മമ്മൂക്കയില്‍ കണ്ടതും അതാണ്: ‘കണ്ണൂർ സ്‌ക്വാഡി’ലെ കൊടും വില്ലൻ; അഭിമുഖം

Mail This Article
ചില സിനിമകള്‍ കാണുമ്പോള്‍ അതിലെ തീര്‍ത്തും നെഗറ്റീവ് ആയ കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ മായാതെ നിൽക്കും. ‘ആ വില്ലൻ കൊള്ളാം’...എന്നു പറയുന്നതും ചുരുക്കം പേർക്കു മാത്രം ലഭിക്കുന്ന പ്രശംസയാണ്. ക്രൂരതയുടെ മുഖമായി മാറുന്ന കഥാപാത്രങ്ങളെ അത്രമേല്‍ കൃത്യമായ അളവുകോലില്‍ അവര്‍ ചെയ്തിട്ടുണ്ടാകും. ‘കണ്ണൂര്‍ സ്‌ക്വാഡി’െല വില്ലന്‍ കഥാപാത്രമായ അമീര്‍ ഷാ ആയി എത്തിയ അര്‍ജുന്‍ രാധാകൃഷ്ണന്റെ പ്രകടനം അത്തരത്തിലൊന്നായിരുന്നു.
അപ്രതീക്ഷിതമായി വന്നത്
ഒരു ദിവസം സംവിധായകനായ റോബി എന്നെ വിളിച്ചു. ഇങ്ങനെയൊരു ചിത്രമുണ്ട് ചെയ്യാമോ എന്ന് ചോദിച്ചു. വിഡിയോ കോളില്‍ വന്നാണ് സിനിമയുടെ കഥ വിവരിച്ചു തന്നത്. കഥ പറഞ്ഞപ്പോൾ ഇത്രയും നെഗറ്റിവ് ആയ ക്യാരക്ടര്‍ ആണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. വില്ലന്‍മാരിലൊരാള്‍ എന്നാണ് പറഞ്ഞത്. സീനുകളിലെ ഫൈറ്റിനെ പറ്റിയും വലിയ ധാരണ ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ തീര്‍ത്തും അപ്രതീക്ഷിതമായാണ് സിനിമയും അതിലെ ഓരോ സീനുകളും ചെയ്തത്. പ്രത്യേകിച്ച് ഫൈറ്റ് സീനുകള്‍. ഈ സിനിമയിലെ സംവിധായകനും അണിയറപ്രവര്‍ത്തകരും എനിക്ക് മുന്‍പരിചയം ഒന്നുമില്ലാത്ത ആളുകളായിരുന്നു. അവതരിപ്പിച്ച കഥാപാത്രവും അങ്ങനെതന്നെ. അതുകൊണ്ടു തന്നെ എല്ലാംകൊണ്ടും പുതിയൊരു അനുഭവമായിരുന്നു ഈ സിനിമ.
‘പട’യിലൂടെ സ്ക്വാഡിലേക്ക്
‘പട’ എന്ന സിനിമ കണ്ടിട്ടാണ് റോബി എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്. പക്ഷേ ‘പട’ ചെയ്യുന്ന സമയത്ത് എനിക്ക് ആ കഥാപാത്രം ചെയ്യാന്‍ ഒരു റഫറന്‍സ് ഉണ്ടായിരുന്നു. എന്റെ സുഹൃത്തിന്റെ അച്ഛന്‍ ഐഎഎസ് ഓഫിസറാണ്. അദ്ദേഹത്തിന്റെ ഓഫിസില്‍ കുറച്ചുദിവസം പോയി നിന്നിട്ടാണ് കലക്ടറുടെ ജോലിയേയും ആ ഓഫിസിന്റെ രീതികളേയും പഠിച്ചത്. പക്ഷേ അങ്ങനെ റഫറന്‍സിനു വേണ്ടി വായിക്കാനോ പഠിക്കാനോ ഈ സിനിമയിൽ ഒന്നുമില്ലായിരുന്നു. അങ്ങ് ചെയ്യുക എന്നു മാത്രമേ മുന്നിലുണ്ടായിരുന്ന ഒരേയൊരു ഓപ്ഷന്‍. അതുകൊണ്ട് സിനിമയ്ക്ക് കിട്ടുന്ന ഓരോ നല്ല വാക്കുകളും വലിയ പ്രചോദനമാണ്. ഒരു സ്റ്റാര്‍ എന്നൊന്നും തോന്നുന്നില്ല. പക്ഷേ ആദ്യമായാണ് ഇത്രയേറെ ജനകീയമായൊരു സിനിമയുടെ ഭാഗമാകുന്നത്. വലിയൊരു ജനക്കൂട്ടത്തിനൊപ്പം സിനിമ കാണുന്നതും, അതുകണ്ട് കഴിഞ്ഞ് അവര്‍ വന്നു സംസാരിക്കുന്നതും, പ്രമോഷനു വേണ്ടിയുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതുമെല്ലാം വലിയ സന്തോഷം തരുന്ന പുതിയ കാര്യങ്ങളാണ്. അതിനേക്കാളുപരി വിജയിക്കുന്ന ഒരു പ്രോജക്ടിന്റെ ഭാഗമാകുന്നതാണ്് വലിയ കാര്യം.

