ADVERTISEMENT

അഭിനയിച്ച ചിത്രങ്ങൾ എണ്ണത്തിൽ കുറവാണെങ്കിലും, ചെയ്ത വേഷങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ യുവതാരമാണ് അനാർക്കലി മരിക്കാർ. ആനന്ദത്തിലൂടെ മലയാള സിനിമയിലെത്തിയ അനാർക്കലി, നായികയായും ക്യാരക്ടർ വേഷങ്ങളിലും ഒരുപോലെ തിളങ്ങി. പോയ വർഷം മികച്ച വിജയം നേടിയ സുലൈഖ മൻസിലിനു ശേഷം വീണ്ടുമൊരു നായികാ കഥാപാത്രമായി അനാർക്കലി എത്തുന്ന ചിത്രമാണ് മന്ദാകിനി. സിനിമയിലേയും ജീവിതത്തിലെയും വിശേഷങ്ങൾ പങ്കുവച്ച് അനാർക്കലി മരിക്കാർ മനോരമ ഓൺലൈനിൽ. 

ഈ സിനിമയിലും ഡയലോഗ് കുറവാ 

ഭാഗ്യമോ നിർഭാഗ്യമോ, ഞാൻ അഭിനയിച്ച സിനിമകളിൽ എനിക്ക് ഡയലോഗ് കുറവാണ്. അതെന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. മന്ദാകിനിയിലേക്ക് ക്ഷണം കിട്ടിയപ്പോൾ കരുതിയത്, ഈ സിനിമയിൽ ഞാൻ ഡയലോഗ് പറഞ്ഞു പൊളിക്കും എന്നായിരുന്നു. പക്ഷേ, ഇതിലും ഡയലോഗ് കുറവാണ്. സൂക്ഷ്മമായി അഭിനയിക്കേണ്ട വേഷമാണ് മന്ദാകിനിയിലെ അമ്പിളി എന്ന കഥാപാത്രം. അമ്പിളിക്ക് ഒരു ഫ്ലാഷ്ബാക്ക് ഉണ്ട്. ഡയലോഗ് അധികം ഇല്ലാത്തതുകൊണ്ട്, കണ്ണുകൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഡയലോഗ് പറയാതെ റിയാക്ട് ചെയ്യുക എന്നത് അൽപം ബുദ്ധിമുട്ടാണ്. പക്ഷേ, ഞാൻ അതിൽ ഓകെ ആണ്. 

പ്രധാന വരുമാന മാർഗം സിനിമയല്ല

'കൈ നിറയെ പടങ്ങൾ' എന്ന അവസ്ഥ എനിക്ക് കരിയറിൽ ഇതുവരെ സംഭവിച്ചിട്ടില്ല. ഭയങ്കര വലിയ നടിയാകുമെന്നൊക്കെ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, പ്രതീക്ഷിക്കുന്നതല്ലല്ലോ ജീവിതം. എങ്കിലും, എനിക്കു വരുന്ന കുറച്ചു ചിത്രങ്ങളിൽ ഞാൻ ഹാപ്പിയാണ്. കരിയറിന്റെ തുടക്കത്തിൽ എനിക്ക് സിനിമയിൽ നിന്നു ഓഫറുകൾ വരുമ്പോൾ ചേച്ചിയോടും (സംവിധാന സഹായി ലക്ഷ്മി) ഉമ്മയോടും (അഭിനേത്രി ലാലി പി.എം) ചർച്ച ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ കൂടുതലും സ്വയം തീരുമാനമെടുക്കുകയാണ് ചെയ്യുന്നത്. ഉമ്മയ്ക്ക് ആഗ്രഹം ഞാൻ കൂടുതൽ പടങ്ങൾ ചെയ്യണമെന്നാണ്. 

