യുവത്വത്തിന്റെ ഹൃദയത്തുടിപ്പായ ദുൽഖർ സൽമാൻ അഭിനയിച്ച ഓക്സിജന്റെ പരസ്യം ‘ആർപ്പോ ഓണം’ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കളർഫുൾ ലുക്കില്‍ ദുല്‍ഖര്‍ എത്തുന്ന ഈ പരസ്യം വ്യത്യസ്തമാകുന്നത് അതിന്റെ മേക്കിങ് കൊണ്ടുമാണ്. കേരളത്തിന്റെ തനത് കലാരൂപങ്ങളെ കോർത്തിണക്കി ഈ പരസ്യം ഒരുക്കിയിരിക്കുന്നത് ശങ്കർ രാമകൃഷ്ണനാണ്. ‘‘ഓണം ഒരു ജാതിയുടെയോ മതത്തിന്റെയോ ആഘോഷമല്ല. ഓരോ മലയാളിയുടെയും ആനന്ദോത്സവമാണ്’’ എന്നു പറഞ്ഞു തുടങ്ങുകയാണ് ശങ്കർ രാമ കൃഷ്ണൻ. ശങ്കർ അണിയിച്ചൊരുക്കിയ ആർപ്പോ പരസ്യവിപണിയിൽ പുതിയൊരു ഉണർവേകുമ്പോള്‍ ആർപ്പോയുടെ വിശേഷങ്ങളുമായി അദ്ദേഹം തന്നെ മനോരമ ഓൺലൈനിനൊപ്പം ചേരുന്നു
‘ഒ’യ്ക്കുള്ളിലെ ഓണം, ആർപ്പോ ഓണം തീമിലേക്ക്?
കുറെ കാലങ്ങൾക്കു മുൻപ് ആരോ ഫിക്സ് ചെയ്ത ഒരു ടെമ്പ്ലേറ്റിലാണ് ഓണം എന്നും പരസ്യങ്ങളിൽ ആഘോഷിക്കപ്പെട്ടിട്ടുള്ളത്. സമ്പന്ന വർഗത്തെ മാത്രമാണ് ഓണം പ്രതിനിധീകരിക്കുന്നത് എന്ന തോന്നൽ ഉളവാക്കുന്ന തരത്തിൽ ഒരു നാലുകെട്ടും അതിനു മുറ്റത്തിട്ടിരിക്കുന്ന പൂക്കളവും. അവിടെ നടക്കുന്ന തിരുവാതിരകളിയും ഒക്കെയാണ് ഓണവുമായി ബന്ധപ്പെടുത്തി ഇതുവരെ നാം എല്ലായിടത്തും കണ്ടിട്ടുള്ളത്. വളരെ വലിയൊരു പാർശ്വവൽക്കരണമാണ് അതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അങ്ങനെ ഉപരിവർഗത്തെ മാത്രം പ്രതിനിധാനം ചെയ്യുന്ന ഒന്നല്ലല്ലോ ഓണം. ജാതിമതഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും ഒരേപോലെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. അത് തന്നെയാണ് നമ്മൾ എല്ലാവരും പഠിച്ചിട്ടുള്ളതും ഈ മോഡേണ്‍ ഇറയിൽ നാം കണ്ടുകൊണ്ടിരിക്കുന്നതും. ഇന്ന് ഓണം എന്നാൽ ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം ആഘോഷമല്ല. ലോകമെമ്പാടുമുള്ള മലയാളികളുടെ ദേശീയ ഉത്സവമാണ്. അതുകൊണ്ടാണ് തിരുവാതിരയേയും മാർഗംകളിയേയും ഒപ്പനയേയുമൊക്കെ 'ഒ' വട്ടത്തിനകത്തേക്ക് കൊണ്ടുവരുന്നതിനൊപ്പം തന്നെ കേരളത്തിലെ മറ്റു പ്രധാനപ്പെട്ട കലാരൂപങ്ങളെയും കൂടി ഉൾപ്പെടുത്തിയത്.
വ്യത്യസ്തനായ മാവേലി?
