ADVERTISEMENT

കാതലിലെ തങ്കന്റെ സഹോദരി, ‘ഇരട്ട’യിലെ പൊലീസുകാരി, ‘നീലവെളിച്ച’ത്തിലെ ഭാർഗവിയുടെ ഉറ്റതോഴി, ഇപ്പോഴിതാ ആവേശത്തിലെ രങ്കന്റെ പിള്ളേരുടെ ചേച്ചി, പൂജ മോഹൻരാജ് എന്ന താരത്തിന്റെ ക്രെഡിറ്റിൽ ഹിറ്റ് ചിത്രങ്ങൾ ഏറെയാണ്. തൃശൂർ ഡ്രാമ സ്കൂളിലും സിംഗപ്പൂർ ഇന്റർനാഷനൽ ആക്ടിങ് സ്കൂളിലും അഭിനയത്തിൽ ഉപരിപഠനം നടത്തി, അഭിനയം ജീവവായു ആക്കിയ അഭിനേത്രിയാണ് പൂജ. ‘രോമാഞ്ച’ത്തിനു ശേഷം ജിത്തു പറഞ്ഞ കഥ കേട്ടപ്പോൾ തന്നെ ആവേശഭരിതയായി എന്നാണ് പൂജ പറയുന്നത്.  ആവേശം തിയറ്ററുകളിൽ വമ്പൻ ഹിറ്റാകുമ്പോൾ പൂജയും ശ്രദ്ധിക്കപ്പെടുകയാണ്. യഷ്‌രാജ് പ്രൊഡക്ഷൻസിന്റെ ഹിന്ദി വെബ് സീരീസിന്റെ ഇടവേളയിലാണ് പൂജ. ചെറിയ കഥാപാത്രങ്ങളെങ്കിലും മികച്ച സിനിമകളുടെ ഭാഗമാകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് പൂജ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.

കഥ കേട്ടപ്പോഴേ ചിരി വന്നു 

‘രോമാഞ്ചം’ ഇറങ്ങുന്നതിനു ഒരാഴ്ച മുന്നേ ആണ് ജിത്തു വിളിച്ചിട്ട് ആവേശത്തെപ്പറ്റി പറയുന്നത്. സ്ത്രീ കഥാപാത്രങ്ങൾ അധികം ഇല്ലാത്ത സിനിമയാണെന്ന് അന്നേ ഞാൻ കേട്ടിരുന്നു. കഥ കേട്ടപ്പോൾ ഞാൻ ഒരുപാട് ചിരിച്ചു. അതുകഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞാണ് എന്റെ സീൻ ഷൂട്ട് ചെയ്തത്. ഇപ്പോൾ ഷൂട്ട് ചെയ്തിരിക്കുന്നതുപോലെ തന്നെയാണ് ജിത്തു എന്നോട് കഥപറഞ്ഞത്. അതിനെപ്പറ്റി ഇടയ്ക്കിടെ ഓർക്കുമ്പോൾ തന്നെ ചിരി വരും. ഫഹദിനോടൊപ്പം ഡംഷരാസ് കളിക്കുന്ന സീൻ ആണ്. അവിടെ ഞങ്ങൾ ശരിക്കും കളിക്കുകയായിരുന്നു. ഞങ്ങൾ പറയുന്ന സിനിമാ പേര് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാൻ അഭിനയിച്ചു കാണിക്കുന്നത് വളരെ സീരിയസ് ആയാണ് ചെയ്തത്. ഞാൻ ഈ കളിയിൽ വളരെ മോശമാണ്. ജിത്തു പറഞ്ഞത് ശരിക്കും രങ്കയേക്കാൾ കഷ്ടമാണല്ലോ പൂജയുടെ കാര്യം എന്നാണ്. നീ എങ്ങനെയെങ്കിലും ഇത് ചെയ്തു പറയിപ്പിച്ചേ പറ്റൂ എന്നാണ് പറഞ്ഞത്.    