എല്ലാ അമ്മമാരേയും പോലെ എന്നെ കൂടുതൽ സമയം സ്ക്രീനിൽ കാണുന്നത് ഇഷ്ടമുള്ള അമ്മയാണ് എന്റെയും. ഞാൻ അങ്ങനെയല്ല. നല്ല പടങ്ങൾ എപ്പോഴെങ്കിലും ചെയ്താൽ മതിയെന്നാണ് എനിക്ക്. എനിക്ക് കണക്ട് ആകുന്ന കുറച്ചു സിനിമകൾ മതിയെനിക്ക്. വീട്ടിൽ അഭിപ്രായം ചോദിച്ചാലും ഒരു പ്രൊജക്ട് എനിക്ക് കൺവിൻസിങ് ആകുന്ന പോയിന്റുണ്ട്. അപ്പോഴെ ഞാൻ ആ സിനിമ ചെയ്യൂ. അല്ലെങ്കിൽ ഞാൻ അസ്വസ്ഥയാകും. എന്റെ പ്രധാന വരുമാന മാർഗം സിനിമയല്ല. എന്തിനാണ് ഇങ്ങനെ കഷ്ടപ്പെട്ട് സിനിമ ചെയ്യുന്നത് എന്ന് ഞാൻ ആലോചിക്കും. ഉമ്മ നിർദേശിക്കുന്ന ചില തിരക്കഥകൾ വരാറുണ്ട്. പക്ഷേ, എനിക്ക് ഇഷ്ടമുണ്ടെങ്കിലെ ഞാൻ അതു ചെയ്യൂ. 

anarkali-marikar-2

ഉമ്മയുടെ പുരോഗമനമല്ല എന്റേത്

സിനിമാ തിരഞ്ഞെടുപ്പുകളിൽ ഉമ്മയുടെ അഭിപ്രായം സ്വീകരിച്ചില്ലെങ്കിലും ജീവിതത്തിലെ തീരുമാനങ്ങളിൽ തീർച്ചയായും ഉമ്മയുടെ വാക്കുകൾ ശ്രദ്ധിക്കാറുണ്ട്. അതുപോലെ സാമൂഹ്യവിഷയങ്ങളിൽ എന്തെങ്കിലും അഭിപ്രായങ്ങൾ പറയേണ്ടി വരുമ്പോൾ ഉമ്മയോടു ചോദിക്കും. അക്കാര്യത്തിൽ വായനയും അറിവും കൂടുതലുള്ളത് ഉമ്മയ്ക്കാണ്. ഫെയ്സ്ബുക്കിൽ സ്വയം ട്രോളുന്ന കക്ഷിയാണ് എന്റെ ഉമ്മ. 'പ്രമുഖ നടി', 'മികച്ച നടി' എന്നൊക്കെയാണ് ഉമ്മ സ്വയം വിശേഷിപ്പിക്കാറുള്ളത്. അപ്പോൾ കരുതും, ഉമ്മ ഭയങ്കര കൂൾ കക്ഷിയാണെന്ന്. എന്നാൽ അങ്ങനെയല്ല. സാധാരണ ഒരു അമ്മയുടെ എല്ലാ സ്വഭാവ സവിശേഷതകളും ഉള്ള കക്ഷിയാണ്. 'പുരോഗമനം' എന്നതിന് പല തലങ്ങൾ ഉണ്ടല്ലോ. ഉമ്മയുടെ പുരോഗമനം അല്ല എന്റേത്. എന്റെ പുരോഗമനം ആയിരിക്കില്ല മറ്റൊരാളുടേത്. 

