ഒടിയനില് വില്ലനായെത്തി; ഹരിത്ത് ഇനി നായകൻ; അഭിമുഖം

Mail This Article
അനില്‍ പരമേശ്വരന്‍ തിരക്കഥ എഴുതി വിജയ് ചമ്പത്ത് സംവിധാനം ചെയ്ത 14 ഫെബ്രുവരി എന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് മറ്റൊരു നായകനടനെ കൂടി ലഭിക്കുകയാണ്. കോഴിക്കോട് സ്വദേശിയായ ഹരിത്ത് സി.എൻ. വിജയകൃഷ്ണൻ ചെറുപ്പം മുതൽ സിനിമ എന്ന സ്വപ്നം നെഞ്ചിലേറ്റി നടന്ന ചെറുപ്പക്കാരനാണ്. നോട്ട്ബുക്ക് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് ഹരിത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. എംബിഎ പഠനം പൂർത്തിയാക്കിയ ഹരിത്തിനു സിനിമ മാത്രമായിരുന്നു ലക്‌ഷ്യം. ഒടിയൻ, മേപ്പടിയാൻ, സിബിഐ ഫൈവ്, പകലും പാതിരാവും, ഏതം തുടങ്ങി ഒരുപിടി സിനിമകളിൽ അഭിനയിച്ച ഹരിത്തിന്റെ ആദ്യത്തെ നായക കഥാപാത്രമാണ് 14 ഫെബ്രുവരിയിലെ ആർജെ അനന്തു. ചിത്രത്തിന്റെ വിശേഷങ്ങളുമായി ഹരിത്ത് മനോരമ ഓൺലൈനിൽ.
14 ഫെബ്രുവരി ഒരു മ്യൂസിക്കൽ ലവ് സ്റ്റോറി
14 ഫെബ്രുവരി ഒരു മ്യൂസിക്കൽ ലവ് സ്റ്റോറി ആണ്. ഈ സിനിമയ്ക്കുള്ളിൽ മറ്റൊരു സിനിമയുണ്ട്. കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സംഗീതവും പ്രണയവും എല്ലാമുള്ള ഒരു ചെറിയ സിനിമയാണ് 14 ഫെബ്രുവരി. നാഷ്നൽ ഫിലിം ഡേയ്ക്ക് ആയിരുന്നു സിനിമ റിലീസ് ചെയ്തത്.
ആർജെ അനന്തുവിന്റെ കഥ
സിനിമയിലെ കേന്ദ്രകഥാപാത്രമായ ആർജെ അനന്തുവിനെ ആണ് ഞാൻ ചെയ്തത്. സാധാരണഗതിയിൽ ആർ ജെ വളരെ ആക്റ്റീവ് ആയ വളരെ ട്രെൻഡിങ് ആയി വസ്ത്രം ധരിക്കുന്ന ഏറെ സംസാരിക്കുന്ന ആളായിരിക്കും പക്ഷെ ഈ വ്യക്തിക്ക് അയാളുടെ ശബ്ദത്തിൽ മാത്രമേ എനർജി ഉള്ളൂ. അയാളുടെ കണ്ണുകളിലാണ് ഒരു എനർജിയും ഇല്ല. ജീവിതത്തിനോട് സ്നേഹമില്ലാത്ത ആർ ജെ എന്നത് ഒരു ജോലിയായി മാത്രം കാണുന്ന ഒരാൾ ആണ് അയാൾ. അതിനു കാരണം അയാളുടെ ജീവിതത്തിൽ നടന്ന ചില സംഭവങ്ങളാണ്. അനന്തു ഒരു പോലീസ് ഓഫീസറുടെ മകനാണ്. അയാളുടെ കോളജ് കാലഘട്ടത്തിൽ സംഭവിക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ സംഭവിച്ചു അയാൾ അറസ്റ്റ് ചെയ്യപ്പട്ടു. പിന്നീട് അമ്മാളു എന്ന ഒരു ആർ ജെ അയാളുടെ ജീവിതത്തിലേക്ക് കടന്നുവരികയും പിന്നെ അയാളുടെ ജീവിതത്തിൽ സംഭവിക്കുന്നതുമാണ് കഥ. ഒരു ഹിറ്റ് ആയ ഫിലിം മേക്കർ ഒരു കഥ അന്വേഷിച്ചു നടക്കുമ്പോൾ ഈ ആർ ജെയെ പറ്റി കേൾക്കുന്നു അയാളുടെ ജീവിതം സിനിമയാക്കി മാറ്റുന്നു.