pooja-fahadh

ആസ്വദിച്ചു ചെയ്ത ആവേശം 

എനിക്ക് ഭയങ്കര ഇഷ്ടമുള്ള സെറ്റ് ആയിരുന്നു ആവേശം. സിനിമയിലെ മുഴുവൻ ക്രൂവും, സമീർക്ക, ജിത്തു, ഫഹദ് ഫാസിൽ എല്ലാവരും നല്ല സൗഹൃദത്തോടെയാണ് ഇടപഴകുന്നത്.  വളരെ കംഫർട്ടബിൾ ആയിരുന്നു. ഫഹദ് എന്നെ ആദ്യം കണ്ടപ്പോൾ തന്നെ മുൻപരിചയം ഉള്ള ഒരാളോട് സംസാരിക്കുന്നത് പോലെയാണ് പെരുമാറിയത്.  ഞാൻ ഷൂട്ടിന് ചെന്നപ്പോൾ കുറെ സീനുകൾ ഒക്കെ കണ്ടിരുന്നു. രങ്കയുടെ അവസാനത്തെ ഫൈറ്റ്, ഡാൻസ് സീൻ, തോക്ക് സീൻ  ഒക്കെ നേരിട്ട് കണ്ടിരുന്നു.  കണ്ടപ്പോൾ തന്നെ തോന്നിയത് ഈ പടം ഭയങ്കര ഹിറ്റ് ആകും എന്നായിരുന്നു.  

pooja-mohanraj-222

ഫഹദ് കൃത്യതയുള്ള താരം 

ഫഹദ് വളരെ ശാന്തമായി പെരുമാറുന്ന ആളാണ്, അധികം ബഹളം ഒന്നും ഇല്ലാതെ ഒതുക്കത്തിൽ ആണ് പെരുമാറുക. പക്ഷേ ഷോട്ട് വരുമ്പോൾ അതിനും അദ്ദേഹത്തിന് ഒരു മീറ്റർ ഉണ്ട്. എത്ര ഷോട്ട് പോയാലും അതിന് ഒരു കൺസിസ്റ്റൻസി ഉണ്ട്. അദ്ദേഹം അഭിനയിക്കുന്നത് ലൈവ് ആയി കണ്ടിരിക്കാൻ ഭയങ്കര രസമാണ്.  ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോൾ എത്രത്തോളം ചെയ്യണം എന്നെല്ലാം നല്ല ധാരണയുണ്ട് എല്ലാം വളരെ കൃത്യതയോടെയാണ് ചെയ്യുന്നത്. തഴക്കം വന്ന ഒരു ആര്ടിസ്റ്റിനെപ്പോലെ തന്നെ തോന്നും.  അദ്ദേഹം അഭിനയിക്കുന്നത് കാണുമ്പൊൾ നമുക്ക് പ്രചോദനമാണ് തോന്നുക. 

pooja-mohanraj-21

രങ്കന്റെ പിള്ളേര് അടിപൊളി 

ആവേശത്തിൽ രങ്കന്റെ പിള്ളേരെ സന്തോഷിപ്പിക്കാൻ വന്ന ചേച്ചിയാണ് എന്റെ കഥാപാത്രം. മൂന്നു പുതുമുഖ താരങ്ങളായ ഹിപ്സ്റ്റർ, മിഥുൻ, റോഷൻ തുടങ്ങിയവർ അടിപൊളി ആയിരുന്നു. വളരെ സെൻസിബിൾ ആയ ആർട്ടിസ്റ്റുകളാണ് അവർ.  സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്നല്ല ഞങ്ങൾ കണ്ടന്റ് ക്രിയേറ്റർസ് ആണ് എന്നാണ് അവർ പറയുന്നത്. ഡിജിറ്റൽ ലോകം എന്ന വേറൊരു ലോകമാണ് അവരുടേത് ഇവരുമായി സംസാരിക്കുമ്പോൾ എനിക്ക് ഭയങ്കര പുതുമ തോന്നി. വളരെ ബുദ്ധിപരമായി കണ്ടന്റ് ഉണ്ടാക്കുന്ന കഴിവുള്ള ചെറുപ്പക്കാരാണ് അവർ, ആവേശത്തിൽ വളരെ നല്ല അഭിനയമാണ് കാഴ്ചവച്ചത്. അവർ ചെയ്തത് കണ്ടിട്ട് ഞാൻ ശരിക്കും അതിശയിച്ചുപോയി. അവർ വെറുതെ വന്നവരല്ല, ജിത്തുവിന്റെ തിരഞ്ഞെടുപ്പ് വളരെ അനുയോജ്യമായിരുന്നു.  

