ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ‘കൈദി’, മാസ്റ്റർ ആകുന്നോ എന്ന് അമൽ നീരദ് ചോദിച്ചു: അൻപറിവ് അഭിമുഖം
![anparivu അൻപറിവ്, ആർഡിഎക്സ് സിനിമയുടെ ചിത്രീകരണത്തിനിടെ ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവൻ എന്നിവർക്കൊപ്പം](https://img-mm.manoramaonline.com/content/dam/mm/mo/movies/interview/images/2024/4/15/anparivu.jpg?w=1120&h=583)
Mail This Article
‘അൻപറിവ്’ എന്നു കേട്ടാൽ ഇന്ത്യൻ സിനിമകളിൽ കണ്ട കനപ്പെട്ട ആക്ഷൻ കൊറിയോഗ്രഫികളാവും മനസ്സിൽ തെളിഞ്ഞുവരിക. കെജിഎഫ്, ലിയോ, വിക്രം, കൈദി, കബാലി, സലാർ തുടങ്ങി ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ. സംഘട്ടന രംഗങ്ങളെ വൈകാരികതയോടെ കാണാൻ പഠിപ്പിച്ചവർ ഈ ഇരട്ട സഹോദരങ്ങളാണ്. ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ ടു, രാം ചരൺ നായകനായ ഗെയിം ചേഞ്ചർ, കമൽ ഹാസൻ–മണിരത്നം സിനിമ തഗ് ലൈഫ്, ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനീകാന്തിന്റെ വേട്ടൈയാൻ തുടങ്ങിയ ചിത്രങ്ങളുടെ ആക്‌ഷൻ കൊറിയോഗ്രഫി പൂർത്തിയാക്കുന്നതിന്റെ തിരക്കുകൾക്കു ശേഷം ആത്മസുഹൃത്തായ ഫിലിം എഡിറ്റർ ഷെമീർ മുഹമ്മദിന്റെ കൊച്ചിയിലെ വീട്ടിലെത്തിയ അൻപറിവ് ‘മനോരമ’യോട് സംസാരിക്കുന്നു.
സ്റ്റണ്ടിലേക്കുള്ള വഴിയും കാരണവും?
അമ്മയുടെ അച്ഛൻ, ഞങ്ങളുടെ മുത്തച്ഛൻ സ്കൂൾ ഹെഡ് മാസ്റ്ററായിരുന്നു. വിശ്വാസവരം എന്നാണു മുത്തച്ഛന്റെ പേര്. താത്ത എന്നു ഞങ്ങൾ വിളിക്കും. വീട്ടിൽ നിറയെ പോരു കോഴികളെ വളർത്തിയിരുന്നയാളാണു താത്ത. കോഴിപ്പോര് കണ്ടു വളർന്നവരാണു ഞങ്ങൾ. ഞങ്ങളെ കുട്ടിക്കാലത്തു തന്നെ ബോക്സിങ്ങും ജിംനാസ്റ്റിക്സും പഠിക്കാനയച്ചു. താത്ത ബോക്സിങ് റഫറി കൂടിയായിരുന്നു. കോഴിപ്പോര് കാണിച്ചും ബോക്സിങ് ശീലിപ്പിച്ചുമാണു താത്ത ഞങ്ങളെ പ്രോത്സാഹിപ്പിച്ചത്. കോഴിപ്പോരിന്റെ വീര്യം ഞങ്ങളുടെ ആക്‌ഷൻ കൊറിയോഗ്രഫിയിൽ കണ്ടെത്താനാവുന്നുവെങ്കിൽ അതിൽ കടപ്പാട് താത്തയോടാണ്. അച്ഛൻ മുരുകേശൻ ബാങ്ക് ഓഫിസറായിരുന്നു. അമ്മ മലർവിഴി അധ്യാപികയും. ഇരുവരും വിരമിച്ചു ചെന്നൈ വൽസരവാക്കത്തെ വീട്ടിൽ വിശ്രമത്തിലാണ്.
സിനിമയിലെ തുടക്കകാലം എങ്ങനെ?
അൻപുമണി: 19–ാം വയസ്സിൽ സ്റ്റണ്ട്മാനായി ചേർന്നാണു സിനിമയിലെ തുടക്കം. അതൊരു തെലുങ്കു ചിത്രമായിരുന്നു. വിക്രം ധർമയായിരുന്നു സ്റ്റണ്ട് മാസ്റ്റർ. പ്ലസ്ടു കഴിഞ്ഞു ചെന്നൈ ന്യൂ കോളജിൽ ബിബിഎയ്ക്കു ചേർന്നെങ്കിലും പോകാനായില്ല. ഞാൻ സിനിമയിൽ ചേർന്നതോടെ അറിവുമണി കോളജിൽ പോകാതായി. ഷൂട്ടിങ് സെറ്റിലേക്ക് എനിക്കൊപ്പം വരുന്നത് അറിവുമണി പതിവാക്കി. അതോടെ അറിവിന്റെ പഠനം മുടങ്ങി. ഒരുവർഷത്തിനു ശേഷം ഞങ്ങളിരുവരും പൂർണമായും സ്റ്റണ്ട് മാൻമാരായി സിനിമയിലെത്തിയതോടെ പഠനം പാടേ അവസാനിച്ചു. തുടർന്നു തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങൾ.