ദാസേട്ടൻ പാടുന്നു
സിനിമയുടെ കഥയും സംഗീതവും വിജയ് ചമ്പാത്ത് തന്നെയാണ് ചെയ്തത്. ഏറെ നാളിന് ശേഷം ദാസേട്ടൻ (യേശുദാസ്) ഈ സിനിമക്ക് വേണ്ടി പാടി എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ദാസേട്ടൻ പാടിയ ഒരു പാട്ടിന് വേണ്ടി അഭിനയിച്ചു എന്നുള്ളത് എന്നെപ്പോലെ ഒരു നടന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ ഭാഗ്യമാണ്. എസ് പി ബി യുടെ മകൻ എസ് ബി ചരൺ ആദ്യമായി മലയാളത്തിൽ പാടുന്നു. ചിത്ര ചേച്ചിയും ഒരു പാട്ട് പാടിയിട്ടുണ്ട്. ഈ സിനിമ ഒരു മ്യൂസിക്കൽ ലവ് സ്റ്റോറി ആണ്.

പുതുമുഖങ്ങൾക്ക് അവസരം നൽകിയ സിനിമ
ഞാൻ ആദ്യമായി നായകനാകുന്ന സിനിമയാണ് 14 ഫെബ്രുവരി. അതുപോലെ തന്നെ ഒരുപാട് പുതുമുഖങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. എന്റെ ചെറുപ്പകാലം ചെയ്യുന്ന മിഥുൻ, ആരതി, ഐശ്വര്യ നമ്പ്യാർ, ചാരുകേശ്, റോഷൻ അങ്ങനെ ഒരു വലിയ നിര പുതുമുഖങ്ങൾ സിനിമയിലുണ്ട്. മേഘനാഥൻ, നന്ദു തുടങ്ങിയ സീനിയർ താരങ്ങളും ഉണ്ട്.
സ്വപ്നം സഫലമാകുന്നു
കോഴിക്കോട് ആണ് എന്റെ വീട്. അച്ഛനും അമ്മയ്ക്കും ഒറ്റ മകൻ ആണ് ഞാൻ. എംബിഎ ചെയ്തതിനു ശേഷം സിനിമ ചെയ്യണം എന്ന ആഗ്രഹത്തിൽ ഈ മേഖലയിലേക്ക് എത്തിയതാണ് ഞാൻ. ഓർമ വച്ച കാലം മുതൽ നടൻ ആകണം എന്നായിരുന്നു ആഗ്രഹം. ചെറുപ്പം മുതൽ സിനിമ കാണൽ ആയിരുന്നു ഹോബി. പ്ലസ് ടൂ കഴിഞ്ഞപ്പോൾ നോട്ട്ബുക്ക് എന്ന സിനിമയിൽ ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയി 2006 ൽ സിനിമയിൽ അഭിനയിച്ചു തുടങ്ങിയതാണ്. അതിനു ശേഷം ഒടിയനിൽ പ്രകാശ് രാജിന്റെ മരുമകൻ ആയ വില്ലൻ വേഷം ചെയ്തു മേപ്പടിയാൻ, സി ബി ഐ ഫൈവ്, പകലും പാതിരാവും, ഏതം തുടങ്ങിയ സിനിമകൾ ചെയ്തു. ഷാജൂൺ കാര്യാൽ സാർ സംവിധാനം ചെയ്ത മൃദുഭാവേ ദൃഢകൃത്യേ ആണ് ഇനി ഇറങ്ങാൻ ഉള്ള ചിത്രം.