ADVERTISEMENT

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ് അസീസ് നെടുമങ്ങാട്. കോമഡി പരിപാടികളിലെ ഹാസ്യതാരമായി കുടുംബ സദസ്സുകളെ കുടുകുടെ ചിരിപ്പിച്ച അസീസ് പിന്നീട് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമകളിൽ സജീവമായി. ‘ജയ ജയ ജയ ജയ ഹേ’ എന്ന ഹിറ്റ് ചിത്രത്തിലെ അസീസിന്റെ കഥാപാത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോൾ മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്‌ക്വാഡ്’ എന്ന ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോൾ സ്വതവേ എളിമയുടെ പര്യായമായ അസീസിന് ഒന്നേ പറയാനുള്ളൂ, എല്ലാം ദൈവാനുഗ്രഹം. കണ്ണൂർ സ്‌ക്വാഡിലേക്ക് മമ്മൂട്ടി തന്നെയാണ് അസീസിനെ നിർദേശിച്ചത്. ചിത്രത്തിന്റെ തിരക്കഥാകൃത്തും നടനുമായ റോണി ഡേവിഡ് അസീസിനോട് ഒരു കഥാപാത്രത്തിനായി പരിഗണിക്കാം എന്ന് പറഞ്ഞിരുന്നെങ്കിലും അവസാന വാക്ക് മമ്മൂട്ടിയുടേതായിരുന്നു. അഭിനയകലയിലെ ഇതിഹാസമായ മമ്മൂട്ടിയുടെ ആ തിരഞ്ഞെടുപ്പ് ഒരിക്കലും വൃഥാവിലായില്ല. കണ്ണൂർ സ്‌ക്വാഡിലെ ജോസ് സ്കറിയ എന്ന പൊലീസുകാരനിലൂടെ ഏതു തരം കഥാപാത്രവും തനിക്കിണങ്ങും എന്ന് തെളിയിച്ചിരിക്കുകയാണ് അസീസ്. കണ്ണൂർ സ്‌ക്വാഡിന്റെ വിശേഷങ്ങളുമായി അസീസ് നെടുമങ്ങാട് മനോരമ ഓൺലൈനിൽ.... 

മമ്മൂട്ടിയുടെ സ്ക്വാഡിലേക്ക് 

കണ്ണൂർ സ്ക്വാഡിന്റെ കഥ രണ്ടു വർഷം മുൻപേ എനിക്ക് അറിയാം. തിരക്കഥാകൃത്ത് റോണിച്ചേട്ടൻ നായകനായഭിനയിച്ച ഒരു ചിത്രത്തിൽ അഭിനയിക്കുമ്പോൾ അദ്ദേഹം പറഞ്ഞു, ഒരു കഥ എഴുതിയിട്ടുണ്ട്. മമ്മൂക്ക ആണ് മനസ്സിൽ ഉള്ളതെന്ന്. കഥ കേട്ടപ്പോൾത്തന്നെ ത്രില്ലടിച്ചു. ഇതിൽ എന്തെങ്കിലും ഒരു വേഷം തരണമെന്ന് അപ്പോഴേ പറഞ്ഞിരുന്നു. ഇതിൽ മാർക്കറ്റിൽ അടി കൂടുന്ന ഒരു സംഭവം ഉണ്ട് ഞാൻ പറഞ്ഞു, ‘‘ആ വേഷമെങ്കിലും എനിക്ക് തരണം’’. റോണിച്ചേട്ടൻ പറഞ്ഞു, ‘‘നോക്കട്ടെ അസീസേ.’’ ഇടയ്ക്ക് വിളിക്കുമ്പോഴൊക്കെ എന്തായി എന്ന് ചോദിക്കുമ്പോൾ, ‘‘ഒന്നും ആയില്ലടാ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുകയാണ്’’ എന്ന് പറയും. അപ്പോൾ ഞാൻ പറയും എന്റെ കാര്യം മറക്കരുത്. അതിനു ശേഷം ഒരുവർഷത്തോളം കഴിഞ്ഞ് ഈ പടം തുടങ്ങുന്നതിന് ഒരുമാസം മുൻപ് ജോർജ് ഏട്ടൻ വിളിച്ചിട്ട് നമ്മുടെ പ്രൊഡക്‌ഷനിൽ ഒരു സിനിമ വരുന്നുണ്ട്, അതിൽ നല്ലൊരു കഥാപാത്രം ഉണ്ട് പ്രൊഡക്ഷൻ ടീം വിളിക്കും എന്ന് പറഞ്ഞു. 