ആ ഒരൊറ്റ സീന്‍
മമ്മൂക്ക അവതരിപ്പിച്ച കഥാപാത്രം തേടുന്ന പ്രധാന വില്ലനായിട്ടും ഞങ്ങള്‍ തമ്മില്‍ മുഖാമുഖം വരുന്നത് അവസാനമാണ്. ആ ഒരൊറ്റ സീന്‍ മറക്കാനാകില്ല. സിനിമയിലെ ഓരോ സീനുകള്‍ക്കും ഓരോ അളവുകോല്‍ ആയിരിക്കും. അതൊക്കെ അങ്ങേയറ്റം മനസ്സിലാക്കിയ വ്യക്തിയാണ് മുന്നില്‍ നില്‍ക്കുന്നത്. അതുകൊണ്ടു തന്നെ ഷൂട്ടിങിനിടെ ഞാന്‍ അല്‍പം നെര്‍വസ് ആയിരുന്നു. മമ്മൂക്കയാണ് പറഞ്ഞു, നീ ഒന്നും പേടിക്കണ്ട, ധൈര്യമായി ചവിട്ടിക്കോ എന്ന്...അദ്ദേഹം നാനൂറിലധികം സിനിമകളില്‍ അഭിനയിച്ച ഒരു വ്യക്തിയാണ്. അതിലും കുറേ പൊലീസ് വേഷങ്ങളുണ്ട്. പക്ഷേ ഒരോ സിനിമയിലും കാണാനുക പുതിയൊരു ശരീരഭാഷയുമായി എത്തുന്ന അദ്ദേഹത്തെയാണ്. ഈ സിനിമയിലും കണ്ടറിഞ്ഞത് അങ്ങനെയൊരാളെയാണ്. ഷൂട്ടിങിനിടയില്‍ നമുക്കത് തിരിച്ചറിയാനാകില്ല. സ്‌ക്രീനില്‍ കാണുമ്പോഴാണ് അത് മനസ്സിലാകുക. എത്ര സ്റ്റണ്ട് മാസ്റ്ററും തയാറെടുപ്പുമുണ്ടെങ്കിലും ഷൂട്ടിങ് നടക്കുന്ന ആ നേരത്ത് നമുക്ക് ഫൈറ്റിന്റെ താളത്തിനൊത്ത് നീങ്ങാനാകണം. മമ്മൂക്കയില്‍ കണ്ടതും അതാണ്. സിനിമയില്‍ ഒരു സീനില്‍ ഒരു കുട്ടിയോട് സംസാരിക്കുന്ന രംഗമുണ്ട്. ആ രംഗമൊക്കെ അദ്ദേഹം ചെയ്യുന്നത് കാണാന്‍ നല്ല രസമായിരുന്നു. അടുത്തിടെ അദ്ദേഹം ചെയ്ത എല്ലാ സിനിമയിലും തീര്‍ത്തും പുതിയൊരു ശരീരഭാഷയും ശൈലിയുമാണ്. ആവര്‍ത്തനങ്ങളില്ലാത്ത അഭിനയമാണ് അദ്ദേഹത്തിന്റേത്.

മറക്കാനാകില്ല ഷൂട്ടിങ് ദിനങ്ങള്‍
ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട് സംവിധായകനും അദ്ദേഹത്തിന്റെ ക്രൂവിനും. അവര്‍ അത്രമാത്രം ദൂരങ്ങളിലേക്ക് പോയിട്ടുണ്ട്. എന്റെ സീനുകള്‍ ബഹുഭൂരിപക്ഷവും കോട്ടയം, വയനാട് മേഖലകളിലായിരുന്നു. ആനയിറങ്ങുമോ എന്ന പേടിയിലാണ് ഓരോ രാത്രിയും കഴിച്ചുകൂട്ടിയത്. അത് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ രസകരമായി തോന്നുന്നു. പിന്നീട് എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നത് പുണൈയിൽ നിന്നും അമ്പതു കിലോമീറ്റര്‍ അകലെയുള്ള ബോര്‍, വായ് എന്നീ സ്ഥ്‌ലങ്ങളിലായിരുന്നു. അവിടെ അന്തരീക്ഷം പകല്‍ ചൂടും രാത്രി കൊടുംതണുപ്പും എന്ന അവസ്ഥയായിരുന്നു. മമ്മൂക്ക ഉൾപ്പടെ ബാക്കിയെല്ലാവര്‍ക്കും പനിയായി. ആ ഒരു അവസ്ഥയിലാണ് അന്നത്തെ ഷൂട്ടിങ് ദിനങ്ങള്‍ കടന്നുപോയത്. ക്രിമിനല്‍ സംഘം ഒളിച്ചിരിക്കുന്ന ഗ്രാമമായി ഷൂട്ട് ചെയ്തത് അവിടെയായിരുന്നു. ഈ സീനില്‍ അഭിനയിച്ച പ്രായം ചെന്ന ഒരു വ്യക്തിയെ മറക്കാനാകില്ല. അദ്ദേഹം വടികറക്കിയെത്തുന്ന രംഗമൊക്കെ തിയറ്ററില്‍ കയ്യടി നേടിയിരുന്നല്ലോ. അദ്ദേഹത്തിന് മമ്മൂക്ക അംബേദ്കറായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് അദ്ദേഹം അംബേദകറായി അഭിനയിച്ച ചിത്രത്തിന്റെ സ്പിരിറ്റിലാണ് അദ്ദേഹം അങ്ങനെ പ്രതികരിച്ചത്. ആ കഥാപാത്രത്തിന്റെ റേഞ്ച് എത്രമാത്രമായിരുന്നെന്ന് ഓര്‍ത്തുപോയി.

