയും ചെയ്യും. അതാകും സമൂഹവും ചിന്തിക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആർട്ടിസ്റ്റുകളിൽ പലരും സോഷ്യൽ കമ്മിറ്റ്മെന്റ് ഉള്ളവർ തന്നെയാണ്. ഭാരതിയാർ കവിതകൾ ഒക്കെ ശ്രദ്ധിച്ചാൽ അദ്ദേഹം പറഞ്ഞിരിക്കുന്നതും പൊളിറ്റിക്സ് തന്നെയാണ്. ഏത് മേഖലയിലെ ആർട്ടിസ്റ്റ് എന്നുള്ളതിലല്ല അവർ എന്താണ് കമ്യുണിക്കേറ്റ് ചെയ്യാൻ ശ്രമിക്കുന്നത് എന്നാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.
കുടുംബം?
തൃശൂരാണ് വീട്. അമ്മ മാത്രമാണുള്ളത്. വലിയ ഒരു കൂട്ടുകുടുംബമാണ് എന്റേത്. അനിയൻ സെറിബ്രൽ പാൾസി ഉള്ള ഒരു കുട്ടിയായിരുന്നു. 18 വയസ്സ് ആയപ്പോൾ അവൻ മരിച്ചുപോയി. ഈയിടയ്ക്ക് അച്ഛനും മരിച്ചു. അച്ഛന്റെ പേര് ജയൻ ( തൃശ്ശൂർ ജയൻ ). അച്ഛൻ ഒരു സംഗീതഞ്ജൻ ആയിരുന്നു. അച്ഛൻ തന്നെയാണ് ഗുരുസ്ഥാനീയനായി എന്നെ നൃത്തരംഗത്തേക്ക് കൊണ്ടുവന്നത്. ജോലി സംബന്ധമായി ബന്ധപ്പെട്ട് ഞാനിപ്പോൾ എറണാകുളത്താണ് താമസിക്കുന്നത്.