മമ്മൂട്ടിയെ വിറപ്പിച്ച പവൻ ഭായിയുടെ ഭാര്യ; സുസ്മിത ഷൂർ അഭിമുഖം

Mail This Article
സ്ക്രീനിൽ വന്ന അൽപസമയം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച പ്രകടനം കാഴ്ചവച്ച കഥാപാത്രമാണ് ‘കണ്ണൂർ സ്ക്വാഡി’ലെ പവൻ ഭായിയുടെ ഭാര്യ. തിയറ്ററിൽ കയ്യടികൾ നിറച്ച തിക്രി വില്ലേജ് ഏറ്റമുട്ടലിൽ പ്രകടനത്തിന്റെ മികവു കൊണ്ടാണ് ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടത്. തമിഴ് ചിത്രം വിക്രത്തിലെ ഏജന്റ് ടീനയുടെ പ്രകടനത്തോടാണ് പലരും ആ കഥാപാത്രത്തിന്റെ പ്രകടനത്തെ താരതമ്യം ചെയ്തത്. ബംഗാളിയായ സുസ്മിത ഷൂർ ആണ് അവിസ്മരണീയമായ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളം സംസാരിക്കാൻ അറിയില്ലെങ്കിലും ഈ നാടും ഭാഷയും ഇവിടത്തെ സിനിമകളും സുസ്മിതയ്ക്ക് ഇഷ്ടമാണ്. അതിനൊരു കാരണവുമുണ്ട്. അക്കാര്യം വെളിപ്പെടുത്തി സുസ്മിത മനോരമ ഓൺലൈനിൽ.
ഞാൻ മലയാളത്തിന്റെ മരുമകൾ
മലയാള സിനിമകൾ ഞാൻ കാണാറുണ്ട്. അതിനാൽ മമ്മൂട്ടി എന്ന നടനെക്കുറിച്ചും താരത്തെക്കുറിച്ചും എനിക്ക് അറിയാം. ഞാനൊരു ബംഗാളിയാണെങ്കിലും പണ്ടു മുതലെ പല ഭാഷകളിലെ സിനിമകൾ കാണാറുണ്ട്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചിരുന്നപ്പോൾ അങ്ങനെയുള്ള സിനിമകൾ കാണാൻ കൂടുതൽ അവസരം ലഭിച്ചു. മലയാളം, തമിഴ്, തെലുങ്കു, കന്നട എന്നിങ്ങനെ പ്രാദേശിക ഭാഷകളിലെ സിനിമകൾ ഞാൻ പതിവായി കാണാറുണ്ട്. കൂടാതെ, ഞാൻ ഒരു മലയാളിയെ ആണ് വിവാഹം ചെയ്തത്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലെ എന്റെ ബാച്ച്മേറ്റായിരുന്നു അദ്ദേഹം. മാർട്ടിൻ ജിഷിൽ എന്നാണ് പേര്. കൊച്ചി മരടിലാണ് അദ്ദേഹത്തിന്റെ വീട്. അതിനാൽ, ഞാൻ ഇടയ്ക്കിടെ കേരളത്തിൽ വരാറുണ്ട്. മലയാളം എനിക്കു കേട്ടാൽ മനസിലാകും.

സെറ്റിലെ മമ്മൂട്ടി
മമ്മൂട്ടിയുടെ സിനിമയിലാണ് അഭിനയിക്കാൻ അവസരം ലഭിച്ചതെന്ന കാര്യം ആദ്യം അറിയില്ലായിരുന്നു. സെറ്റിൽ വച്ച് അദ്ദേഹത്തെ കണ്ടപ്പോഴാണ് ഇതൊരു മമ്മൂട്ടി പടമാണെന്നും എനിക്ക് കോംബിനേഷനുള്ളത് അദ്ദേഹത്തിനൊപ്പമാണെന്നുമൊക്കെ ഞാൻ മനസിലാക്കുന്നത്. അദ്ദേഹം അപ്രതീക്ഷിതമായി മുൻപിൽ വന്നപ്പോൾ ഞാൻ ശരിക്കും ആശ്ചര്യപ്പെട്ടു പോയി. അദ്ദേഹം വളരെ കൂൾ ആയിരുന്നു. ഒരു പൊസിറ്റീവ് ആറ്റിറ്റ്യൂഡായിരുന്നു അദ്ദേഹത്തിന്. ഒരു സൂപ്പർതാരത്തെ പോലെയല്ല അദ്ദേഹം ഞങ്ങളോടു പെരുമാറിയത്. ധാരാളം സംസാരിച്ചു. മനോഹരമായിരുന്നു ആ ദിവസങ്ങൾ.

