ADVERTISEMENT

സ്കൂളിൽ പോയി വരുമ്പോൾ വഴിയിലുള്ള വിജയ ടാക്കീസിനകത്തു നിന്നുയരുന്ന സിനിമാ ഡയലോഗ് കേൾക്കാൻ ആ ഓലക്കൊട്ടകയ്ക്ക് പുറത്ത് ഒരുപാട് കറങ്ങി നടന്നിട്ടുണ്ട് ഷാജി എന്ന സിനിമാഭ്രാന്തനായ പയ്യൻ. നാട്ടിൽ നിന്നു 22 കിലോമീറ്റർ അകലെയുള്ള ടൗണിലെ തിയറ്ററിലേക്ക് ആരും അറിയാതെ സിനിമ കാണാൻ വേണ്ടി മാത്രം ഷാജി നടത്തിയ യാത്രകൾ നിരവധിയാണ്. ചെറുപ്പത്തിൽ സിനിമയുടെ പേരിൽ ഷാജി കാണിച്ച സാഹസങ്ങൾ കണ്ട്, വീട്ടുകാരും കൂട്ടുകാരും പറഞ്ഞു, അവനൊരു ഭ്രാന്തനാ... സിനിമാ ഭ്രാന്തൻ! പക്ഷേ, ആ ഭ്രാന്ത് വെറുതെയായില്ലെന്ന് കാലം തെളിയിച്ചു. മോൺസ്റ്റർ, ക്രിസ്റ്റഫർ, റോഷാക്ക്, കാതൽ തുടങ്ങി സൂപ്പർതാരങ്ങളുടെ സിനിമയിൽ കലാസംവിധായകനായും പ്രൊഡക്‌ഷൻ ഡിസൈനറായും പ്രതിഭ തെളിയിച്ച ഷാജി നടുവിലിന്റെ കയ്യൊപ്പ് ഏറ്റവും പുതിയ ചിത്രം കണ്ണൂർ സ്ക്വാഡിലുമുണ്ട്. ഒറ്റ നോട്ടത്തിൽ എന്നല്ല, ആവർത്തിച്ചു നോക്കിയാലും തിരിച്ചറിയാൻ സാധിക്കാത്ത വിധം മനോഹരമായി കണ്ണൂർ സ്ക്വാഡിനു വേണ്ടി സെറ്റിട്ട പ്രൊഡക്ഷൻ ഡിസൈനർ സിനിമയുടെ പിന്നാമ്പുറ കഥകളുമായി മനോരമ ഓൺലൈനിൽ. 

ഞാനും ഒരു ഫാൻ ബോയ്

മമ്മൂക്കയ്ക്കൊപ്പം ആദ്യം ചെയ്ത പടം ‘പട്ടാളം’ ആണ്. അന്നു മുതലുള്ള പരിചയം ആണ്. ഞാനും അദ്ദേഹത്തിന്റെ ഫാൻ ബോയ് ആണ്. ഇത്രയും കാലത്തിനിടയ്ക്ക് എനിക്ക് അദ്ദേഹത്തോടുള്ള ഇഷ്ടവും ബഹുമാനവും കൂടിയിട്ടേ ഉള്ളൂ. അദ്ദേഹത്തിനും എന്തുകൊണ്ടോ എന്നെ ഇഷ്ടമാണ്. എന്നെയും പരിഗണിക്കുന്നുണ്ടെന്ന് ഉറപ്പിച്ചു പറയാം. പട്ടാളത്തിൽ ഞാൻ അസിസ്റ്റന്റ് ആയിരുന്നു. ഞാനാദ്യം അസോഷ്യേറ്റ് ആയതും മമ്മൂട്ടി പടത്തിലാണ്. സ്വതന്ത്ര കലാ സംവിധായകനായത് മമ്മൂക്കയുടെ മധുരരാജയിലാണ്. ഞാൻ ചെയ്യുന്ന മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ പടമാണ് കണ്ണൂർ സ്ക്വാഡ്. റോഷാക്ക്, കാതൽ എന്നിവയാണ് ഇതിനു മുമ്പു ചെയ്ത പടങ്ങൾ. മമ്മൂക്കയുടെ നാലു പടങ്ങൾ അടുപ്പിച്ച് ചെയ്യാൻ പറ്റുകയെന്ന ഭാഗ്യവും എനിക്കു ലഭിച്ചു. ക്രിസ്റ്റഫറിലും ആർട് ചെയ്തത് ഞാനായിരുന്നു. 