പുണൈ, വീട്, ജീവിതം
ചെറുപ്പം മുതല്‍ക്ക് അഭിനയിക്കണം എന്നായിരുന്നു ആഗ്രഹം. യാദൃച്ഛിമായി മനസ്സില്‍ വന്നതാണ്. പക്ഷേ എവിടെ നിന്ന്, എങ്ങനെ തുടങ്ങണം എന്നൊന്നും ഒരു ഐഡിയയും ഇല്ലായിരുന്നു. അച്ഛന്റെ വീട് ആലുവയിലും അമ്മ നാഗര്‍കോവിലുമുള്ള ആളുകളാണ്. രണ്ടുപേരും ജോലി സംബന്ധമായി പുനെയിലെത്തിയതോടെ എന്റെ നാട് അവിടമായി. പുണൈ ഫെര്‍ഗൂസന്‍ കോളജില്‍ ബിഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് പഠിക്കുമ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞിട്ട്് പുണൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അപേക്ഷ കൊടുത്തു. എന്‍ട്രസില്‍ അവസാന റൗണ്ട് വരെയെത്തിയെങ്കിലും അഡ്മിഷന്‍ കിട്ടിയില്ല. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് ഒരു കമ്പനിയില്‍ ജോലിക്കു കയറി. അപ്പോഴും സിനിമയാണ് മനസ്സില്‍. അങ്ങനെ ഒരു സുപ്രഭാതത്തില്‍ ജോലി വിട്ടിറങ്ങി. പൂര്‍ണമായും സിനിമ മതി എന്നു തീരുമാനിച്ചു. അങ്ങനെയാണ് മുംബൈയിലേക്ക് വരുന്നത്.

വിചാരിച്ചതുപോലെയൊന്നും ആയിരുന്നില്ല കാര്യങ്ങള്‍. അഞ്ചാറ് വര്‍ഷം തേടിയിട്ടാണ് 2016ല്‍ ഒരു സിനിമ ചെയ്യാനാകുന്നത്. പിന്നീട് 2019 വരെ ഓരോ വര്‍ഷവും ഓരോ സിനിമ വീതം കിട്ടി. പക്ഷേ എല്ലാം റിലീസ് ആയത് 2022ല്‍ ആയിരുന്നു. എങ്കിലും എല്ലാ സിനിമകളിലും നല്ല വേഷങ്ങള്‍ ചെയ്യാനായിരുന്നു. ഝൂണ്ട്, പട, ഡിയര്‍ ഫ്രണ്ട്, റോക്കറ്റ് ബോയ്‌സ്(സീരിസ്) എന്നിവയായിരുന്നു ആ സിനിമകള്‍. സിനിമ ചെയ്യണം എന്നല്ലാതെ ഇക്കാലയളവിനിടയില്‍ മറ്റു ചിന്തകള്‍ ഒന്നുമില്ലായിരുന്നു. ഇതിനിടയില്‍ കുറേ വോയ്‌സ് ഓവര്‍ ചെയ്തു, പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചു. ജീവിതം മുന്നോട്ടുകൊണ്ടു പോകണമല്ലോ. സുഹൃത്തുക്കളും അച്ഛനും അമ്മയുമെല്ലാം ഈ സമയങ്ങളിലെല്ലാം സാമ്പത്തികമായും മാനസികമായും പിന്തുണച്ചു. അങ്ങനെയാണ് മുന്നോട്ടുപോയത്. വ്യത്യസ്തമായ കുറേ നല്ല വേഷങ്ങള്‍ ചെയ്യണം എന്നു മാത്രമാണ് മനസ്സില്‍.