ഞാൻ നന്ദി പറഞ്ഞു. കുറച്ചു കഴിഞ്ഞ് റോണി ചേട്ടൻ വിളിച്ചു, ‘‘എടാ നീ ചെറുതല്ലേ ചോദിച്ചത്, വലുത് തന്നാൽ ചെയ്യുമോ’’. ഞാൻ ചോദിച്ചു ‘‘എന്താ റോണിച്ചേട്ടാ’’ റോണിച്ചേട്ടൻ പറഞ്ഞു, ‘‘നമ്മുടെ പടം ഓൺ ആയി. മമ്മൂക്ക ആണ് നായകൻ. അതിൽ നാല് പൊലീസുകാരിൽ ഒരു പൊലീസ് നീ ആണ്’’. ഞാൻ ഞെട്ടി. ഞാൻ ചെറിയ വേഷമാണ് ചോദിച്ചത്. പണ്ട് പറയുന്നത് പോലെ ഒരു പൂ ചോദിച്ചപ്പോ പൂക്കാലം തന്നെയാണ് എനിക്ക് കിട്ടിയത്. ‘‘അവർ നിന്നെ വിളിക്കുമെടാ, പിന്നെ നമുക്ക് ഇരിക്കാം’’ എന്ന് പറഞ്ഞു. മമ്മൂക്കയും റോണി ചേട്ടനും പ്രൊഡക്‌ഷനിൽ നിന്നും ഫിക്സ് ആയി. പിന്നെ ശബരീഷും ഞാനും ചെയ്ത കഥാപാത്രങ്ങൾക്ക് ഒരുപാടുപേർ ലിസ്റ്റിൽ ഉണ്ടായിരുന്നു. ഈ ലിസ്റ്റിൽ എന്റെ പേരും എഴുതിയിട്ടുണ്ടായിരുന്നു. ഒരുപാട്പേരെ നോക്കി കിട്ടാതെ വന്നപ്പോൾ മമ്മൂക്ക പറഞ്ഞു, അസ്സീസിനെ വിളിക്കൂ. അങ്ങനെയാണ് എന്നെ വിളിച്ചത്. എന്റെ സമയം നന്നായപ്പോ ഞാനും റോണിച്ചേട്ടനും മമ്മൂക്കയും ഒക്കെ മനസ്സിൽ കണ്ടത് ഒന്നായി. എനിക്ക് ജീവിതത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല അവസരമായിരുന്നു അത്.

azees-kannur-squa
കണ്ണൂർ സ്ക്വാഡിൽ നിന്നും

മാറ്റം അനിവാര്യമാണ് 

കോമഡി സ്കിറ്റും കോമഡി സിനിമാ വേഷങ്ങളും മാത്രം ചെയ്തുകൊണ്ടിരുന്ന എനിക്ക് ഇത്രയും ബോൾഡ് ആയ വേഷം ചെയ്യാൻ പറ്റുമെന്ന് മമ്മൂക്കയ്ക്ക് തോന്നിയതുകൊണ്ടാണല്ലോ എന്നെ വിളിച്ചത്. റോണി ചേട്ടൻ ബന്ധം കൊണ്ട് എന്നെ ലിസ്റ്റിൽ എഴുതിയതാണ്. പക്ഷേ അങ്ങനെ അല്ലല്ലോ മമ്മൂക്ക വിളിക്കുമ്പോൾ. എന്നെ ഏൽപ്പിച്ച ദൗത്യം നന്നായി നിറവേറ്റി എന്നാണ് എനിക്ക് തോന്നുന്നത്. നല്ല പ്രതികരണങ്ങൾ കിട്ടുന്നുണ്ട്. കഴിഞ്ഞ വർഷം ജയ ജയ ജയ ഹേ ആയിരുന്നു ഹിറ്റ്. അതിൽ അഭിനയിച്ചപ്പോൾ ഒരു കൊമേഡിയൻ എന്ന ലേബലിൽ ചെയ്ത വേഷം നന്നായിരുന്നു എന്ന് എല്ലാവരും പറഞ്ഞു. മുഴുനീള വേഷമായിരുന്നു അതിൽ ഭയങ്കര അംഗീകാരമാണ് ലഭിച്ചത്. പക്ഷേ നമുക്ക് ഒരു മാറ്റം അനിവാര്യമാണ്. ഇത്തരമൊരു വേഷവും എനിക്ക് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കണമല്ലോ. സീരിയസ് കഥാപാത്രങ്ങൾ ചെയ്യാൻ അത്ര ബുദ്ധിമുട്ടില്ല. പക്ഷേ കോമഡി ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടാണ്. മറ്റുളളവരെ ചിരിപ്പിക്കാൻ കഴിയുന്നത് ചെറിയ കാര്യമല്ല. അതാണ് സീരിയസ് കഥാപാത്രം ചെയ്യുന്നവർ കോമഡി ചെയ്യുമ്പോൾ എല്ലാവർക്കും ഇഷ്ടപ്പെടുന്നത്.