mammootty-shaji
മമ്മൂട്ടിക്കൊപ്പം ഷാജി നടുവിൽ

'തിക്രി വില്ലേജ്' കൊച്ചിയിലേക്ക് വന്നപ്പോൾ

തിക്രി വില്ലേജ് ആയി ചിത്രീകരിച്ചിരിക്കുന്നത് പുണൈയിലെ ഒരു ഉൾഗ്രാമമാണ്. അതിനടുത്ത് നല്ലൊരു ഹോട്ടൽ പോലുമില്ല. അതുകൊണ്ട്, ഒരുപാടു ദിവസം അവിടെ ഷൂട്ട് ചെയ്യാൻ പറ്റില്ല. പ്രത്യേകിച്ചും മമ്മൂക്കയെപ്പോലൊരു ആർട്ടിസ്റ്റിന് അതു വലിയ ബുദ്ധിമുട്ടാകും. അല്ലെങ്കിൽ തന്നെ, ഈയടുത്ത കാലത്ത് മമ്മൂക്ക ഇങ്ങനെ കഷ്ടപ്പെട്ട മറ്റൊരു സിനിമയുണ്ടാകില്ല. പൂർണമായും കഷ്ടപ്പെടാൻ തയാറായി തന്നെയാണ് മമ്മൂക്ക വന്നത്. രാത്രിയാണ് ഷൂട്ട് മുഴുവൻ! അതും ധാരാളം ആർടിസ്റ്റുകളെ വച്ച്. പകൽ നന്നായി വിശ്രമിച്ചാൽ മാത്രമെ എല്ലാവർക്കും നന്നായി ചെയ്യാനും പറ്റൂ. അതിന്റെ ബുദ്ധിമുട്ടുകളും ഉണ്ട്. അതുകൊണ്ടാണ്, കുറച്ചു ഭാഗങ്ങൾ കേരളത്തിൽ തന്നെ സെറ്റിട്ട് ചെയ്യാൻ തീരുമാനിച്ചത്. തിക്രി വില്ലേജിൽ മമ്മൂക്ക വന്നിറങ്ങുന്ന ഭാഗങ്ങളും അവസാനം പവൻ ഭായിയെ കയറ്റിക്കൊണ്ടു പോകുന്ന ഭാഗവും ഒഴിച്ച് വില്ലേജിലെ ബാക്കിയെല്ലാ സീനുകളും കൊച്ചിയിൽ ഷൂട്ട് ചെയ്തു. ആലുവ ഫാക്ടിലായിരുന്നു സെറ്റിട്ടത്. എന്നാൽ, രണ്ടു സ്ഥലത്താണ് ഷൂട്ട് ചെയ്തതെന്ന് ആ ദൃശ്യങ്ങൾ കണ്ടാൽ തോന്നില്ല. ഞങ്ങളുടെ ആ അധ്വാനം വിജയിച്ചെന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ നിന്നു മനസിലാകുന്നത്. 

തേടി കണ്ടു പിടിച്ച ലൊക്കേഷൻ

സംവിധായകന്റെ മനസിൽ ഒരു ഗ്രാമത്തിന്റെ ചിത്രമുണ്ടായിരുന്നു. നമ്മൾ ഇവിടെ കണ്ടു പരിചയിക്കാത്ത ഒരു ഭൂപ്രദേശമായിരുന്നു അത്. തിരക്കഥ വായിച്ചപ്പോൾ തന്നെ ഞങ്ങളുടെ എല്ലാവരുടെയും മനസിൽ ആ ചിത്രമുണ്ട്. അതെന്താണെന്നു കൃത്യമായി വിശദീകരിക്കാൻ പറ്റില്ല. എന്നാൽ, എല്ലാവർക്കും അറിയാം. അങ്ങനെ, ഒരുപാട് അന്വേഷിച്ചാണ് പുണെയിൽ പോയി പല സ്ഥലങ്ങൾ നോക്കിയത്. ഒരുപാട് ഗ്രാമപ്രദേശങ്ങൾ സന്ദർശിച്ചു. അവിടെ നിന്നെല്ലാം ചിത്രങ്ങൾ പകർത്തിയിരുന്നു. അതിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ടാണ് കൊച്ചിയിൽ സെറ്റിട്ടത്. 