pooja-mohanraj-kaathal-3

നല്ല ചിത്രങ്ങളുടെ ഭാഗമാക്കുക 

ഞാൻ ചെയ്ത സിനിമകൾ ചെറിയ വേഷങ്ങൾ ആണെങ്കിലും എല്ലാം നല്ല ടെക്നിഷ്യൻസിനോടൊപ്പം ആണ് ചെയ്തിരിക്കുന്നത്.  ചെയ്യുന്ന പണിയോട് അത്രയും ആത്മാർത്ഥത ഉള്ള ആളുകൾ.  എനിക്ക് ഈ സിനിമകളെല്ലാം ഒരു പഠനകാലം കൂടി ആയിരുന്നു.  ഞാൻ അഭിനയിച്ചതെല്ലാം ചെറിയ വേഷങ്ങൾ ആയിരുന്നെങ്കിലും എല്ലാം ആ കഥക്ക് വളരെ അത്യാവശ്യം ഉള്ളതായിരുന്നു. ഈ ചെറിയ വേഷങ്ങൾ എല്ലാം തന്നെ എനിക്ക് ഏറെ പ്രിയപെട്ടവയാണ്.  എനിക്ക് സിനിമ കിട്ടുന്നത് സൗഹൃദത്തിന്റെ പുറത്തല്ല.  ഫ്രീഡംഫൈറ്റ് കണ്ടിട്ടാണ് ജിത്തു എന്നെ വിളിച്ചത്. എനിക്ക് സിനിമയിൽ വളരെ കുറച്ചുപേരേ അറിയൂ. മഞ്ഞുമ്മൽ ബോയ്സിലും ഒരു വേഷം ചെയ്തിരുന്നു. ചെയ്ത വേഷങ്ങളെല്ലാം എന്തെങ്കിലും കാര്യമായി ചെയ്യാനുള്ളതായിരുന്നു. ഈ സിനിമകളിൽ എന്നെ ആൾക്കാർ ശ്രദ്ധിച്ചിട്ടുണ്ട് കാരണം ആവേശം ഇറങ്ങിയതിന് ശേഷം എന്നെ ആൾക്കാർ കൂടുതൽ തിരിച്ചറിയുന്നുണ്ട്.  ഞാൻ എന്റെ അഭിനയജീവിതം ആസ്വദിക്കുന്നുണ്ട്. ‘ആവേശം’ കണ്ടതിന്റെ ത്രില്ല് ഇതുവരെ മാറിയിട്ടില്ല, ഒരിക്കൽക്കൂടി കാണണം.

pooja-mohanraj-22

പുതിയ പ്രോജക്ടുകൾ 

കഴിഞ്ഞ ആറുമാസമായി ഹിന്ദിയിൽ ഒരു വെബ് സീരീസ് ചെയ്യുകയാണ്. യഷ്‌രാജ് പ്രൊഡക്ഷൻസിന്റെ വെബ് സീരീസ് ആണ്. അത് കഴിഞ്ഞ് ഒരു മലയാളം സിനിമയിൽ അഭിനയിക്കുന്നുണ്ട്. ബേസിൽ ജോസഫ് അഭിനയിക്കുന്ന പടമാണ്. റിലീസിന് തയ്യാറെടുക്കുന്ന ഒരു ജാതി ജാതകം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

English Summary:

Chat with Pooja Mohanraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com