ADVERTISEMENT

സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന നിർമാതാവ് ഗാന്ധിമതി ബാലനെക്കുറിച്ചുള്ള ഓർമകളും അപൂർവചിത്രങ്ങളും പങ്കുവച്ച് മുതിർന്ന സെലിബ്രിറ്റി ഫൊട്ടോഗ്രഫർ ചിത്ര കൃഷ്ണൻകുട്ടി. ഗാന്ധിമതി ബാലൻ നിർമിച്ച് കെ.ജി.ജോർജ് സംവിധാനം ചെയ്ത ‘പഞ്ചവടിപ്പാല’ത്തിന്റെ ചിത്രീകരണസമയത്തുണ്ടായ രസകരമായ സംഭവങ്ങളെപ്പറ്റിയും ഗാന്ധിമതി ബാലന്റെ കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ചും ചിത്ര കൃഷ്ണൻകുട്ടി മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു.

panchavadi-palam-location-still-1
പഞ്ചവടിപ്പാലം ലൊക്കേഷൻ സ്റ്റിൽ (ചിത്രം: ചിത്ര കൃഷ്ണൻകുട്ടി)

അന്നു കണ്ട തടിച്ച കൊച്ചു പയ്യൻ

ബാലന്റെ അച്ഛൻ മരിക്കുന്ന സമയത്താണ് ഞാൻ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം സ്കൂളിൽ പഠിക്കുന്ന കൊച്ചു പയ്യൻ! പരീക്ഷക്കാലമായിരുന്നു എന്നാണ് എന്റെ ഓർമ. സ്കൂളിൽനിന്നു ബാലനെ വിളിച്ചു കൊണ്ടുവരികയായിരുന്നു. ബാലന്റെ ചേട്ടൻ കെ.പി.പി.നായരുമായിട്ടായിരുന്നു എന്റെ സൗഹൃദം. ചങ്ങനാശേരി എൻഎസ്എസ് കോളജിൽവച്ചുള്ള പരിചയമാണ്. മൻമഥൻ സാറും സുകുമാരൻ നായരും പ്രിൻസിപ്പൽമാരായ സമയത്ത് കോട്ടയത്തുനിന്നു ഞാൻ പോയാണ് ഫോട്ടോ എടുത്തിരുന്നത്. കെ.പി.പി.നായരുമായുള്ള സൗഹൃദം പിന്നീടു വളർന്നു കുടുംബം പോലെയായി. 

panchavadi-palam-location-still
പഞ്ചവടിപ്പാലത്തിൽ ഭരത് ഗോപിയും നെടുമുടി വേണുവും സുകുമാരിയും (ചിത്രം: ചിത്ര കൃഷ്ണൻകുട്ടി)

ഇവരുടെ അച്ഛൻ വർഷങ്ങൾക്കു മുൻപ് ഉടുമ്പൻചോല പ്രവർത്ത്യാർ ആയിരുന്നു. ഏലംകൃഷിക്കു വേണ്ടി ഭൂമി പതിച്ചു നൽകുന്നതിനുള്ള ചുമതല ഇദ്ദേഹത്തിനായിരുന്നു. അന്നേ വലിയ സാമ്പത്തികസ്ഥിതിയിലായിരുന്നു ആ കുടുംബം. വണ്ടൻമേട്ടിൽ പത്മവിലാസം എന്ന പേരിൽ ഇവർക്ക് എസ്റ്റേറ്റ് ഉണ്ടായിരുന്നു. വണ്ടൻമേട്ടിൽ ആദ്യമായി കറന്റ് വന്നത് കെ.പി.പി.നായരുടെ ഉത്സാഹത്തിലാണ്. ഇന്ദിരാഗാന്ധി ഇടുക്കിയിൽ ഡാം സ്വിച്ച് ഓൺ ചെയ്തപ്പോൾ ബൾബ് കത്തിയ ആദ്യവീടുകളിലൊന്ന് ഇവരുടെ പത്മവിലാസം ബംഗ്ലാവ് ആണ്. ആ ദിവസം ഞാൻ അവിടെ ഉണ്ട്. ഏലത്തിനു പുറമെ റബർ എസ്റ്റേറ്റും അവർക്കുണ്ടായിരുന്നു. മുത്തൂറ്റ് കുടുംബവുമായും വലിയ അടുപ്പം ബാലന്റെ കുടുംബത്തിനുണ്ടായിരുന്നു. മുത്തൂറ്റ് മിനി ചിട്ടികൾ തുടങ്ങിയപ്പോൾ എല്ലാ ബ്രാഞ്ചിലെയും ആദ്യ നിക്ഷേപം ബാലന്റെ അച്ഛനിൽ നിന്നാണ് വാങ്ങിയിരുന്നത്. അതായിരുന്നു കീഴ്‍വഴക്കം. ഉദ്ഘാടനം ആരായാലും ആദ്യ നിക്ഷേപം ബാലന്റെ അച്ഛനിൽ നിന്നേ സ്വീകരിക്കൂ. ബ്രാഞ്ച് ഉദ്ഘാടനത്തിനു ഫോട്ടോ എടുത്തിരുന്നത് ഞാനായിരുന്നു.