shaji-naduvil-3
സംവിധായകൻ റോബി രാജിനും ടീമിനുമൊപ്പം

ഒരു മാസത്തെ പണി തീർത്തത് 14 ദിവസത്തിൽ

കൊച്ചിയിൽ സെറ്റ് ഇടാൻ ഏറ്റവും കുറഞ്ഞത് ഒരു മാസത്തെ പണിയുണ്ടായിരുന്നു. പക്ഷേ, ഒരു ഡേറ്റിന്റെ പ്രശ്നം വന്നപ്പോൾ 15 ദിവസം കൊണ്ട് സെറ്റ് ഉണ്ടാക്കേണ്ടി വന്നു. അതൊരു വലിയ ടാസ്ക് ആയിരുന്നു. രണ്ടും കൽപ്പിച്ചങ്ങ് ഏറ്റെടുത്തു ഇറങ്ങി. മമ്മൂട്ടി കമ്പനി പോലൊരു പ്രൊഡക്‌ഷൻ ഹൗസിന്റെ പിന്തുണയുണ്ടെന്ന ധൈര്യമായിരുന്നു മുതൽക്കൂട്ട്. 15 ദിവസത്തിനുള്ളിൽ ഷൂട്ട് തുടങ്ങണം. അതിന്, എന്തെല്ലാം വേണോ, അതെല്ലാം നൽകി മമ്മൂട്ടി കമ്പനി ഒപ്പം നിന്നു. പല ഷിഫ്റ്റിൽ ജോലിക്കാരെ വച്ച് രാത്രിയും പകലും ഒരുപോലെ പണിയെടുത്താണ് സെറ്റിന്റെ പണി തീർത്തത്. മോൾഡേഴ്സ്, കാർപ്പെന്റേഴ്സ്, ഇലക്ട്രിഷ്യൻസ് അങ്ങനെ അറുപതോളം പേർ അതിനായി രാപ്പകലില്ലാതെ അധ്വാനിച്ചു.  14 ദിവസത്തിനുള്ളിൽ പണി തീർത്ത് ലൈറ്റ് അപ്പ് ചെയ്ത് പതിനഞ്ചാം ദിവസം ഷൂട്ട് തുടങ്ങി. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ പണി തീർത്തു കൊടുക്കാൻ പറ്റുമോയെന്ന യാതൊരു ഉറപ്പും അതു ചെയ്തു തുടങ്ങുന്ന സമയത്ത് ഉണ്ടായിരുന്നില്ല. പക്ഷേ, എന്തൊ ദൈവാധീനം കൊണ്ട്, എല്ലാം കൃത്യമായി സംഭവിച്ചു. ടെൻഷൻ കൊണ്ട് ഉറങ്ങാൻ പോലും പറ്റാത്ത ദിവസങ്ങളായിരുന്നു അവ. 

സെറ്റാണെന്ന് തോന്നാത്തതാണ് വിജയം

സംവിധായകനും ഛായാഗ്രാഹകനും ബാക്കി ടെക്നീഷ്യൻസും യഥാർത്ഥ സ്ഥലങ്ങൾ കണ്ടിട്ടുള്ളവരാണ്. അതുകൊണ്ട് ആ സ്ഥലങ്ങളോടു കുറച്ചെങ്കിലും നീതി പുലർത്തിയില്ലെങ്കിൽ സിനിമയിൽ കാണിക്കുമ്പോൾ ബുദ്ധിമുട്ടാകും. കാരണം, ആ സീക്വൻസിന്റെ തുടക്കവും അവസാനവും യഥാർത്ഥ ലൊക്കേഷനിൽ എടുക്കുന്നുണ്ട്. അതും സെറ്റും തമ്മിൽ കൃത്യമായി യോജിച്ചില്ലെങ്കിൽ സിനിമ പൊളിയും. ഇത് സെറ്റാണല്ലോ എന്നു പ്രേക്ഷകർ പറഞ്ഞാൽ ആ സീക്വൻസിന്റെ പവർ കുറയും. അങ്ങനെ ഉണ്ടായില്ല എന്നതാണ് ഞങ്ങളുടെ വിജയവും സന്തോഷവും. അതിൽ എനിക്ക് ഏറ്റവും കൂടുതൽ നന്ദി പറയാനുള്ളത് സംവിധായകനോടും ക്യാമറമാനോടും ആണ്. ഒപ്പം എന്റെ കൂടെ ജോലി ചെയ്ത അസോഷ്യേറ്റ്സ്, അസിസ്റ്റന്റ്സ്! എല്ലാവരും ഒരുപോലെ ചിന്തിച്ചു ഒരുമിച്ച് വർക്ക് ചെയ്തതുകൊണ്ടാണ് ഈ റിസൾട്ട് ഉണ്ടായത്. ഒരുപാടു പേർ വിളിച്ചു നല്ലതെന്നു പറഞ്ഞു. അതു കേൾക്കുമ്പോൾ വലിയ സന്തോഷമാണ്.

