ADVERTISEMENT

ബാലതാരമായി തിളങ്ങി, പിന്നീട് സിനിമ വിട്ട് മറ്റു മേഖലകളിലേക്ക് പോയ എത്രയെത്ര താരങ്ങളുണ്ടല്ലേ മലയാള സിനിമയിൽ. അവരിൽ പലരും ഇപ്പോൾ എവിടെയാണെന്നോ എന്തു ചെയ്യുകയാണെന്നോ മിക്കവർക്കും അറിയുന്നുണ്ടാകില്ല. അത്തരത്തിൽ മികച്ച  വേഷങ്ങൾ ചെയ്ത് പിന്നീട് സിനിമ വിട്ട ഒരു താരമുണ്ട്. രാജൻ ശങ്കരാടിയുടെ സംവിധാനത്തിൽ 1998–ൽ പുറത്തിറങ്ങിയ 'മീനത്തിൽ താലികെട്ടിലെ' അമ്പിളി. ഓമനക്കുട്ടന്റെ സ്വന്തം വീപ്പക്കുറ്റി. മിന്നാരം, വാത്സല്യം, മിഥുനം തുടങ്ങി അമ്പതിലധികം സിനിമകളിൽ ബാലതാരമായിരുന്ന അമ്പിളിയെ 2001 ൽ പുറത്തിറങ്ങിയ രണ്ടാം ഭാവത്തിലാണ് പ്രേക്ഷകർ അവസാനമായി കണ്ടത്. അഭിനയം ഉപേക്ഷിച്ച അമ്പിളി ഇപ്പോൾ അഭിഭാഷകയാണ്. മനോരമ ഓൺലൈനിന്റെ ഓർമയുണ്ടോ ഈ മുഖം പരിപാടിയിൽ ഓർമകൾ പങ്കുവയ്ക്കുകയാണ് അമ്പിളി.

സിനിമ ഉപേക്ഷിക്കാൻ കാരണം


സിനിമയിൽ അഭിനയിക്കണം എന്നാഗ്രഹിച്ച് സിനിമയിലെത്തിയ ആളായിരുന്നില്ല ഞാൻ. രണ്ടര വയസിലാണ് ആദ്യത്തെ സിനിമ സംഭവിച്ചത്. നാൽക്കവല എന്ന സിനിമയിലെ ഒരു സീനിനുവേണ്ടി അംഗനവാടിയിൽ നിന്നും കുറച്ചു കുട്ടികളെ കൊണ്ടുപോകുകയായിരുന്നു. അക്കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. തിക്കുറിശ്ശി സാർ കുട്ടികളെ പാട്ടു പഠിപ്പിക്കുന്ന സീനായിരുന്നു അത്. കൂട്ടത്തിൽ ഒരു കുട്ടിയെ തിക്കുറിശ്ശി സാറിന്റെ മടിയിൽ ഇരുത്തണമായിരുന്നു. കരയില്ല എന്നതു കൊണ്ട് അന്ന് എന്നെ പിടിച്ച്  മടിയിലിരുത്തി. അതായിരുന്നു സിനിമയിലെ എന്റെ തുടക്കം. നാൽക്കവലയ്ക്ക് പിന്നാലെ അടുത്ത സിനിമയിലും അവസരം ലഭിച്ചു. മൃത്യുഞ്ജയം ആയിരുന്നു അത്. ഐവി ശശി അങ്കിളും അച്ഛനും സുഹൃത്തുക്കളായിരുന്നു. അങ്ങനെയാണ് അതിലെ വേഷം കിട്ടിയത്. പിന്നീട് നിരവധി അവസരങ്ങൾ വന്നു. അമ്പതിലധികം സിനിമകളിൽ അഭിനയിച്ച ശേഷമാണ് സിനിമ വിട്ടത്.  അച്ഛനായിരുന്നു സിനിമകളിൽ അഭിനയിക്കാൻ കൊണ്ടു പോയിരുന്നത്. എന്നാൽ പിന്നീട് അച്ഛൻ രോഗബാധിതനായി കിടപ്പിലായി. കൂടെ വരാൻ ആളില്ലാതായി. അങ്ങനെ അച്ഛന്റെ മരണത്തോടെ അഭിനയം നിർത്തേണ്ടി വന്നു.