സെറ്റിടാൻ ആഞ്ഞിലിത്തടി?

location-still-panchavadippalam
പഞ്ചവടിപ്പാലം സെറ്റിട്ടപ്പോൾ (ചിത്രം: ചിത്ര കൃഷ്ണൻകുട്ടി)

പഞ്ചവടിപ്പാലത്തെക്കുറിച്ചു രസകരമായ ധാരാളം ഓർമകളുണ്ട്. കോട്ടയത്തായിരുന്നല്ലോ ആ സിനിമയുടെ ഷൂട്ട്. കോട്ടയത്തു വന്നപ്പോൾ അദ്ദേഹം എന്നെ വിളിച്ചു. പാലത്തിന്റെ സെറ്റിടാൻ ആഞ്ഞിലി എവിടെക്കിട്ടുമെന്നറിയാനാണ് വിളിച്ചത്. ഞാൻ സിനിമയുമായി അടുത്തു നിൽക്കുന്നതുകൊണ്ട് ബഹുമാനത്തോടെയുള്ള സ്നേഹമായിരുന്നു എന്നോടുണ്ടായിരുന്നത്. ഒരു ജ്യേഷ്ഠസഹോദരനെപ്പോലെയാണ് എന്നെ കണ്ടിരുന്നത്. ഇല്ലിക്കലുള്ള പഴയ പാലമാണ് ബോംബ് വച്ചു പൊട്ടിച്ചതായി സിനിമയിൽ കാണിച്ചത്. സിനിമയിൽ ഒരു പുതിയ പാലം കാണിക്കുന്നുണ്ടല്ലോ. അതു കവണാറ്റിൻകരയിലാണ് നിർമിച്ചത്. അവിടം ശരിക്കും കടത്താണ്. ബസ് പോകില്ല. അവിടെ ഇറങ്ങി കടത്തു കടന്നു പോയാലേ ബസിൽ കയറാൻ പറ്റൂ. അതൊരു ഫെറി സർവീസ് പോലെ പ്രവർത്തിക്കുകയാണ്. അവിടെ ഒരു പാലത്തെക്കുറിച്ച് നാട്ടുകാർ പോലും ചിന്തിക്കാൻ തുടങ്ങിയിട്ടില്ലാത്ത കാലത്താണ് ബാലൻ അവിടെ പാലത്തിന്റെ സെറ്റ് ഇടുന്നത്. അതും പിഡബ്ള്യൂഡി നിർമിക്കുന്ന പാലത്തിന്റെ അതേ അളവിൽ. അതിനു വേണ്ടി തടി അന്വേഷണത്തിന് ഞാൻ ബാലനൊപ്പം കൂടി. 

chithra-krishnankutty
ചിത്ര കൃഷ്ണൻകുട്ടി

ഭക്ഷണം ഷാപ്പിൽനിന്ന്

പാലത്തിന്റെ സെറ്റിടാൻ ആഞ്ഞിലിത്തടി കിട്ടുമോ എന്ന് അന്വേഷിച്ച കക്ഷിയാണ് അദ്ദേഹം. എല്ലാം വലിയ സ്കെയിലിലേ അദ്ദേഹം ചിന്തിക്കാറുള്ളൂ. സെറ്റിടാൻ ആഞ്ഞിലിയുടെ തടിയൊന്നും വേണ്ടെന്ന് സമ്മതിപ്പിക്കാൻ കുറച്ചു പണിപ്പെട്ടു. അവസാനം മാവിൻ തടിയിലാണ് പഞ്ചവടിപ്പാലത്തിന്റെ പണി നടന്നത്. മാവ് അറുത്ത് പലകകൾ ആക്കിയാണ് അതിൽ ഉപയോഗിച്ചിരിക്കുന്നത്. സിനിമ ലാഭമായാലും നഷ്ടമായാലും നിർമാണച്ചെലവിൽ ഒരു കുറവും വരുത്തില്ല. അതാണ് അദ്ദേഹത്തിന്റെ രീതി. നിർമാണം പൂർത്തിയാക്കിയ പഞ്ചവടിപ്പാലത്തിലൂടെ കെ.ജി ജോർജും ഷാജി എൻ കരുണും കൂടി നടക്കുന്ന ചിത്രം ഞാൻ എടുത്തിരുന്നു. ഒരു മാസികയ്ക്കു വേണ്ടിയാണ് അതെടുത്തത്. 