ആദ്യം കണ്ടത് ചൈനയിൽ
കണ്ണൂർ സ്ക്വാഡിൽ അഭിനയിക്കുന്നതിനു മുൻപ് ഞാൻ മമ്മൂക്കയെ കണ്ടിട്ടുണ്ട്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ അഭിനയിക്കുന്ന സമയത്തായിരുന്നു അത്. ഒരു വർക്ക്ഷോപ്പിനു വേണ്ടി ഞങ്ങൾ ഡ്രാമാ വിദ്യാർഥികൾ ചൈനയിൽ പോയിരുന്നു. അവിടെ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ മമ്മൂക്കയെ കണ്ടിട്ടുണ്ട്. അദ്ദേഹവും അന്ന് അവിടെ ഉണ്ടായിരുന്നു. എന്റെ കുറെ സുഹൃത്തുക്കൾ അന്ന് അദ്ദേഹത്തിന്റെ അടുത്തു പോയി പടം എടുത്തു. കണ്ണൂർ സ്ക്വാഡിന്റെ സെറ്റിൽ ചെന്നപ്പോൾ ഞാൻ ആ ചിത്രങ്ങൾ അദ്ദേഹത്തെ കാണിച്ചു. ചൈനയിൽ വച്ചു കണ്ട ഡ്രാമാ വിദ്യാർഥികൾ നിങ്ങൾ ആയിരുന്നല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ആ സംഭവം മമ്മൂക്കയ്ക്ക് ഓർമയുണ്ടായിരുന്നു.

മലയാളികൾക്കു നന്ദി
സിനിമ കണ്ടവർ വളരെ മികച്ച അഭിപ്രായമാണ് പറഞ്ഞത്. എന്നെ സ്വീകരിച്ച, എന്റെ കഥാപാത്രത്തെ സ്വീകരിച്ച മലയാളി പ്രേക്ഷകർക്കു നന്ദി. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലാണ് ഞാൻ പഠിച്ചത്. അതിനുശേഷം മുംബൈയിലേക്ക് വന്നു. ആറു വർഷമായി മുംബൈയിലാണ്. അഭിനയം തന്നെയാണ് ജോലി. ഓഡിഷൻ വഴിയാണ് കണ്ണൂർ സ്ക്വാഡിലേക്ക് അവസരം ലഭിച്ചത്. കാസ്റ്റിങ് ഡയറക്ടർ പരാഗ് മേത്തയാണ് എന്നെ ഓഡിഷനു ക്ഷണിച്ചത്.

സംവിധായകൻ പറഞ്ഞു, ഞാൻ ചെയ്തു
സിനിമയിൽ ഇപ്പോൾ എല്ലാവരും റിയലിസ്റ്റിക് അഭിനയം ആണല്ലോ ചെയ്യുന്നത്. അതുകൊണ്ട്, ഷൂട്ടിനെത്തിയ ആദ്യ ദിവസം ഒരു റിയലിസ്റ്റിക് സ്റ്റൈൽ പാറ്റേണിലാണ് ഞാൻ ചെയ്തത്. എന്നാൽ, ഈ സിനിമ ഒരു പക്കാ റിയലിസ്റ്റിക് സിനിമ അല്ലല്ലോ. അതുകൊണ്ട്, സംവിധായകൻ എന്നോട് അൽപം ലൗഡ് ആയി ചെയ്യണമെന്നു പറഞ്ഞു. അങ്ങനെയാണ് ഇപ്പോൾ സിനിമയിൽ കാണുന്ന സ്റ്റൈൽ ഉറപ്പിച്ചത്. സംവിധായകൻ പറഞ്ഞത് അനുസരിക്കുക മാത്രമാണ് ഞാൻ ചെയ്തത്.
ഗംഭീര ടീം വർക്ക്
സിനിമയിൽ വെടിയുതിർക്കുന്ന രംഗമുണ്ട്. അത് അൽപം ടെൻഷനിടിപ്പിച്ച പരിപാടിയായിരുന്നു. തോക്ക് ഞാൻ കണ്ടിട്ടുണ്ട്. തൊട്ടിട്ടുണ്ട്. പക്ഷേ, അതുപയോഗിച്ച് വെടിയുതിർക്കുന്ന രംഗം അഭിനയിച്ചിട്ടില്ല. സെറ്റിൽ ഞങ്ങളെ അക്കാര്യങ്ങൾ പഠിപ്പിച്ചു തരാൻ പരിശീലനം ലഭിച്ചിട്ടുള്ള വിദഗ്ദരുണ്ടായിരുന്നു. എന്തു ചെയ്യണം, എങ്ങനെ ചെയ്യണം എന്നതു സംന്ധിച്ച് സംവിധായകൻ റോബി സാറിനു കൃത്യമായ ധാരണയുണ്ടായിരുന്നു. ഗംഭീര ടീം വർക്കായിരുന്നു സെറ്റിൽ. നല്ലൊരു തിയറ്റർ പ്രൊജക്ട് ചെയ്യുമ്പോഴാണ്, ഞാനിങ്ങനെ ഒരു ടീം വർക്ക് കണ്ടിട്ടുള്ളത്. സിനിമയിൽ നിന്ന് ഇങ്ങനെ ഒരു അനുഭവം എനിക്ക് ആദ്യമായിട്ടാണ്.

