നിഷ്കളങ്കമായ കണ്ണുകൾ. ചടുലമായ താളം. അതിനൊത്ത ആട്ടം. കുസൃതിയുള്ള ചിരി. അന്നത്തെ യുവാക്കളുടെ സ്റ്റൈൽമന്നൻ. ഇത്രയുമായാൽ പഴയ റഹ്മാനായി. ജയം മാത്രമുണ്ടായിരുന്നുള്ളു റഹ്മാന്റെ കരിയറിൽ. പിന്നെ കുറച്ചുകാലത്തേക്കു റഹ്മാൻ തന്റെ ഇഷ്ടങ്ങളുടെ പട്ടികയിൽ കുടുംബജീവിതത്തെ മുകൾനിരയിലേക്കു മാറ്റി ചിട്ടപ്പെടുത്തി. കുറച്ചുകാലം വെള്ളിവെളിച്ചത്തിൽനിന്നും മാറി നടന്നുവെന്നു തോന്നിപ്പിച്ചു. പക്ഷേ എന്നത്തേയും പോലെ തനിക്കു വേണ്ട സന്തോഷത്തെ കയ്യെത്തിപിടിക്കാൻ റഹ്മാന് അറിയാമായിരുന്നു. സമാറ എന്ന സിനിമയിൽ പ്രധാന വേഷത്തിൽ എത്തുകയാണ് റഹ്മാൻ
'സമാറ' അഥവാ സയൻസ് ഫിക്‌ഷൻ
ഏറ്റവും ചുരുക്കി സമാറ ഒരു സയൻസ് ഫിക്‌ഷൻ സിനിമയാണെന്നു പറയാമെങ്കിലും ഒരു സമ്പൂർണ സയൻസ് ഫിക്‌ഷൻ സിനിമയല്ല ഇത്. ഹോളിവുഡ് സിനിമ പോലെയിരിക്കുന്നു എന്നു സിനിമ കണ്ടു കുറേപേർ പറയുന്നുണ്ട്. അതു കേൾക്കുമ്പോൾ സന്തോഷമുണ്ട്. എല്ലായിപ്പോഴും സിനിമകൾ ചെയ്യുമ്പോൾ ഏറ്റവും മികച്ചതാകണമെന്നു ആഗ്രഹിക്കാറുണ്ട്. എന്നിരുന്നാലും പലപ്പോഴും സിനിമ പുറത്തിറങ്ങുമ്പോൾ അങ്ങിനെ സംഭവിക്കാറൊന്നുമില്ല.
ഹോളിവുഡ് സിനിമ എടുക്കണമെന്നു ഞങ്ങൾ ആലോചിച്ചിട്ടില്ല. അങ്ങനെയെങ്കിൽ ഇംഗ്ലിഷ് സിനിമ എടുത്താൽ മതിയല്ലോ. എന്നാൽ ഈ കഥ ആവശ്യപ്പെടുന്ന തരത്തിൽ ചിത്രീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. നമ്മുടേതല്ലാത്ത നാട്ടിൽ എവിടെ ഫ്രെയിം വച്ചാലും , അതുവരെ കാണാത്ത ഭംഗി തോന്നും. കശ്മീർ , കുളു-മണാലി സ്ഥലങ്ങളിൽ നടക്കുന്ന ഉദ്വേഗജനകമായ കഥയാണ് ഇത്. എപ്പോളും കണ്ടു ശീലിച്ച സ്ഥിരം പ്രണയ-കുടുംബ കഥയല്ല. പ്രേക്ഷകരുടെ കാഴ്ചാരീതി മാറിയിട്ടുണ്ട്. അതിനനുസരിച്ചു സിനിമയും മാറണമല്ലോ.
'സമാറ' എന്ന പേര്
സിനിമയിലേക്ക് ആളുകളെ ആകർഷിക്കാൻ പല ഗിമ്മിക്കുകളും ചെയ്യുമല്ലോ. അങ്ങിനെ വെറും ഗിമ്മിക് മാത്രമല്ല ഇത്. ഈ പേരിനു സിനിമയിൽ കാര്യമായ പങ്കുണ്ട്. സമാറ ഒരു ഹീബ്രു വാക്കാണ്. ദൈവത്താൽ രക്ഷിക്കപ്പെട്ടത് എന്നാണ് അർഥം. കൂടുതൽ അറിയാൻ സിനിമ കാണൂ.
എവിടെ പഴയ റഹ്മാൻ?
പണ്ടത്തെ പന്ത്രണ്ടാം ക്ലാസുകാരണയൊന്നും ഇനി അഭിനയിക്കാനാകില്ലല്ലോ. ഞാൻ വളരെ അധികം ശ്രദ്ധിച്ചാണ് ഓരോ സിനിമയും തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ ഹിറ്റായ സിനിമകൾ കുറച്ചു ഗൗരവമുള്ളതായപ്പോൾ തുടർന്ന് അതുപോലുള്ളവ തിരഞ്ഞെടുക്കാൻ എളുപ്പമുണ്ടല്ലോ. ഇപ്പോൾ ചില സരസമായ കഥകളൊക്കെ കേൾക്കുന്നുണ്ട്. ഒന്നും തീരുമാനമായിട്ടില്ല. ഇനി 'വെറും' പ്രണയ കഥകളിൽ അഭിനയിക്കുമോ എന്നു സംശയവുമുണ്ട്.