kg-george-on-panchavadippalam-film-set
ഷൂട്ടിനിടയിൽ സംവിധായകൻ കെ.ജി ജോർജും ഷാജി.എൻ.കരുണും (ചിത്രം: ചിത്ര കൃഷ്ണൻകുട്ടി)

ബാലൻ വലിയ ഭക്ഷണപ്രിയനായിരുന്നു. കോട്ടയത്ത് ഷൂട്ട് നടന്നപ്പോൾ കരിമ്പൻകാല ഷാപ്പിൽ നിന്നാണ് സെറ്റിലേക്ക് ഭക്ഷണം എത്തിച്ചിരുന്നത്. ലോകത്താരും ചെയ്യുന്നതല്ല ഇത്. കോടിമതച്ചിറയിൽ പള്ളത്തറ ബേബിച്ചായന്റെ ഹോട്ടലിലായിരുന്നു ആർടിസ്റ്റുകളുടെ താമസം. ഒരു  ദിവസം അവിടെ ചെന്നപ്പോൾ വി.ഡി രാജപ്പന്റെ പാരഡി അവതരണം നടക്കുകയാണ്. ഭരത് ഗോപിയൊക്കെയുണ്ട്. രാജപ്പന്റെ പാട്ടു കേട്ട് എല്ലാവരും ചിരിച്ചു മറിയുകയാണ്. അതിനിടയിലാണ് ബാലന്റെ രസകരമായ ഒരു ഫോട്ടോ എനിക്കെടുക്കാൻ കഴിഞ്ഞത്. ഭരത് ഗോപിയുടെ കവിളിൽ പിടിച്ചു നിൽക്കുന്ന ബാലൻ! ചുരുക്കത്തിൽ, ആ സമയത്ത് കോട്ടയത്ത് ശരിക്കും വലിയ ആഘോഷമായിരുന്നു. പഞ്ചവടിപ്പാലത്തിന് സെറ്റിട്ട സ്ഥലത്ത് പിന്നീട് ശരിക്കും പാലം വന്നു. 

നല്ല പടങ്ങളുടെ നിർമാതാവ്

ജീവിതത്തിൽ ആദ്യമായി, എനിക്കു ലോകത്തിലേറ്റവും വില കൂടിയ ക്യാമറ കൊണ്ടുവന്നു തന്ന വ്യക്തിയായിരുന്നു ബാലന്റെ ചേട്ടൻ. അന്ന് ഒരു ലക്ഷം രൂപയുള്ള ഹസൽബ്ലാഡിന്റെ ക്യാമറയാണ് അദ്ദേഹം എനിക്കു തന്നത്. ബിസിനസ് ആവശ്യത്തിന് ധാരാളം യാത്ര ചെയ്യുന്ന വ്യക്തിയായിരുന്നു കെപിപി. വിദേശത്തു പോയിവരുമ്പോൾ എനിക്കൊരു ക്യാമറ കൊണ്ടുവരുമോ എന്നു ഞാൻ ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ അറബി സുഹൃത്തിന് ക്യാമറയുടെ ഷോപ്പ് ഉണ്ടായിരുന്നു. അവിടെ നിന്നാണ് ആ ക്യാമറ അദ്ദേഹത്തിന് കിട്ടുന്നത്. നിലമ്പൂരിൽ 6600 രൂപയ്ക്ക് റബർ തോട്ടം വാങ്ങാൻ പറ്റുന്ന കാലമാണ്. അപ്പോഴാണ് ഒരു ലക്ഷം വിലയുള്ള ക്യാമറ അദ്ദേഹം എനിക്കു വെറുതെ തരുന്നത്. ആ ക്യാമറയാണ് എന്നെ ഒരുപാട് ഉയരങ്ങളിലെത്തിച്ചത്. 40 വർഷം ഞാൻ ആ ക്യാമറ ഉപയോഗിച്ചു. അന്ന് അംബാസിഡർ കാറാണ് താരം. ബാലനും ഉണ്ടായിരുന്നു ഒരു കാർ. അതു കോയമ്പത്തൂരിൽ കൊണ്ടു പോയി മോഡിഫിക്കേഷൻ ചെയ്തു. ദീർഘദൂരയാത്രകളൊക്കെ ബാലൻ അതിലാണ് ചെയ്തത്. അതിൽത്തന്നെ കിടന്നുറങ്ങും. ബാലന്റെ കാർ സിനിമാക്കാർക്കിടയിൽ ഏറെ പ്രശസ്തമാണ്. പിന്നെ ബാലൻ തിരുവനന്തപുരത്തായി താമസം. അങ്ങനെ അദ്ദേഹം തിരുവനന്തപുരംകാരനായി. നല്ല പടങ്ങൾ മാത്രമെടുത്ത നിർമാതാവായിരുന്നു ബാലൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com