shaji-robi
സംവിധായകൻ റോബി രാജിനൊപ്പം

ആ ഷോട്ട് കഴിഞ്ഞപ്പോൾ റോബി ചിരിച്ചു

എന്നോടു സംവിധായകൻ കഥ പറയുമ്പോൾ മുതൽ അദ്ദേഹം ആവേശത്തോടെ പറയുന്ന ഒരു വിഷ്വൽ ഉണ്ട്. ഫൈറ്റിന്റെ ഒരു നിർണായക ഘട്ടത്തിൽ ഇഷ്ടിക പൊട്ടിച്ചിതറി തെറിക്കുന്നതിനിടയിലൂടെ മമ്മൂക്ക വരുന്നത്. ഒരു ക്ലോസ് ഷോട്ടിൽ ഇഷ്ടിക പൊട്ടി ചിതറുന്നതും മമ്മൂക്കയുടെ പവർഫുൾ മുഖവും ഒരുമിച്ചു കിട്ടണമെന്നായിരുന്നു റോബി പറഞ്ഞത്. അദ്ദേഹം ഒരു ക്യാമറാമാൻ കൂടിയാണല്ലോ. അതുകൊണ്ട്, ഓരോ ഷോട്ടിനെക്കുറിച്ചും കൃത്യമായ ധാരണയുണ്ട്. ആ ഷോട്ട് അങ്ങനെ തന്നെ വേണമെന്നു പറഞ്ഞതുകൊണ്ട് ഇഷ്ടികയുടെ ഡമ്മി ഉണ്ടാക്കുന്നത് വലിയൊരു വെല്ലുവിളിയായി. പല മെറ്റീരിയലുകൾ പരീക്ഷിച്ചിട്ടാണ് ഇപ്പോൾ സിനിമയിൽ കാണുന്നത് ഉറപ്പിച്ചത്. എല്ലാം സെറ്റായി. ഷൂട്ടിന്റെ ദിവസം മമ്മൂക്കയുടെ ആ ഷോട്ട് എടുത്തു കഴിഞ്ഞപ്പോൾ ഞാൻ റോബിയെ നോക്കി. അദ്ദേഹം ഇവിടെ ഇരുന്നു ചിരിക്കുകയായിരുന്നു. ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെയുള്ള ആ ചിരി എനിക്കൊരിക്കലും മറക്കാൻ പറ്റില്ല. ഈ സിനിമയുടെ ഷൂട്ടിൽ മറ്റൊരിടത്തും അദ്ദേഹം അങ്ങനെ ചിരിച്ചു കണ്ടിരുന്നില്ല. ഈ നേട്ടത്തിൽ, എന്റെ ടീമിലെ എല്ലാവർക്കും ക്രെഡിറ്റുണ്ട്. ടീമിലെ ഓരോരുത്തരുടെയും ആത്മസമർപ്പണത്തിന്റെ ഫലമാണ് സ്ക്രീനിൽ പ്രേക്ഷകർ കണ്ടത്.

mammootty-shaji-naduvil-2
മമ്മൂട്ടിക്കൊപ്പം ഷാജി നടുവിൽ

ക്ലൈമാക്സ് ചെയ്തത് ചതുപ്പുനിലത്തിൽ 

ക്ലൈമാക്സ് ഷൂട്ട് ചെയ്തത് വയനാട്ടിലാണ്. ആ ലൊക്കേഷൻ കിട്ടാനാണ് ഏറ്റവും അലഞ്ഞത്. തിരക്കഥയിൽ പറയുന്ന പോലെ വണ്ടി ഓടാനൊരു റോഡ് വേണം. ഓടി വരുന്ന വണ്ടി മറിയണം. മറിഞ്ഞ വണ്ടി നിരപ്പായ സ്ഥലത്ത് ലാൻഡ് ചെയ്യണം. അവിടെ വച്ച് ഫൈറ്റ് ചെയ്യാൻ പറ്റണം. ഈ കാര്യങ്ങൾ എല്ലാം ശരിയായി വരുന്ന സ്ഥലം കണ്ടെത്തുക എന്നത് എളുപ്പമായിരുന്നില്ല. ഏകദേശം യോജിച്ചു വരുന്ന സ്ഥലം കിട്ടിയത് വയനാട്ടിലാണ്. പക്ഷേ, അതൊരു ചതുപ്പുനിലമായിരുന്നു. ചവുട്ടിയാൽ ചെളിയിൽ പൂണ്ടു പോകുന്ന സ്ഥലം. അവിടെ നിന്നാണ് അടുത്ത ഗ്രാമത്തിലേക്ക് വെള്ളം എത്തിക്കുന്ന നീർച്ചാലിന്റെ ഉത്ഭവം. അതു മണ്ണിട്ടു നികത്താൻ പറ്റില്ല. അതായിരുന്നു അടുത്ത വെല്ലുവിളി.  