വഴിത്തിരിവായ മീനത്തിൽ താലികെട്ട്
 

മീനത്തിൽ താലികെട്ടിൽ ദിലീപേട്ടൻറെ അനുജത്തിയായി അഭിനയിക്കുന്ന അമ്പിളിയുടെ സ്ഥാനത്ത് അനുജൻ കാരക്ടറായിരുന്നു അദ്യം പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പിന്നീട് അത് മാറ്റുകയായിരുന്നു.  എന്റെ ശരിക്കുള്ള പേര് തന്നെയാണ് സിനിമയിലും ഇട്ടത്. അമ്പിളി എന്ന പേരിടാമെന്ന് നിർദേശിച്ചത് ദിലീപേട്ടനായിരുന്നു. പക്ഷേ അമ്പിളി എന്ന് പറയുന്നതിലും വീപ്പക്കുറ്റിയെന്നോ ചക്കപ്പോത്തെന്നോ ഒക്കെ പറഞ്ഞാലാണ് ആളുകൾക്ക് മനസിലാകുക. ദിലീപേട്ടനുമായി വഴക്കിടുന്നതും കുസൃതികാട്ടുന്നതുമൊക്കെ ജീവിതത്തിലെ സംഭവങ്ങൾ തന്നെയാണെന്ന് പറയാം. എനിക്കും ഒരു ചേട്ടനാണ്. ചേട്ടനുമായി വീട്ടിൽ വഴക്കിടുമ്പോൾ ചെയ്യുന്ന കാര്യങ്ങളൊക്കെ കാണിക്കുകയും പറയുകയും ചെയ്താൽ മതിയെന്ന് പറഞ്ഞത് ദിലീപേട്ടൻ തന്നെയാണ്. അങ്ങനെയാണ് എന്റെ തടിയെ കളിയാക്കുന്ന രംഗങ്ങളും ഞാൻ തിലകനങ്കിളിൻറെ അടുത്തു പോയി ദീലീപേട്ടന് പാരവെക്കുന്ന സീനുമൊക്കെ ചെയ്തത്. സിനിമയുടെ അവസാന രംഗത്ത് ചില ഇമോഷണൽ സീനുകളൊക്കെയുണ്ട്. ഗ്ലിസറിൻ ഇല്ലാതെയാണ് അവിടെയൊക്കെ കരഞ്ഞത്. ഒറ്റ ടേക്കിൽ സീൻ ഓക്കെയാക്കുമായിരുന്നു ഞാൻ. അതുകൊണ്ടായിരിക്കാം തുടരെ തുടരെ സിനിമകൾ വന്നതും. ദിലീപേട്ടന്റെ അഞ്ചിലധികം സിനിമകളിൽ ഞാൻ അനുജത്തിയായി അഭിനയിച്ചിട്ടുണ്ട്. 

Ambili-Meenathil-Thalikett1

ടൊവിനോ തിരിച്ചറിഞ്ഞപ്പോൾ
 

എന്റെ മൂത്ത മോൾ ടൊവിനോയുടെ വലിയ ആരാധികയാണ്. ഒരിക്കൽ കോഴിക്കോട് വച്ച് ടൊവിനോയുടെ ഒരു സിനിമയുടെ ഷൂട്ട് നടന്നിരുന്നു. അന്ന് ടൊവിനോയെ കാണണമെന്ന് അവൾ ആഗ്രഹം പറഞ്ഞപ്പോൾ ഒരു സുഹൃത്ത് വഴി ലൊക്കേഷനിൽ പോയി ടൊവിനോയെ കണ്ടു. കുറേ നേരം സംസാരിച്ചപ്പോൾ മുൻ പരിചയമുള്ള പോലെ ടൊവിനോ എന്നെ സൂക്ഷിച്ച് നോക്കുകയും പഴയ ബാല താരമാണെന്ന് തിരിച്ചറിയുകയും ചെയ്തു. ചെറുപ്പത്തിൽ നിങ്ങളുടെയൊക്കെ സിനിമ കണ്ടാണ് ഞങ്ങളൊക്കെ വളർന്നതെന്നും നിങ്ങളെയൊന്നും ഒരിക്കലും മറക്കാൻ പറ്റില്ലെന്നുമൊക്കെ ടൊവിനോ പറഞ്ഞപ്പോൾ വലിയ അഭിമാനവും സന്തോഷവും തോന്നി.

