ADVERTISEMENT

കണ്ണൂർ സ്ക്വാഡിന്റെ തിളക്കമേറിയ വിജയത്തിനു ശേഷം വീണ്ടും മമ്മൂട്ടിക്കൊപ്പം മുഴുനീള വേഷത്തിലെത്തുകയാണ് നടനും ഗാനരചയിതാവുമായ ശബരീഷ് വർമ. മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം ടർബോയിൽ ജെറി എന്ന കഥാപാത്രത്തെയാണ് ശബരീഷ് അവതരിപ്പിക്കുന്നത്. പ്രേമത്തിലെ ശംഭുവിനെപ്പോലെ ഏറെ ജനപ്രീതി നേടിയ കഥാപാത്രമായിരുന്നു കണ്ണൂർ സ്ക്വാഡിൽ ശബരീഷ് അവതരിപ്പിച്ച ഷാഫി. അതിൽ നിന്നും ഏറെ വ്യത്യസ്തമാണ് പുതിയ ചിത്രമെന്നും ടർബോ പക്കാ എന്റർടെയ്നർ ചിത്രമാണെന്നും ശബരീഷ് പറയുന്നു. പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ശബരീഷ് വർമ മനോരമ ഓൺലൈനിൽ. 

ജോസേട്ടായിയുടെ ജെറി

മമ്മൂക്ക ചെയ്യുന്ന ജോസേട്ടായിയുടെ സംഘത്തിൽപ്പെട്ട കക്ഷിയാണ് എന്റെ കഥാപാത്രം. ആ നാട്ടിലെ ജോസേട്ടായിയുടെ സുഹൃത്തുക്കളിൽ ഒരാൾ. അദ്ദേഹം അനിയനെപ്പോലെയൊക്കെ കാണുന്ന കക്ഷി.  ജോസേട്ടായിയുടെ അമ്പാനാണോ എന്നു ചോദിച്ചാൽ അല്ലെന്നു പറയേണ്ടി വരും. 

സെറ്റ് പക്കാ സീരിയസ്

104 ദിവസത്തെ ഷൂട്ടുണ്ടായിരുന്നു. പക്ഷേ, കണ്ണൂർ സ്ക്വാഡിന്റെ അത്രയും യാത്രയൊന്നും വേണ്ടി വന്നില്ല. പക്ഷേ, സെറ്റ് പക്കാ സീരിയസ് മോഡ് ആയിരുന്നു. സെറ്റിൽ വൈബ് ചെയ്യാനുള്ള അവസരം കുറവായിരുന്നു. പ്രമോഷന്റെ സമയത്താണ് ഞങ്ങൾ ശരിക്കും റിലാക്സ്ഡ് ആയി പരസ്പരമുള്ള സൗഹൃദം ആസ്വദിക്കുന്നത്. ഇത്ര വലിയ സെറ്റും വലിയ ആർടിസ്റ്റ് സംഘത്തിനുമൊപ്പം ഞാനാദ്യമായിട്ടാണ് വർക്ക് ചെയ്യുന്നത്. എനിക്ക് ഷൂട്ടില്ലാത്ത സമയത്തും ഞാൻ സെറ്റിൽ പോയി ചുമ്മാ ഇരിക്കും. എനിക്ക് അഭിനയിക്കാനുള്ള ദിവസം പക്ഷേ, സീരിയസ് ആകും. പൊതുവെ കളിതമാശകൾ സെറ്റിൽ കുറവായിരുന്നു. 

അൽഫോൻസിന്റെ പടം വരും

അൽഫോൻസ് പുത്രനുമായി സംസാരിക്കാറുണ്ട്. നാടു വിട്ടു പോയിട്ടൊന്നുമില്ല. അദ്ദേഹത്തിന്റെ അടുത്ത പടം വരും. കൂടുതലൊന്നും പറയാൻ പറ്റില്ല. പടം വന്നിട്ടു സംസാരിക്കാം. 

തൽക്കാലം സംവിധാനമില്ല

ഞാൻ തൽക്കാലം സംവിധാനത്തെക്കുറിച്ച് ആലോചിക്കുന്നില്ല. ആദ്യം അഭിനയിച്ചു തെളിയട്ടെ. ഈ പണി ഒന്നു തെളിഞ്ഞിട്ടു മതി മറ്റു പണികൾ. പാട്ടെഴുത്തു പോലും ഞാനങ്ങനെ ചെയ്തു പരിശീലിച്ച ആളല്ല. മുഴുവൻ സമയ ഗാനരചയിതാവ് ആയിരുന്നെങ്കിൽ എഴുതിയെഴുതി അതിന്റെ ഫ്ലോ വരും. വല്ലപ്പോഴും മാത്രമാണ് ഞാൻ എഴുതുന്നത്. അതുകൊണ്ട്, സമയമെടുത്താണ് എന്റെ എഴുത്ത്. 

ടർബോ ജോസിന്റെ ഷോ

ക്ലീൻ എന്റർടെയ്നറാണ് ടർബോ. വലിയ മുൻവിധികളോടെ കാണേണ്ട സിനിമയല്ല. എന്റർടെയ്ൻമെന്റിനു വേണ്ടി കാണാം. ടർബോ ജോസിന്റെ ഷോ ആണ് ഈ സിനിമ. അതാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. 

English Summary:

After the resounding success of Kannur Squad, actor-lyricist Shabarish Verma is back with Mammootty in a full-length role. Sabreesh is playing the role of Jerry in Mammootty's new film Turbo.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com