ADVERTISEMENT

'ഇമേജിനെ ബ്രേക്ക് ചെയ്യുന്നയാളാണ് മമ്മൂക്ക. ഈ സിനിമയിൽ അദ്ദേഹത്തെ കണ്ടതു പോലെ നിങ്ങൾ എവിടെയും കണ്ടിട്ടുണ്ടാകില്ല'. 

തിയറ്റർ ഹിറ്റുകൾ കുറവാണെന്ന് സിനിമക്കാരും പ്രേക്ഷകരും ഒരുപോലെ ആശങ്കപ്പെടുന്ന ഇക്കാലത്ത് ഇൗ വർഷത്തെ വിരലിലെണ്ണാവുന്ന മലയാള വിജയചിത്രങ്ങളിൽ രണ്ടെണ്ണത്തിന്റെ പിന്നിലും ആദർശ് സുകുമാരന്റെ തൂലികയുണ്ടായിരുന്നു. നായയുടെ കഥയിലൂടെ ഹിറ്റായ നെയ്മറും, ബ്ലോക് ബസ്റ്ററായ ആർഡിഎക്സും. മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ആദർശും സുഹൃത്ത് പോൾസണും ചേർന്ന് തിരക്കഥ ഒരുക്കുന്ന കാതൽ നവംബർ 23–ന് പ്രദർശനത്തിനെത്തുകയാണ്. ഒരു വർഷം തന്നെ മൂന്നു തിരക്കഥകളുമായി ഒരു പുതുമുഖത്തിന്റെ അരങ്ങേറ്റം. 

അരങ്ങേറ്റം അവിസ്മരണീയമാണല്ലോ ?

ഇൗ വർഷം എന്നെ സംബന്ധിച്ച് അദ്ഭുതം പോലെയാണ് തോന്നുന്നത്. എല്ലാം വളരെപ്പെട്ടെന്ന് മാറിമറിഞ്ഞു. എന്റെ മൂന്നാമത്തെ ചിത്രമായാണു കാതൽ റിലീസ് ആകുന്നതെങ്കിലും ശരിക്കും ഞാനും പോൾസണും ആദ്യമായി എഴുതിയ തിരക്കഥയാണ് ഇൗ ചിത്രത്തിന്റേത്. കോവിഡ് കാലത്ത് ആലോചിച്ചെടുത്ത കുറച്ചു കഥകളിൽ‌ ഏറ്റവും മികച്ചതെന്നു ഞങ്ങൾക്കു തോന്നിയ കഥയാണ് കാതലിന്റേത്. പത്തു പന്ത്രണ്ട് സംവിധായകരുടെ അടുത്ത് ഇൗ കഥയുമായി പോയി. എല്ലാവരും സിനിമയുടെ കണ്ടന്റ് നല്ലതാണെന്ന അഭിപ്രായക്കാരായിരുന്നു. പക്ഷേ പലരും ഇതിപ്പോൾ ചെയ്യണോ എന്നു സംശയം പറഞ്ഞു. ജിയോ ബേബിയെ കണ്ടതോടെയാണ് ‍ഞങ്ങളുടെയും സിനിമയുടെയും തലവര മാറിയത്. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടു. എന്തു കൊണ്ട് നായകനായി മമ്മൂട്ടിയെ നോക്കിക്കൂടാ എന്നു ചോദിച്ചത് അദ്ദേഹമാണ്. 

നായികയായി ജ്യോതികയുടെ വരവ് ?