മഹാബലി ഒരു അസുര രാജാവാണെന്നാണ് നമ്മുടെ മിഥോളജിയിൽ പറയുന്നത്. ഒരു രാജ്യത്തെ രാജാവ് തീർച്ചയായും ആയോധനകലകളിലും രാജ്യസേവനത്തിലും ഒരേപോലെ നിപുണനായിരിക്കും എന്നതിലും സംശയമില്ല. അങ്ങനെയുള്ള ഒരു രാജാവിന്റെ രൂപവും ഭാവവും ഒക്കെ മറന്ന് കപ്പടാ മീശയും വിഗ്ഗും കിരീടവും ഒക്കെ ഉള്ള ഒരു കാർട്ടൂൺ രൂപമായാണ് മഹാബലിയെ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇണങ്ങാത്ത കിരീടവും വസ്ത്രധാരണ രീതിയും ഒക്കെ മാറ്റിയാൽ മഹാബലി എങ്ങനെ ആയിരിക്കും എന്നതായിരുന്നു ആദ്യത്തെ ചിന്ത. അങ്ങനെ ഒരു മാവേലിയാകാൻ പറ്റുന്ന ഒരു മുഖം അന്വേഷിക്കുന്നതിനിടയിലാണ് ദുബായിൽ വച്ച് പരിചയപ്പെട്ട മുൻ മിസ്റ്റർ ഇന്ത്യയായ അനീഷ് മണിയുടെ കാര്യം എനിക്ക് ഓർമ്മ വരുന്നത്. അനീഷിനെ മാവേലി ആക്കിയാലോ എന്ന് പ്രൊഡക്‌ഷൻ ടീമുമായി ആലോചിച്ചപ്പോൾ അവരും എൻറെ തീരുമാനത്തിനൊപ്പം നിന്നു. പിന്നീട് കുരുത്തോല കൊണ്ടുള്ള കിരീടവും കേരളത്തിന്റെ വസ്ത്രവിധാനവും അനീഷിന്റെ മുഖവും ചേർത്ത് എഐ ഉപയോഗിച്ച് ആദ്യം ഒന്ന് ഡിസൈൻ ചെയ്തു നോക്കി. അതിനുശേഷമാണ് അനീഷ് തന്നെയാണ് ഞങ്ങളുടെ മാവേലി എന്ന് ഉറപ്പിച്ചത്.
ഓണവും റാപ്പ് സംഗീതവും?
ഓണത്തിന് ഒരു സെക്കുലർ മെസ്സേജ് ആണുള്ളത്. അതായത് അപ്രതീക്ഷിതമായി നമുക്കൊരു ഗിഫ്റ്റ് കിട്ടുമ്പോൾ നമ്മുടെ മനസ്സിൽ ഒരു 'ഓ വൗവ്' ആണ് ഉണ്ടാവുന്നത്. ഓക്സിജനുമായി ആ ഒരു 'ഓ' യെ കണക്ട് ചെയ്താൽ നന്നായിരിക്കും എന്ന് തോന്നി. ഇവയെ ഓണവുമായി കൂടി കണക്ട് ചെയ്ത് ഒരു റാപ്പ് മോഡൽ തയ്യാറാക്കാം എന്നാണ് തീരുമാനിച്ചത്. ശബ്ദതരാവലിയിൽ ഓണവുമായി ബന്ധപ്പെട്ട് നൂറിലധികം വാക്കുകളുണ്ട്. അവയെല്ലാം കൂടി കോർത്തിണക്കി ഒരുക്കിയതാണ് ഈ പരസ്യ ചിത്രത്തിലെ ഗാനത്തിന്റെ വരികൾ. ഇഷാൻ ദേവാണത് ചെയ്തത്. റാപ്പ് എപ്പോഴും ഒരു പ്രൊട്ടസ്റ്റ് മ്യൂസിക് ആയിട്ടാണ് കരുതപ്പെടുന്നത്. ആവിഷ്കാരത്തിന്റെ സൗന്ദര്യമാണ് റാപ്പിലൂടെ പ്രകടിപ്പിക്കപ്പെട്ടിട്ടുള്ളതും. യുവത്വത്തിന്റേത് കൂടിയാണ് ഓണം എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ റാപ്പ് സംഗീതത്തിലൂടെ ഉദേശിച്ചതും.