സെറ്റിലെ സർപ്രൈസ്
സിനിമയിൽ എന്റെ ഭർത്താവ് പവൻ എന്ന കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് മനോഹർ ആണ്. കോളജിൽ എന്റെ ജൂനിയറായിരുന്നു മനോഹർ. ഓഡിഷൻ വഴിയാണ് മനോഹറും സിനിമയിലെത്തുന്നത്. എന്നാൽ, ഈ സിനിമയിൽ മനോഹർ ഉള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു. കൊച്ചിയിൽ ഷൂട്ടിനായി ഫ്ലൈറ്റ് കയറിയപ്പോൾ അതിൽ മനോഹറെ കണ്ടു. ഷൂട്ടിനാണ് കേരളത്തിലേക്ക് പോകുന്നതെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞെങ്കിലും ഏതു സിനിമയാണെന്നൊന്നും ചോദിച്ചുമില്ല, പറഞ്ഞുമില്ല. സെറ്റിലെത്തി പരസ്പരം കണ്ടപ്പോൾ ശരിക്കും ഞെട്ടി. സിനിമയിൽ ഭാര്യയും ഭർത്താവും ആയിട്ടായിരുന്നല്ലോ അഭിനയിക്കേണ്ടത്. അതൊന്നും അറിയാതെ ഒരേ ഫ്ലൈറ്റിൽ യാത്ര ചെയ്തു വന്ന് സെറ്റിൽ കണ്ടുമുട്ടിയ കാര്യം പറഞ്ഞ് ഞങ്ങൾ ചിരിച്ചു.

ഇതു നമ്മുടെ സുമിയോ?
മലയാളികളായ എന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കണ്ണൂർ സ്ക്വാഡിലെ എന്റെ കഥാപാത്രം സർപ്രൈസ് ആയിരുന്നു. കാരണം, അവർ എന്നെ ഒരു വീട്ടമ്മയുടെ റോളിലാണ് കണ്ടിട്ടുള്ളത്. ഇത്രയും ലൗഡ് ആയ, തോക്കു പിടിച്ചു അലറുന്ന ഒരു കഥാപാത്രമായി ഞാൻ മാറിയതു കണ്ട് അവർക്ക് അമ്പരന്നു. "നമ്മുടെ സുമി തന്നെയാണോ ഇത്" എന്നായിരുന്നു അവരുടെ കമന്റുകൾ. വീട്ടിൽ എന്നെ സുമി എന്നാണ് വിളിക്കാറുള്ളത്. ഈ സിനിമയിൽ അഭിനയിച്ച ശരത് സഭയെ എനിക്ക് മുൻപെ പരിചയമുണ്ട്. മാർട്ടിന്റെ സുഹൃത്താണ് ശരത്. ശരത്തിന്റെ അമ്മ എനിക്ക് സ്വന്തം അമ്മയെപ്പോലെയാണ്. അവരൊക്കെ സിനിമയിലെ എന്റെ പ്രകടനം കണ്ടു ഞെട്ടി. അവരുടെ ഇത്തരത്തിലുള്ള പ്രതികരണങ്ങളും അഭിനന്ദനങ്ങളുമെല്ലാം എനിക്ക് പുതിയതാണ്.