മമ്മൂക്ക തന്നെയാണ് ജ്യോതികയുടെ പേര് നിർദേശിക്കുന്നത്. ജ്യോതികയെ നേരിൽ കണ്ട് കഥ പറയാനുള്ള അവസരം അദ്ദേഹം തന്നെ ഒരുക്കി തന്നു. ഞാനും പോൾസണും ജിയോ ചേട്ടനും ഒന്നിച്ച് ജ്യോതികയെ കാണാൻ ചെന്നൈയിലെ അവരുടെ വീട്ടിൽ പോയി. ഞങ്ങളെ വാതിൽ തുറന്ന് സ്വീകരിച്ചത് സൂര്യയാണ്. അറിയാവുന്ന തമിഴിലും ഇംഗ്ലിഷിലും മലയാളത്തിലും ‍ഞങ്ങൾ ജ്യോതികയോടു കഥ പറഞ്ഞു. 

എന്നും കൗതുകമുള്ള കാര്യമാണ് രണ്ടു പേർ കൂടി എങ്ങനെ തിരക്കഥ എഴുതും എന്നത് ?  

കോവിഡ് കാലത്ത് രണ്ടു വീടുകളിൽ ഇരുന്നാണ് തിരക്കഥ എഴുതിയത്. ആദ്യം ഞങ്ങൾ ഫോണിലൂടെ സംസാരിച്ച് ഒരു വൺലൈൻ സ്ക്രീൻപ്ലേ ഉണ്ടാക്കി. പിന്നീട് ഓരോ ദിവസവും ഒരു ടാർഗറ്റ് സെറ്റ് ചെയ്ത് എഴുതിത്തുടങ്ങി. രാവിലെ ഫോൺ വിളിച്ച് രണ്ടു സീനുകൾ വീതം രണ്ടു പേരും ഭാഗിച്ചെടുക്കും. രാത്രി ഫോൺ ചെയ്ത് ആദ്യം ഞാനെഴുതിയ സീനുകൾ അവനു വായിച്ചു കൊടുക്കും. 

പിന്നീട് അവൻ എനിക്ക് അവനെഴുതിയ സീൻ വായിച്ചു തരും. രണ്ടു പേരുടെയും അഭിപ്രായങ്ങൾ കണക്കിലെടുത്ത് എഴുതിയത് ഒന്നു കൂടി മാറ്റിയെടുക്കും. അങ്ങനെ 35 ദിവസം കൊണ്ട് എഴുത്ത് ഞങ്ങൾ പൂർത്തിയാക്കി. 

കാതൽ എഴുതി പൂർത്തീകരിച്ച് ആ തിരക്കഥയുമായി ഞങ്ങൾ സംവിധായകരെയും നടന്മാരെയും കാണുന്നതിനിടെയാണ് നെയ്മർ സംഭവിക്കുന്നത്. ആ ചിത്രത്തിന്റെ സംവിധായകനായ സുധി അദ്ദേഹത്തിന്റെ കഥയുമായി ഞങ്ങളെ സമീപിച്ച് തിരക്കഥ എഴുതി തരാൻ ആവശ്യപ്പെടുകയായിരുന്നു. നെയ്മർ ഷൂട്ടിങ് ലൊക്കേഷനിലിരുന്നാണ് ആർഡിഎക്സ് ഭൂരിഭാഗവും എഴുതിയത്.  കൂട്ടുകാരനായ ഷഹബാസുമായി ചേർന്നാണ് അതിന്റെ തിരക്കഥ.

എന്താണു ‘കാതൽ’? 

ഇൗ സിനിമ പൂർണമായും ഒരു ഫാമിലി ഇമോഷനൽ ഡ്രാമയാണ്. എന്നാൽ നമുക്കിടയിൽ തന്നെയുള്ള ഒരു പുതിയ കാര്യം സിനിമ ചർച്ച ചെയ്യുന്നുമുണ്ട്. ഇമേജിനെ ബ്രേക്ക് ചെയ്യുന്നയാളാണ് മമ്മൂക്ക. ഒട്ടേറെ സിനിമകൾ അദ്ദേഹം ചെയ്തിട്ടുണ്ടെങ്കിലും ഈ സിനിമയിൽ അദ്ദേഹത്തെ കണ്ടതു പോലെ നിങ്ങൾ എവിടെയും കണ്ടിട്ടുണ്ടാകില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com