അച്ഛനും മകനും ഒപ്പം പ്രവർത്തിച്ചു?
മമ്മൂക്ക ഒരു അതോറിറ്റിയാണ്. അദ്ദേഹത്തിന് എല്ലാത്തിനെപ്പറ്റിയും കൃത്യമായ ഐഡിയ ഉണ്ട്. താൻ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് വലിയ പ്ലാനിങ്ങുകളും അദ്ദേഹത്തിനുണ്ട്. ദുൽഖർ നല്ല ഒരു ഗായകനും ഡാൻസറുമാണ്. തന്റെ പാഷനെ കൃത്യമായി പ്ലാൻ ചെയ്ത് മുന്നോട്ടുപോകുന്ന ഒരാൾ. അഭിനയത്തോടുള്ള പാഷൻ അച്ഛനും മകനും ഒരേ പോലെയാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷേ ഇരുവരും മുന്നേറുന്ന രീതികളിൽ വ്യത്യാസമുണ്ട്.
ഓക്സിജന്റെ ബ്രാൻഡ് അംബാസിഡറായ ദുൽഖർ സൽമാൻ ഈ പരസ്യ ചിത്രത്തിലേക്ക് വന്നപ്പോൾ അദ്ദേഹത്തിൻറെ മലയാളി ലുക്ക് കൂടി പ്രേക്ഷകരിലേക്ക് എത്തിക്കണമെന്ന് തോന്നി. ഒരു അർബൻ മെട്രോ സെക്ഷ്വൽ എന്ന രീതിയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ വേഷവിധാനത്തിൽ ഒക്കെ ഞങ്ങൾ മാറ്റം വരുത്തി. യുവത്വത്തെ പ്രതിനിധീകരിക്കുന്ന, പുതിയതിനെയും പഴയതിനെയും എല്ലാം കണക്ട് ചെയ്യുന്ന യുവത്വത്തിന്റെ മുഖമായത് മാറുന്നു. അതിൽ സന്തോഷം.
ഓണം ഇൻഡോറിലേക്ക് വന്നപ്പോൾ കളർഫുൾ ആയി. അത് യുവത്വം ഏറ്റെടുക്കുന്നു?
ഒരു ആഘോഷത്തിന്റെ മൂഡിൽ ഇത്രയധികം കലാരൂപങ്ങളെ ഇൻഡോറിൽ കൊണ്ടുവരുന്നതിനും ഒരു ഫെസ്റ്റിവൽ ഫീൽ നൽകുന്നതിനും ഒക്കെ പ്രത്യേക ലൈറ്റിങ് വേണ്ടി വന്നു. അതിന് വേണ്ടി സന്തോഷ് ശിവൻ സർ കേരളത്തിന് പുറത്തു നിന്നും ലൈറ്റ് കൊണ്ടുവന്നു. അദ്ദേഹത്തിന്റെയും ഓക്സിജൻ ഗ്രൂപ്പിന്റെ ചെയർമാനായ ഷിജോ കെ. തോമസിന്റെയും സപ്പോർട്ട് വളരെ വലുതായിരുന്നു.
അവരവരുടെ ചിന്തകൾ ഡെമോക്രാറ്റിക് ആയിട്ട് ഷെയർ ചെയ്യുന്ന ഒരു യുവത്വമാണ് നമുക്കിപ്പോൾ ഉള്ളത്. മാറ്റത്തെ നന്നായി ഉൾക്കൊള്ളുന്ന ഒരു തലമുറ. അവർ മതത്തെ മാറ്റി നിർത്തി, മലയാളി എന്ന ഐഡന്റിറ്റിയിൽ ഓണം ആഘോഷിക്കുന്നു. മിഡിൽ ഈസ്റ്റ് ഉൾപ്പടെയുള്ള മറ്റു രാജ്യങ്ങളിൽ, ഇന്ന് കേരളത്തിലേക്കാൾ കൂടുതലായി ഓണം ആഘോഷിക്കുന്നു. അത് വളരെ പോസിറ്റീവ് ആയ കാര്യമാണ്. അവർ ഈ പരസ്യചിത്രത്തെ ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ട്.