anarkali-marikar-mother
ഉമ്മ ലാലിക്കൊപ്പം അനാർക്കലി

പുരോഗമന ആശയങ്ങൾ തമ്മിൽ പോലും പലപ്പോഴും ഒരു കോൺഫ്ലിക്ട് ഉണ്ടാവും. ഉമ്മ പുരോഗമനമാണെന്നു കരുതുന്നത് എനിക്ക് അങ്ങനെയാകണമെന്നില്ല. ജനറേഷൻ ഗ്യാപ്പ് അതിലുണ്ട്. എനിക്കൊരു കുട്ടിയുണ്ടായാൽ, ആ കുട്ടിയുടെ പുരോഗമനം വേറെ രീതിയിലാകും. ഉദാഹരണത്തിന്, എന്റെ പേരിന്റെ കൂടെ ഭർത്താവിന്റെ പേരു ചേർക്കാൻ എനിക്കിഷ്ടമാണ്. പക്ഷേ, എനിക്ക് നല്ലൊരു പേര് ഉള്ളതുകൊണ്ട് അതു മാറ്റാൻ ഇഷ്ടമല്ല. കല്യാണം കഴിക്കുകയാണെങ്കിൽ ഭർത്താവിന്റെ പേര് എന്റെ പേരിനോടു ചേർക്കാൻ ശരിക്കും ഇഷ്ടമാണ്. ചിലർക്ക് അങ്ങനെയല്ല.

സുലൈഖ മൻസിൽ വരുത്തിയ താൽക്കാലിക മാറ്റങ്ങൾ

ഫോളോവേഴ്സ് കൂടിയത് വലിയ തരത്തിൽ എന്നെ മാറ്റിയിട്ടില്ല. പക്ഷേ, സുലൈഖ മൻസിൽ ചെയ്ത സമ‌യത്ത് വസ്ത്രധാരണത്തിൽ ശ്രദ്ധിച്ചിരുന്നു. ആ സിനിമ മലബാറിലെ കൾച്ചറുമായി ബന്ധപ്പെട്ട ഒന്നാണല്ലോ. ആ സമയത്ത് മലബാറിൽ ധാരാളം ആരാധകർ ഉണ്ടായിരുന്നു. എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി. ആ ഭാഗത്ത് സിനിമ വലിയ വിജയമായിരുന്നു. അവിടെ പരിപാടികൾക്കു പോകുമ്പോൾ എന്നെ വിളിച്ചിരുന്നതു പോലും ആ സിനിമയിലെ കഥാപാത്രമായ ഹാലയുടെ പേരിലാണ്. അതുകൊണ്ട്, ആ സമയത്ത് സെക്സി വേഷങ്ങൾ ധരിച്ച് ഫോട്ടോഷൂട്ട് നടത്തണ്ട എന്നൊരു തീരുമാനം ഞാൻ ബോധപൂർവം എടുത്തിരുന്നു. അവരുടെ ഇഷ്ടം അങ്ങനെ തന്നെ നിലനിൽക്കട്ടെ എന്ന് എനിക്കു തോന്നി. ആ ഇഷ്ടം എനിക്കും ഇഷ്ടമായിരുന്നു. സത്യത്തിൽ ഷോർട്ട് ഡ്രസും സ്ലീവ്ലെസ് ഡ്രസുമൊക്കെ ഇടാൻ എനിക്കു വളരെ ഇഷ്ടമാണ്. സുലൈഖ മൻസിലിന്റെ സമയത്ത് കുറെക്കാലം എന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ പിക്ചർ തട്ടമിട്ട ഒരു ഫോട്ടോ ആയിരുന്നു. ആ സമയത്ത് ഹിജാബിന്റെ പരസ്യത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. യഥാർഥ ജീവിതത്തിൽ ഞാനൊരിക്കലും ഹിജാബ് ധരിച്ചിട്ടില്ല. 