മഞ്ഞുനാടും കഷ്ടപ്പാടും
ഇങ്ങനെ ഭംഗിയുള്ള സ്ഥലങ്ങളിൽ അവധിക്കാലം ആസ്വദിക്കാൻ പോകുമ്പോൾ കാണുന്നതെല്ലാം സുന്ദരമായി തോന്നും. എന്നാൽ സിനിമയുടെ ചിത്രീകരണം എളുപ്പമുള്ളതല്ല. കാലാവസ്ഥയും , മഞ്ഞും , ഭക്ഷണവുമെല്ലാം പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായിരുന്നു. സാധാരണ വിനോദസഞ്ചാരികൾ പോകുന്ന സ്ഥലത്തല്ല പല ഷോർട്ടും ചിത്രീകരിച്ചത്. മഞ്ഞിൽ ചിത്രീകരിക്കാൻ പോകുന്ന വഴി റോഡുകളിൽ പലതും ഐസ് ആയിരിക്കും. ഏതു വാഹനത്തിൽ പോയാലും തെന്നും. ചുറ്റി പോകുന്ന മലയുടെ ഇരുവശത്തും വലിയ ഗർത്തങ്ങളാണ്. വീഴുമോയെന്നു വരെ പേടിച്ചു. ചില മലമുകളിലേക്ക് ഒരുപാടുപേർക്കു പോകാനുമാകില്ല. അപ്പോൾ ക്യാമറപെഴ്സണും യൂണിറ്റും ഒരുപാടു കഷ്ടപ്പെട്ടു. അഭിനേതാക്കൾ മടങ്ങിയാലും സിനു സിദ്ധാർഥിനും ക്യാമറാക്രൂവിനും മടങ്ങാനാവില്ലല്ലോ. അവർ എല്ലാ ക്യാമറയും ഉപകരണങ്ങളും പായ്ക്ക് ചെയ്ത് വരുമ്പോളേക്കും നേരം പിന്നെയും വൈകും. നാലു മണിക്കൂർ വരെയൊക്കെയേ ആകെ വെളിച്ചമുണ്ടാകൂ. അപ്പോൾ മാറ്റിവയ്ക്കുന്ന ഷോർട്ടുകൾ പിന്നീടു എടുക്കാമെന്നു കരുതിയാൽ തന്നെ അടുത്ത ദിവസം മഞ്ഞെല്ലാം ഉരുകിയിരിക്കും. ബോളിവുഡ് സിനിമയൊക്കെപ്പോലെ വലിയ ബജറ്റുണ്ടെങ്കിൽ ഇതൊക്കെ കുറച്ചുകൂടി എളുപ്പമായിരിക്കും. പക്ഷേ നമ്മുടേതു വളരെ ചെറിയ ഇൻഡസ്ട്രിയല്ലേ. ഇതൊക്കെ ലേശം ബുദ്ധിമുട്ടാണ്.
സിനിമയ്ക്കിടയിലെ വിനോദം
ഷൂട്ടിങ് തീർന്നപ്പോൾ ഭംഗിയുള്ള സഥലങ്ങൾ കാണാൻ മോട്ടോർബൈക്കിൽ കറങ്ങാൻ പോയി. എൺപതുകളിൽ ഞാൻ എന്റെ യമഹ ആർ ഡി 650യിലായിരുന്നു സെറ്റിൽ പോയിരുന്നത്. അന്നൊരിക്കൽ സത്യൻ അന്തിക്കാട് പറഞ്ഞു "മോനേ , നീ കാറിൽ വാ. ബൈക്കിൽ വരല്ലേ. സേഫല്ല" എന്ന്. ആ ഒരു ബൈക്ക് ആരാധന എനിക്ക് ഇപ്പോളും ഉണ്ട്. ഈ സിനിമയുടെ ഷൂട്ട് തീര്‍ന്നപ്പോൾ അല്പം സമയം കണ്ടെത്തി കാശ്മീരിലേക്ക് ബൈക്ക് റൈഡ് പോകുന്നതിനുള്ള ചെറിയൊരു മോക് ഡ്രിൽ നടത്തി ഞാൻ. ഈ സിനിമയിലെ രാഹുൽ മാധവനും ബൈക്കറാണ്. ഞങ്ങൾ ഒരുമിച്ചു കുറെ കറങ്ങി.
വീടും ആഘോഷവും
സിനിമയും വീടും ഒരുപോലെ ബാലൻസ് ചെയ്യാൻ എനിക്കറിയാം. ഇന്നലെ (12th of Aug) എന്റെ കൊച്ചുമകൻ റയാൻ റഹ്മാൻ നവാബിന്റെ ഒന്നാം പിറന്നാളാഘോഷം ആയിരുന്നു. സിനിമ റിലീസായി. ആകെത്തുകയില്‍ സന്തോഷമാണു ജീവിതം.