![anparivu-rdx anparivu-rdx](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
ആക്ഷൻ സംവിധാനത്തിന്റെ തുടക്കം?
അമൽ നീരദിന്റെ ‘ ബാച്ച്ലർ പാർട്ടി’ ആണ് ആദ്യമായി ഞങ്ങൾ സ്വതന്ത്ര സ്റ്റണ്ട് മാസ്റ്റർമാരായ ചിത്രം. വിവിധ ഭാഷകളിലെ സംവിധായകരും താരങ്ങളുമെല്ലാം നല്ല സുഹൃത്തുക്കളായി. ബിഗ്ബി, സാഗർ അലിയാസ് ജാക്കി, അൻവർ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഞങ്ങളാണു സ്റ്റണ്ട് അസിസ്റ്റന്റുമാർ. മാസ്റ്റർ ആകാൻ ഐഡിയ ഉണ്ടോ എന്ന് ‘അൻവർ’ ചിത്രീകരിക്കുമ്പോഴാണ് അമൽ നീരദ് ചോദിച്ചത്. അങ്ങനെ തോന്നുന്നുവെങ്കിൽ അറിയിക്കണമെന്ന് അമൽ അന്നു പറഞ്ഞു. ഇൻഡസ്ട്രിയിലെത്തി 10 വർഷം കഴിഞ്ഞപ്പോൾ അടുത്ത പടിയിലേക്ക് വളരണമെന്നായപ്പോഴാണ് അമൽ നീരദിനെ വിളിച്ചത്. ബാച്ച്ലർ പാർട്ടിയിൽ ‘ അൻപറിവ്’ സ്വതന്ത്ര ആക്ഷൻ ഡയറക്ടർമാരായത് അങ്ങനെയാണ്. ഇതിനകം 35 സിനിമകൾ മലയാളത്തിൽ. എല്ലാ ഭാഷകളിലുമായി 150 സിനിമകളും.
![anparivu-rdx4 anparivu-rdx4](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
പിന്നീട് വിവിധ ഭാഷകളിലേക്ക്?
തമിഴിൽ പാ രഞ്ജിത്ത് സംവിധാനം ചെയ്ത കാർത്തി ചിത്രം ‘മദ്രാസ്’ സൂപ്പർ ഹിറ്റായി മാറിയതോടെയാണ് അൻപറിവ് എന്ന പേരിലെ ആക്‌ഷൻ കൊറിയോഗ്രഫിക്കു വലിയ സ്വീകാര്യതയേറിയത്. ഹിന്ദിയിൽ സൽമാൻ ഖാൻ പ്രൊഡക്‌ഷൻസിന്റെ ‘ഓ തേരി’ എന്ന ചിത്രത്തിൽ തുടക്കം. കന്നഡയിൽ തുടക്കമിട്ട കെജിഎഫ് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിത്തന്നു.
![vikram vikram](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
ഏറ്റവും പ്രിയപ്പെട്ട കോംപോസിഷൻ ഏതാണ്?
എല്ലാം പ്രിയപ്പെട്ടതു തന്നെ. പക്ഷേ, കൈദി ഞങ്ങൾക്കു കൂടുതൽ പ്രിയപ്പെട്ടതാണ്. സിനിമാജീവിതത്തിൽ മറക്കാനാവാത്ത അനുഭവം നൽകിയ ചിത്രമാണത്. യൂണിയനിലുണ്ടായ ചില അസ്വാരസ്യങ്ങളുടെ പേരിൽ സഹായികളെ കിട്ടാത്ത കാലത്തായിരുന്നു കൈദിയുടെ ചിത്രീകരണം. ഇൻഡസ്ട്രിയിൽ ഈ രംഗത്ത് ആരുടെയും സഹായം അന്നു ലഭിച്ചില്ല. പ്രഫഷണലുകളായ സ്റ്റണ്ട് താരങ്ങളെ കിട്ടാനില്ല.
![kamal-anbarivu അൻപറിവ് സഹോദരങ്ങൾക്കൊപ്പം കമൽഹാസൻ](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
മണിരത്നം, പ്രശാന്ത് നീൽ തുടങ്ങിയ സംവിധായകർ ഡേറ്റിനായി കാത്തിരിപ്പാണ്. അക്ഷയ് കുമാർ കഴിഞ്ഞ 4 മാസമായി ഇവരെ പ്രതീക്ഷിച്ചിരിക്കുന്നു. കമൽഹാസൻ നായകനായ ചിത്രത്തിന്റെ സ്ക്രിപ്റ്റും ഇവർ തന്നെ.