azees-mammootty
മമ്മൂട്ടിക്കൊപ്പം അസീസ്

മമ്മൂക്ക പറഞ്ഞു, ഒരു മണി അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ല, എല്ലാം കൃത്യം 

മമ്മൂക്കയോടൊപ്പം എന്റെ നാലാമത്തെ പടമാണ് ഇത്. നാല് സിനിമയിലും മമ്മൂക്കയോടൊപ്പം കോംബിനേഷൻ ഉണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ഞാൻ ഈ വേഷവും ചെയ്യുമെന്ന് മമ്മൂക്കയ്ക്ക് തോന്നിയത്. ഞാൻ എന്താണെന്ന് എനിക്കറിയില്ല, മറ്റുള്ളവർക്കാണ് അത് അറിയുന്നത്. എന്നെ ഇരുത്തിക്കൊണ്ട് മമ്മൂക്ക ഇന്റർവ്യൂവിൽ പറഞ്ഞു ‘‘അസീസ് എന്താണെന്ന് എല്ലാവരും മനസിലാക്കാൻ പോകുന്നതേ ഉള്ളൂ’’ എന്ന്. കഥാപാത്രം ഒരു മണി അങ്ങോട്ടോ ഇങ്ങോട്ടോ പോകാതെ അഭിനയിച്ചു എന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴാണ് ഞാൻ ചെയ്തത് നന്നായിരുന്നു എന്ന് എനിക്ക് മനസിലായത്.

നന്ദി ദൈവത്തിന് 

ജയ ജയ ഹേ ചെയ്തിട്ടാണ് ആദ്യം എനിക്ക് അംഗീകാരം കിട്ടിയത്. ഒരുപാട് പേര് നെഞ്ചേറ്റിയ സിനിമയാണ് അത്. പിന്നെ എനിക്കൊരു മാറ്റം കൊണ്ടുവന്നത് ഈ സിനിമയാണ്. ആക്‌ഷൻ ഹീറോ ബിജുവിലൂടെയാണ് സുരാജ് ഏട്ടൻ ഒരു സീരിയസ് കഥാപാത്രം ചെയ്യുന്നത്. അദ്ദേഹത്തിന് അത് ചെയ്യാൻ പറ്റും എന്ന് എല്ലാവരും മനസ്സിലാക്കിയ സമയമായിരുന്നു അത്. അങ്ങനെ ഒരു കഥാപാത്രം നമുക്ക് കിട്ടണം. അവസരം കിട്ടാൻ ആണ് പാട് കിട്ടുമ്പോൾ അത് നമ്മൾ പ്രൂവ് ചെയ്തു കാണിക്കണം. എല്ലാറ്റിനും ദൈവത്തോട് നന്ദി പറയുന്നു. ഈ കഥാപാത്രം ചെയ്യാൻ പറ്റുമോ എന്ന് വിശ്വാസമൊന്നും ഇല്ലായിരുന്നു എന്നാലും പേടിയില്ലാരുന്നു. തന്ന കഥാപാത്രം എങ്ങനെയെങ്കിലും ചെയ്യണം എന്നൊരു നിശ്ചയദാർഢ്യം ഉണ്ടായിരുന്നു മനസ്സിൽ. മുന്നോട്ടുള്ള യാത്ര ഈ കഥാപാത്രത്തെ ആശ്രയിച്ചിരിക്കുന്നു. 

rony-azees
ശബരീഷിനും റോണിക്കുമൊപ്പം അസീസ്

സിനിമയ്ക്കു വേണ്ടി ആറു കിലോ കുറച്ചു

ഷാഫി മുഹമ്മദും റോണി ചേട്ടനും കൂടിയാണ് തിരക്കഥ എഴുതിയത്. സംവിധായകൻ റോബി ആണ് എനിക്ക് ഡയലോഗ് ഉൾപ്പടെ കഥ പറഞ്ഞു തന്നത്. കേട്ടപ്പോ ത്രില്ലായി. എന്റെ കഥാപാത്രം എങ്ങനെ ചെയ്യും എന്നായിരുന്നു മനസ്സിൽ തോന്നിയത്. ശരീരം നന്നായി നോക്കണം എന്ന് റോബി പറഞ്ഞു. ഞാൻ ജിമ്മിൽ പോകാൻ തുടങ്ങി, ഭക്ഷണം വളരെ കുറച്ചു ഡയറ്റ് ചെയ്തു. പടത്തിന് വേണ്ടി ആറുകിലോ കുറച്ചു. രാവിലെ എഴുന്നേറ്റ് കുറെ ഓടും, ബ്രീത് ശരിയാകാൻ വേണ്ടി എക്സർസൈസ് ചെയ്തു. ആൾക്കാർ ഈ സിനിമ തള്ളിക്കളയില്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നു. മമ്മൂക്കയല്ലെ കൂടെ ഉള്ളത്, ആ ലെജൻഡ് കൂടെ ഉള്ളത് തന്നെ ഏറ്റവും വലിയ ഭാഗ്യം. എന്തായാലും സിനിമ ശ്രദ്ധിക്കപ്പെടും എന്ന് തോന്നി. എന്റെ പ്രതീക്ഷയ്ക്ക് അപ്പുറമാണ് ഇപ്പോൾ കിട്ടുന്ന സ്വീകാര്യത. എല്ലാം ദൈവാനുഗ്രഹം. 