mammootty-shaji-naduvil
മമ്മൂട്ടിക്കൊപ്പം ഷാജി നടുവിൽ

ആനയിറങ്ങിയ സെറ്റ്

15 ലോക്കൽ പണിക്കാർ ഒരാഴ്ച പണിയെടുത്താണ് ആ സ്ഥലം ശരിയാക്കി എടുത്തത്. ആദ്യം ആ സ്ഥലം വൃത്തിയാക്കി. എന്നിട്ട് ലോഡു കണക്കിന് കരിയില നിറച്ചു. അതിനു മുകളിൽ ടാർപായ വിരിച്ചു. അതിന്റെ മുകളിൽ വൈക്കോലിട്ട് ലെവലാക്കി. പ്ലൈവുഡ് അടിച്ചു ലെവലാക്കിയാണ് സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സിനിമയിൽ ചെയ്യുക. പക്ഷേ, ഇവിടെ അതിനുള്ള സമയം ഉണ്ടായിരുന്നില്ല. ഒരാഴ്ചയ്ക്കുള്ളിൽ സെറ്റ് ഒരുക്കണമായിരുന്നു. അതും ഒരുപാട് നിയന്ത്രണങ്ങളുള്ള വനപ്രദേശത്ത്! പ്രേക്ഷകർ സിനിമയിൽ ആ രംഗം കാണുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നില്ല. പക്ഷേ, അതിനു പിന്നിൽ നല്ല കഷ്ടപ്പാട് ഉണ്ടായിരുന്നു. ആ സ്ഥലം ലെവലാക്കി എടുക്കാൻ എന്തു ചെയ്യണമെന്നത് വലിയ തലവേദനയായിരുന്നു. കുറെ ആലോചിച്ചതിനു ശേഷമാണ് ഇങ്ങനെയൊരു ഐഡിയ തോന്നിയതും അതു വർക്കൗട്ട് ആയതും. രാത്രി ആനയിറങ്ങുന്ന സ്ഥലമാണ് അത്. ഒരിക്കൽ ആനയിറങ്ങി ലെവലാക്കാൻ ഇട്ട വൈക്കോൽ മുഴുവൻ വലിച്ചെടുത്ത് അലങ്കോലമാക്കി. അങ്ങനെ ഒട്ടേറെ പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു. 

shaji-naduvil-2
മമ്മൂട്ടിക്കൊപ്പം ഷാജി നടുവിൽ

ടാറ്റാ സുമോ നൽകിയ ചാലഞ്ച്

മറ്റൊരു ചാലഞ്ച് തന്നത് സിനിമയിൽ ഉപയോഗിച്ച വണ്ടിയാണ്. ഷൂട്ടിനു വേണ്ടി ഒരുപോലത്തെ രണ്ടു വണ്ടികൾ വേണ്ടിയിരുന്നു. ഒരുപാട് അന്വേഷിച്ചിട്ടു കിട്ടിയ വണ്ടികൾ തമ്മിൽ പല വ്യത്യാസങ്ങളുമുണ്ടായിരുന്നു. രണ്ടിന്റെയും ഗിയർ ബോക്സുകളുടെ ആകൃതി പോലും വ്യത്യസ്തമായിരുന്നു. രണ്ടു വണ്ടികളും ഒരുപോലെ ആക്കിയെടുക്കുക എന്നത് വമ്പനൊരു പണിയായിരുന്നു. ഒരു വിധം രണ്ടും സെറ്റാക്കി റോബിക്കു കാണിച്ചു കൊടുക്കുമ്പോഴായിരിക്കും അദ്ദേഹം വേറെ എന്തെങ്കിലും കണ്ടു പിടിക്കുക. പിന്നെയും വർക്ക്ഷോർപ്പിൽ പോയി പണിയണം. ടാറ്റാ സുമോയുടെ ഫ്രണ്ട് ഗ്ലാസിന് ഒരു ബ്ലൂ ടിന്റ് ഉണ്ട്. സിനിമയിൽ അതു പറ്റില്ല. ആ ഗ്ലാസ് മാറ്റിയെടുക്കാൻ നല്ലോണം കഷ്ടപ്പെട്ടു. ബെംഗളൂരുവിൽ പോയാണ് പകരമൊരു ഗ്ലാസ് കണ്ടെത്തിയത്. ഒരു വിധത്തിൽ രണ്ടു വണ്ടികളും ഒരുപോലെ ആക്കിയെടുത്താണ് ഷൂട്ട് തുടങ്ങിയത്. 