anarkali-marikar-photoshoot-1

എന്റെ അനുഭവങ്ങൾ ചിലർക്കു തമാശ

സമൂഹ മാധ്യമങ്ങളിൽ എന്റെ പോസ്റ്റിനു താഴെ വരുന്ന കമന്റുകൾ നോക്കുമ്പോൾ ഒരിക്കലും ഞാൻ ചിന്തിക്കുന്ന പോലെയല്ല കമന്റിടുന്ന ആളുകൾ ചിന്തിക്കുന്നത് എന്നു മനസിലാകും. ധാരാളം ടോക്സിക് കമന്റുകൾ ഉണ്ടാവാറുണ്ട്. അതു കാണുമ്പോൾ, എന്താ ഇങ്ങനെ എന്നൊക്കെ ആലോചിക്കും. ഞാൻ വിചാരിക്കുന്ന പോലെ വളരെ ചുരുക്കം കമന്റുകളെ ഉണ്ടാവാറുള്ളൂ. അതുകൊണ്ട്, ചില നിയന്ത്രണങ്ങൾ സ്വയം വരുത്താറുണ്ട്. ചില കാര്യങ്ങൾ പറയാതിരിക്കും. ഫോളോവേഴ്സിനെ ആവശ്യമാണല്ലോ. വെറുതെ അവരെ വെറുപ്പിക്കണ്ട എന്നു ചിന്തിക്കും. പിന്നെ, ടോക്സിക് കമന്റുകൾ അവഗണിക്കും. ആരോടും പ്രതികരിക്കാൻ പോകില്ല. ചിലർ ചോദിക്കും, എന്തൊക്കെയാ അഭിമുഖങ്ങളിൽ വിളിച്ചു പറയുന്നത്, നല്ല കോമഡിയാണല്ലോ, എന്തു വിവരമില്ലായ്മയാണ് ഇതെല്ലാമെന്ന്! പക്ഷേ, ഞാൻ വിവരമില്ലായ്മയാണ് പറയുന്നതെന്ന് തോന്നിയിട്ടില്ല. എന്റെ വ്യക്തിപരമായ അനുഭവങ്ങൾ ചിലർക്കു തമാശയായി തോന്നാം. അതിലെനിക്ക് ഒന്നും ചെയ്യാനില്ല. 

ചില കമന്റുകൾ സങ്കടപ്പെടുത്താറുണ്ട്

ഒരു പരിധിയിൽ കൂടുതൽ തടിച്ചാൽ വിഷമിച്ചിരിക്കുകയും ഡിപ്രഷനിലേക്കു പോകുകയുമൊക്കെ ചെയ്യാറുണ്ട്. പെട്ടെന്നു തടിക്കുന്ന ശരീരപ്രകൃതമാണ് എന്റേത്. അത്രയ്ക്കു ശ്രദ്ധിച്ചാലെ മെലിഞ്ഞിരിക്കാൻ കഴിയൂ. അൽപം തടിച്ചാൽ തന്നെ ആളുകൾ പറയുന്നത് ഇഷ്ടപ്പെടില്ല. അതു കേൾക്കാതിരിക്കാൻ മെലിയാൻ ശ്രമിക്കും. ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്. കുറച്ചു കാലത്തേക്കു മാത്രമെ അത് ബാധിക്കൂ. പിന്നെ, പഴയതു പോലെ ആകും. വിചാരിച്ചത്ര പ്രശ്നമില്ലെന്നു തിരിച്ചറിയും. 

മന്ദാകിനി എനിക്ക് സ്പെഷൽ

മന്ദാകിനി എനിക്കു വളരെ സ്പെഷലാണ്. ഞാൻ നായികാ കഥാപാത്രം ചെയ്യുന്ന സിനിമകൾ കുറവാണല്ലോ. അതാണ് ഒരു കാരണം. പിന്നെ, എനിക്ക് വലിയ ബഹുമാനം തന്നൊരു ക്രൂ ആണ് ഈ സിനിമയുടേത്. എന്നോടു മാത്രമല്ല, എല്ലാവരോടും ആ ബഹുമാനം അവർ കാണിച്ചിട്ടുണ്ട്. അഭിനയിച്ചവരും അണിയപ്രവർത്തകരുമെല്ലാം നല്ല നർമബോധമുള്ളവരാണ്. അതുകൊണ്ട്, എല്ലാവരും കൂടുമ്പോൾ നല്ല രസമായിരുന്നു. മെയ് 24നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

English Summary:

Chat with Anarkali Marikar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com