Ambili-Meenathil-Thalikett3

ജഗതിയങ്കിൾ വളരെ സീരിയസാണ് പക്ഷേ,

ജഗതിയങ്കിളിനൊപ്പം ഒരുപാട് വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിനിമയിൽ അദ്ദേഹം കോമഡിയാണ് ചെയ്യുന്നതെങ്കിലും റിയൽ ലൈഫിൽ അദ്ദേഹം വളരെ സീരിയസ് ആയിട്ടുള്ള ഒരാളാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. സെറ്റിൽ വരുമ്പോൾ മറ്റുള്ളവരെപോലെ റിഹേഴ്സലൊന്നും ചെയ്യാറില്ല, പക്ഷേ കാമറ ഓൺ ചെയ്തു കഴിഞ്ഞാൽ ഒരു രക്ഷയും ഇല്ലാത്ത അഭിനയമാണ്. അദ്ദേഹത്തിന്റെ കൂടെയുള്ള ഷോട്ടുകളിൽ അഭിനയവും ചില എക്സ്പ്രഷനുകളും കണ്ട് നമുക്ക് തന്നെ ചിരി വരും. അദ്ദേഹം കൂടെയുള്ള ഷോട്ടുകളിൽ ചിരിക്കാതെ നിൽക്കാനാണ് പ്രയാസം. ദിലീപേട്ടനും ജഗതിയങ്കിളും ഒന്നിച്ചുള്ള സീനുകളിൽ രണ്ടു പേരും മത്സരിച്ചഭിനയിക്കുകയാണ് ചെയ്യുന്നത്.

Ambili-Meenathil-Thalikett2

ദുൽഖർ നിന്നെപോലെയണോ, അവന് സ്കൂളിൽ പോകണം - മമ്മൂക്ക പറഞ്ഞു
 

ലാലങ്കിൾ, മമ്മൂക്ക അങ്ങനെ എല്ലാവരുടെയും കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അവരുടെ സ്റ്റാർ വാല്യു ഒന്നും തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിലായിരുന്നുവത്. വളരെ സ്നേഹത്തോടെ അവർ ഒരുപാട് തമാശകൾ പറയുമായിരുന്നു. മിന്നാരത്തിന്റെ ഷൂട്ടിങ് സമയത്ത് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ലാലേട്ടൻ വരുമ്പോൾ നീ എന്റെ ദോശ മൊത്തം എടുത്ത് കഴിച്ചല്ലേ എന്നു പറയും. അന്ന് എനിക്കത് തമാശയാണെന്നൊന്നും മനസിലാകില്ലായിരുന്നു. മമ്മൂക്കയും അങ്ങനെയാണ് പെരുമാറിയിരുന്നത്. വാത്സല്യം സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ വെക്കേഷൻ സമയത്ത് മമ്മൂക്ക ദുൽഖറിനെയും കൂടെ കൊണ്ടു വരും. അന്ന് ദുൽഖറിനൊപ്പമാണ് കളിച്ചിരുന്നത്. എന്നാൽ വെക്കേഷൻ കഴിഞ്ഞ് ദുൽഖർ വന്നില്ല, കൂടെ കളിക്കാൻ ആളില്ലാതെ വന്നപ്പോൾ എന്താ ദുൽഖറിനെ കൊണ്ടു വരാത്തത് എന്ന് ഞാൻ മമ്മൂക്കയോട് ചോദിച്ചു. ദുൽഖർ നിന്നെപോലെയാണോ, അവന് സ്കൂളിൽ പോകണം എന്നാണ് അന്ന് മമ്മൂക്ക മറുപടി പറഞ്ഞത്.

'മുകേഷ് അങ്കിളൊക്കെ ചോക്ലേറ്റുമായി വരും, എന്റെ കൂടെ മാത്രമേ അഭിനയിക്കാവൂ'
 

അഭിനയം നിർത്തിയ ശേഷവും നായികയായി വേഷമുണ്ടെന്ന് പറഞ്ഞ് കോളുകൾ വന്നിട്ടുണ്ട്. ദിലീപേട്ടന്റെ നായികയായി ഒരു സിനിമ പ്ലാൻ ചെയ്തതാണ്. മീനത്തിൽ താലികെട്ടിൽ അഭിനയിക്കുമ്പോൾ എന്റെ നായികയായി അഭിനയിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. "പല അങ്കിൾമാരും ചോക്ലേറ്റുമായി പിന്നാലെ വരും മുകേഷ് അങ്കിളൊക്കെ വട്ടം ചുറ്റും, പക്ഷേ പോകരുത്. അവരുടെ കൂടെയൊന്നും നായികയായി അഭിനയിക്കരുത് എന്റെ കൂടെ മാത്രമേ അഭിനയിക്കാവൂ" എന്നൊക്കെ ദിലീപേട്ടൻ അന്ന് തമാശയായി പറയുമായിരുന്നു. സിനിമ ഉപേക്ഷിക്കണ്ടായിരുന്നു എന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ, വക്കീലാകണമെന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. അഭിനയവും എനിക്കിഷ്ടമാണ്. അവസരം കിട്ടിയാൽ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരും.

English Summary:

Chat with actress Ambili

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com