റോഷാക്കിനു ശേഷം കയ്യടി കിട്ടിയ പടം

ഇത്രയും കഷ്ടപ്പെട്ടെങ്കിലും ഈ വർക്കിന്റെ സന്തോഷം എന്നു പറയുന്നത്, ഞങ്ങളെടുത്ത പണിയുടെ ഗുണം ഫ്രെയിമിൽ അറിയാം എന്നതാണ്. അതിനു കയ്യടി ക്യാമറാമാനാണ്. ആർട് നന്നായതുകൊണ്ടു മാത്രം അതു സിനിമയിൽ കാണില്ല. ആർട്ടും സിനിമാറ്റോഗ്രഫിയും ഇഴുകി ചേരുമ്പോഴാണ് വിഷ്വൽ മാജിക് സംഭവിക്കുക. ഇതിനു മുമ്പ് ഇത്രയും അഭിനന്ദനം കിട്ടിയത് റോഷാക്കിനാണ്. കണ്ണൂർ സ്ക്വാഡ് ഇറങ്ങിയതിനു ശേഷം എന്റെ സ്കൂൾകാല സുഹൃത്തുക്കൾ വരെ നമ്പർ തപ്പിയെടുത്തു വിളിച്ചു. സത്യത്തിൽ ഒരു പടം നന്നാകുമ്പോൾ മാത്രം സംഭവിക്കുന്ന കാര്യമാണ് ഇത്. നല്ല വർക്ക് ചെയ്തു, പക്ഷേ, പടം പ്രേക്ഷകരിലേക്ക് എത്തിയില്ലെങ്കിൽ ആരും ഇങ്ങനെ വിളിച്ചു അഭിനന്ദിക്കില്ല. മുതിർന്ന കലാസംവിധായകരായ അജയൻ ചാലിശേരി, മണി തുടങ്ങിയവർ വിളിച്ചു സംസാരിച്ചിരുന്നു. അതെല്ലാം സന്തോഷവും ഊർജ്ജവുമാണ്.  

അടുത്തതും മമ്മൂക്ക ചിത്രം

വൈശാഖിന്റെ ‘നെറ്റ് ഡ്രൈവ്’ ആണ് സ്വതന്ത്ര കലാസംവിധായകനായ ആദ്യ ചിത്രം. ഒരു കലാസംവിധായകനാകുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം. സംവിധാനമായിരുന്നു സ്വപ്നം. അതിനാൽ, കലാസംവിധാനത്തിലോ പ്രൊഡക്‌ഷൻ ഡിസൈനിലോ അത്രയും ശ്രദ്ധയൂന്നിയിരുന്നില്ല. കോവിഡ് കാലം വന്നപ്പോൾ സ്ഥിതിഗതികൾ മാറി. അങ്ങനെയാണ് കലാസംവിധാനത്തിൽ അൽപം കൂടെ ശ്രദ്ധിക്കാമെന്നോർത്തത്. അങ്ങനെയാണ് ‘മോണ്‍സ്റ്റർ’ ചെയ്യുന്നത്. ഇപ്പോൾ ധാരാളം വർക്കുകൾ വരുന്നുണ്ട്. ഇനി ചെയ്യാൻ പോകുന്ന ചിത്രവും മമ്മൂക്കയുടേതാണ്. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂക്ക ചിത്രം. കണ്ണൂരിലെ നടുവിൽ എന്ന സ്ഥലത്താണ് ജനിച്ചതും വളർന്നതും. ഇപ്പോൾ പക്ഷേ, പയ്യന്നൂരിലെ ഉമ്മറപ്പൊയിൽ എന്ന സ്ഥലത്താണ് താമസം. വീട്ടിൽ അമ്മയും അമ്മൂമ്മയും മാത്രം. 

English Summary:

Chat With Production Desinger Shaji Naduvil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com