azees-nedumangad3
അസീസ് നെടുമങ്ങാട്

ജയസൂര്യ വിളിച്ചു സൂപ്പർ ആയെടാ എന്ന് പറഞ്ഞു. 

ഒരുപാട്പേര് വിളിച്ച് നല്ല അഭിപ്രായം പറയുന്നു. ജയസൂര്യ ചേട്ടൻ വിളിച്ചിരുന്നു. അദ്ദേഹം ഇടയ്ക്കിടെ വിളിക്കാറുണ്ട്. നമ്മുടെ വെബ് സീരീസ്, മറ്റു സിനിമകൾ ഒക്കെ കണ്ടിട്ട് വിളിച്ച് ‘‘അത് സൂപ്പർ ആയിരുന്നെടാ’’ എന്നൊക്കെ പറയും. പിന്നെ നാദിർഷ ഇക്ക വിളിച്ചു, സിനിമയിലും പുറത്തുമുള്ള സുഹൃത്തുക്കളുമൊക്കെ വിളിച്ചു. എല്ലാവരും സന്തോഷത്തിലാണ്. നമ്മൾ ചെയ്യുന്ന വർക്ക് ജനങ്ങൾ അംഗീകരിക്കുമ്പോഴാണ് സംതൃപ്തി കിട്ടുന്നത്. ഒരുപാട് പണം ഉണ്ടാകുന്നതല്ല, വർക്ക് അംഗീകരിക്കുമ്പോഴാണ് എനിക്ക് സന്തോഷം. ഒരു ചെറിയ കുട്ടി ഒരു പടം വരച്ചു കാണിക്കുമ്പോൾ അച്ഛനും അമ്മയും നന്നായിട്ടുണ്ട് മോനെ എന്ന് പറഞ്ഞാൽ അവനു കിട്ടുന്ന സന്തോഷമുണ്ടല്ലോ, അതുപോലെയാണ് പ്രേക്ഷകർ നമ്മുടെ കഥാപാത്രങ്ങൾ സ്വീകരിക്കുമ്പോൾ തോന്നുന്ന സന്തോഷം. നമ്മൾ ചെയ്തത് എടുത്തു പറഞ്ഞില്ലെങ്കിൽ പോലും സിനിമ വിജയിക്കുമ്പോഴാണ് സന്തോഷം കൂടുതൽ ഉണ്ടാകുന്നത്.

azees-nedumangad-1
അസീസും റോണിയും മമ്മൂട്ടിക്കൊപ്പം

പുതിയ ചിത്രങ്ങൾ 

ദിലീപേട്ടനോടൊപ്പം ‘തങ്കമണി’ എന്ന സിനിമയാണ് അടുത്തതായി റിലീസ് ആകാൻ പോകുന്നത്. അതിലും പക്കാ സീരിയസ് കഥാപാത്രമാണ്. ദിലീപേട്ടന്റെ കൂട്ടുകാരൻ ആയിട്ടാണ്. ടൊവിനോയുടെ ‘അന്വേഷിപ്പിൻ കണ്ടെത്തും’ ആണ് മറ്റൊരു പടം. ‘ഇടിമഴക്കാറ്റ്’ എന്ന സിനിമയിൽ കുറച്ചു പ്രായമായ പൊലീസുകാരന്റെ വേഷമാണ്. റിട്ടയർ ആകാൻ 2 - 3 വർഷം മാത്രമുള്ള ഒരു പൊലീസുകാരൻ. ചെമ്പൻ വിനോദ്, ശ്രീനാഥ്‌ ഭാസി, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. റോണി ചേട്ടനും വിൻസിയും നായികാനായകന്മാരാകുന്ന ചിത്രം വരുന്നുണ്ട്. ജയ ജയ ഹേ ടീമിന്റെ മറ്റൊരു സിനിമ വരുന്നുണ്ട്. വിപിൻ ദാസിന്റെ അസോഷ്യേറ്റ് ആണ് ആ സിനിമ സംവിധാനം ചെയ്യുന്നത്.

English Summary:

Chat with actor Azees Nedumangad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT