ADVERTISEMENT

ഒരു കോർട്ട് റൂം, ഇമോഷനൽ, ത്രില്ലർ ഡ്രാമയാണ് ‘ഗരുഡനെ’ന്ന് സംവിധായകൻ അരുൺ വർമ. മൾടി സ്റ്റാർ ചിത്രമെന്ന പ്രത്യേകതയുമാണ് ‘ഗരു‍ഡൻ’ എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം അരുണിന്റെ ആദ്യ സിനിമയാണ്. അഞ്ചാം പാതിരയ്ക്കു ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന ചിത്രം ഒരു എൻഗേജിങ് എന്റർടെയ്നറാണെന്ന് പറയുകയാണ് അരുൺ. സിനിമയുടെ കൂടുതൽ വിശേഷങ്ങളുമായി അരുൺ വർമ മനോരമ ഓൺലൈനിൽ...


ഗരുഡനെപ്പറ്റി ?
 

ഗരുഡൻ ഒരു എൻഗേജിങ് എന്റർടെയ്നറാണ്. ഇന്നിപ്പോൾ പ്രേക്ഷകർ ഒരുപാട് വ്യത്യസ്തമായ കണ്ടന്റുകൾ കാണുന്ന സമയമാണ്. അതുകൊണ്ട് തന്നെ ‘ഗരുഡനും’ വ്യത്യസ്തമാകണമെന്ന് ആഗ്രഹിച്ചു. അതിനുവേണ്ടി ശ്രമിച്ചു. ഒരു ക്രിയേറ്റർ എന്ന നിലയിൽ എന്നെ അടയാളപ്പെടുത്തുന്ന ഒരു കഥ ആദ്യമായി ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ മാത്രമേ അതിനോട് നീതിപുലർത്താൻ പറ്റൂ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടു തന്നെ ഒരു കഥയിൽ ഞാൻ എക്സൈറ്റഡ് ആയിട്ടില്ല എന്നുണ്ടെങ്കിൽ അതുമായി മുന്നോട്ട് പോയാൽ പ്രേക്ഷകരോട് നീതി പുലർത്താൻ കഴിയില്ലല്ലോ. അത്തരത്തിലൊരു സിനിമ ചെയ്യാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. അങ്ങനെ ഇരുന്നപ്പോഴാണ് ഗരുഡനിലേക്ക് എത്തിപ്പെടുന്നത്. ഗരുഡനിൽ കോർട്ട് റൂമുണ്ട്, ഒരു ഇമോഷനൽ ഡ്രാമയുണ്ട്, ത്രില്ലർ ആണ്, ഒപ്പം ഒരു ഫാമിലി എന്റർടെയ്നറും ആണ്. നല്ല കണ്ടന്റിനായി മുന്നോട്ടു പോയപ്പോൾ ഒരു പ്രത്യേക ജോണർ ചിത്രം എന്നതിലുപരിയായി ഒരു എൻഗേജിങ് എന്റർടെയ്നറിലേക്ക് എത്തി. 

arun-varma-4

ചിത്രത്തിനുള്ളത് വലിയൊരു താരനിരയാണല്ലോ?

ചിത്രത്തിലെ കാസ്റ്റിങിന്റെ ക്രെഡിറ്റ് ഞാൻ പ്രൊഡ്യൂസറായ ലിസ്റ്റിൻ സ്റ്റീഫനാണ് നൽകുന്നത്. കഥ കേട്ടപ്പോൾ മുതൽ ആർടിസ്റ്റ് സിലക്ഷനിൽ ഒരു കോംപ്രമൈസും നടത്തണ്ട എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഏറ്റവും കൃത്യമായ ആളുകളെ ഈ സിനിമയിൽ കാസ്റ്റ് ചെയ്യാനും സാധിച്ചു. ചെയ്യുമ്പോൾ ഏറ്റവും ബെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞ് ലിസ്റ്റിൻ കൂടെ നിന്നത് വലിയൊരു ഭാഗ്യമായാണ് ഞാൻ കാണുന്നത്. ലിസ്റ്റിൻ തന്നെയാണ് സുരേഷ് ഏട്ടനെയും ബിജുവേട്ടനെയും സജസ്റ്റ് ചെയ്തത്. കഥ കേട്ടപ്പോൾ അവർക്കും അത് ഇഷ്ടപ്പെട്ടു. കഥയ്ക്ക് അനുയോജ്യമായ ക്യാരക്ടറിനെ സിലക്ട് ചെയ്യുന്നതിന് കിട്ടിയ സ്വാതന്ത്ര്യം തന്നെയാണ് ഏറ്റവും പ്രധാനമായി ഞാൻ മനസ്സിലാക്കുന്നത്. സീനിയർ ആർടിസ്റ്റുകൾ ആയ അഭിരാമി മാഡം, ദിലീഷേട്ടൻ, ജഗദീഷേട്ടൻ, ദിവ്യ പിള്ള തുടങ്ങിയവരൊക്കെ ഈ ചിത്രത്തിലേക്ക് വന്നപ്പോൾ അതും വലിയ സന്തോഷം തന്നു. സീനിയർ ആർടിസ്റ്റുകൾ ആണ് എന്ന ഭാവമൊന്നുമില്ലാതെയാണ് തുടക്കക്കാരനായ എന്നോട് അവരെല്ലാവരും പെരുമാറിയത്. അതുകൊണ്ടുതന്നെ സീനിയർ ആക്ടേഴ്സിനൊപ്പം ആണ് വർക്ക് ചെയ്യുന്നത് എന്നൊരു ഫീൽ എനിക്ക് ഉണ്ടായില്ല. ഞാൻ ആഗ്രഹിച്ചത് എന്താണോ അത് അവർ ഉൾക്കൊണ്ട് അഭിനയിച്ചു. അതിന് ഞാൻ അവർക്ക് നന്ദി പറയുകയാണ്.

garudan3-

സുരേഷ് ഗോപിക്കൊപ്പം? 

മാസ് രംഗങ്ങൾ നന്നായിട്ട് ചെയ്യാൻ പറ്റുന്ന ഒരു നടനാണ് സുരേഷ് ഗോപി എന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. പുറമേ ഗൗരവക്കാരനാണെങ്കിലും അടുത്ത ഇടപഴകുമ്പോൾ ഒരു കുട്ടിയെ പോലെയാണ് അദ്ദേഹം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹവുമായി ഒരു കംഫർട്ട് ലെവൽ സെറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ അദ്ദേഹം ഒരു കുട്ടിയായി മാറും. നമ്മൾ എന്താണ് പറഞ്ഞുകൊടുക്കുന്നതെന്നു വച്ചാൽ അത് അതുപോലെ ചെയ്യും. വളരെ സീനിയറായ ഒരു നടനാണ് എന്നൊന്നും തോന്നുകയേയില്ല. സത്യത്തിൽ സുരേഷ് ഗോപി എന്ന നടന്റെ ഫാൻബോയിയാണ് ഞാൻ. പഠിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ പൊലീസ് വേഷങ്ങൾ കണ്ടിട്ട് അത് ഞാൻ സ്കൂളിൽ പോയി അനുകരിക്കുമായിരുന്നു. ടീച്ചർമാരോട് ഒക്കെ ആ ക്യാരക്ടറിന്റെ ഫീലിൽ സംസാരിച്ചിട്ടുമുണ്ട്. നമ്മൾ ആരാധിച്ചിരുന്ന ഒരു നടനെ അഭിനയിപ്പിക്കുക എന്നത് ഇത്ര ഈസിയാണ് എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. അദ്ദേഹം ഒരു സ്റ്റാറാണ്. ഫ്രെയിമിൽ വെറുതെ ഒന്ന് നോക്കിയാൽ തന്നെ അത് മാസാണ്. ഒരു നോട്ടത്തിലൂടെ തന്നെ മാസ് ക്രിയേറ്റ് ചെയ്യാൻ പറ്റുന്ന ചുരുക്കം ചിലരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആക്ടിങ് പലപ്പോഴും വളരെ സർപ്രൈസിങ് ആയും തോന്നിയിട്ടുണ്ട്. 

garudan-suresh-gopi

പൊലീസ് വേഷത്തിലെ സുരേഷ് ഗോപി?

ഒരു സാധാരണ പൊലീസുകാരന്റെ വേഷമല്ല ഈ ചിത്രത്തിൽ സുരേഷേട്ടനുള്ളത്. ഏറെ വ്യത്യസ്തമായ ഒരു ക്യാരക്ടർ ആണ്. റിട്ടയർമെന്റിലേക്ക് എത്തുന്ന ഒരു പൊലീസുകാരൻ. അതിൽ എന്നെ അതിശയിപ്പിച്ച ഒരു കാര്യം അദ്ദേഹത്തിന് ഇപ്പോഴും പൊലീസ് വേഷം ചെയ്യാൻ താൽപര്യം ഉണ്ട് എന്നുള്ളത് തന്നെയാണ്. ചിത്രത്തിലെ പൊലീസ് വേഷത്തിനായി യൂണിഫോം തയ്ക്കാൻ തുണി തിരഞ്ഞെടുക്കുമ്പോൾ അദ്ദേഹം തന്നെയാണ് ഏത് മെറ്റീരിയൽ വേണമെന്നും അതിന്റെ ബ്രാൻഡ് ഏതാണെന്നും അതിന്റെ കോഡ് ഏതാണെന്നും ഒക്കെ സജസ്റ്റ് ചെയ്തത്. പക്ഷേ ഈ ചിത്രത്തിൽ അദ്ദേഹത്തിന് വളരെ കുറച്ച് സീനുകൾ മാത്രമാണ് പൊലീസ് യൂണിഫോമിൽ ഉള്ളത്. അത് ചിത്രത്തിന്റെ പ്രധാനമായ ഭാഗങ്ങളുമാണ്. പൊലീസ് യൂണിഫോമിൽ ഉള്ള റിയൽ മനുഷ്യനെയാണ് നമുക്ക് കാണാൻ കഴിയുന്നത്.

garudan-still

അധ്യാപകനായ ബിജു മേനോൻ ? 

ബസ് സ്റ്റാൻഡിലോ, റെയിൽവേ സ്റ്റേഷനിലോ അല്ലെങ്കിൽ നമ്മൾ നടന്നു പോകുന്ന ഏതെങ്കിലുമൊരു വഴിയിലോ കാണാൻ സാധിക്കുന്ന സാധാരണക്കാരനായ ഒരാളുടെ കഥയാണ് ബിജു ചേട്ടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനുള്ളത്. സാധാരണക്കാരനായ ഒരു മനുഷ്യന് അസാധാരണമായ ഒരു സിറ്റുവേഷന്‍ ഫേസ് ചെയ്താൽ എങ്ങനെയുണ്ടാവും, അത് അയാളുടെ ലൈഫിൽ എന്തെല്ലാം മാറ്റങ്ങളാണ് കൊണ്ടുവരുന്നത് എന്നൊക്കെയാണ് ആ കഥാപാത്രം ഈ ചിത്രത്തിൽ പറയുന്നത്. അടുത്തിടയ്ക്ക് ഒരുപാട് വ്യത്യസ്തമായ സിനിമകൾ ചെയ്ത ആളാണ് ബിജുവേട്ടൻ. അയ്യപ്പനും കോശിയും, ആർക്കറിയാം, വെള്ളിമൂങ്ങ തുടങ്ങി ഒട്ടനേകം ചിത്രങ്ങളിൽ അദ്ദേഹത്തിൻറെ ബെസ്റ്റ് ചെയ്തിട്ടുണ്ട്. ഓരോന്നും ക്ലാസിഫൈ ചെയ്യാൻ പറ്റാത്ത രീതിയിൽ വ്യത്യസ്തമാണ്. ഈ ചിത്രത്തിലും ഒരു ലാൻഡ്മാർക്ക് ക്യാരക്ടർ ആണ് അദ്ദേഹത്തിനുള്ളത്.  ഈ സിനിമയിലും വലിയൊരു സർപ്രൈസ് എലമെന്റാണ് ബിജുചേട്ടന്റെ കഥാപാത്രത്തിനുള്ളത്. വളരെ കൃത്യതയോടെയാണ് അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും. അത് അദ്ദേഹത്തിന്റെ ടാലന്റ് ആണ്.

suresh-gopi-garudan

ഷൂട്ടിങ് അനുഭവങ്ങൾ? 

ഒരുപാട് ദൈവാനുഗ്രഹം കിട്ടിയ ഒരു പ്രോജക്ട് ആണ് ഗരുഡൻ. പലപ്പോഴും കിട്ടില്ല എന്ന് വിചാരിച്ച പല കാര്യങ്ങളും ലാസ്റ്റ് മിനിറ്റിൽ കിട്ടിയ ഒരുപാട് അനുഭവങ്ങൾ ഉണ്ടായി. എല്ലാവരും സഹകരിച്ച ഒരു നല്ല പ്രോജക്ട്. കോമ്പിനേഷൻ എടുക്കാൻ നോക്കുമ്പോൾ പലപ്പോഴും ഡേറ്റിൽ പ്രശ്നങ്ങൾ വന്നു. പക്ഷേ അതൊക്കെ അവസാന നിമിഷം മാറിപ്പോയി. കൃത്യസമയത്ത് ആർടിസ്റ്റുകൾക്ക് വരാൻ കഴിഞ്ഞു. അത് ഭയങ്കര പോസിറ്റീവ് ആയി തോന്നി. പിന്നെ ഒരു സീനിന്റെ കണ്ടിന്യൂയിറ്റിയിൽ മഴ വേണമെന്ന് എഴുതിയിരുന്നു. കണ്ടിന്യുവിറ്റി സമയത്ത് അത് ആരും ശ്രദ്ധിച്ചില്ല. പക്ഷേ നാച്ചുറൽ ആയിട്ട് അവിടെ അപ്പോൾ ഒരു മഴ വന്നു പോയി. വളരെപ്പെട്ടെന്ന് ആ സീൻ പൂർത്തിയാക്കി കട്ട് പറഞ്ഞപ്പോ മഴയും പോയി. അത് സത്യത്തിൽ എഡിറ്റിങ് സമയത്താണ് ഞങ്ങൾ ശ്രദ്ധിക്കുന്നതും. അതെല്ലാം ഒരു ദൈവാനുഗ്രഹമായാണ് ഞാൻ കാണുന്നത്. ദിലീഷേട്ടന്റെ ഒരു വലിയ ഫാനാണ് ഞാൻ. എന്നെങ്കിലും അദ്ദേഹത്തിന്റെ കൂടെ അസിസ്റ്റ് ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അദ്ദേഹത്തെ കാണുമ്പോൾ എല്ലാം ഞാനത് പറയാറുണ്ട്. അദ്ദേഹത്തിന്റെ വർക്കിങ് സ്റ്റൈൽ കണ്ടു പഠിക്കണം എന്ന് ആഗ്രഹമുണ്ടെന്ന് പറയുമ്പോഴൊക്കെ അദ്ദേഹം "കളിയാക്കാതെ പോ" എന്ന് പറഞ്ഞ് എന്നെ ഓടിക്കുമായിരുന്നു. അതൊക്കെ സെറ്റിലെ നല്ലോർമ്മകൾ ആണ്. 

garudan-movie

വളരെ മികച്ച ഒരു ക്രൂവാണ് ഈ ചിത്രത്തിനുള്ളത്?

അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തരും അവരുടെ ബെസ്റ്റ് എനിക്ക് തന്നതുകൊണ്ട് ഏറ്റവും ബെസ്റ്റ് ആയി ഈ ചിത്രം ഒരുക്കാൻ കഴിഞ്ഞു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയ ജിനേഷും, ഞാനും കൂടെയാണ് ചിത്രം പ്ലാൻ ചെയ്യുന്നത്. പിന്നീട് മിഥുൻ മാനുവൽ ആ കഥയെ വലിയൊരു കാൻവാസിലേക്ക് എത്തിക്കാൻ സഹായിച്ചു. അതിനു ഒരുപാട് നന്ദി ഞാൻ അദ്ദേഹത്തോട് പറയാൻ ആഗ്രഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റർ ശ്രീജിത്ത് സാരംഗ് ആണ്. അദ്ദേഹം തന്നെയാണ് കളറിസ്റ്റും. ഏറ്റവും കൃത്യമായി എവിടെ കട്ട് ചെയ്യണം എന്ന അറിയാവുന്ന ശ്രീജിത്തിനെ മലയാള സിനിമയിൽ അധികം നന്നായി ആഘോഷിക്കുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എവിടെ കട്ട് ചെയ്യണം എവിടെ കട്ട് ചെയ്യേണ്ട എന്ന് അദ്ദേഹത്തിന് കൃത്യമായറിയാം. അത് വലിയൊരു ഭാഗ്യമായിട്ടാണ് ഞാൻ കരുതുന്നത്. ട്രെയിലറും അദ്ദേഹം തന്നെയാണ് കട്ട് ചെയ്തത്. 

സ്ഥിരമായിട്ടുള്ള ഒരു രീതിയിലല്ല ട്രെയിലർ കട്ട് ചെയ്തിരിക്കുന്നത്. അവിടെയാണ് ശ്രീജിത്തിന്റെ ബ്രില്ല്യൻസ് ജനഗണമനയിൽ നാം കണ്ടതുമാണല്ലോ. അജയ് ഡേവിഡ് കാച്ചപ്പള്ളിയുടെ സപ്പോർട്ടും വളരെ വലുതാണ്. വലിയൊരു കാൻവാസിലേക്ക് ഈ ചിത്രത്തെ ഒരുക്കാൻ അദ്ദേഹം കൂടെയുണ്ടായിരുന്നു. ജേയ്ക്സ് ബിജോയിയുടെ സംഗീതമാണ് മറ്റൊരു പ്രത്യേകത. ആർട് ചെയ്ത സുനിൽ വലിയൊരു കലാകാരനാണ്. ഈ കഥയ്ക്ക് ആവശ്യമായ ലുക്കും സ്കെയിലും കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഗരുഡന്റെ ടീം ഏറ്റവും ബെസ്ററ് തന്നെയായിരുന്നു. അവരെല്ലാമാരുടെ ബെസ്റ്റ് തന്നെയാണ് ഈ സിനിമയ്ക്ക് തന്നതും. അതിൽ എനിക്ക് ഒരുപാട് സന്തോഷവും എല്ലാവരോടും ഒരുപാട് നന്ദിയും ഉണ്ട്.  

garudan-movie

അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം?

കീർത്തിചക്ര മുതൽ കാണ്ഡഹാർ വരെ മേജർ രവി സാറിന്റെ ഒപ്പം ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. കീർത്തിചക്രയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. മിഷൻ 90 ഡേയ്സിൽ കോ ഡയറക്ടറായി. അതിനോടൊപ്പം തന്നെ പ്രിയൻ സാറിന്റെ കൂടെ വർക്ക് ചെയ്യാനും കഴിഞ്ഞിട്ടുണ്ട്. പ്രിയൻ സാർ ചെയ്ത ആഡ് ഫിലിമുകളിൽ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊഡക്‌ഷൻ മാനേജറും ഒക്കെയായി വർക്ക് വർക്ക് ചെയ്യുമ്പോൾ തന്നെ ഒരു ഫിലിം പ്രൊഡക്‌ഷൻ കമ്പനിയും തുടങ്ങി. അവരുടെ കൂടെയുള്ള എക്സ്പീരിയൻസ് കൊണ്ട് ഏതാണ്ട് 60 ഓളം ആഡ് ഫിലിമുകളും 200 ഓളം കോർപ്പറേറ്റ് ഫിലിമുകളും ചെയ്യാൻ കഴിഞ്ഞു. ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ടെക്നീഷ്യൻസിനൊപ്പവും വർക്ക് ചെയ്യാൻ കഴിഞ്ഞു. അതൊക്കെ ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു.

കുടുംബം 

നാട് പാലക്കാട്. പക്ഷേ ഞാൻ പഠിച്ചതും വളർന്നതും ചെന്നൈയിലാണ്. ലയോളയിലാണ് പഠിച്ചത്. ഭാര്യ ഡോക്ടറാണ്.

English Summary:

Chat with director Arun Varma

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT